June 26, 2026 |
Avatar
അമർനാഥ്‌
Share on

‘മരുതനായകം’ പാതിയില്‍ നിലച്ചത് മതപരിവര്‍ത്തന വിവാദം ഭയന്നോ?

ഒരിക്കലും പൂര്‍ത്തിയാവാത്ത ഒരു ബ്രഹ്‌മാണ്ഡ ചലച്ചിത്രത്തിന്റെ നാള്‍ വഴികള്‍

ഇരുപത്തേഴ് വര്‍ഷം മുന്‍പ്, 1998 ഓഗസ്റ്റിലാണ് തമിഴ്‌നാട്ടിലെ വേലങ്കുടിയില്‍ കമല്‍ഹാസന്‍ ആദ്യമായി സംവിധായകനാകുന്ന ‘മരുതനായകം’ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. അതിന് രണ്ടു വര്‍ഷം മുന്‍പ് വന്ന മെല്‍ ഗിബ്‌സന്റെ ഹോളിവുഡ് ക്ലാസിക്ക് ‘ബ്രേവ് ഹാര്‍ട്ട്’ എന്ന യുദ്ധ ചലചിത്രം ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരെ പ്രമേയം കൊണ്ടും അവതരണം കൊണ്ടും വിസ്മയിപ്പിച്ചിരുന്നു. ബ്രേവ് ഹാര്‍ട്ടിന് സമാനമായ, വിസ്മയമാകാന്‍ ഒരുങ്ങുന്ന, ഇന്ത്യന്‍ ബ്രഹ്‌മാണ്ഡ സിനിമയായിരുന്നു മരുതനായകം.

കമല്‍ ഹാസന്‍ എന്ന അത്യല്യ പ്രതിഭയുടെ സംവിധാനത്തില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട തുടക്കമായിരുന്നു സിനിമയുടേത്. 87 കോടി ബജറ്റ്, വമ്പന്‍ താരനിര, ഏറ്റവും മികച്ച സാങ്കേതിക വിദ്യയും ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക പ്രവര്‍ത്തകരും സംവിധാനങ്ങളും. ചിത്രീകരണം തുടങ്ങി രണ്ട് പതിറ്റാണ്ട് പിന്നിട്ടു, എന്നിട്ടും ഇനിയും സ്‌ക്രീനിലെത്താത്ത ചലചിത്രമാണ് മരുതനായകം. ദശകോടികള്‍ മുടക്കിയ സിനിമകള്‍ പുറത്ത് വരുന്നത് ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ സാധാരണ കാഴ്ചയായി മാറിക്കഴിഞ്ഞിട്ടും എന്ത് കൊണ്ട് മരുതനായകം ഇനിയും പുറത്ത് വരുന്നില്ല.?

ആ മില്യണ്‍ ഡോളര്‍ ചോദ്യത്തിന്റെ ഉത്തരം ലളിതമാണ്.

Kamal hassan-marudanayagam
യഥാര്‍ത്ഥ ചരിത്രത്തില്‍ യുസഫ് ഖാന്‍ എന്നൊരാളാണ് യുദ്ധവീരനും വിമതനായ പോരാളിയും, മറിച്ച് മരുതനായകമല്ല. യൂസഫ് ഖാന്‍ എന്ന പോരാളിയുടെ ഭൂതകാലത്തെ നാമമാണ് ഒരു സാധാരണക്കാരനായിരുന്ന മരുതനായകം. യാഥാര്‍ത്ഥ്യം അതായിരിക്കെ, യൂസഫ് ഖാന്റെ കഥ മരുതനായകം എന്ന പേരില്‍ അവതരിപ്പിക്കുന്നത് തന്നെ ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കലാണ്.

സിനിമയുടെ കഥ സ്വീകരിച്ച പുസ്തകത്തില്‍ തുടക്കത്തില്‍ മരുതനായകം എന്ന പേര് ഒരിടത്ത് പരാമര്‍ശിക്കുന്നതൊഴിച്ചാല്‍ പിന്നീട് എവിടെയും ആ പേര് പറയുന്നില്ല. അതാണ് യഥാര്‍ത്ഥ ചരിത്ര വസ്തുത എന്നിരിക്കെ, മരുതനായകം എന്ന പേരില്‍ ഈ പടം പുറത്ത് വന്നാല്‍ വലിയ വിവാദമാകും. അപൂര്‍ണമായ മരുതനായകം എന്ന സിനിമ എറ്റെടുക്കാന്‍ നിര്‍മ്മാതാക്കളെ പിന്നോട്ടടിക്കുന്നത് ഈ വസ്തുതയാണ്. സിനിമയിലെ ജാതി-മത പരിവര്‍ത്തനം വിവാദമാകുമെന്ന് ഉറപ്പായതിനാല്‍ ഒരു ബിഗ് ബജറ്റ് പടം നിര്‍മ്മിക്കാന്‍ അറിഞ്ഞ് കൊണ്ട്, കര്‍ക്കശ വ്യവസ്ഥകള്‍ പാലിച്ച് മാത്രം പടമെടുക്കുന്ന ഇപ്പോഴത്തെ വന്‍ ചലച്ചിത്ര കമ്പനികള്‍ ഒരിക്കലും തയാറാകില്ല. ഇതാണ് മരുതനായകം ചലചിത്രം സ്‌ക്രീനിലെത്താന്‍ നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധി. പോരാളിയായ യൂസഫ് ഖാന്‍ ന്റെ കഥ ചലചിത്രമാകുമ്പോള്‍ നായകന്റെ ‘പേര് മരുതനായകം, ചരിത്രത്തിലെ പിശക് !

ആരാണ് മരുതനായകം?
പതിനേഴാം നൂറ്റാണ്ടില്‍ തെക്കെ ഇന്ത്യയിലെ ആധിപത്യത്തിന് വേണ്ടി ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മില്‍ നടന്ന യുദ്ധങ്ങളില്‍ ഇരു ഭാഗത്തും പങ്കെടുത്ത നിരവധി പ്രദേശിക നാടുവാഴികളില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപകാരിയായി മാറിയ ഒരു സൈനിക യോദ്ധാവായിരുന്നു മരുതനായകം പിള്ള അഥവാ മുഹമ്മദ് യൂസഫ് ഖാന്‍. സൈനികനായി ജീവിതം ആരംഭിച്ച് ഒടുവില്‍ മധുരയിലെ ഭരണാധികാരിയായി മാറിയ പടയാളിയായിരുന്നു യുസഫ് ഖാന്‍. ആ ചരിത്രമാണ് കമല്‍ ഹാസന്‍ സിനിമയാക്കാന്‍ തെരഞ്ഞെടുത്തത്.

Marudhanayagam shooting set

എലിസബത്ത് രാജ്ഞി രജനീ കാന്ത്, ശിവാജി ഗണേശൻ, കമൽ ഹാസൻ എന്നിവരൊടൊത്ത് സ്വിച്ചോൺ വേളയിൽ (1997).

28 വര്‍ഷം മുന്‍പ്, 1997 ഒക്ടോബര്‍ 17 ന്, ചെന്നൈ എം.ജി.ആര്‍ ഫിലിം സിറ്റിയില്‍ ആ ദിനം ഇന്ത്യന്‍ സിനിമയില്‍ ഒരു ചരിത്രം സൃഷ്ടിക്കപ്പെടുന്നതിന്റെ തുടക്കമായിരുന്നു. ഇന്ത്യയിലെ സിനിമാക്കാര്‍ ചിന്തിച്ചു തുടങ്ങുന്നതിനു മുന്‍പേ തന്നെ പാന്‍ വേള്‍ഡ് സിനിമ സ്വപ്നം കണ്ട കമല്‍ഹാസന്റെ ഡ്രീം പ്രൊജക്റ്റ്, മരുതനായകത്തിന്റെ ഔദ്യോഗിക ഷൂട്ടിംഗ് ഉദ്ഘാടനദിനമായിരുന്നു അത്. ഉത്ഘാടനത്തിന് മുഖ്യാതിഥിയായി എത്തിയതാകട്ടെ സാക്ഷാല്‍ ബ്രിട്ടീഷ് രാജവംശത്തിലെ എലിസബത്ത് രാജ്ഞിയും. അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി അടക്കമുള്ള വി.വി.ഐ.പികളുടെ നീണ്ടനിര വേറെയും. അന്നത്തെ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ജയ്പാല്‍ റെഡ്ഢി, ശിവാജി ഗണേശന്‍, സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്, തമിഴിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ചോ രാമസ്വാമി തുടങ്ങി തമിഴ് സിനിമയില്‍ കമലുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നവരൊക്കെ ആ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാനുണ്ടായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ 50ാം വര്‍ഷങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്ത് ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ ഇടയിലാണ് എം.ജി. ആര്‍ ഫിലിം സിറ്റിയില്‍ ഒരുക്കിയ അപൂര്‍വ്വ ചരിത്ര സിനിമയുടെ സെറ്റില്‍ മുഖ്യാതിഥിയായി എത്തിയത്. 20 മിനിറ്റ് എലിസബത്ത് രാജ്ഞി മരുതനായകത്തിന്റെ സെറ്റില്‍ കമലിനോടൊപ്പം ചിലവഴിച്ചു

Kamal hassan-queen Elizabeth-marudhanayagam

ചെന്നെയിലെ എം.ജി. ആർ ഫിലിം നഗറിൽ മരുതനായകത്തിൻ്റെ ചിത്രീകരണത്തിനെത്തിയ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത്

സ്വിച്ചോണ്‍ ചടങ്ങില്‍ കലൈഞ്ജര്‍ കരുണാനിധി ഒരു ചെറു പ്രസംഗം നടത്തി. വേണ്ടത് വേണ്ടപ്പോള്‍ തോന്നുന്ന കരുണാ നിധിയുടെ ദ്രാവിഡ ബോധം ഉണര്‍ന്നു. ബ്രിട്ടിഷ് രാജ്ഞിയല്ലെ മുന്നില്‍ നില്‍ക്കുന്നത് അദ്ദേഹം അവസരം പാഴാക്കിയില്ല. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പ്രസംഗിച്ചു. ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന ലോര്‍ഡ് കഴ്സണ്‍ ബംഗാള്‍ വിഭജനം പ്രഖ്യാപിച്ചത് 1905-ല്‍ ഇതേ ദിവസമാണ്. ഈ ദിവസം ഇന്ത്യന്‍ ചരിത്രത്തില്‍ ചരിത്രപരമായി പ്രാധാന്യമുള്ളതാണ്. പിന്നെ കരുണാനിധി സിനിമയുമായുള്ള ബ്രിട്ടീഷ് ബന്ധത്തെക്കുറിച്ച് സംസാരിച്ചു – പ്രധാന കഥാപാത്രമായ മരുതനായകത്തെ ഇതേ ദിവസമാണ് ബ്രിട്ടീഷ് ഭരണാധികാരികള്‍ തൂക്കിലേറ്റിയത്’. എന്നാല്‍ എലിസബത്ത് രാജ്ഞി ഈ പ്രസ്താവന യഥാര്‍ത്ഥത്തില്‍ ശ്രദ്ധിക്കുകയോ മനസസിലാക്കുകയോ ചെയ്‌തോ എന്ന് അറിയില്ല.

