June 25, 2026 |

വെനസ്വേല – യുഎസ് സംഘർഷം; ലാറ്റിനമേരിക്കൻ ചരിത്രത്തിന്റെ തുടർച്ച

മഡൂറോ സർക്കാർ അട്ടിമറിയിലൂടെ ട്രംപ് ലക്ഷ്യമിടുന്നതെന്ത്?

ഒരു സോഷ്യലിസ്റ്റ് ഭരണകൂടത്തെ അധികാരത്തിൽ നീന്ന് നീക്കം ചെയ്യാനുള്ള രഹസ്യവും പരസ്യവുമായ ശ്രമങ്ങളാണ് കുറച്ച് നാളുകളായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നത്. നിക്കോളാസ് മഡൂറോയുടെ നേതൃത്വത്തിലുള്ള വെനസ്വേലൻ സർക്കാരിനെ അംഗീകരിക്കുന്നതിനെ ചൊല്ലിയാണ് നിലവിലെ വെനസ്വേല-യുഎസ് സംഘർഷം.

ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ ആരംഭിച്ചിട്ട് കുറച്ച് വർഷങ്ങളായി. 2019 മുതലാണ് വെനസ്വേലയും യുഎസും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാൻ തുടങ്ങിയത്. കടുത്ത സാമ്പത്തിക ഉപരോധങ്ങളിലൂടെ മഡൂറോ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ട്രംപിൻ്റെ യഥാർത്ഥ ലക്ഷ്യമെന്താണ്?

ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടമാണ് തങ്ങൾ നടത്തുന്നതെന്നാണ് സൈനിക വിന്യാസത്തിലും കരീബിയൻ കടലിലെ ആക്രമണങ്ങളിലുമെല്ലാം ട്രംപ് നൽകുന്ന വിശദീകരണം. ട്രംപ് വീണ്ടും അധികാരത്തിലേറിയതോടെ വെനസ്വേലൻ പ്രസിഡന്റായ നിക്കോളാസ് മഡൂറോയെ പുറത്താക്കാനുള്ള നീക്കങ്ങൾക്ക് കൂടുതൽ ശക്തി പ്രാപിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം

മഡൂറോയുടെ ഭരണത്തെ അം​ഗീകരിക്കാത്ത അമേരിക്കയുടെ നിലപാടാണ് നിലവിലെ വെനസ്വേല – യുഎസ് സംഘർഷത്തിൻ്റെ പ്രധാന കാരണം. 2018-ലെ പ്രസിഡൻഷ്യൽ ഇലക്ഷനിൽ തിരഞ്ഞെടുപ്പ് അട്ടിമറി നടത്തിയാണ് മഡൂറോ അധികാരത്തിൽ വന്നതെന്നാണ് അമേരിക്ക ആരോപിക്കുന്നത്.

മഡൂറോയെ അധികാരത്തിൽ നിന്ന് നീക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവായ ഹുവാൻ ഗ്വൈദോയെ അമേരിക്ക ഔദ്യോഗികമായി വെനസ്വേലയുടെ താൽക്കാലിക പ്രസിഡൻ്റായി അംഗീകരിക്കുകയായിരുന്നു. മഡൂറോ സർക്കാരിനെതിരെ യുഎസ് കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തി. മഡൂറോയുടെ മുൻഗാമിയായ ഹ്യൂഗോ ചാവേസ് നടപ്പാക്കിയ സോഷ്യലിസ്റ്റ് നയങ്ങളും അമേരിക്കൻ വിരുദ്ധ നിലപാടുകളുമാണ് സംഘർഷത്തിൻ്റെ മറ്റൊരു കാരണം.

ലാറ്റിനമേരിക്കൻ ചരിത്രവും യുഎസ് ഇടപെടലും

വെനസ്വേലൻ പ്രതിസന്ധിയെ ലാറ്റിനമേരിക്കൻ ചരിത്രത്തിൻ്റെ പശ്ചാത്തലത്തിലും മനസിലാക്കാൻ സാധിക്കും. അതിൽ എടുത്ത് പറയുന്നത് മൺറോ ഡോക്ട്രിൻ ആണ്. 1823 ൽ യുഎസ് പ്രസിഡൻ്റായിരുന്ന ജെയിംസ് മൺറോ പ്രഖ്യാപിച്ച നയമാണ് മൺറോ ഡോക്ട്രിൻ. യൂറോപ്യൻ ശക്തികൾ അമേരിക്കൻ ഭൂഖണ്ഡത്തിലെ (തെക്കേ അമേരിക്കയും വടക്കേ അമേരിക്കയും) രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് വിലക്കിക്കുന്നതായിരുന്നു നയം. യൂറോപ്പിനെതിരായിരുന്നു ഈ സിദ്ധാന്തമെങ്കിലും, ഇത് ലാറ്റിനമേരിക്കൻ രാജ്യങ്ങളെ യുഎസിൻ്റെ സ്വാധീന വലയത്തിനുള്ളിൽ കൊണ്ടുവരാൻ സഹായിച്ചു.

