June 25, 2026 |
Share on

മരണം 164 ആയി ഉയര്‍ന്നു; എന്തുകൊണ്ട് വെനസ്വേല ഇരട്ട ഭൂകമ്പം ഇത്ര മാരകമായി?

ആയിരത്തോളം പേര്‍ക്ക് പരിക്ക്, കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും മനുഷ്യര്‍ക്കായി തിരച്ചില്‍

വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലുണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 164 ആയി ഉയര്‍ന്നതായി ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അറിയിച്ചു. 971-ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. മരണസംഖ്യ ഇനിയും വലിയ തോതില്‍ ഉയര്‍ന്നേക്കാമെന്നാണ് യു.എസ് ജിയോളജിക്കല്‍ സര്‍വേ.

ബുധനാഴ്ച രാത്രി വൈകിയാണ് വെനസ്വേലയെ നടുക്കിയ ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. കാരക്കാസിന് 160 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി യാരാകുയ് സംസ്ഥാനത്തെ സാല്‍ ഫിലിപ്പെക്ക് സമീപം റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയതായിരുന്നു ആദ്യ ഭൂകമ്പം. എന്നാല്‍ ഈ ഞെട്ടല്‍ മാറും മുന്‍പ്, കൃത്യം 39 സെക്കന്‍ഡുകള്‍ക്ക് ശേഷം അയല്‍ സംസ്ഥാനമായ കാരാബോബോയിലെ മൊറോണിന് സമീപം 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ അതിശക്തമായ ഭൂചലനവും ആഞ്ഞടിച്ചു. ശാസ്ത്രലോകത്ത് ‘സീസ്മിക് ഡബ്ലറ്റ്’ (ഇരട്ട ഭൂകമ്പം) എന്ന് വിളിക്കുന്ന അപൂര്‍വ്വ പ്രതിഭാസമാണിത്. 1900-ന് ശേഷം വെനസ്വേലയിലോ അതിന്റെ തീരപ്രദേശങ്ങളിലോ ഉണ്ടാകുന്ന ഏറ്റവും വലിയ ഭൂകമ്പമാണിത്. 1900 ഒക്ടോബറില്‍ ഉണ്ടായ സാന്‍ നാര്‍സിസോ (7.7 തീവ്രത) ഭൂകമ്പത്തേക്കാള്‍ മാരകമായ നാശനഷ്ടമാണ് നിലവിലെ പ്രതിഭാസം വിതച്ചിരിക്കുന്നത്.

സ്പാനിഷ് അധിനിവേശക്കാര്‍ക്കെതിരെ സ്വാതന്ത്ര്യസമര നായകന്‍ സിമോണ്‍ ബൊളിവര്‍ നേടിയ ചരിത്രപ്രധാനമായ ‘ബാറ്റില്‍ ഓഫ് കാരാബോബോ’ വിജയത്തിന്റെ വാര്‍ഷികാവധി ദിനമായിരുന്നതിനാല്‍ ഭൂകമ്പം ഉണ്ടാകുമ്പോള്‍ ഭൂരിഭാഗം ജനങ്ങളും വീടുകള്‍ക്കുള്ളിലായിരുന്നു. ആദ്യ ചലനം സാധാരണ വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയത്താണ് ഉണ്ടായതെങ്കിലും അവധി പ്രമാണിച്ച് ആളുകള്‍ പുറത്തിറങ്ങാതിരുന്നതാണ് വന്‍ ദുരന്തത്തിന്റെ തീവ്രത ഒരു പരിധി വരെ കുറച്ചത്. എങ്കിലും തുടര്‍ച്ചയായുണ്ടായ പ്രകമ്പനങ്ങള്‍ കാരക്കാസിലെയും പരിസരങ്ങളിലെയും നിരവധി ബഹുനില കെട്ടിടങ്ങളെ നിലംപരിശാക്കി. മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യു.എസ് സൈന്യം പുറത്താക്കിയതിന് ശേഷം കടുത്ത ആഭ്യന്തര-രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന വെനസ്വേലയ്ക്ക് ഈ പ്രകൃതിദുരന്തം വന്‍ പ്രഹരമായി മാറിയിരിക്കുകയാണ്.

