June 03, 2026 |
Share on

അപകട രൂപത്തിലെത്തുന്ന മരണം, പാതിയില്‍ പൊലിയുന്ന ജീവിതങ്ങള്‍; കേരളം മറക്കാത്ത ദുരന്തങ്ങള്‍

വാല്‍പ്പാറ ദുരന്തം ഓര്‍മിപ്പിക്കുന്ന അപകടങ്ങള്‍

വാല്‍പ്പാറയിലുണ്ടായ ദാരുണമായ അപകടം കേരളത്തെ വീണ്ടും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മലപ്പുറം പള്ളിപ്പറമ്പ് പാങ്ങ് ജിഎല്‍പി സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പതിമുന്നൂ പേരില്‍ ഒമ്പത് പേരും നമ്മളെ വിട്ടു പോയി. സ്‌കൂളിലെ പ്രധാന അധ്യാപികയടക്കം അഞ്ച് അധ്യാപകരാണ് അപകടത്തില്‍ പൊലിഞ്ഞത്. കേരളം ഒരിക്കലും മറക്കാത്ത മറ്റൊരു ദുരന്തമായി വാല്‍പ്പറ അപകടം മാറുമ്പോള്‍, ഇതിനു മുമ്പും ഞെട്ടിച്ച മറ്റ് ചില ദുരന്തങ്ങളും മലയാളിയുടെ മനസിലെത്തുകയാണ്‌.

ചമ്മനാട് ദുരന്തം

ഭീതിയോടെ മാത്രം മലയാളിക്ക് ഓര്‍ക്കാന്‍ കഴിയുന്ന അപകടം. മൂന്നു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ഇന്നും കത്തിയെരിഞ്ഞ മനുഷ്യ ശരീരത്തിന്റെ ഗന്ധം മാറിയിട്ടില്ല. 1994 ഫെബ്രുവരി അഞ്ച് രാത്രി 10.30. തൃശൂരില്‍ നിന്നും ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും കയര്‍ കയറ്റിയ ലോറിയും ആലപ്പുഴ ചേര്‍ത്തലയ്ക്ക് സമീപം ചമ്മനാട് വച്ച് കൂട്ടിയിടിച്ച് തീപിടിച്ച് 37 പേരാണ് മരിച്ചത്. ചമ്മനാട് ഇസികെ യൂണിയന്‍ സ്‌കൂളിന് മുന്നിലായിരുന്നു അപകടം. സൈക്കിള്‍ യാത്രക്കാരെ രക്ഷിക്കാനായി ബസ് വെട്ടിച്ചപ്പോള്‍ ലോറിയുടെ ഡീസല്‍ ടാങ്കില്‍ ഇടിക്കുകയായിരുന്നു. ലോറിയില്‍ കയര്‍ ആയിരുന്നതിനാല്‍ തീപിടുത്തം വേഗത്തിലായി. ബസ് പൂര്‍ണമായി കത്തി. സംഭവസ്ഥലത്തും ആശുപത്രിയിലുമായാണ് 37 പേര്‍ മരിച്ചത്. ഒമ്പത് മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

ചേപ്പാട് ദുരന്തം

മുപ്പതാണ്ട് തികയാന്‍ പോകുന്നു കേരളം ഇന്നും ഞെട്ടലോടെ ഓര്‍ക്കുന്ന ചേപ്പാട് ദുരന്തത്തിന്. ആലപ്പുഴ ചേപ്പാട് റെയില്‍വേ സ്റ്റേഷന് സമീപം ഏവൂര്‍ ലെവല്‍ ക്രോസില്‍ വച്ച് വിവാഹം സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസില്‍ തീവണ്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 35 പേരാണ് കൊല്ലപ്പെട്ടത്. ബസില്‍ ഉണ്ടായിരുന്ന നാല് പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. 1996 മേയ് 14 നായിരുന്നു സംഭവം. സോമന്‍-അമ്പിളി എന്നിവരുടെ വിവാഹം കഴിഞ്ഞു പോകുമ്പോഴായിരുന്നു അപകടം. അമ്മയും മൂന്നു സഹോദരങ്ങളും അടക്കം 12 ഓളം ബന്ധുക്കളെ ആ അപകടത്തില്‍ സോമന് നഷ്ടമായി. കാവല്‍ക്കാരില്ലാത്ത ലെവല്‍ ക്രോസിലേക്ക് ബസ് പ്രവേശിച്ച ഉടന്‍ തന്നെ കായംകുളം ഭാഗത്ത് നിന്നു വന്ന കായകുളം-എറണാകുളം പുഷ്-പുള്‍ ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു. 35 പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