മുന്നില്‍ വച്ചിരിക്കുന്ന ക്യാമറ തമിഴ്‌നാട് മുഖ്യമന്ത്രി മുത്തുവേല്‍ കരുണാനിധി സ്വിച്ചോണ്‍ ചെയ്തു. പതുക്കെ ക്യാമറയ്ക്ക് പിന്നിലേക്ക് വന്നു. ‘ആക്ഷന്‍’ എന്ന് പറഞ്ഞതിന് തൊട്ടടുത്ത നിമിഷം നടന്‍ ക്യാമറയ്ക്ക് മുന്നിലെത്തി. പൊടുന്നനെ ചരിത്ര പുരുഷനായ മരുതനായകം തിളങ്ങുന്ന സൈനിക വേഷത്തില്‍ തന്റെ വാളുമായി രംഗത്തെത്തി. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു കലാപകാരിയായ 44 കാരനായ നടന്‍ കമല്‍ഹാസന്‍ മരുതനായകമായി ഒരു രംഗം അഭിനയിച്ച് അവിടെ ചരിത്രം പുനസൃഷ്ടിച്ചു. 87 കോടി രൂപ ബഡ്ജറ്റില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ ചിലവേറിയ നിനിമ അണിയിച്ചൊരുക്കാന്‍, കമല്‍ സ്വപ്നം കണ്ട മരുതനായകം അവിടെ ജനിക്കുകയായിരുന്നു. പിന്നീട് എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഷൂട്ട് ചെയ്ത ആ രംഗം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. ഏതാനും മിനിട്ടുകള്‍ മാത്രം നീണ്ട ആ രംഗത്തിന് ചെലവായത് ഒന്നര കോടി രൂപയാണെന്ന് പറയുന്നു. പത്തു മുതല്‍ അമ്പതു ലക്ഷം വരെ തമിഴില്‍ ഒരു പടം തീരുന്ന കാലത്താണ് ഇതെന്നുകൂടി ഓര്‍ക്കണം.

1960 ല്‍ ആദ്യ തമിഴ് ചിത്രമായ കുളത്തൂര്‍ കണ്ണമ്മ മുതല്‍ 2025, ഈ വര്‍ഷം ഇറങ്ങിയ ‘ തഗ് ലൈഫ്’ വരെയുള്ള അറുപത്തിനാല് വര്‍ഷത്തെ ഇടവേളയില്ലാത്ത അഭിനയ ജീവിതമുള്ള കമല്‍ഹാസനെപ്പോലെ വൈവിധ്യ വേഷങ്ങള്‍ അഭിനയിച്ച നടന്മാര്‍ ഇന്ത്യയില്‍ വിരളമാണ്. നാല് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ കമല്‍ തമിഴിലെ ആറു തലമുറ നടമാരോടൊടൊപ്പം അഭിനയിച്ചു കഴിഞ്ഞു. രജനികാന്തെന്ന സൂപ്പര്‍താരം വടവൃക്ഷമായി തമിഴകം കീഴടക്കി നിലനില്‍ക്കുമ്പോഴും കമല്‍ഹാസന്‍ തമിഴ് സിനിമയുടെ അവിഭാജ്യ ഘടമായിരുന്നു. ഹേ റാം, വിശ്വരൂപം തുടങ്ങിയ വിവാദ ചലചിത്രങ്ങള്‍, കൂടാതെ, അവ്വെ ഷണ്‍മുഖി, അപൂര്‍വ്വ സഹോദരങ്ങള്‍ എന്നി ചിത്രങ്ങളില്‍ വ്യത്യസ്ത അഭിനയ സാധ്യത പരീക്ഷിച്ച് വിജയിപ്പിച്ച ഒരു നടനായിരുന്ന കമല്‍ തന്റെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ സൂപ്പര്‍താര പരിവേഷം ഒരിക്കലും ഗൗനിച്ചില്ല. പഴയകാല തമിഴ് – തെലുങ്ക് പടങ്ങളില്‍ സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച് പ്രേക്ഷരെ ആനന്ദിപ്പിച്ചിരുന്ന ഡബിള്‍-ത്രിബിള്‍, ഒന്നിലധികം വേഷങ്ങള്‍ ഒരു പടത്തില്‍ എന്ന ശൈലിയൊക്കെ പഴഞ്ചന്‍ സങ്കല്‍പ്പമായ കാലത്തും 10 വേഷങ്ങളാണ് ഒരു സിനിമയില്‍ കമല്‍ അഭിനയിച്ചത്(ദശാവതാരം 2008). ലോക സിനിമയില്‍ തന്നെ ആദ്യമായാണ് ഇത്രയധികം കഥാപാത്രങ്ങള്‍ ഒരു നടന്‍ ഒരു പടത്തില്‍ അഭിനയിക്കുന്നത്. നടന്റെ അഭിനയ സാധ്യതകള്‍ തെളിയിക്കുക എന്ന ലക്ഷ്യമായിരുന്നു ഈ വൈവിധ്യ വേഷങ്ങള്‍ അഭിനയിച്ചതിലൂടെ നിറവേറ്റിയത്. അതില്‍ നടന്‍ വിജയിക്കുകയും ചെയ്തു. നടന്‍ എന്ന നിലയില്‍ അഭിനയിക്കാന്‍ അപ്രാപ്ത്യമായി ഒരു വേഷവും ഇല്ല എന്ന് തെളിയിച്ച കമല്‍ഹാസന്റെ ഏറ്റവും മികച്ച വേഷമാവാന്‍ സാധ്യതയുള്ള ഒന്നായിരുന്നു മരുതനായകം.

brave heart movie -marudhanayagam

മരുതനായകം തുടങ്ങുന്നതിന് രണ്ട് വര്‍ഷം മുന്‍പ് ഹോളിവുഡില്‍ പുറത്തിറങ്ങിയ ‘ബ്രേവ് ഹാര്‍ട്ട്’ എന്ന ഇംഗ്ലീഷ് ചരിത്ര സിനിമ കമലിനെ വല്ലാതെ സ്വാധീനിച്ചിരുന്നു. ‘ഇംഗ്ലണ്ടിലെ എഡ്വേര്‍ഡ് ഒന്നാമന്‍ രാജാവിനെതിരായ സ്‌കോട്ടിഷ് സ്വാതന്ത്ര്യസമരത്തില്‍ പടനയിച്ച സ്‌കോട്ടിഷ് വിമത നേതാവ് വില്യം വാലസിന്റെ കഥ നടന്‍ മെല്‍ ഗിബ്‌സണ്‍ സംവിധാനം ചെയ്ത് ഗിബ്‌സന്‍ തന്നെ വാലസായി അഭിനയിച്ച ‘ബ്രേവ് ഹാര്‍ട്ട്’ വന്‍ വിജയം നേടിയ, ഒരു കലാപകാരിയുടെ കഥ പറയുന്ന മികച്ച ചരിത്ര സിനിമയായിരുന്നു.

അക്കാലത്ത് എഴുത്തുകാരന്‍ സുജാത (എസ്. രംഗരാജന്‍ – ഇന്ത്യന്‍, അന്യന്‍, തുടങിയ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത്) തന്നോട് പറഞ്ഞ ഒരു ചരിത്രകഥയിലെ വീരനായകനായ മരുതനായകം കമലിനെ വല്ലാതെ ആകര്‍ഷിച്ചു. അങ്ങനെയാണ് മരുതനായകം എന്ന ചരിത്രനായകനിലേക്ക് കമലിന്റെ ശ്രദ്ധ തിരിയുന്നത്. വാലസും മരുതനായകവും സമാന ചരിത്ര പുരുഷന്മാരാണ് എന്നതും ശ്രദ്ധേയമാണ്. രണ്ട് പേരും ഭരണാധികാരികളുടെ അനിഷ്ടത്തിന് ഇരയായി , വിമതരായി മാറി ഒടുവില്‍ വധശിക്ഷക്ക് വിധേയരായ പടനായകന്മാരായിരുന്നു.

യൂസഫ് ഖാന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ. അദ്ദേഹത്തിന്റെ ജനന തീയതി പോലും എവിടെയും പരാമര്‍ശിച്ചിട്ടില്ല, തമിഴ് നാട്ടിലെ രാമനാട് ജില്ലയിലെ പനിയൂരില്‍ വെള്ളാള സമുദായത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ ആദ്യ പേര് മരുതനായകം പിള്ള എന്നാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ബ്രിട്ടീഷ് ഓഫീസര്‍ എസ്. ചാള്‍സ് ഹില്‍ എഴുതിയ 1914-ലെ ജീവചരിത്രമായ യൂസഫ് ഖാന്‍ – ‘ദി റെബല്‍ കമാന്‍ഡന്റ് ‘എന്ന കൃതിയാണ് ഈ സൈനിക പോരാളിയെ കുറിച്ചുള്ള ആധികാരികം എന്ന് പറയാവുന്ന ഒരു കൃതി.

