June 26, 2026 |
Share on

അറസ്റ്റിലായ കന്യാസ്ത്രീയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി; മതപരിവര്‍ത്തന ആരോപണത്തിലും ബജ്‌റംഗ്ദള്‍ ആക്രമണത്തിലും മൗനം

കുടുംബാംഗങ്ങളുമായി സംസാരിച്ചു

ഛത്തീസ്​ഗഡിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെ അങ്കമാലിയിലുള്ള വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി. വൈദികരുടെ അറസ്റ്റും വോട്ട് ചോർച്ചയും സംബന്ധിച്ച വിഷയത്തിൽ സുരേഷ് ​ഗോപിക്കെതിരെ രൂക്ഷ വിമർശനങ്ങളുയരുന്ന സാഹചര്യത്തിലാണ് സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിൽ സന്ദർശനം നടത്തിയത്.

കോതമംഗലത്തേക്കുള്ള യാത്രയ്ക്കിടെയാണ് സുരേഷ് ഗോപി കന്യാസ്ത്രീയുടെ വീട് സന്ദർശിച്ചത്. പ്രീതി മേരിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ സുരേഷ് ഗോപി പ്രതികരിക്കുകയോ കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുകയോ ചെയ്യാതിരുന്നത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു.  തൃശൂരിലെത്തി ബിജെപി പ്രവർത്തകരെ കണ്ടതിന് ശേഷം കോതമംഗലത്തേക്ക് പോവുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

വിഷയത്തിൽ ആശങ്കപ്പെടേണ്ടെന്നും കോടതിയുടെ പരിധിയിലുള്ള കേസായാതിനാൽ ഇടപെടുന്നതിൽ പരിമിധികളുണ്ടെന്നും സുരേഷ് ​ഗോപി അറിയിച്ചതായി കുടുംബാം​ഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. തുടർ നടപടികളിൽ പൂർണ പിന്തുണ അറിയിച്ചതായും കുടുംബം പറഞ്ഞു.

ഭാവിയിൽ ഒരു പ്രശ്നമുണ്ടാകാതിരിക്കാൻ കന്യാസ്ത്രീകൾക്കെതിരായ എഫ്ഐആർ റദ്ദ് ചെയ്യുക എന്നതാണ് കുടുംബത്തിന്റെ ആവശ്യം. അതിനൊരു പിന്തുണ കേന്ദ്ര സർക്കാരിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടാകണമെന്ന് കുടുംബം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. വോട്ട് ചോർച്ചയിലും കന്യാസ്ത്രീയുടെ വിഷയത്തിലും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് സുരേഷ് ​ഗോപി മൗനം പാലിക്കുകയാണ്.

അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരിയും തലശ്ശേരി സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസും ജൂലായ് 25നാണ് അറസ്റ്റിലായത്. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകൾ വീട്ടുജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ ദുർഗ് റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. അറസ്റ്റിലായ കന്യാസ്ത്രീകളെ ബജ്റംഗ് ദൾ പ്രവർത്തകർ തടയുകയും ചെയ്തിരുന്നു. ഛത്തീസ്ഗഡ് സെഷന്‍സ് കോടതി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിൽ കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായി ബജ്രംഗ്ദള്‍ പ്രവര്‍ത്തകർ എത്തുകയും ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.ബജ്രംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മയുള്‍പ്പെടെയുള്ള നേതാക്കള്‍ മുദ്രാവാക്യം വിളികളോടെയാണ് കോടതിക്ക് മുന്നിലെത്തിയത്.

Content Summary: Suresh Gopi visits sisiter preethi mary’s house; Silence on questions about conversion and Bajrang Dal attacks

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×