ധാർമ്മിക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തായ്‌ലന്‍ഡ് പ്രധാനമന്ത്രി പെയ്‌തോങ്താന്‍ ഷിനവത്രയെ പുറത്താക്കി ഭരണഘടനാ കോടതി. ഒരു വർഷം മാത്രമാണ് പെയ്‌തോങ്താന്‍ ഷിനവത്ര അധികാരത്തിലിരുന്നത്. പ്രധാനമന്ത്രിയെ പുറത്താക്കിക്കൊണ്ടുള്ള നടപടി രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായേക്കാമെന്നാണ് വിലയിരുത്തൽ.
ഭരണഘടന പ്രകാരം പ്രധാനമന്ത്രിക്ക് യോഗ്യതകളില്ലെന്ന് തായ്‌ലന്‍ഡ് ഭരണഘടനാ കോടതി വ്യക്തമാക്കി. കംബോഡിയൻ നേതാവുമായുള്ള ഫോൺ സംഭാഷണത്തിൽ രാജ്യത്തിന്റെ താൽപര്യങ്ങൾ ഹനിക്കപ്പെട്ടു എന്ന് ആരോപിച്ചുള്ള കേസിൽ ഷിനവത്രയെ ജൂലൈ 1ന് കോടതി സസ്പെൻഡ് ചെയ്തിരുന്നു. ഈ കേസിൽ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ കോടതിയുടെ നിർണായക വിധി വന്നിരിക്കുന്നത്. ഷിനവത്രയെ പുറത്താക്കിയതോടെ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത് വരെ ഡെപ്യൂട്ടി പ്രധാനമന്ത്രി ഫുംതം വെച്ചയാചൈ താൽക്കാലികമായി ചുമതലയേൽക്കും.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഷിനവത്ര കുടുംബത്തിൽ നിന്ന് കോടതിയുടെയോ സൈന്യത്തിന്റെയോ ഇടപെടൽ മൂലം പുറത്താക്കപ്പെടുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് പെയ്‌തോങ്താന്‍. പെയ്‌തോങ്താൻ്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ തക്സിൻ ഷിനവത്രയും സമാനമായ സാഹചര്യങ്ങളിൽ അധികാരം വിടേണ്ടി വന്നിട്ടുണ്ട്. തായ്‌ലൻഡിലെ രാഷ്ട്രീയത്തിൽ ഏറെ സ്വാധീനമുള്ള കുടുംബമാണ് ഷിനവത്രയുടേത്.
ഈ പുറത്താക്കൽ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തും രാഷ്ട്രീയ സ്ഥിരതയിലും കൂടുതൽ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തായ്‌ലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു പാതോങ്താൺ.
ഇരു രാജ്യങ്ങളും ഒരു സായുധ അതിർത്തി സംഘർഷത്തിന്റെ വക്കിൽ നിൽക്കുമ്പോൾ, പെയ്‌തോങ്താൻ കംബോഡിയൻ മുൻ നേതാവായ ഹുൻ സെന്നിന് മുന്നിൽ തലകുനിച്ചു എന്നാണ് ആരോപണം. പിന്നീട് ആഴ്ചകൾക്ക് ശേഷം അഞ്ച് ദിവസം നീണ്ടുനിന്ന അതിർത്തി സംഘർഷം പൊട്ടിപ്പുറപ്പെട്ടു.
പ്രമുഖ വ്യവസായി തക്സിൻ ഷിനവത്രയുടെ മകളും പിന്തുടർച്ചക്കാരിയുമായ പെയ്‌തോങ്താണിന്റെ പ്രധാനമന്ത്രി പദവി അങ്ങനെ അകാലത്തിൽ അവസാനിച്ചു. 39 വയസ്സുള്ള പെയ്‌തോങ്താൻ ഒരു വർഷം മുൻപ് ഇതേ കോടതി മുൻ പ്രധാനമന്ത്രി ശ്രേത്ത തവിസിനെ അപ്രതീക്ഷിതമായി പുറത്താക്കിയപ്പോഴാണ് പെട്ടെന്ന് ശ്രദ്ധാകേന്ദ്രമായത്. പുറത്തുവന്ന ഫോൺ സംഭാഷണത്തിൽ പെയ്‌തോങ്താൻ മാപ്പ് പറയുകയും ഒരു യുദ്ധം ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു താനെന്നും പറഞ്ഞിരുന്നു.
പ്രധാനമന്ത്രിയാകാൻ അഞ്ച് പേർക്ക് അർഹതയുണ്ട്. അതിൽ ഒരാളാണ് ഫ്യൂ തായ് പാർട്ടിയിൽ നിന്നുള്ളയാൾ, 77 വയസ്സുള്ള ചായ്കസം നിതിസിരി. എന്നാൽ അദ്ദേഹത്തിൻ്റെ കാബിനറ്റ് പരിചയം പരിമിതമാണ്.
മറ്റുള്ളവരിൽ, 2014 ൽ ഫ്യൂ തായ് സർക്കാരിനെതിരെ സൈനിക അട്ടിമറിക്ക് നേതൃത്വം നൽകിയ മുൻ പ്രധാനമന്ത്രി പ്രയുത്ത് ചാൻ-ഓച്ച ഉൾപ്പെടുന്നു. കൂടാതെ, ഫോൺ സംഭാഷണത്തെ തുടർന്ന് പെയ്‌തോങ്താണിന്റെ സഖ്യത്തിൽ നിന്ന് പിൻവാങ്ങിയ ഉപപ്രധാനമന്ത്രി അനുതിൻ ചാർൺവിറാവികുലും ഉൾപ്പെടുന്നു.
Content Summary: Thai court sacks suspended PM Paetongtarn Shinawatra
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.