Yusuf Khan-SC Hill's book

ചലച്ചിത്രത്തിന് അടിസ്ഥാനമായ ചാൾസ് ഹില്ലിൻ്റെ പുസ്തകം ‘: Yusaf Khan – The Rebel Commandant ’(1914).

മരുതനായകം പിള്ള ഇസ്ലാം മതം സ്വീകരിച്ചതിനെക്കുറിച്ച് ചാള്‍സ് ഹില്‍ വിശദീകരിക്കുന്നു: ”അന്ന് യൂസഫ് ഖാന്‍ നേടിയ സ്ഥാനത്തേക്ക് ഉയരണമെങ്കില്‍, അദ്ദേഹത്തിന്റെ മതം അദ്ദേഹത്തിന്മേല്‍ ചുമത്തിയേക്കാവുന്ന എല്ലാ തടസ്സങ്ങളില്‍ നിന്നും മോചിതനാകേണ്ടത് അത്യാവശ്യമായിരുന്നു. കര്‍ക്കശമായ ജാതിവ്യവസ്ഥയും ഉച്ചനീചത്വങ്ങളും നിലനിന്നിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. പക്ഷേ, ജനിച്ച മതം ഉപക്ഷിച്ച വ്യക്തി എന്ത് കൊണ്ട് പഴയ നാമമായ മരുതനായകം എന്ന പേരില്‍ പിന്നീടും അറിയപ്പെട്ടത് എന്ന് ചാള്‍സ് ഹില്ലിന്റെ പുസ്തകം ഒരിടത്തും വ്യക്തമാക്കുന്നില്ല.

വെള്ളാളന്മാര്‍ എ.ഡി. 900-ല്‍ മധുരയില്‍ പ്രവേശിച്ച വിദേശ കുടിയേറ്റക്കാരുടെ പിന്‍ഗാമികളാണെന്ന് കരുതപ്പെടുന്നു. ശുദ്ധമായ തമിഴ് ഭാഷ സംസാരിക്കുന്ന അവരുടെ പ്രധാന തൊഴില്‍ കൃഷിയായിരുന്നു, പക്ഷേ അവര്‍ സര്‍ക്കാര്‍ സേവനവും സൈന്യവും ഉള്‍പ്പെടെ നിരവധി മേഖലകളില്‍ ഏര്‍പ്പെട്ടിരുന്നു. എന്നിരുന്നാലും അവര്‍ തരം താഴ്ന്നതെന്ന് അക്കാലത്ത് കരുതപ്പെടുന്ന തൊഴിലുകളില്‍ ഒരിക്കലും ഏര്‍പ്പെട്ടിരുന്നില്ല. മാംസാഹാരമോ മദ്യമോ കഴിക്കുന്നതില്‍ നിന്ന് വിട്ടുനിന്നിരുന്നു. ബഹുഭാര്യത്വം അവര്‍ക്ക് അജ്ഞാതമായിരുന്നു, സ്ത്രീകളുടെ പവിത്രത അസൂയയോടെ സംരക്ഷിക്കപ്പെട്ടിരുന്നു. ഇതില്‍ നിന്ന് വെള്ളാള ജാതി വളരെ ആദരണീയരും ആത്മാഭിമാനമുള്ളവരുമായിരുന്നുവെന്നും, അതിലെ അംഗങ്ങള്‍ വളരെ വൈവിധ്യമാര്‍ന്ന സ്വാഭാവിക സ്വഭാവമുള്ളവരാണെന്നുമാണ് അന്നത്തെ സാമൂഹിക ജീവിതം കാണിക്കുന്നത്. ആ കാലത്തെ ഏറ്റവും പ്രശസ്തരായ തമിഴ് എഴുത്തുകാരില്‍ ചിലര്‍ വെള്ളാളന്മാരായിരുന്നു.

ചെറുപ്പത്തിലെ വീട് വിട്ടിറങ്ങിയ മരുനായകം മതം മാറി യൂസഫ് ഖാനായ ശേഷം 1744-ല്‍ മധുരയിലെ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഗവര്‍ണറായ ജാക്വസ് ലോയുടെ കീഴില്‍ സേവനം അനുഷ്ഠിച്ചു. പടിപടിയായ് ഉയര്‍ന്ന യൂസഫ് ഖാന്‍ കുറച്ച് കാലം ഇഗ്ലീഷുകാരനായ മേജര്‍ സ്ട്രിംഗര്‍ ലോറന്‍സിന്റെ കീഴില്‍ ജോലി ചെയ്തു. അക്കാലത്ത് യുസഫ് ഖാന്‍ യൂറോപ്യന്‍ യുദ്ധതന്ത്രങ്ങളും സൈനിക തന്ത്രങ്ങളും പരിശീലിച്ചു. അതോടെ മരുതനായകം എന്ന നാമം അപ്രതൃക്ഷമാവുകയും മികച്ച സൈനിക പോരാളിയായി യൂസഫ് ഖാനെന്ന പേര്‍ പ്രസിദ്ധമാവുകയും ചെയ്തു.

Yousaf Khan- Marudanayagam

യൂസഫ് ഖാന്‍ -ഒരു തമിഴ് ചിത്രകാരന്റെ ഭാവനയില്‍

1751-ല്‍ നടന്ന തൃശ്ശിനാപ്പള്ളി ഉപരോധം രണ്ടാം കര്‍ണാടക യുദ്ധത്തിന്റെ ഭാഗമായിരുന്നു. ബ്രിട്ടീഷ് സഖ്യകക്ഷിയായ മുഹമ്മദ് അലി വലജയും ഫ്രഞ്ച് സഖ്യകക്ഷിയായ ചന്ദാ സാഹിബും തമ്മില്‍ നടന്ന യുദ്ധത്തില്‍ യൂസഫ് ഖാന്‍ ചന്ദാ സാഹേബിന്റെ പക്ഷത്ത് നിന്ന് പോരാടി. ഇംഗ്ലീഷ് പടനായകന്‍ റോബര്‍ട്ട് ക്ലൈവ് യുദ്ധത്തില്‍ നിര്‍ണ്ണായക വിജയം നേടി. ചന്ദ സാഹിബിനെ പിടികൂടി തടവിലാക്കി തല വെട്ടിയെടുത്ത് വധിച്ചു. യൂസഫ് ഖാന്‍ പരാജയപ്പെട്ട ഫ്രഞ്ചുകാരുടെ പക്ഷത്ത് ആണെങ്കിലും ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിന്റെ സൈനിക പോരാട്ടത്തില്‍ വളരെയധികം ആകൃഷ്ടരായി. അദ്ദേഹത്തെ തങ്ങളുടെ സൈന്യത്തില്‍ പദവി നല്‍കി ഉള്‍പ്പെടുത്തുകയും ചെയ്തു. യൂസഫ് ഖാന്‍ പിന്നീട് യൂറോപ്യന്‍ യുദ്ധരീതിയില്‍ പരിശീലനം നേടുകയും ചെയ്തു. സൈനിക പാടവം, തീരുമാനമെടുക്കല്‍, ധൈര്യം, എന്നിവയില്‍ റോബര്‍ട്ട് ക്ലൈവിനെപ്പോലെ കാണപ്പെട്ടതിനാല്‍ ഇന്ത്യന്‍ സൈനികനായ യൂസഫ് ഖാനെ ബ്രിട്ടീഷുകാര്‍ റോബര്‍ട്ട് ക്ലൈവിന് സമശീര്‍ഷ്യന്‍ എന്നു വിശേഷിപ്പിച്ചു.

1760-ല്‍ യൂസഫ് ഖാന്‍ പതിയെ വളര്‍ന്ന് മധുരയുടെ ഭരണാധികാരിയായി. യൂസഫ് ഖാന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ച കണ്ട ആര്‍ക്കോട്ട് നവാബായ മുഹമ്മദലിക്ക് വളരെയധികം അസൂയ തോന്നി. യൂസഫ് ഖാന്‍ പിരിച്ച നികുതി നേരിട്ട് കമ്പനിക്ക് നല്‍കുന്നതിനുപകരം യൂസഫ് ഖാന്‍ തനിക്ക് നികുതി അടയ്ക്കണമെന്ന് അദ്ദേഹം ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് ആവശ്യപ്പെട്ടു. കമ്പനി യൂസഫ് ഖാനോട് അത് അനുസരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യൂസഫ് ഖാന്‍ വഴങ്ങിയില്ല. ഒടുവില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അതിനെ പ്രതിരോധിക്കാനായി യൂസഫ് ഖാന്‍ ഫ്രാന്‍സുമായി സഖ്യത്തിലേര്‍പ്പെട്ടു, ബ്രിട്ടീഷ് പതാകയ്ക്ക് പകരം തന്റെ കോട്ടയില്‍ ഫ്രഞ്ച് പതാക ഉയര്‍ത്തി, മധുരയുടെയും തിരുനെല്‍വേലിയുടെയും സ്വതന്ത്ര ഭരണാധികാരിയായി അദ്ദേഹം സ്വയം പ്രഖ്യാപിച്ചു. അക്കാലത്ത് യൂസഫ് ഖാന്‍ സാഹിബ് എന്ന് ജനങ്ങള്‍ അദ്ദേഹത്തെ വിളിക്കാന്‍ തുടങ്ങി. ഈ നടപടി രാജ്യദ്രോഹമായി ഈസ്റ്റ് ഇന്ത്യാ കമ്പനി കണക്കാക്കി, അതിനാല്‍ ബ്രിട്ടീഷുകാര്‍, ആര്‍ക്കോട്ട് നവാബ്, എന്നിവര്‍ യൂസഫ് ഖാന്റെ ശത്രുക്കളായ നിരവധി നാട്ടു രാജ്യങ്ങള്‍ക്കൊപ്പം മുന്നണി തീര്‍ത്ത് മധുര ആക്രമിച്ചു.

