June 26, 2026 |
Share on

ഇറാന്‍ യുദ്ധം; ലാറിജാനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ ഇറാന്‍, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം

അലി ഖൊമേനിക്ക് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനാണ് ലാറിജാനി

മിഡില്‍ ഈസ്റ്റില്‍ യുദ്ധം തീവ്രമാകുകയാണ്. ഇറാന്‍ സുരക്ഷാ മേധാവി അലി ലാറിജാനി കൊല്ലപ്പെട്ടത് കാര്യങ്ങള്‍ രൂക്ഷമാക്കിയിരിക്കുകയാണ്. ഇസ്രയേലിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം ഉണ്ടായി. യുദ്ധവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവയ്ക്കുന്നു;

ലാറിജാനിയുടെ കൊലപാതകത്തിന് പ്രതീകാരം ചെയ്യുമെന്ന് ഇറാന്‍

ഇറാന്‍ സുരക്ഷാ മേധാവി അലി ലാറിജാനി ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, ‘നിര്‍ണായകവും ഖേദകരവുമായ’ തിരിച്ചടി നല്‍കുമെന്ന് വെല്ലുവിളി നടത്തിയിരിക്കുകയാണ് ഇറാന്‍ സൈനിക മേധാവി അമീര്‍ ഹാതമി.

‘സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയുടെ കൊലപാതകത്തിനുള്ള ഇറാന്റെ മറുപടി ശക്തവും ശത്രുക്കളെ ഖേദിപ്പിക്കുന്നതുമായിരിക്കും,’ ഹാതമി പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്റെ ഔദ്യോഗിക സൈന്യത്തില്‍ നിന്ന് വേറിട്ട് പ്രവര്‍ത്തിക്കുന്ന കരുത്തുറ്റ സൈനിക വിഭാഗമായ റെവല്യൂഷണറി ഗാര്‍ഡ്സ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ‘രക്തസാക്ഷി ഡോ. അലി ലാറിജാനിയുടെയും സഹപ്രവര്‍ത്തകരുടെയും രക്തത്തിന് പ്രതികാരം ചെയ്യാന്‍’ തങ്ങള്‍ മധ്യ ഇസ്രയേലിന് നേരെ മിസൈലുകള്‍ വിക്ഷേപിച്ചതായി അറിയിച്ചു.

ലാറിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍

ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാറിജാനി ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ മിഡില്‍ ഈസ്റ്റില്‍ യുദ്ധം പുതിയ തലത്തിലേക്ക്. ഇറാന്‍ പരമോന്നത നേതാവ് അലി ഖൊമേനിക്ക് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനാണ് ലാറിജാനി. ലാറിജാനിക്കൊപ്പം അദ്ദേഹത്തിന്റെ മകനും ബോഡിഗാര്‍ഡുകളും കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ബാസിജ് പാരാമിലിട്ടറി ഫോഴ്‌സ് കമാന്‍ഡര്‍ ഘോലാംറെസ സുലൈമാനിയും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇറാന്റെ തിരിച്ചടി

ലാറിജാനിയുടെ കൊലപാതകത്തിന് പിന്നാലെ ഇസ്രയേലിന് നേരെ ഇറാന്‍ ശക്തമായ മിസൈല്‍ ആക്രമണം നടത്തി. സെന്‍ട്രല്‍ ഇസ്രയേലിനെ ലക്ഷ്യമിട്ടായിരുന്നു റെവല്യൂഷണറി ഗാര്‍ഡ്സിന്റെ ആക്രമണം. ടെല്‍ അവീവിന് സമീപം ഉണ്ടായ മിസൈല്‍ വീഴ്ചയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.

ബെയ്‌റൂട്ടില്‍ ആക്രമണം

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ടൈര്‍ നഗരത്തില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേലിന്റെ നിര്‍ദ്ദേശം വന്നതിനു പിന്നാലെ പതിനായിരങ്ങള്‍ പാലായനം ആരംഭിച്ചു. മാര്‍ച്ച് 2 മുതല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ലെബനനില്‍ 111 കുട്ടികളടക്കം 912 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

സൗദിക്കും കുവൈറ്റിനും നേരെ ആക്രമണം

സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിന് നേരെ വന്ന ബാലിസ്റ്റിക് മിസൈല്‍ സൗദി സൈന്യം തകര്‍ത്തു. കിഴക്കന്‍ മേഖലയില്‍ ആറ് ഡ്രോണുകളും സൗദി വെടിവെച്ചിട്ടു. കുവൈറ്റും തങ്ങള്‍ക്ക് നേരെ വന്ന റോക്കറ്റ്-ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിച്ചതായി അറിയിച്ചു.

ആണവനിലയത്തിന് നേരെ ആക്രമണം

ഇറാന്റെ ബുഷെര്‍ ആണവനിലയത്തിന് നേരെ അജ്ഞാത ദിശയില്‍ നിന്ന് ആക്രമണമുണ്ടായെങ്കിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി അറിയിച്ചു.

ഹോര്‍മുസിലെ ഏറ്റുമുട്ടല്‍

ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാനിയന്‍ മിസൈല്‍ സൈറ്റുകള്‍ അമേരിക്ക തകര്‍ത്തു. കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ ഭീഷണിയാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

സാമ്പത്തിക പ്രത്യാഘാതങ്ങള്‍

യുദ്ധത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണ വിതരണം തടസ്സപ്പെട്ടു. ഇത് ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്ധനക്ഷാമത്തിന് കാരണമായിട്ടുണ്ട്. ഇന്ധന വില കുതിച്ചുയരുന്നുണ്ടെങ്കിലും ടിക്കറ്റ് ബുക്കിംഗിലെ വര്‍ദ്ധനവ് തങ്ങളെ ബാധിക്കില്ലെന്നാണ് അമേരിക്കന്‍ വിമാനക്കമ്പനികളുടെ വിലയിരുത്തല്‍. അതേസമയം, സുരക്ഷാ കാരണങ്ങളാല്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് യുഎഇയിലെ ഫുജൈറയിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

Content Summary: US-Israel War On Iran updates; Iran army vows revenge for death Security Chief Ali Larijani

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×