വോട്ടർ പട്ടിക വിവാദങ്ങൾക്കും കന്യാസ്ത്രീകളുടെ അറസ്റ്റിനും പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തി. വന്ദേഭാരത് ട്രെയിനിലെത്തിയ അദ്ദേഹത്തിന് റെയിൽവേ സ്റ്റേഷനിൽ ബി.ജെ.പി പ്രവർത്തകർ വലിയ സ്വീകരണം നൽകി.
മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറാകാതിരുന്ന സുരേഷ് ഗോപി കാറില്‍ കയറി വേഗത്തില്‍ പോവുകയാണ് ചെയ്തത്. ആദ്യം പോയത് സി.പി.എം മാർച്ചിനിടെ പരിക്കേറ്റ ബി.ജെ.പി പ്രവർത്തകരെ കാണാനാണ്. പിന്നീട്, എം.പി. ഓഫീസ് ബോർഡിൽ കരിയോയിൽ ഒഴിച്ച സംഭവം നടന്ന സ്ഥലവും അദ്ദേഹം സന്ദർശിച്ചു.
അശ്വിനി ആശുപത്രിലാണ് ബിജെപി പ്രവർത്തകർ ചികിത്സയിൽ കഴിയുന്നത്. വ്യാജ വോട്ടർപട്ടിക വിവാദവുമായി ബന്ധപ്പെട്ട് ബി.ജെ.പി – സി.പി.എം പ്രവർത്തകർ തമ്മിൽ തൃശ്ശൂരിൽ സംഘർഷം തുടരുന്നതിനിടയിലാണ് സുരേഷ് ഗോപിയുടെ സന്ദർശനം. സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് ബി.ജെ.പി നടത്തുന്ന മാർച്ചിനെ അഭിസംബോധന ചെയ്യാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്.
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനും വോട്ടർപട്ടിക വിവാദത്തിനും ശേഷം ആദ്യമായാണ് സുരേഷ്ഗോപി തൃശൂരിലെത്തിയത്. മാധ്യമപ്രവർത്തകർ നിരവധി ചോദ്യങ്ങൾ ചോദിച്ചെങ്കിലും ‘ഇത്രത്തോളം സഹായിച്ചതിന് നന്ദി’ എന്നുമാത്രമാണ് സുരേഷ് ഗോപി പ്രതികരിച്ചത്. വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ച് സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് തൃശ്ശൂരിലേക്ക് വോട്ട് മാറ്റാൻ വ്യാജ സത്യവാങ്മൂലം നൽകിയെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്ക് തൃശ്ശൂരിൽ മാത്രമല്ല, കൊല്ലത്തും വോട്ടുണ്ടെന്ന രേഖകളും പുറത്തുവന്നിരുന്നു.
ഈ വ്യാജ വോട്ടർ പട്ടിക വിവാദത്തെത്തുടർന്ന് കഴിഞ്ഞ ദിവസം സി.പി.എം. ബി.ജെ.പി ഓഫീസിലേക്കും, പിന്നാലെ ബി.ജെ.പി. സി.പി.എം ഓഫീസിലേക്കും മാർച്ച് നടത്തി. ഈ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു. സി.പി.എം. നടത്തിയ മാർച്ചിനിടെ എം.പി. ബോർഡിൽ കരിഓയിൽ ഒഴിക്കുകയും ചെരുപ്പുമാല തൂക്കുകയും ചെയ്തിരുന്നു.
ഇതിനുള്ള മറുപടിയായി രാത്രി ബി.ജെ.പി. നടത്തിയ മാർച്ച് പോലീസ് തടഞ്ഞതും സംഘർഷത്തിനിടയാക്കി. കഴിഞ്ഞ മാസം 17-നാണ് സുരേഷ് ഗോപി ഇതിനുമുമ്പ് തൃശ്ശൂരിൽ എത്തിയത്.
content summary: Union Minister Suresh Gopi in Thrissur didn’t respond to media
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.