marudhanayagam portrait

തമിഴ് മാസികളിൽ പ്രചരിച്ച മരുതനായകത്തിൻ്റെ ചിത്രം

മധുരയിലെ കോട്ടയില്‍ യുദ്ധത്തില്‍ കീഴടങ്ങാതെ യൂസഫും സൈന്യവും ഭക്ഷണവും വെള്ളവും ഇല്ലാതെ നിരവധി ദിവസം പൊരുതി നിന്നു. കോട്ടക്കുള്ളിലെ ഭക്ഷ്യവസ്തുക്കള്‍ തീര്‍ന്നതിനാല്‍ അവര്‍ കുതിരയുടെയും കുരങ്ങിന്റെയും മാംസം കഴിച്ച് അതിജീവിച്ചതായി ചരിത്രകാരമാര്‍ പറയുന്നു. എങ്കിലും പ്രതിരോധം ശക്തിപ്പെടുത്തി അയാള്‍ പിടിച്ചുനിന്നു, ആ യുദ്ധത്തില്‍ ശത്രുക്കള്‍ക്ക് കനത്ത നാശം വരുത്താന്‍ യൂസഫ് ഖാനും സൈന്യത്തിനും കഴിഞ്ഞു. ശത്രുപക്ഷത്ത് 120 യൂറോപ്യന്മാര്‍ (9 ഓഫീസര്‍മാര്‍ ഉള്‍പ്പെടെ) കൊല്ലപ്പെടുകയും കുറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശത്രു മുന്നണിയുടെ ആക്രമണത്തെ യൂസഫ് ഖാന്‍ ശക്തമായി ചെറുത്തു.

അതേ സമയത്ത് യൂസഫ് ഖാന്‍ മദ്രാസിലെ ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണാധികാരിയായ ‘ഫോര്‍ട്ട് സെന്റ് ജോര്‍ജ്ജിന്റെ പ്രസിഡന്റും ഗവര്‍ണറുമായ ബഹുമാനപ്പെട്ട ജോര്‍ജ്ജ് പിഗോട്ട്, എസ്‌ക്കിന് തന്റെ മുന്‍കാല സേവനങ്ങളെ മാനിക്കണമെന്നപേക്ഷിച്ച് ഒരു കത്തെഴുതി.

‘നിങ്ങളുടെ ദയാപൂര്‍വമായ അനുഗ്രഹം സ്വീകരിക്കാന്‍ എനിക്ക് ബഹുമതി ലഭിച്ചു, അത് എല്ലാ ആദരവോടെയും എന്റെ ഹൃദയത്തില്‍ ഞാന്‍ സ്വീകരിച്ചിരിക്കുന്നു, നിങ്ങളുടെ ഉപദേശങ്ങളും ഉത്തരവുകളും ഞാന്‍ പാലിക്കും. എന്റെ നടപടിക്രമങ്ങളും ഇപ്പോഴത്തെ ഉദ്ദേശ്യങ്ങളും മത്സരിക്കാനും, സ്വതന്ത്രമായി ചിന്തിക്കാനുമാണെന്ന് താങ്കള്‍ മനസ്സിലാക്കുന്നതില്‍ എനിക്ക് ഖേദമുണ്ട്, അത് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല, ചെയ്യുകയുമില്ല,’ യൂസഫ് ഖാന്‍ കത്തില്‍ എഴുതി. നിര്‍ദേശിക്കുന്ന പ്രകാരം മധുര വിട്ട് കമ്പനിയുടെ മറ്റേതെങ്കിലും അധീശ മേഖലയിലക്ക് പോകാമെന്ന് അയാള്‍ നിരുപാധികം സമ്മതിച്ചു. എന്നാല്‍ ആര്‍ക്കോട്ട് നവാബ് നിരന്തരം യൂസഫ് ഖാനിനെതിരെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കത്തെഴുതി സമ്മര്‍ദം ചെലുത്തി. യൂസഫ് ഖാന്റെ കലാപം മൂലം ഒരു കോടി രൂപ നഷ്ടമുണ്ടായെന്നും രാജ്യത്ത് കലാപത്തിനൊരുങ്ങിയ അയാളെ വെറുതെ വിടരുതെന്നും നവാബ് ആവശ്യപ്പെട്ടു. അതിനാല്‍ ബ്രിട്ടിഷുകാര്‍ യൂസഫ് ഖാനോട് പൊറുക്കാന്‍ തയ്യാറായില്ല.

ആദ്യഘട്ടത്തില്‍ തന്നെ നേരിട്ട് ഒരു യുദ്ധത്തില്‍ യൂസഫ് ഖാനെ തോല്‍പ്പിക്കാന്‍ പ്രയാസമാണെന്ന് മനസിലാക്കിയ ശത്രുക്കള്‍ യൂസഫ് ഖാന്റെ പക്ഷത്തെ രണ്ട് വ്യക്തികളെ വാഗ്ദാനങ്ങള്‍ നല്‍കി വശത്താക്കി. ശ്രീനിവാസ റാവു , ബാബാ സാഹേബ് എന്നീ രണ്ട് സൈനിക ഉദ്യോഗസ്ഥരായിരുന്നു അവര്‍. ശത്രുക്കളുമായി ചേര്‍ന്ന് അവര്‍ ഗൂഡാലോചന നടത്തി. ചതിയില്‍ യൂസഫ് ഖാനെ തടവിലാക്കാനായിരുന്നു പദ്ധതി. ഈ രണ്ട് പേരേയും യുസഫ് ഖാന്‍ മുന്‍പ് അപമാനിച്ചിരുന്നതിനാല്‍ അവര്‍ പ്രതികാരബുദ്ധിയോടെ പകരം വീട്ടാന്‍ കാത്തിരിക്കുകയായിരുന്നു.

1774 ഒക്ടോബര്‍ 13ാം തിയതി വൈകീട്ട് 5 മണിയോടെ തന്റെ സ്വകാര്യ മുറിയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്ന യൂസഫ് ഖാന്റെ അടുത്തേക്ക് ശത്രുക്കളുടെ സൈനിക നേതാവായ മാര്‍ചന്ദും മറ്റ് ഗൂഡാലോചനക്കാരും എത്തി. അപകടം മനസിലാക്കിയ യുസഫ് ഖാന്‍ ചാടിയെഴുന്നേറ്റ് ഉടനെ തന്റെ വാളൂരി ഒരാളെ വെട്ടിവീഴ്ത്തിയെങ്കിലും അപ്രതീക്ഷിതമായ ചതി പ്രയോഗത്തില്‍ പതറിയ യൂസഫ് ഖാനെ എണ്ണത്തില്‍ കൂടുതലുള്ള സൈനികര്‍ ബലപ്രയോഗത്താല്‍ കീഴടക്കി. അദ്ദേഹത്തിന്റെ തലപ്പാവ് കൊണ്ടു തന്നെ വരിഞ്ഞ് കെട്ടി.

തന്നെ ആര്‍ക്കോട്ട് നവാബിന് കൈമാറരുതെന്നും പെട്ടെന്ന് തന്നെ വധിക്കണമെന്നും യുസഫ് ഖാന്‍ മാര്‍ച്ചന്ദിനോട് താണ് കേണ് അഭ്യര്‍ത്ഥിച്ചെങ്കിലും മാര്‍ച്ചന്ദ് അത് ചെവിക്കൊണ്ടില്ല.

അയാള്‍ യൂസഫ് ഖാനെ തടവറയില്‍ അടച്ച് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തി. ഇതറിഞ്ഞിട്ടും യൂസഫ് ഖാന്റെ സൈന്യം ഒന്നും ചെയ്യാതെ നിഷ്‌ക്രിയരായി നോക്കി നിന്നു. എന്നാല്‍ യൂസഫ് ഖാന്റെ ധൈര്യവാനായ യുവസൈനികനായ പോരാളി മുതലി തന്റെ നേതാവിന്റെ അപ്പോഴത്തെ അവസ്ഥ മനസിലാക്കുകയും ഉടനെ യൂസഫ് ഖാന്റെ ഭാര്യക്ക് സംഭവത്തെ കുറിച്ച് ഒരു സന്ദേശം അയക്കുകയും ചെയ്തു.

മുതലി തന്റെ സൈന്യത്തിലെ അറുനൂറ് പീരങ്കി പടയാളികളുമായി ചേര്‍ന്ന് യൂസഫ് ഖാനെ മോചിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആ പടയാളികള്‍ നേരെ കുറു മാറി മാര്‍ച്ചന്ദിന്റെ പക്ഷം ചേര്‍ന്നു. മാര്‍ച്ചന്ദിന്റെ ക്യാമ്പിലെത്തിയ മുതലിയെ സൈനികര്‍ അവിടെ വെച്ച് തന്നെ വെട്ടി നുറുക്കി. അതേ സമയത്ത് യൂസഫ് ഖാന്റെ പോര്‍ച്ചുഗീസുകാരി ഭാര്യ അവസാനമായി മാര്‍ച്ചന്ദിന് ഒരു കത്ത് അയച്ചു, തന്റെ ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ തയ്യാറാണെങ്കില്‍ കോട്ടയും അതിലെ മുഴുവന്‍ പണവും, നിധിയും മാര്‍ച്ചന്ദിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്തു, പക്ഷേ മാര്‍ച്ചന്ദ് വിസമ്മതിച്ചു.

