July 16, 2026 |
Share on

തായ്‌ലന്‍ഡില്‍ ക്രെയിന്‍ തകര്‍ന്ന് വീണു: പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റി, 22 പേര്‍ മരിച്ചു

80 ലധികം പേര്‍ക്ക് പരുക്ക്

തായ്ലന്‍ഡില്‍ ട്രെയിനിന് മുകളിലേക്ക് ക്രെയിന്‍ തകര്‍ന്ന് വീണ് 22 പേര്‍ കൊല്ലപ്പെടുകയും 80 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ക്രെയിന്‍ ട്രെയിനിന് മുകളിലേക്ക് തകര്‍ന്നു വീണതാണ് പാളം തെറ്റാന്‍ കാരണമായതെന്ന് വാര്‍ത്താ ഏജന്‍സിയായ എഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാങ്കോക്കില്‍ നിന്ന് രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രവിശ്യയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. നഖോണ്‍ റാറ്റ്ചസിമ പ്രവിശ്യയിലെ സിഖിയോ ജില്ലയിലാണ് ദരുണമായ അപകടം നടന്നത്. ബാങ്കോക്കില്‍ നിന്ന് ഏകദേശം 230 കിലോമീറ്റര്‍ (143 മൈല്‍) വടക്കുകിഴക്കായിട്ടാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഉബോണ്‍ റാറ്റ്ചതാനി പ്രവിശ്യയിലേക്ക് പോവുകയായിരുന്നു അപകടത്തില്‍പ്പെട്ട ട്രെയിന്‍.

അതിവേഗ റെയില്‍വേ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന കൂറ്റന്‍ ക്രെയിന്‍ തകര്‍ന്ന് വീണതാണ് വലിയ ദുരന്തത്തിന് കാരണമായത്. പാളത്തിലൂടെ കടന്നുപോവുകയായിരുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിന്‍ വീഴുകയും, ഇതേത്തുടര്‍ന്ന് ട്രെയിന്‍ പാളം തെറ്റി തീപിടിക്കുകയും ചെയ്തുവെന്ന് പ്രാദേശിക പോലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടത്തെത്തുടര്‍ന്ന് ട്രെയിനിലുണ്ടായ തീ പൂര്‍ണ്ണമായും അണച്ചതായും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണെന്നും പോലീസ് അറിയിച്ചു. ട്രെയിനിന്റെ തകര്‍ന്ന ബോഗികള്‍ക്കുള്ളില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

”അപകടം നടന്ന സമയത്ത് വലിയ ശബ്ദവും തുടര്‍സ്‌ഫോടനങ്ങളും ഉണ്ടായതായി പ്രദേശവാസികള്‍ വിവരിച്ചു. ‘രാവിലെ ഒന്‍പത് മണിയോടെ മുകളില്‍ നിന്ന് എന്തോ ഒന്ന് താഴേക്ക് പതിക്കുന്നതുപോലുള്ള വലിയൊരു ശബ്ദം കേട്ടു. തൊട്ടുപിന്നാലെ രണ്ട് വന്‍ സ്‌ഫോടനങ്ങളും ഉണ്ടായി,” സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷിയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയുടെ സഹായത്തോടെ തായ്ലന്‍ഡില്‍ നടപ്പിലാക്കുന്ന 5.4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അതിവേഗ റെയില്‍ പദ്ധതിയുടെ ഭാഗമായ ക്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ചൈനയുടെ ആഗോള അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ ‘ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന്റെ’ ഭാഗമാണിത്. 2028-ഓടെ ബാങ്കോക്കിനെ അയല്‍രാജ്യമായ ലാവോസ് വഴി ചൈനയിലെ കുന്‍മിംഗുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ അതിവേഗ യാത്രാ സൗകര്യം ഉറപ്പാക്കുന്ന ഒരു വിപുലമായ റെയില്‍ ശൃംഖലയുടെ ഭാഗമാണിത്.

Content Summary: 22 dead as crane topples onto train in Thailand

Leave a Reply

Your email address will not be published. Required fields are marked *

×