വധൂവരന്മാരുടെ പ്രായം ഉറപ്പുവരുത്താതെയും, സംസ്ഥാനത്തെ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ലംഘിച്ചുകൊണ്ടും വിവാഹങ്ങള്‍ നടത്തുന്ന ‘വ്യാജ ആര്യസമാജ് സൊസൈറ്റികള്‍’ എങ്ങനെയാണ് സംസ്ഥാനത്തുടനീളം വ്യാപിച്ചതെന്ന് അന്വേഷിക്കാന്‍ അലഹബാദ് ഹൈക്കോടതി കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.
ആര്യസമാജ് നടത്തുന്നവ ഉള്‍പ്പെടെ സംസ്ഥാനത്തെ പല വിവാഹങ്ങളും യുപി മതപരിവര്‍ത്തന വിരുദ്ധ നിയമത്തിലെയും വിവാഹ രജിസ്ട്രേഷന്‍ ചട്ടങ്ങളിലെയും നിര്‍ബന്ധിത നടപടിക്രമങ്ങള്‍ മറികടക്കുന്നുള്ളതാണെന്ന് പ്രായപൂര്‍ത്തിയാകാത്ത ഒരു ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത ഒരു മുസ്ലീം യുവാവിന്റെ കേസ് പരിഗണിക്കവേ, ജസ്റ്റിസ് പ്രശാന്ത് കുമാര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു. താന്‍ ആര്യസമാജ് ക്ഷേത്രത്തില്‍ വെച്ച് വിവാഹിതനായെന്ന പ്രതിയുടെ അവകാശവാദത്തെ തുടര്‍ന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
ആര്യസമാജ് നടത്തുന്ന വിവാഹങ്ങള്‍ കര്‍ശനമായി പരിശോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പുറപ്പെടുവിച്ച നിരവധി കോടതി ഉത്തരവുകളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് അലഹബാദ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. 88 വര്‍ഷം പഴക്കമുള്ള ആര്യ വിവാഹ സാധൂകര നിയമപ്രകാരം ഇത്തരം വിവാഹങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കുന്നുണ്ട്.
എന്താണ് ആര്യ സമാജ വിവാഹം
1875 ല്‍ സ്വാമി ദയാനന്ദ സരസ്വതി ഒരു ഹിന്ദു നവോത്ഥാന പ്രസ്ഥാനമായി ആര്യസമാജത്തെ ഔദ്യോഗികമായി സ്ഥാപിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ വടക്കേ ഇന്ത്യയിലും പ്രത്യേകിച്ച് പഞ്ചാബിലും (ഇന്നത്തെ പാകിസ്താന്‍ ഉള്‍പ്പെടെ) ഇതിന് വലിയ പ്രചാരം ലഭിച്ചു. മറ്റ് മതങ്ങളിലോ ആശയങ്ങളിലോ ഉള്ളവരെ ‘ശുദ്ധി’ (ശുദ്ധീകരണം) എന്ന പ്രക്രിയയിലൂടെ ഏകദൈവ വിശ്വാസത്തിലുള്ള വേദാധിഷ്ഠിതമായ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ആദ്യ ശ്രമങ്ങള്‍ ആര്യസമാജം നടത്തി.
മിശ്രജാതി, മത വിവാഹങ്ങളോടുള്ള പുരോഗമനപരമായ കാഴ്ചപ്പാടാണ് ഇതിന് ആര്യസമാജിനെ സഹായിച്ച ഒരു പ്രധാന ഘടകം. ഫലത്തില്‍, 1954-ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് നിലവില്‍ വരുന്നതുവരെ, ഒരു ഹിന്ദുവിന് ജാതിക്ക് പുറത്തോ മതത്തിന് പുറത്തോ വിവാഹം കഴിക്കാനും അതേസമയം തന്റെ ജാതി നിലനിര്‍ത്താനും ഉണ്ടായിരുന്ന ഏക മാര്‍ഗം ആര്യസമാജം ആയിരുന്നു.
1937ല്‍ ആര്യസമാജ് വിവാഹങ്ങളുടെ സാധുത സംബന്ധിച്ചുള്ള സംശയങ്ങള്‍ നീക്കി അവയെ അംഗീകരിക്കുന്നതിനായി ആര്യ വിവാഹ സാധൂകരണ നിയമം പാസാക്കി. ഈ വിവാഹങ്ങള്‍ പ്രത്യേക ഹൈന്ദവ ആചാരങ്ങള്‍ അനുസരിച്ചാണ് നടക്കുന്നത്. വിവാഹിതരാകാന്‍ പ്രായമെത്തിയ വധൂവരന്മാര്‍ തങ്ങള്‍ ആര്യസമാജികളാണെന്ന് പ്രഖ്യാപിച്ചാല്‍ മതിയാകും. അവരുടെ ജാതിയോ മതമോ ഇവിടെ പരിഗണിക്കുന്നില്ല.