1764 ഒക്ടോബര്‍ 15-ന് വൈകുന്നേരം, മധുരയുടെയും തിരുനെല്‍ വേലിയുടെയും ഗവര്‍ണറായിരുന്ന മുഹമ്മദ് യൂസഫ് ഖാനെ, ആര്‍ക്കോട്ട് നവാബ് മുഹമ്മദ് അലിയുടെ ഉത്തരവ് പ്രകാരം, മധുരയിലെ ബ്രിട്ടീഷ് ക്യാമ്പിന് മുന്നില്‍ വെച്ച് തൂക്കിക്കൊന്നു. യൂസഫ് ഖാന്റെ കുടുംബത്തിന് എന്ത് സംഭവിച്ചുവെന്ന് അറിയില്ല. പിന്നീട് അവര്‍ തിരുവിതാംകൂറിലേക്ക് കുടിയേറിയെന്ന് പറയപ്പെടുന്നു.

യൂസഫ് ഖാനെ മരിക്കുന്നതിന് മുമ്പ് മൂന്ന് തവണ തൂക്കിലേറ്റപ്പെട്ടു എന്നാണ് പ്രചരിക്കുന്ന ഒരു കഥ. കയര്‍ പൊട്ടിയതിനാല്‍ തൂക്കിലേറ്റാനുള്ള ആദ്യ രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ടു, മൂന്നാമത്തെ ശ്രമത്തിലാണ് തുക്കിക്കൊല വിജയിച്ചത്. അന്ധവിശ്വാസിയായ ആര്‍ക്കോട്ട് നവാബ് മുഹമ്മദ് അലി യൂസഫ് ഖാന്റെ മൃതദേഹം പല ഭാഗങ്ങളായി മുറിച്ച് തന്റെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംസ്‌കരിക്കാന്‍ ഉത്തരവിട്ടു. അദ്ദേഹത്തിന്റെ മൃതദേഹം നാല് കഷണങ്ങളാക്കി വികൃതമാക്കി തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിലേക്ക് വലിച്ചെറിഞ്ഞു. മധുരയിലും പ്രാദേശിക ഇടങ്ങളിലും യുസഫ് ഖാനെ ഒരു ഇതിഹാസ വ്യക്തിയായി ജനങ്ങള്‍ ആരാധിക്കാതിരിക്കാനായിരുന്നു അത്. താന്‍ നേരിടാന്‍ പോകുന്ന ചതിയെക്കുറിച്ച് സ്വപ്നത്തില്‍ മധുര മീനാക്ഷി പ്രതൃക്ഷപ്പെട്ട് യൂസഫ് ഖാന് മുന്നറിയിപ്പ് നല്‍കിയെന്നും അദ്ദേഹം അത് അവഗണിച്ചെന്നും അവിടങ്ങളില്‍ പ്രചാരമുള്ള ഒരു തമിഴ് വീരഗാഥയില്‍ പറയുന്നുണ്ട്. സ്വന്തം യജമാനനെ ചതിച്ച ശ്രീനിവാസ റാവുവിന് പിന്നീട് അതിന് ‘പ്രതിഫലമായി പെരുങ്കുടിയെന്നൊരു ഗ്രാമം സമ്മാനമായി നല്‍കപ്പെട്ടു.

യൂസഫ് ഖാന്റെ ശരീരം ഛേദിക്കപ്പെട്ടതായി ഹില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ”ചന്ദാ സാഹിബിന്റെത് പോലെ അദ്ദേഹത്തിന്റെ തലയും തൃച്ചിറപ്പള്ളിയിലേക്കും അവയവങ്ങള്‍ പാളയംകോട്ടൈ, തിരുവിതാംകൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും അയച്ചു. മധുരയ്ക്കടുത്ത സമട്ടിപുരത്ത് യുസഫ് ഖാന്റെ ഓര്‍മ്മക്കായ് അദ്ദേഹത്തിന്റെ പേരില്‍ ഒരു ദര്‍ഗ നിര്‍മ്മിച്ചിട്ടുണ്ട്. യൂസഫ് ഖാന്റെ ശവകുടീരം ഇപ്പോഴും ‘ഖാന്‍ സാഹിബിന്റെ പള്ളിവാസല്‍’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

‘ശത്രുക്കളുടെ ആക്രമണത്തിലല്ല, സ്വന്തം സൈന്യത്തിന്റെ വഞ്ചന കാരണമാണ് അദ്ദേഹം അവസാനം വീണത്.’ഹില്‍ രേഖപ്പെടുത്തി.

Yusuf khan Dargah

ഖാൻ സാഹേബിൻ്റെ പള്ളിവാസൽ’ യൂസഫ് ഖാൻ്റെ മധുരയിലെ. സമ്മട്ടിപുരത്തുള്ള ശവകുടീരം (ദർഗ)

ഒക്ടോബര്‍ 15-ന് ആര്‍ക്കോട്ട് നവാബ് മുഹമ്മദലി മദ്രാസിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലേക്ക് എഴുതി: ‘ഇന്ന്, തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് കലാപകാരിയെ തൂക്കിലേറ്റി, നമ്മുടെ ശത്രുക്കളുടെ ഹൃദയങ്ങളില്‍ അത് ഭീതി വിതച്ചിരിക്കുന്നു.’

യുസഫ് ഖാന്‍ തമിഴ്, ഇംഗ്ലീഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, അറബിക്, ഉറുദു ഭാഷകളില്‍ പ്രാവീണ്യമുള്ള ഒരു ബഹുഭാഷാ പണ്ഡിതനായിരുന്നു. ഖാനുമായി മധുരയില്‍ വെച്ച് യുദ്ധം ചെയ്ത് തോറ്റോടിയ ഹൈദര്‍ അലിക്കു വരെ യൂസഫ് ഖാന്റെ യൂറോപ്യന്‍ ശൈലിയിലുള്ള യുദ്ധരീതികളോട് മതിപ്പായിരുന്നു.

യൂസഫ് ഖാന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മുഹമ്മദ് യൂസഫ്, ദക്ഷിണേന്ത്യക്കായി ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിലുള്ള ആദ്യകാല യുദ്ധങ്ങളില്‍ പോരാടിയ ഇന്ത്യന്‍ പട്ടാളക്കാരില്‍ ഏറ്റവും പ്രബലനായിരുന്നു. ‘ഈ നായകന്‍(യൂസഫ് ഖാന്‍) ലോറന്‍സിനേപ്പോലെയോ ക്ലൈവിനേപ്പോലെയോ തുല്യനായി ചരിത്രത്തില്‍ പലപ്പോഴും കാണപ്പെടുന്നു’; ആ കാലത്തെ ഒരു സമകാലീന ചരിത്രകാരന്‍ എഴുതി. ഇതാണ് യൂസഫ് ഖാന്‍ എന്ന പോരാളിയുടെ ജീവിതകഥ. ഉയര്‍ച്ചയും ജയവും തോല്‍വിയും പകയുടേയും ചതിയുടേയും കഥ കൂടിയാണ് മരുനായകമായി ജനിച്ച് യൂസഫ് ഖാനായി മരിച്ച ജീവിതകഥയാണ് 700 വര്‍ഷം മുന്‍പ് നടന്ന ഈ ചരിത്ര സംഭവം.

തുടങ്ങിയപ്പോഴെ താളപ്പിഴ സംഭവിച്ച ഒരു സിനിമയായിരുന്നു കമലാ ഹാസന്റെ, ‘മരുത നായകം’. ആരംഭം ഗംഭീരമായിരുന്നു. ഒരുക്കങ്ങള്‍ ഇതിഹാസ തുല്യവും. 86 കോടി ബഡ്ജറ്റ്, സംഗീതം പകരാന്‍ ഉസ്താദ് സക്കീര്‍ ഹുസ്സെന്‍, ഗാനം പാടാന്‍ എം.എസ് സുബ്ബലക്ഷ്മി, നായികാ വേഷം ടൈറ്റാനിക്ക് നായിക നടി കേറ്റ് വിന്‍സ്ലറ്റ്, നടന്മാര്‍ അമേരീഷ് പുരി, നസുറുദ്ദീന്‍ ഷാ, നാസര്‍, വിഷ്ണു വര്‍ദ്ധന്‍ തുടങ്ങിയവര്‍. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് രൂപപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ സിനിമാ തിരക്കഥ. ഇഫക്റ്റുകളിലെ മികച്ച സാങ്കേതിക വിദ്യ, 700 വര്‍ഷം മുന്‍പുള്ള പ്രദേശിക സംസ്‌കാരം പുന:സൃഷ്ടിക്കല്‍, ആയുധങ്ങള്‍, സൈനിക വേഷങ്ങള്‍ എല്ലാം കൊണ്ടും ഇന്ത്യന്‍ സിനിമ ഇത് വരെ കാണാത്ത അത്ഭുത സിനിമയായിരുന്നു മരുതനായകം.

Kamal hassan-marudhanayagam

ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കാന്‍ കമലിന്റെ നിര്‍മ്മാണ കമ്പനി രാജ് കമല്‍ ഇന്റര്‍നഷണല്‍ സഹനിര്‍മ്മാതാക്കളെ തേടി. പടത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാവാന്‍ ഒരു ബ്രിട്ടീഷ് ചലചിത്ര കമ്പനി മുന്നോട്ട് വന്നു. 1998 ഓഗസ്റ്റ് 10 ന് തമിഴ്നാട്ടിലെ വേലാങ്കുടിയില്‍ സിനിമയുടെ ഔദ്യോഗിക ചിത്രീകരണം ആരംഭിച്ചു. അമിതാഭ് ബച്ചനും രജനി കാന്തും ചിത്രത്തില്‍ ഉണ്ടാവുമെന്നൊക്കെ ആദ്യ ഘട്ടത്തില്‍ കേട്ടിരുന്നു. സംഗീതം ചെയ്യാന്‍ തീരുമാനിച്ചിരുന്ന ഉസ്താദ് സക്കീര്‍ ഹുസൈന്‍ ചിത്രത്തില്‍ നിന്ന് പിന്‍ വാങ്ങി. ടൈറ്റാനിക്ക് നായിക കേറ്റ് വിന്‍സലറ്റ് വേഷം നിരസിച്ചു. സംഗീതം പിന്നീട് ഇളയ രാജ എറ്റെടുത്തു. കമലിന്റെ ഭാര്യയായ സരികയായിരുന്നു വസ്ത്രാലങ്കാരം. 700 വര്‍ഷം മുന്‍പത്തെ കാലഘട്ടത്തെ ചിത്രീകരികരിക്കുന്ന വസ്ത്ര വേഷസംവിധാനം തികച്ചും വെല്ലുവിളി തന്നെയായിരുന്നു. നിരവധി തവണ ലണ്ടനിലെ മ്യൂസിയമൊക്കെ സരിക അതിനായി സന്ദര്‍ശിച്ചു.