കാരക്കാസിന് പുറമെ മിരാന്‍ഡ, ലാ ഗൈ്വറ, അരഗ്വ, കാരാബോബോ, ഫാല്‍ക്കണ്‍ തുടങ്ങിയ വടക്കന്‍-മധ്യ സംസ്ഥാനങ്ങളെയാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്. എന്നാല്‍ രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗമായ എണ്ണ ഉല്‍പ്പാദന മേഖലകളെ ഭൂകമ്പം ബാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഭൂകമ്പത്തിന്റെ ആഘാതം അയല്‍രാജ്യമായ കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിലും ബ്രസീലിലെ ആമസോണ്‍ മേഖലകളായ മനാസ്, ബെലെം തുടങ്ങിയ നഗരങ്ങളിലും പ്രകമ്പനം സൃഷ്ടിച്ചു. ഇവിടെയെല്ലാം മുന്‍കരുതലിന്റെ ഭാഗമായി കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു.

എന്താണ് ഈ നാശത്തിന് കാരണം?

കരീബിയന്‍, തെക്കേ അമേരിക്കന്‍ ടെക്‌റ്റോണിക് പ്ലേറ്റുകളുടെ അതിര്‍ത്തിയിലാണ് വെനസ്വേല സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ ഈ പാളികള്‍ പരസ്പരം തിരശ്ചീനമായി ഉരസി നീങ്ങുന്ന ‘സ്‌ട്രൈക്ക്-സ്ലിപ്പ് ഫോള്‍ട്ടിങ്’ ആണ് ഈ ഭൂകമ്പത്തിന് കാരണമായത്. ആദ്യമുണ്ടായ 7.2 തീവ്രതയുള്ള ചലനം ഒരു ‘ഫോര്‍ഷോക്ക്’ (പ്രധാന ഭൂകമ്പത്തിന് മുന്നോടിയായുള്ള ചലനം) മാത്രമായിരുന്നു. തൊട്ടുപിന്നാലെ വന്ന 7.5 തീവ്രതയുള്ള ചലനമാണ് പ്രധാന ഭൂകമ്പം.

സാധാരണയായി ഉണ്ടാകുന്ന ‘ആഫ്റ്റര്‍ ഷോക്കുകള്‍’ പ്രധാന ഭൂകമ്പത്തേക്കാള്‍ തീവ്രത കുറഞ്ഞവയായിരിക്കും. എന്നാല്‍ ‘സീസ്മിക് ഡബ്ലറ്റ്’ പ്രതിഭാസത്തില്‍ തുല്യ തീവ്രതയുള്ള രണ്ട് വലിയ ഭൂകമ്പങ്ങളാണ് ചുരുങ്ങിയ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഒന്നിന് പുറകെ ഒന്നായി ഉണ്ടാകുന്നത്. ഇത് ഭൂമി കുലുങ്ങുന്നതിന്റെ സമയദൈര്‍ഘ്യം ഇരട്ടിയാക്കുന്നു. ആദ്യ ചലനത്തില്‍ത്തന്നെ ബലക്ഷയം സംഭവിച്ച കെട്ടിടങ്ങളിലേക്ക് നിമിഷങ്ങള്‍ക്കകം രണ്ടാമത്തെ ശക്തമായ പ്രഹരം ഏല്‍ക്കുന്നതോടെ അവ പൂര്‍ണ്ണമായും തകര്‍ന്നടിയുന്നു. ഇതാണ് വെനസ്വേലയില്‍ ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചതും രക്ഷാപ്രവര്‍ത്തനം അതിസങ്കീര്‍ണ്ണമാക്കിയതും. നിലവില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള വന്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Content Summary; Why Venezuela’s doublet earthquakes were so destructive? death toll rises to 164 with nearly 1,000 injured.

Leave a Reply

Your email address will not be published. Required fields are marked *

×