1937 ലെ ഈ നിയമം പറയുന്നത്
ഹിന്ദു നിയമത്തിലോ, ആചാരത്തിലോ, സമ്പ്രദായത്തിലോ ഇതിന് വിരുദ്ധമായി, ഈ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പോ ശേഷമോ ആര്യസമാജികളായ രണ്ട് വ്യക്തികള്‍ തമ്മില്‍ നടന്ന വിവാഹം അസാധുവായി കണക്കാക്കപ്പെടില്ല. വിവാഹത്തിന് മുന്‍പ് വധൂവരന്മാര്‍ വ്യത്യസ്ത ജാതികളിലോ ഉപജാതികളിലോ പെട്ടവരായിരുന്നതുകൊണ്ടോ, അല്ലെങ്കില്‍ അവരിലൊരാളോ രണ്ടുപേരുമോ ഹിന്ദു മതം അല്ലാത്ത മറ്റൊരു മതത്തില്‍പ്പെട്ടവരായിരുന്നതുകൊണ്ടോ ഈ വിവാഹം അസാധുവായി കണക്കാക്കില്ല.
ആര്യസമാജ് വിവാഹങ്ങള്‍ തിരഞ്ഞെടുക്കാന്‍ കാരണം?
1955 ലെ ഹിന്ദു വിവാഹ നിയമം, ഹിന്ദുക്കളെ മാത്രമല്ല, ബുദ്ധമതക്കാര്‍, ജൈനര്‍, സിഖുകാര്‍ എന്നിവരെയും ഉള്‍ക്കൊള്ളുന്നു. മറ്റു മതങ്ങളില്‍പ്പെട്ടവര്‍ വിവാഹത്തിന് മുന്‍പ് ഹിന്ദുമതത്തിലേക്ക് മാറിയാല്‍ മതിയാകും.
എങ്കിലും, പല ആര്യസമാജ സംഘടനകളും ഈ മതപരിവര്‍ത്തന ചടങ്ങുകള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നു. ഇതിനര്‍ത്ഥം, ആര്യസമാജ് വിവാഹങ്ങള്‍ വളരെ വേഗത്തില്‍, പലപ്പോഴും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കും എന്നതാണ്. ഈ വേഗതയും, കുറഞ്ഞ രേഖകളും എളുപ്പത്തിലുള്ള നടപടിക്രമങ്ങളും കാരണം വ്യത്യസ്ത ജാതികളിലോ മതങ്ങളിലോ പെട്ട, ഒളിച്ചോടുന്ന ദമ്പതികള്‍ക്കിടയില്‍ ആര്യസമാജ് വിവാഹങ്ങളെ ജനപ്രിയമാക്കി.
മിശ്ര ദമ്പതികള്‍ക്ക് തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാതെ വിവാഹിതരാകാന്‍ അവസരം നല്‍കുന്ന സ്‌പെഷ്യല്‍ മാര്യേജ് ആക്ട് (SMA) പ്രകാരവും വിവാഹം കഴിക്കാം. എന്നാല്‍, സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിന് 30 ദിവസം മുമ്പ് പൊതു അറിയിപ്പ് നല്‍കണം. ഇത് കുടുംബത്തില്‍ നിന്നോ അധികാരികളില്‍ നിന്നോ ഉപദ്രവത്തെ ചെറുക്കുന്നതിനാണ്.
എന്തുകൊണ്ടാണ് ആര്യസമാജ വിവാഹങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നത്?
ആര്യസമാജ വിവാഹങ്ങള്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ടിന്റെ നിബന്ധനകള്‍ പാലിക്കണമോ എന്നതിനെക്കുറിച്ചുള്ള ഒരു ഹര്‍ജി 2022 മുതല്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങള്‍ കര്‍ശനമായ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ പാസാക്കിയതിനാല്‍, വിവിധ ഹൈക്കോടതികള്‍ ആര്യസമാജ് വിവാഹങ്ങളുടെ സാധുതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. മതപരിവര്‍ത്തനം ഉള്‍പ്പെടുന്ന വിവാഹങ്ങള്‍ക്ക് ബദലായി, നിയമ നടപടികള്‍ ഈ നിയമങ്ങള്‍ വിലക്കുന്നു എന്നതാണ് ഇതിന് കാരണം.
ഉദാഹരണത്തിന്, ഉത്തര്‍പ്രദേശില്‍, 2021 ലെ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമത്തിലെ സെക്ഷന്‍ 6 അനുസരിച്ച്, നിയമവിരുദ്ധമായതോ നടപടിക്രമങ്ങള്‍ പാലിക്കാത്തതോ ആയ മതപരിവര്‍ത്തനത്തിന് ശേഷം നടക്കുന്ന ഏതൊരു വിവാഹവും അസാധുവാണ്. നിയമത്തിലെ സെക്ഷന്‍ 8, 9 എന്നിവ പ്രകാരം, വിവാഹത്തിന് 60 ദിവസം മുമ്പ് മതപരിവര്‍ത്തനം നടത്താനുള്ള പ്രഖ്യാപനവും, അതിനുശേഷം നിശ്ചിത സമയപരിധിക്കുള്ളില്‍ ജില്ലാ മജിസ്ട്രേറ്റിന് മതപരിവര്‍ത്തനം നടന്നതായി അറിയിപ്പും നല്‍കണം. മതപരിവര്‍ത്തനം സ്വമേധയാ ഉള്ളതും നിയമപരവുമാണോ എന്ന് ഉറപ്പാക്കാന്‍ ഒരു അന്വേഷണം നടത്തണമെന്നും ഈ നിയമം അനുശാസിക്കുന്നു. why arya samaj marriages are being questioned
Content Summary: why arya samaj marriages are being questioned