സരികയും കലാസംവിധായകന്‍ സാബു സിറിലും ലണ്ടനും പാരീസും സന്ദര്‍ശിച്ച് ആ കാലഘട്ടത്തിലെ ഇംഗ്ലീഷ്, ഫ്രഞ്ച് വസ്ത്രങ്ങളെക്കുറിച്ച് പഠിക്കുകയും ഫ്രഞ്ച് ചരിത്രകാരന്മാരുമായി സംസാരിക്കുകയും ചെയ്തു. ലണ്ടനിലെ വാര്‍ മ്യൂസിയങ്ങള്‍ സന്ദര്‍ശിച്ച അവര്‍ ഇന്ത്യന്‍ വൈസ്രോയി വാറന്‍ ഹേസ്റ്റിംഗ്സ് പോലുള്ള ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉയര്‍ന്ന പദവിയിലുള്ളവര്‍ അക്കാലത്തെ കുറിച്ച് എഴുതിയത് ആര്‍ക്കൈവ്‌സില്‍ കണ്ടെത്തി, ‘വായിക്കുകയും ചെയ്തു. .

സരിക ചിത്രത്തിന് വേണ്ട വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും തയ്യാറാക്കി. ബ്രിട്ടീഷ്, ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥരെയും ഹിന്ദു, മുസ്ലീം പോരാളികളുടേയും വസ്ത്രങ്ങള്‍ ആ കാലഘട്ടത്തിലെ ഉപയോഗിച്ച പീരങ്കികള്‍, തോക്കുകള്‍, പരിചകള്‍ എന്നിവ സിനിമക്ക് വേണ്ടി സാബു സിറിള്‍ ഒരുക്കി. പി.സി. ശ്രീറാം, സന്തോഷ് ശിവന്‍ , രവി കെ. ചന്ദ്രര്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച യുവ ഛായാഗ്രാഹരായിരുന്നു ക്യാമറ ചലിപ്പിക്കാന്‍ എത്തിയത്. കഥക് നൃത്താചാര്യന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജായിരുന്നു നൃത്തസംവിധായകന്‍. ഹോളിവുഡിലെ ഇംഗ്ലീഷ് സ്റ്റണ്ട് ടെക്‌നീഷ്യന്‍ ജെറി ക്രോംപ്ടനായിരുന്നു സ്റ്റണ്ട്- ആക്ഷന്‍ കൊറിയോഗ്രാഫി. പ്രശസ്തമായ ‘സ്റ്റാര്‍ ട്രക്ക് ‘ പരമ്പര, ‘ജിം കാരി അഭിനയിച്ച വിഖ്യാത ചലചിത്രം ‘മാസ്‌ക് എന്നിവയുടെ മേക്കപ്പ് നിര്‍വഹിച്ച മൈക്കല്‍ വെസ്റ്റ്മോറായിരുന്നു ചിത്രത്തിന്റെ മേക്കപ്പ് മാന്‍. പ്രീ-പ്രൊഡക്ഷന്‍ ഘട്ടങ്ങളില്‍ നിരവധി ഇന്ത്യന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ അദ്ദേഹവും ടീമും മരുതനായകത്തിനായി പരിശീലിപ്പിച്ചു. ശങ്കറിന്റെ ജീന്‍സ് (1998) എന്ന സിനിമയില്‍ ഏറെ നിരൂപക പ്രശംസ നേടിയ പെന്റഫോര്‍ സോഫ്റ്റ്വെയറാണ് ചിത്രത്തിന്റെ ഗ്രാഫിക്‌സ് നിര്‍മ്മിച്ചത്. സാബു സിറിളിള്‍ കലാസംവിധാനം നിര്‍വ്വഹിച്ചു.

എഴുത്തുകാരന്‍ രംഗരാജന്‍ (സുജാത) ആയിരുന്നു തിരക്കഥയുടെ ചീഫ് റൈറ്റര്‍. ഒന്നിലേറെ പേര്‍ തിരക്കഥക്ക് വേണ്ടി ഗവേഷണങ്ങള്‍ നടത്തി. മദ്രാസ് റെക്കോര്‍ഡ്‌സ്, മദാസിലെ ഇന്ത്യാ ഓഫീസിലെ കയ്യെഴുത്തുപ്രതികളുടെ ശേഖരം, ഫ്രഞ്ച്, ഡച്ച് ആര്‍ക്കൈവ്‌സ്, തമിഴ് കവിതകള്‍, ദി വാര്‍ ഓഫ് ഖാന്‍ സാഹിബ്, ബ്രിട്ടീഷ് മ്യൂസിയത്തിലെ രേഖകള്‍ തുടങ്ങിയ നിരവധി രേഖകള്‍ തിരക്കഥക്ക് വേണ്ടി റഫര്‍ ചെയ്തു.

1998 ല്‍ മരുതനായകത്തിന്റെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ ഇന്ത്യയില്‍ അത് വരെയുള്ള ഇറങ്ങിയ സിനിമകളില്‍ നിന്ന് ഏറ്റവും ചിലവേറിയതാകുമെന്നത് വന്‍ വാര്‍ത്താ പ്രാധാന്യം നേടി. ആ വര്‍ഷം റിലീസായ ഷങ്കറിന്റെ ‘ജീന്‍സ്’ ആയിരുന്നു അപ്പോഴത്തെ ഏറ്റവും ചിലവേറിയ സിനിമ – ബജറ്റ് 25 കോടി.

മരുത നായകം ചിത്രീകരണം പുരോഗമിക്കവേ 1998 നവംബറില്‍ തമിഴ് നാട്ടിലെ ഒരു മത സംഘടന ഈ ചിത്രത്തിന്റെ കഥ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന ആരോപണങ്ങളുമായി രംഗത്ത് വന്നു. പ്രശ്‌നം വിവാദമായതോടെ കമല്‍ഹാസന്‍ തമിഴ്നാട്ടിലെ ഉള്‍പ്രദേശങ്ങളിലെ കാരൈക്കുടിയില്‍ നിര്‍മ്മിച്ച വിപുലമായ സെറ്റുകള്‍ ഉപേക്ഷിച്ച് സിനിമയുടെ ഷൂട്ടിംഗ് കേരളത്തിലെ ചാലക്കുടിയിലേക്ക് മാറ്റി. അവിടെ കമല്‍ഹാസന്‍ ഒരു വലിയ പാറ നീക്കുന്നതും ശതുക്കളുമായി പോരാടുന്ന യുദ്ധരംഗങ്ങളും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനരികിലും പരിസരത്തുമായി ചിത്രീകരിച്ചു.

Marudhanayagam scene

അതിരപ്പിള്ളിയിൽ ചിത്രീകരിച്ച ഒരു രംഗം

1998 ല്‍ അവസാനത്തോടെ, ഇന്ത്യയില്‍ പൊഖ്റാന്‍-II ആണവ ശേഷി പരീക്ഷണ സ്‌ഫോടനങ്ങള്‍ പരീക്ഷിച്ചു. അതില്‍ ലോക രാഷ്ടങ്ങള്‍ പ്രതിഷേധിക്കുകയും ഇന്ത്യക്കെതിരെ സാമ്പത്തിക ഉപരോധമടക്കമുള്ള ചില നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മരുതനായകത്തിന്റെ വിദേശസഹനിര്‍മ്മാതക്കളായ ബ്രിട്ടീഷ് സിനിമാകമ്പനി പദ്ധതിയില്‍ നിന്ന് പിന്മാറി. അതോടെ കമല്‍ ചിത്രീകരണം നിര്‍ത്തിവച്ചു. അതിനുശേഷം ചിത്രത്തിന്റെ തുടര്‍ന്നുള്ള നിര്‍മ്മാണം അനിശ്ചിതമായി നീണ്ടു പോയി. കമലഹാസന്‍ തന്റെ 8 കോടി രൂപ ഈ സിനിമക്ക് ഇതിനകം ചിലവഴിച്ചതായി പറയുന്നു. ഉയര്‍ന്ന നിലവാരമുള്ള വിഷ്വല്‍ ഇഫക്റ്റുകളും നിര്‍മ്മാണ സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തുക എന്നതായിരുന്നു കമലഹാസന്റെ ലക്ഷ്യം. ഇത് സിനിമയുടെ സാങ്കേതിക ചെലവും വര്‍ദ്ധിപ്പിച്ചു.

സാങ്കേതിക വിദഗ്ധരുടെയും അഭിനേതാക്കളുടെയും കാള്‍ ഷീറ്റുകള്‍ വീണ്ടും പുന വിന്യസിച്ച് ആറ് മാസത്തിനുള്ളില്‍ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്ന് കമലഹാസന്‍ 1999 നവംബറില്‍ പ്രഖ്യാപിച്ചു, കൂടാതെ സിനിമയുടെ ഒരു ഫ്രഞ്ച് പതിപ്പും പുറത്തിറങ്ങുമെന്ന് കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ പ്രമോഷന്‍ ജോലികള്‍ക്കായ് കമല്‍ അമേരിക്ക സന്ദര്‍ശിച്ച വേളയില്‍ ഇതിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാകാനോ ചിലവ് ഏറ്റെടുക്കാനോ അമേരിക്ക – യൂറോപ്പിലെ ഒരു ചലചിത്ര കമ്പനികളും തയ്യാറായില്ല. അന്ന് ഒ.ടി.ടി. പ്ലാറ്റ് ഫോമുകള്‍ ഇല്ല. വീണ്ടും മരുതനായകം സ്തംഭനാവസ്ഥയിലായി.

