July 14, 2026 |
Share on

പിറന്നാളാഘോഷത്തിനിടെ കെട്ടിടം തകര്‍ന്ന് വീണു; മഹാരാഷ്ട്രയില്‍ ഒരു വയസ്സുകാരി ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

50 ഫ്‌ലാറ്റുകളാണ് കെട്ടിടത്തിന് ഉണ്ടായിരുന്നത്

മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്നുവീണ് 15 പേര്‍ക്ക് ദാരുണാന്ത്യം. പാല്‍ഘര്‍ ജില്ലയിലെ വിരാറിലെ വിജയ് നഗറിലുള്ള നാല് നിലകളിലുള്ള രാമബായ് അപ്പാര്‍ട്ട്മെന്റിന്റെ ഒരു ഭാഗമാണ് തകര്‍ന്ന് വീണത്. ബുധനാഴ്ച രാത്രി 12.30 ഓടെയായിരുന്നു അപകടം. രാത്രി മുഴുവന്‍ നടത്തിയ തിരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. ഏകദേശം 50 ഫ്‌ലാറ്റുകളാണ് കെട്ടിടത്തിന് ഉണ്ടായിരുന്നത്.

കെട്ടിടം തകര്‍ന്ന് വീഴുമ്പോള്‍ നാലാം നിലയില്‍ ഒരു വയസ്സുള്ള പെണ്‍കുട്ടിയുടെ ജന്മദിനാഘോഷം നടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഒരു വയസ്സുകാരിയുടെ കുടുംബവും ആഘോഷത്തിനെത്തിയവരും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി. അപകട സമയം ജന്മദിനം ആഘോഷിച്ചുകൊണ്ടിരുന്ന ഉത്കര്‍ഷ ജോയല്‍ എന്ന കുഞ്ഞിനെയും അമ്മ ആരോഹി ജോയലിനെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ അച്ഛന്‍ ഓംകാര്‍ ജോയല്‍ ഉള്‍പ്പെടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

”ആളുകള്‍ നൃത്തം ചെയ്യുകയും ആഘോഷിക്കുകയും ചെയ്യുകയായിരുന്നു. അപ്പോഴാണ് ഒരു ചീട്ടുകൊട്ടാരം പോലെ കെട്ടിടം മുഴുവന്‍ തകര്‍ന്നുവീണത്,” രക്ഷപ്പെട്ടയാള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കെട്ടിടം അനധികൃതമായി നിര്‍മിച്ചതാണെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ എന്‍.ഡി.ആര്‍.എഫ്. ഉദ്യോഗസ്ഥരും പ്രാദേശിക അഗ്‌നിശമന സേനാംഗങ്ങളും രാത്രി മുഴുവന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. അവശിഷ്ടങ്ങള്‍ക്കടിയില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അവശിഷ്ടങ്ങള്‍ നീക്കുന്ന ജോലി തുടരുമെന്ന് പാല്‍ഘര്‍ ജില്ലാ കളക്ടര്‍ ഡോ. ഇന്ദു റാണി ജാഖര്‍ പിടിഐയോട് പറഞ്ഞു.

മരിച്ചവരില്‍ ഏഴ് പേരെ ബുധനാഴ്ച തന്നെ അധികൃതര്‍ തിരിച്ചറിഞ്ഞിരുന്നു. മരിച്ച മറ്റ് എട്ട് പേരെ ഗോവിന്ദ് സിംഗ് റാവത്ത് (28), ശുഭാംഗി പവന്‍ സഹേനി (40), കാശിഷ് പവന്‍ സഹേനി (35), ദീപക് സിംഗ് ബെഹ്റ (25), സോണാലി രൂപേഷ് തേജം (41), ഹരീഷ് സിംഗ് ബിഷ്ട് (34), സച്ചിന്‍ നെവല്‍ക്കര്‍ (40), ദീപേഷ് സോണി (41) എന്നിവരാണ്. അപകടത്തില്‍ പരിക്കേറ്റ ആറുപേര്‍ ചികിത്സയില്‍ തുടരുകയാണ്. ദുരന്തബാധിതരായ മറ്റ് കുടുംബങ്ങളെ ചന്ദന്‍സര്‍ സമാജ്മന്ദിറില്‍ താല്‍ക്കാലികമായി താമസിപ്പിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് കെട്ടിടനിര്‍മാതാവിനെ അറസ്റ്റ് ചെയ്തു.

ബില്‍ഡറുടെയും അധികൃതരുടെയും ഗുരുതരമായ അനാസ്ഥയാണ് അനധികൃത കെട്ടിടത്തില്‍ സുരക്ഷാ മുന്‍കരുതലുകളില്ലാതെ ആളുകളെ താമസിപ്പിക്കാന്‍ കാരണമായതെന്നും, ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

ദുരന്തമുണ്ടായ ഉടനെ തന്നെ രക്ഷപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഉപകരണങ്ങളുമായി എത്തിച്ചേരാന്‍ കഴിയാതിരുന്നതാണ് മരണസംഖ്യ ഉയരാനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും കാലതാമസം ഉണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഒരു പതിറ്റാണ്ടിലേറെ മുമ്പ് നിര്‍മ്മിച്ച ഈ കെട്ടിടം അനധികൃതവും ഘടനാപരമായി ദുര്‍ബലവുമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പാല്‍ഘര്‍ ജില്ലയില്‍ അനധികൃത നിര്‍മ്മാണങ്ങളുടെ അപകടങ്ങളെക്കുറിച്ച് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും, സുരക്ഷിതമായ താമസസൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ഇത്തരം കെട്ടിടങ്ങളിലാണ് താമസിക്കുന്നത്. Building collapses during birthday celebration; 15 people, including a one-year-old, die in Maharashtra

Content Summary: Building collapses during birthday celebration; 15 people, including a one-year-old, die in Maharashtra

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×