ഗള്‍ഫ് മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങള്‍ മാസങ്ങളോളം നീണ്ടുനിന്നേക്കുമെന്ന സൂചന നല്‍കി ഖത്തര്‍ എയര്‍വേയ്സ്. അവരുടെ 20 കൂറ്റന്‍ വിമാനങ്ങള്‍ ദീര്‍ഘകാലത്തേക്ക് സുരക്ഷിതമായി സ്‌പെയ്‌നിലേക്ക് മാറ്റിയിരിക്കുന്നു.
കഴിഞ്ഞ ഒരാഴ്ചയായി സ്‌പെയിനിലെ ടെറുവല്‍ വിമാനത്താവളത്തിലേക്കാണ് ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്നത്. വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും ദീര്‍ഘകാലം സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ആഗോളതലത്തില്‍ പേരുകേട്ട വിമാനത്താവളമാണിത്. ഫ്‌ളൈറ്റ് റഡാര്‍ 24-ല്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം, നേരത്തെ അവിടെ എത്തിച്ച 15 വിമാനങ്ങള്‍ക്ക് പുറമെ ഞായറാഴ്ച അഞ്ച് വിമാനങ്ങള്‍ കൂടി ഖത്തര്‍ അയച്ചു. എയര്‍ബസ് എ380, എ350, ബോയിംഗ് 787 തുടങ്ങിയ ഖത്തര്‍ എയര്‍വേയ്സിന്റെ പക്കലുള്ള ഏറ്റവും വലിയ വിമാനങ്ങളാണ് മാറ്റിയവയില്‍ ഭൂരിഭാഗവും. സാധാരണയായി ദോഹ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കാന്‍ ഉപയോഗിക്കുന്നവയാണ് ഈ വിമാനങ്ങള്‍.
ഇറാനിലെ സംഘര്‍ഷം നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍ മേഖലയിലെ വ്യോമപാതകള്‍ തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സ് നിലവില്‍ പരിമിതമായ സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. വ്യോമപാതകള്‍ പൂര്‍ണ്ണമായി തുറക്കുന്നത് വരെയുള്ള താല്‍ക്കാലിക നടപടി മാത്രമാണിതെന്ന് എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.
‘മേഖലയിലെ നിലവിലെ സാഹചര്യവും അത് വിമാന സര്‍വീസുകളെ ബാധിച്ചതും കണക്കിലെടുത്ത് ഖത്തര്‍ എയര്‍വേയ്സ് തങ്ങളുടെ ചില വിമാനങ്ങള്‍ ഖത്തറിന് പുറത്തുള്ള തിരഞ്ഞെടുത്ത വിമാനത്താവളങ്ങളില്‍ എത്തിച്ചിട്ടുണ്ട്. ഇതൊരു താല്‍ക്കാലിക നടപടി മാത്രമാണ്. സര്‍വീസുകള്‍ സാധാരണ നിലയിലാകുന്ന മുറയ്ക്ക് വിമാനങ്ങള്‍ തിരികെ കൊണ്ടുവരും,’ ഖത്തര്‍ എയര്‍വേയ്സ് ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു.
മേഖലയിലെ പ്രമുഖ വിമാനക്കമ്പനികളില്‍ യുദ്ധം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഖത്തര്‍ എയര്‍വേയ്സിനെയാണ്. നിലവില്‍ സാധാരണ നടത്തുന്ന സര്‍വീസുകളുടെ നാലിലൊന്ന് പോലും കമ്പനി നടത്തുന്നില്ല. ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ നിന്ന് എമിറേറ്റ്‌സും ഇത്തിഹാദും ചില സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും, വ്യോമപാത അടഞ്ഞുകിടക്കുന്നത് ഖത്തറിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി ലഭിച്ചാലുടന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
യുദ്ധം തുടങ്ങിയതോടെ ടെറുവല്‍ വിമാനത്താവളത്തില്‍ വിമാനങ്ങളുടെ തിരക്ക് വര്‍ദ്ധിച്ചതായി വിമാനത്താവളം ജനറല്‍ മാനേജര്‍ അലക്‌സാണ്ടര്‍ ഇബ്രാഹിം പറഞ്ഞു. പല എയര്‍ലൈനുകളും തങ്ങളുടെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുകയും വിമാനങ്ങള്‍ യൂറോപ്പ് പോലുള്ള സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റാന്‍ ശ്രമിക്കുകയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കോവിഡ് മഹാമാരി പോലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ വിമാനങ്ങള്‍ ദീര്‍ഘകാലം സൂക്ഷിക്കാനാണ് ടെറുവല്‍ വിമാനത്താവളം പ്രധാനമായും ഉപയോഗിക്കുന്നത്. എന്‍ജിനുകളും ജനലുകളും മൂടിക്കെട്ടി ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍ കേടുവരാതെയും ഈര്‍പ്പം തട്ടാതെയും ഇവിടെ വിമാനങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കുമെന്ന് വ്യോമയാന വിദഗ്ധനായ ജോണ്‍ സ്ട്രിക്ലാന്‍ഡ് പറഞ്ഞു. ഖത്തര്‍ എയര്‍വേയ്സ് ഇത്രയധികം വിമാനങ്ങള്‍ അങ്ങോട്ട് മാറ്റിയത് വരും മാസങ്ങളിലും പ്രതിസന്ധി തുടരുമെന്ന നിഗമനത്തിലാണെന്നും, വിമാനങ്ങള്‍ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ടെന്നും അദ്ദേഹം വിലയിരുത്തി.
Content Summary: Iran war affected gulf airspace Qatar Airways sent 20 of its largest aircraft for long-term storage in Spain
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.