2017 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മരുതനായകത്തിന്റെ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പക്ഷേ, അതൊന്നും ചിത്രത്തിന്റെ നിര്‍മ്മാണം വീണ്ടും മുന്നോട്ടു പോകാനോ വിദേശ കമ്പനികള്‍ ഏറ്റെടുക്കാനുള്ള സാധ്യതയോ തെളിഞ്ഞില്ല. അതോടെ മരുതനായകമെന്ന സിനിമയുടെ ഇടവേള തുടര്‍ന്നു. 2020-ല്‍ കമല്‍ഹാസന്‍ തന്റെ പ്രിയപ്പെട്ട മരുതനായകത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞു, ‘ഏകദേശം 40 വയസ്സ് പ്രായമുള്ള പ്രധാന കഥാപാത്രത്തിനെയാണ് ഞാന്‍ അന്ന് അവതരിപ്പിച്ചത്. പക്ഷേ ഇപ്പോള്‍ ആ വേഷം അവതരിപ്പിക്കാന്‍ എന്റെ പ്രായം അനുവദിക്കുന്നില്ല. അതിനാല്‍, ഇനി സിനിമ പൂര്‍ത്തിയാക്കണമെങ്കില്‍ കഥാഗതി മാറ്റുകയോ അല്ലെങ്കില്‍ ആ വേഷം ചെയ്യാന്‍ മറ്റേതെങ്കിലും നടനെ കണ്ടു പിടിക്കുകയെന്നതാണ് ഏക പോംവഴി. തന്റെ സ്വപ്ന പദ്ധതി പൂര്‍ത്തികരിക്കുമെന്ന പ്രതീക്ഷ കമലാഹാസനുണ്ടെന്ന് ഈ വാക്കുകള്‍ വ്യക്തമാക്കുന്നെങ്കിലും അത് എളുപ്പത്തില്‍ നടക്കുന്നതല്ലെന്ന് ഏറ്റവും നന്നായി അറിയാമായിരുന്നു. എന്നാല്‍ കമല്‍ഹാസന്റെ കടുത്ത ആരാധകര്‍ ഇപ്പോഴും ചിത്രം എന്നെങ്കിലും പുനരുജ്ജീവിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

27 വര്‍ഷം മുന്‍പ്, ആരംഭിച്ച ചിത്രീകരണം ശരിയായ രീതിയില്‍ പൂര്‍ത്തിയായെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ക്ലാസിക്ക് ബ്രഹ്‌മാണ്ഡ ചിത്രമായേനെ കമല്‍ഹാസന്റെ ഡ്രീം പ്രൊജക്റ്റ് ആയ ‘മരുതനായകം’. ഇപ്പോഴും ചരിത്രത്തില്‍ തന്നെ ഉറങ്ങിക്കിടക്കുകയാണ് ‘മരുതനായകം’ എന്ന ചരിത്രനായകന്‍. അന്ന് വരെ ഇന്ത്യന്‍ സിനിമാരംഗം കാണാത്ത ബഡ്ജറ്റ്, 87കോടിയുടെ പദ്ധതിയുമായി, ഏറ്റവും ചിലവേറിയ ഇന്ത്യന്‍ ചലച്ചിത്രമാകാന്‍ എല്ലാ സന്നാഹവുമായാണ് കമല്‍ഹാസന്‍ ആരംഭിച്ചത്. പക്ഷേ, മരുതനായകത്തിന്റെ ചരിത്ര പോരാട്ടങ്ങള്‍ വെള്ളിത്തിരയില്‍ കാണാന്‍ ആവേശത്തോടെ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും കഴിയുമോ എന്ന കാര്യം നില നില്‍ക്കുന്നത് ഇപ്പോഴും സ്വപ്നങ്ങളില്‍ മാത്രമാണ്.

രണ്ട് പതിറ്റാണ്ടിന് മുന്‍പ് തുടങ്ങിവെച്ച തന്റെ സ്വപ്ന പദ്ധതി ഒരടി പോലും പിന്നീട് മുന്നോട്ട് നീങ്ങിയിട്ടില്ലെന്ന് മാത്രമാണ് ഇപ്പോഴത്തെ ചരിത്രം. തന്റെ 44ാം വയസില്‍ മരുതനായകമെന്ന ചരിത്ര പുരുഷനായി ഒരു രംഗത്തില്‍ വേഷമിട്ട ആ നടന്‍, കമല്‍ഹാസന്‍ 70 വയസിലെത്തി. ഇനിയെങ്കിലും മരുതനായകം ഷൂട്ടിംഗ് പുനരാംഭിക്കുമോ? സിനിമ പൂര്‍ത്തിയാകുമോ എന്ന പ്രതീക്ഷകള്‍ ഇപ്പോഴും സിനിമാ ലോകം വെച്ചു പുലര്‍ത്തുന്നു. യുട്യൂബില്‍ കാണാവുന്ന ഒരു ഗാനവും, മരുതനായ കത്തിനായി ചിത്രീകരിച്ച കമല്‍ഹാസന്റെ ചില സംഘട്ടന രംഗങ്ങളുമാണ് സിനിമാ പ്രേമികളെ ത്രസിപ്പിച്ചു കൊണ്ട് മരുനായകം എന്ന സിനിമയുടെ ഇപ്പോഴും തുടരുന്ന ലഭ്യമായ വിസ്മയ കാഴ്ച.

ചിത്രത്തിന്റെ പ്രമോഷന് വേണ്ടി പില്‍ക്കാലത്ത് പുറത്ത് വിട്ട മരുത നായകത്തിന്റെ ട്രെയിലറുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്, പലരും നിര്‍മ്മാണ നിലവാരത്തെയും കമല്‍ ഹാസന്റെ പ്രകടനത്തെയും പ്രശംസിച്ചു. മരുത നായകത്തിന്റെ ആദ്യഘട്ട ചിത്രീകരണം മികച്ച സ്വീകാര്യത നേടി. പ്രതീക്ഷകള്‍ വളരെ ഉയര്‍ന്നതാണ്. ചിത്രം ഒരു മഹത്തായ ചരിത്ര ഇതിഹാസമാകുമെന്ന് പ്രതീക്ഷിക്കുന്നു’ തമിഴ് സിനിമാ നിരൂപകര്‍ പലരും എഴുതി. മരുതനായകം എന്ന ബ്രഹ്‌മാണ്ഡ ചിത്രം പൂര്‍ത്തിയാക്കാന്‍ പുതിയ കാലഘട്ടത്തില്‍ ബുദ്ധിമുട്ടുള്ള കാര്യമല്ല. സാങ്കേതിക വിദ്യ കൂടുതല്‍ പുരോഗമിച്ചു. ചലചിത്രത്തിന്റെ വാണിജ്യ സാധ്യത 28 വര്‍ഷത്തെക്കാള്‍ വിശാലമാണ്. 120 കോടി ചിലവിട്ട ബാഹുബലി നേടിയത് 650 കോടിയാണ് എന്നതൊക്കെ ചലചിത്ര രംഗത്ത് സാധാരണ സംഭവമായിക്കഴിഞ്ഞു. അതിന്റെ രണ്ടാം ഭാഗത്തിന് മുടക്കിയത് 250 കോടിയാണ്. കോടികള്‍ മുടക്കുന്ന സിനിമകള്‍ അത്ഭുതമല്ലാത്ത കാലമായി മാറുകയാണ്. ഈ രംഗത്തെ അതികായന്മാരായ, ചലചിത്ര കമ്പനികളായ യഷ് രാജ്, റിലൈയന്‍സ് തുടക്കിയവര്‍ക്ക് പൂര്‍ത്തിയാക്കാവുന്നതേയുള്ളൂ മരുതനായകം എന്ന എപ്പിക്ക്.

പിന്നെ മരുതനായകം സ്‌ക്രീനില്‍ വരാന്‍ എന്താണ് തടസ്സം? അതിന്റെ തടസത്തിനുള്ള കാരണങ്ങള്‍ സങ്കീര്‍ണമാണ്. എളുപ്പത്തില്‍ പരിഹരിക്കാനാവാത്തതും. ആദ്യത്തെ പ്രശ്‌നം സിനിമയുടെ പേരില്‍ നിന്ന് തന്നെ അത് തുടങ്ങുന്നു. ചരിത്രത്തിലെ കഥാപാത്രം വീരനായകന്‍ യഥാര്‍ത്ഥത്തില്‍ മരുതനായകം അല്ല. മുഹമ്മദ് യൂസഫ് ഖാന്‍ എന്ന പട നായകനാണ്.

മരുതനായകത്തിന്റെ കഥ രൂപപ്പെടുത്തിയ തിരക്കഥ എഴുത്തുകാരന്‍ രംഗരാജന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് സിനിമയുടെ ഏകദേശം 80% ഭാഗവും മരുതനായകത്തിന്റെ ജീവചരിത്രത്തില്‍ നിന്ന് സ്വീകരിക്കും. ഉറച്ചതോ കാര്യമായതോ ആയ വിവരങ്ങള്‍ ലഭ്യമല്ലാത്ത ചില വശങ്ങളില്‍ മാത്രമാണ് ഭാവന ഉപയോഗിച്ചിരിക്കുന്നതെന്നാണ്. ഉദാഹരണത്തിന്, മരുതനായകം ഇസ്ലാം മതം സ്വീകരിച്ചതിന് ഒരു കാരണവും ലഭ്യമല്ല. ഇവിടെ കമല്‍ കഥാപാത്രത്തെ പുനര്‍നിര്‍മ്മിക്കുകയും തന്റെ മതം മാറ്റത്തിനുള്ള കാരണങ്ങള്‍ മനോഹരമായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.’ സിനിമയുടെ തിരക്കഥ ഇത് വരെ പുറത്ത് വരാത്തതിനാല്‍ സിനിമയില്‍ മരുതനായകം യൂസഫ് ഖാനായി മാറുന്നുണ്ടോ എന്ന് അറിയില്ല. എങ്കിലും രംഗരാജന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് അത് ഉണ്ട് എന്ന് തന്നെയാണ്.