വടക്കഞ്ചേരി ബസ് അപകടം

സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണിത്. എറണാകുളം ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നിലിടിച്ചായിരുന്നു അപകടം. 5 വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനും ഉള്‍പ്പെടെ 9 പേര്‍ അന്ന് കൊല്ലപ്പെട്ടു. ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയും നിയമവിരുദ്ധമായ ലൈറ്റുകളും ശബ്ദസംവിധാനങ്ങളുമായിരുന്നു പ്രധാന ചര്‍ച്ചാവിഷയമായത്.

പൂക്കിപ്പറമ്പ് ദുരന്തം

44 മനുഷ്യര്‍ വെന്തുമരിച്ച ദുരന്തമാണ് 2001 മാര്‍ച്ച് 11 ന് തിരൂരങ്ങാടി പൂക്കിപ്പറമ്പില്‍ നടന്നത്. ഗുരുവായൂരില്‍ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന പ്രണവം എന്ന സ്വകാര്യ ബസ് പൂക്കിപ്പറമ്പില്‍ വച്ച് നിയന്ത്രണം വിട്ട് കാറില്‍ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ ബസ് അഗ്നിഗോളമായി. ഓടിക്കൂടിയ നാട്ടുകാര്‍ നിസ്സഹായരായി നോക്കി നില്‍ക്കേ ബസില്‍ ഉണ്ടായിരുന്ന 45 പേര്‍ വെന്തുമരിച്ചു. തീയണച്ച ശേഷമുള്ള കാഴ്ച്ച ബസിനുള്ളില്‍ കുന്നുകൂടി കിടക്കുന്ന കരിഞ്ഞ മനുഷ്യശരീരങ്ങളുടെതായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ബസ് ദുരന്തങ്ങളിലൊന്നാണ് പൂക്കിപ്പറമ്പ് ദുരന്തം.

ചാല എല്‍പിജി ടാങ്കര്‍ ദുരന്തം

2012 ഓഗസ്റ്റ് 27 രാത്രി 10.50 ന് ആയിരുന്നു കേരളം ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത മറ്റൊരു വന്‍ദുരന്തം നടന്നത്. മംഗളൂരുവില്‍ നിന്നും പാചകവാതകവുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി കണ്ണൂര്‍ ചാല അമ്പലം സ്റ്റോപ്പില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു. വാതക ചോര്‍ച്ചയുണ്ടായി 20 മിനിട്ടിനകം ടാങ്കര്‍ പൊട്ടിത്തെറിച്ചു. 20 പേരാണ് ആ അപകടത്തില്‍ കൊല്ലപ്പെട്ടത്. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ പ്രദേശത്തെ വീടുകളും കടകളും കെട്ടിടങ്ങളുമൊക്കെ തകര്‍ന്നു.

അവിനാശി അപകടം

2020 ഫെബ്രുവരി 20 ന് ആയിരുന്നു മലയാളികള്‍ ഞെട്ടിയ മറ്റൊരു ദുരന്തദിനം. ബെംഗളൂരുവില്‍ നിന്നും പുറപ്പെട്ട കെഎസ്ആര്‍ടിസി ഗരുഡ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട് തിരുപ്പൂരിനടുത്ത് അവിനാശിയില്‍ വച്ച് എതിര്‍ദിശയില്‍ പോയിരുന്ന ഒരു കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം തെറ്റി ഡിവൈഡര്‍ തകര്‍ത്ത് ബസില്‍ ഇടിച്ചു കയറുകയായിരുന്നു. മലയാളികളായ 19 പേരാണ് അന്ന് കൊല്ലപ്പെട്ടത്. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും മരണപ്പെട്ടിരുന്നു. 20 പേര്‍ക്ക് പരിക്കേറ്റു.