ഈ മേഖലയിലെ ഏത് കാര്യത്തിലും ഇടപെടാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് യുഎസ് സ്ഥാപിച്ചു. മൺറോ സിദ്ധാന്തത്തിൻ്റെ ഭാ​ഗമായി ലാറ്റിനമേരിക്കൻ രാജ്യങ്ങളെ തങ്ങളുടെ ബാക്ക് യാർഡ് ആയിട്ടാണ് യുഎസ് കണ്ടിരുന്നത്. ഈ രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളോ, യുഎസ് വിരുദ്ധ ഭരണകൂടങ്ങളോ വരുന്നത് തടയുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. മഡൂറോയുടെ സോഷ്യലിസ്റ്റ് ഭരണകൂടം റഷ്യ, ചൈന തുടങ്ങിയ യുഎസിൻ്റെ എതിരാളികളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത് അമേരിക്ക ഒരു ഭീഷണിയായി കണ്ടുപോന്നിരുന്നു എന്നാണ് വിലയിരുത്തൽ.

മഡൂറോ സർക്കാരിനെ അട്ടിമറിക്കാൻ പല ശ്രമങ്ങളും യുഎസ് നടത്തി. മഡൂറോയെ ഒരു ‘മയക്കുമരുന്ന് കാർട്ടൽ ശൃംഖലയുടെ തലവൻ’ ആയി ചിത്രീകരിച്ചുകൊണ്ട് അമേരിക്കൻ നീതിന്യായ വകുപ്പ് അദ്ദേഹത്തിനെതിരെ കുറ്റപത്രം ഫയൽ ചെയ്തു. വെനസ്വേലൻ പ്രസിഡൻ്റിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ചു.

ഈ മയക്കുമരുന്ന് ആരോപണങ്ങളെ മറയാക്കി മഡൂറോയെ പുറത്താക്കുന്നതിനെ ‘മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷൻ’ ആയി ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് അമേരിക്കൻ തന്ത്രം. ഇത് വഴി, ഒരു പരമാധികാര രാജ്യത്തിൻ്റെ ഭരണത്തിൽ നടത്തുന്ന സൈനിക ഇടപെടൽ എന്ന വിമർശനത്തെ ഒഴിവാക്കാനും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുമുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നത്.

വെനസ്വേലയുടെ എണ്ണശേഖരത്തിൽ കണ്ണ് വെക്കുന്ന യുഎസ്

വെനസ്വേലൻ എണ്ണയിലാണ് പ്രധാനമായും ട്രംപിൻ്റെ കണ്ണ്. ലാറ്റിനമേരിക്കയിലെ ഒരു എണ്ണ സമ്പന്ന രാഷ്ട്രമാണ് വെനസ്വേല. തങ്ങളുടെ എതിരാളികൾക്ക് ഈ വിഭവ ശേഖരത്തിൽ പ്രവേശനം നിഷേധിക്കുകയും, രാഷ്ട്രീയ വ്യവസ്ഥകൾക്ക് വിധേയമായി ഷെവ്രോൺ പോലുള്ള അമേരിക്കൻ കമ്പനികൾക്ക് പ്രവർത്തനങ്ങൾ ഭാഗികമായി പുനരാരംഭിക്കാൻ അനുമതി നൽകുകയും ചെയ്യുന്നതാണ് അമേരിക്കയുടെ തന്ത്രം.

വെനസ്വേല-യുഎസ് പോരാട്ടം കേവലം വ്യക്തിപരമായ പ്രശ്നമല്ല, മറിച്ച് രാഷ്ട്രീയപരവും നയതന്ത്രപരലും സാമ്പത്തികപരവുമായ സംഘർഷമാണ്.

Content Summary: Venezuela – US conflict; What is Trump aiming for by overthrowing the Maduro government?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×