സാധാരണക്കാരനായ മരുതനായകം പിള്ള വളരെ നേരത്തെ മതപരിവര്‍ത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുകയും യൂസഫ് ഖാനാവുകയും ചെയ്തു. യഥാര്‍ത്ഥ ചരിത്രത്തില്‍ യൂസഫ് ഖാനാണ് യുദ്ധവീരനും വിമത പോരാളിയായി മാറുന്നതും, മരുതനായകമല്ല. അങ്ങനെയിരിക്കെ യൂസഫ് ഖാന്റെ കഥ മരുതനായകം എന്ന പേരില്‍ അവതരിപ്പിക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലാകും. കഥ സ്വീകരിച്ച പുസ്തകത്തില്‍ തുടക്കത്തില്‍ മരുതനായകം എന്ന പേര് ഒരിടത്ത് പരാമര്‍ശിക്കുന്നതൊഴിച്ചാല്‍ പിന്നീട് എവിടെയും ആ പേര് പറയുന്നില്ല. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടേതടക്കമുള്ള എല്ലാ കത്തിടപാടുകളിലും എല്ലാ ഔദ്യോഗിക രേഖകളിലും കാണുന്ന ഓരയൊരു പേര് യൂസഫ് ഖാന്‍ എന്നാണ്. അവിടെ മരുതനായകം എന്നൊരു പേര് ഇല്ല. ഇങ്ങനെയൊരു ചരിത്ര യഥാര്‍ത്ഥ്യമിരിക്കെ മരുതനായകം പിള്ള നായകനായി ഈ പടം പുറത്ത് വന്നാല്‍ ചരിത്രത്തെ വളച്ചൊടിക്കലല്ല, വസ്തുതകളെ തെറ്റായി വ്യാഖ്യാനിക്കലാണ്.

സിനിമയിലെ മരുതനായകം നടത്തിയ മതപരിവര്‍ത്തനത്തെ കുറിച്ച് എഴുത്തുകാരന്‍ രംഗരാജന്‍ പറഞ്ഞ യുക്തിയൊന്നും, അത് എന്ത് തന്നെയായാലും ജാതി വ്യവസ്ഥ ഇപ്പോഴും തീവ്രമായി നിലനില്‍ക്കുന്ന തമിഴ് സമൂഹത്തില്‍ വില വിലപ്പോവില്ല. മരുതനായകം സിനിമ സെന്‍സറിംഗ് മറി കടന്ന് തമിഴ് നാട്ടില്‍ പുറത്തിറങ്ങിയാല്‍ തന്നെ മത സംഘടനകള്‍ വാളെടുക്കും, തമിഴ് നാട്ടില്‍ സാമുദായിക സംഘര്‍ഷം ഉടലെടുക്കും എന്നത് ഉറപ്പാണ്. പ്രത്യേകിച്ചും 25 വര്‍ഷം മുന്‍പ് പുറത്ത് വന്ന ‘ഹേ റാം’ എന്ന സിനിമയുണ്ടാക്കിയ വിവാദങ്ങള്‍ തൊട്ട് കമലഹാസന്‍ തമിഴ് നാട്ടിലെ ഹൈന്ദവ സംഘടനകളുടെ നോട്ടപ്പുള്ളിയാണ്. അവരുടെ ശക്തമായ എതിര്‍പ്പ് വരുമെന്ന് ഉറപ്പായതിനാല്‍ മരുതനായകം പോലെ വിവാദ വിഷയമുള്ള ഒരു ബിഗ് ബജറ്റ് പടത്തിന്റെ നിര്‍മ്മിക്കാന്‍ വന്‍ ചലച്ചിത്ര കമ്പനികള്‍ ഒരിക്കലും അറിഞ്ഞു കൊണ്ട് തയാറാകില്ല. ഇതാണ് മരുതനായകം സ്‌ക്രീനിലെത്താന്‍ നേരിടുന്ന യാര്‍ത്ഥ പ്രതിസന്ധി.

Kamal hassan AI Photo-Marudhanayagam

70 കാരനായ കമലാഹാസൻ ‘മരുതനായകം ‘ മായി വേഷമിട്ടാൽ’-AI ചിത്രം

70 വയസുകാരനെ മെയ്ക്കപ്പിലുടെ 40 കാരനാക്കാം(പാണ്ഡ്യനെ അവ്വൈ ഷമുഖിയാക്കിയ കമല്‍, ഇന്ത്യനിലെ സേനാപതിയുടെ വേഷമൊക്കെ മേയ്ക്കപ്പിലുടെ മനോഹരമാക്കിയത് നാം കണ്ടതാണ്). പക്ഷേ, ഇപ്പോഴത്തെ പ്രായവും ശാരീരികാവസ്ഥയും കമല്‍ഹാസന് ആ കഥാപാത്രം വീണ്ടും ചെയ്യാന്‍ പ്രയാസമായേക്കാം, എന്നാണ് ഒരു നിരൂപകന്‍ എഴുതിയത്. പക്ഷേ അദ്ദേഹത്തിന് ഇപ്പോഴും ആ സിനിമ സംവിധാനം ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നു. തമിഴിലെ ഒരു നിരൂപകന്‍ എഴുതി.

ഒരു കാളപ്പുറത്ത് ഇരുന്ന് അതിനെ ഓടിക്കുന്ന സിനിമയിലെ രംഗത്തിനായി താന്‍ മുന്നു മാസമാണ് പരിശീലിച്ചതെന്ന് കമല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. മരുതനായകത്തിനുവേണ്ടി അദ്ദേഹം തിരക്കഥയും ചരിത്രവും സൂക്ഷ്മമായി ഗവേഷണം ചെയ്തു, രംഗങ്ങളുടെ പൂര്‍ണതക്കായി 16ാം നൂറ്റാണ്ടിലെ യഥാര്‍ത്ഥ മസ്‌കറ്റുകള്‍ (തോക്ക്) പോലും ഇറക്കുമതി ചെയ്തു. ‘പൂര്‍ണവും കൃത്യവുമായിരിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയോടെയാണ് കമല്‍ എല്ലാം മുന്നാട്ട് നീക്കിയത്. ശാരീരികമായും മാനസികമായും മരുതനായകമായി മാറാന്‍ കമല്‍ഹാസന്‍ എന്ന നടന്റെ സമര്‍പ്പണം ഇന്ത്യന്‍ ചലച്ചിത്ര വേദിയിലെ അപൂര്‍വ്വ സംഭവമാണ്. മരുതനായകം അന്ന് പൂര്‍ത്തിയായെങ്കില്‍ കമല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകനായി മാറിയേനെ എന്ന് ഒരു മുതിര്‍ന്ന തമിഴ് ചലച്ചിത്ര പ്രവര്‍ത്തകന്‍ എഴുതിയിട്ടുണ്ട്.

Kamal hassan-marudhanayagam.

ദേശീയ പുരസ്‌കാരം നേടിയ തമിഴിലെ എഴുത്തുകാരനും നിരൂപകനുമായ കെ. ഹരിഹരന്റെ ‘Kamal Hassan – A Cinematic Journey ‘ എന്ന ഒന്നാന്തരം പുസ്തകം 2024 ല്‍ പുറത്തിറങ്ങി. കമല്‍ഹാസന്റെ ചലചിത്ര ജീവിതത്തേയും സിനിമകളേയും സാമാന്യം അധികാരികമായി തന്നെ വിശകലനം ചെയ്യുന്ന ഈ പുസ്തകത്തില്‍ ‘ രുതനായകത്തെക്കുറിച്ച് ഒരു പരാമര്‍ശം പോലുമില്ല. 1960 ല്‍ പുറത്തിറങ്ങിയ കുളത്തൂര്‍ കണ്ണമ്മ തൊട്ട് 2025 ല്‍ വന്ന തഗ് ലൈഫ് വരെയുള്ള കമലിന്റെ എല്ലാ ചിത്രങ്ങളും ഉള്‍പ്പെടുത്തിയ ലിസ്റ്റില്‍ കമലിന്റെ സ്വപ്ന പദ്ധതി സിനിമ ‘മരുതനായകം ‘ ഇല്ല. ഇത് സൂചിപ്പിക്കുന്നത് ഈ ചിത്രം ഇനി പുറത്ത് വരാനുള്ള പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചു എന്നാണ്.

2018 ഫെബ്രുവരി 21 ന് കമല്‍ഹാസന്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടി ‘മക്കള്‍ നീതി മയ്യം'( Centre for People’s Justice ) പ്രഖ്യാപിച്ചു. ചടങ്ങിനായി തെരഞ്ഞെടുത്തത് മധുരയായിരുന്നു. മധുര തമിഴ് മക്കളില്‍ എന്നും ആവേശമുണര്‍ത്ത വീരഭൂമിയാണ്. ഒരു പക്ഷേ, തന്റെ വീര നായകന്‍ മരുത നായകത്തിന്റെ ജൈത്രയാത്ര ആരംഭിച്ച നഗരമെന്ന ഓര്‍മയാകാം ചെന്നെയൊക്കെ ഒഴിവാക്കി മധുരയില്‍ പാര്‍ട്ടി പ്രഖ്യാപനം നടത്താന്‍ കമലിനെ പ്രേരിപ്പിച്ചത്. മരുതനായകത്തിന്റെ ജൈത്രയാത്ര ആവര്‍ത്തിക്കാന്‍ കമലിനും പുതിയ പാര്‍ട്ടിക്കും ഇനിയും കഴിഞ്ഞില്ലെന്ന് മാത്രം.  Didconversion controversy stop Kamal Haasan’s ‘Marudhanayagam’ movie?

 

 

 

Content Summary; Did conversion controversy stop Kamal Haasan’s ‘Marudhanayagam’ movie?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×