പാണമ്പ്ര ദുരന്തങ്ങള്‍

മലപ്പുറം പാണമ്പ്രയില്‍ നിന്ന് രണ്ട് അപകട വാര്‍ത്തകളാണ് കേരളം ഓര്‍ത്തിരിക്കുന്നത്. 1975 ഏപ്രില്‍ 25 ന് നടന്ന അപകടത്തില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് വീണ് രണ്ടായി പിളര്‍ന്നു പോയി. പത്തു പേരാണ് ആ അപകടത്തില്‍ മരിച്ചത്. 1990 ഏപ്രില്‍ നാലിന് പാണമ്പ്ര വളവില്‍ വീണ്ടുമൊരു ബസ് അപകടം നടന്നു. രാമനാട്ടുകര പാറമ്മലില്‍ നിന്നു തേഞ്ഞിപ്പാലം ചെനയ്ക്കലങ്ങാടിയിലേക്കു പോവുകയായിരുന്ന വിവാഹ സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക മറിഞ്ഞു രണ്ടായി പിളര്‍ന്നു. 24 പേരാണ് ആ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. അപകടമേഖലയായ പാണമ്പ്ര വളവിലെ റോഡ് വികസിപ്പിച്ച് സ്ഥാപിച്ച ഡിവൈഡറില്‍ ഇടിച്ചായിരുന്നു സിനിമതാരം ജഗതി ശ്രീകുമാറിന് ഗുരുതര പരിക്കേറ്റത്.

താനൂര്‍ ബോട്ടപകടം

മലപ്പുറം ജില്ലയിലെ താനൂര്‍ തൂവല്‍തീരത്ത് 2023 മേയില്‍ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് 22 പേരാണ് മരിച്ചത്. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. ബോട്ടിന്റെ അമിതഭാരവും അനുവദനീയമായ സമയത്തിന് ശേഷമുള്ള സര്‍വീസുമാണ് അപകടത്തിന് കാരണമായത്.

തേക്കടി ബോട്ടപകടം

2009-ല്‍ പെരിയാര്‍ തടാകത്തില്‍ ‘ജലകന്യക’ എന്ന ഡബിള്‍ ഡക്കര്‍ ബോട്ട് മറിഞ്ഞ് 45 വിനോദസഞ്ചാരികള്‍ മരിച്ചു. കേരളത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര ബോട്ടപകടങ്ങളില്‍ ഒന്നാണിത്.

തട്ടേക്കാട് ബോട്ടപകടം

സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ 2007-ല്‍ പെരിയാര്‍ നദിയില്‍ ബോട്ട് മുങ്ങി 15 പേര്‍ മരിച്ചു. ഇതില്‍ 12 കുട്ടികളും 3 അധ്യാപകരും ഉള്‍പ്പെടുന്നു.

കുമാരകം ബോട്ടപകടം

വേമ്പനാട് കായലില്‍ അമിതമായി യാത്രക്കാരെ കയറ്റിയ ബോട്ട് മറിഞ്ഞ് 29 പേര്‍ മരിച്ചത് 2002 ല്‍ ആയിരുന്നു. പി.എസ്.സി പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ത്ഥികളായിരുന്നു മരിച്ചവരില്‍ അധികവും.

പെരുമണ്‍ ദുരന്തം

കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി അപകടമാണ് 1988 ജൂലൈ എട്ടിന് ഐലന്‍ഡ് എക്‌സ്പ്രസ് കൊല്ലം അഷ്ടമുടി കായലിലെ പെരുമണ്‍ പാലത്തില്‍ നിന്നും കായലിലേക്ക് മറിഞ്ഞ് 105 പേര്‍ മരിച്ച സംഭവം. ‘ടൊര്‍ണാഡോ’ എന്ന ചുഴലിക്കാറ്റാണ് അപകടകാരണമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ടെങ്കിലും ഇത് ഇന്നും തര്‍ക്കവിഷയമാണ്.

കടലുണ്ടി തീവണ്ടി അപകടം

മംഗലാപുരം – ചെന്നൈ മെയില്‍ കടലുണ്ടി പുഴയ്ക്ക് കുറുകെയുള്ള പാലം തകര്‍ന്ന് പുഴയിലേക്ക് വീണ് 52 പേര്‍ മരിച്ചു. 2001 ലായിരുന്നു സംഭവം.

കരിപ്പൂര്‍ വിമാനാപകടം

2020 ഓഗസ്റ്റ് 7ന്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റ് 1344 കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടേബിള്‍ടോപ്പ് റണ്‍വേയില്‍ കനത്ത മഴയെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. രണ്ട് ഭാഗങ്ങളായി പിളര്‍ന്ന വിമാനാപകടത്തില്‍ രണ്ട് പൈലറ്റുമാരടക്കം 21 പേര്‍ മരിച്ചു.

Content Summary: Major accidents that occurred in Kerala and those involving Malayalis, Valparai Tragedy. nine people died.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×