June 03, 2026 |

സ്‌കൂളായാലും ജയിലായാലും ഭക്ഷണം അവകാശം; ആഹാരവും ഒരു പരിവര്‍ത്തന മാര്‍ഗമാണ്

ജയിൽ ഒരു തിരുത്തൽ കേന്ദ്രം ആണ്

കുറ്റവാളികളായവരെ പരിവർത്തനത്തിലൂടെ, സമൂഹത്തിന്റെ ഭാ​ഗമാക്കുക എന്ന ഉദ്ദേശത്തോടെ രൂപം കൊണ്ട സംവിധാനമാണ് ജയിലുകൾ. പീഡകളിലൂടെ മാത്രമേ വ്യക്തികൾ തിരുത്തപ്പെടൂ എന്ന ചിന്തയിലായിരിക്കണം ആദ്യമായി ജയിലുകൾ സ്ഥാപിതമായത്. എന്നാൽ സാമൂഹ്യ മാറ്റത്തിന്റെ ഫലമായി ജയിലുകളെന്ന സങ്കൽപ്പത്തിലും മാറ്റം വന്നിട്ടുണ്ട്. ഈ മാറ്റത്തിനൊപ്പം പലപ്പോഴായി ചർച്ചയ്ക്ക് വന്നിട്ടുള്ള വിഷയമാണ് ജയിലുകളിലെ മെനു.

ജയിലുകളിൽ തടവുപുള്ളികൾക്ക് നൽകുന്ന ഭക്ഷണം, മോശമായിരിക്കണമെന്ന സമൂഹത്തിന്റെ ചിന്താ​ഗതിയ്ക്ക് മാറ്റം വന്നിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് കഴിഞ്ഞ ദിവസം നടൻ കുഞ്ചാക്കോ ബോബൻ നടത്തിയ പരാമ‌‍ർശം. ഇപ്പോൾ ജയിലുകളിലാണ് മികച്ച ഭക്ഷണം ലഭിക്കുന്നതെന്ന് തോന്നുന്നുവല്ലേ. അതിനൊരു മാറ്റം വരണം കുറ്റവാളികളെ വളർത്താനല്ല, കുറ്റമറ്റവർക്ക് ഏറ്റവും നല്ല സാഹചര്യങ്ങൾ ഒരുക്കാനാണ് ഏത് സർക്കാരും ശ്രമിക്കേണ്ടത്, എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ പരാമർശം. ഈ പരാമർശത്തിനെതിരെ വിമർശനങ്ങളുയരുന്നുണ്ട്

ജയിൽ ഒരു തിരുത്തൽ കേന്ദ്രം ആണ്. കുറ്റവാളികളായവരിലെ കുറ്റവാസന മാറ്റി, മാനസികമായ പരിവർത്തനം ഉണ്ടാക്കിയെടുക്കുകയാണ് ജയിലിന്റെ ഉദ്ദേശം. പൊതുസമൂഹത്തിന് ശല്യമാകാത്ത രീതിൽ അനുപൂർണ്ണമായ സ്വഭാവത്തിൽ ജീവിക്കണമെന്നാണ് ജയിൽവാസം കൊണ്ട് ഉദ്ദേശിക്കുന്നത്. അവിടെ നല്ല ഭക്ഷണം കൊടുക്കുന്നുവെന്നത് തെറ്റായി വ്യാഖാനിക്കാൻ പറ്റില്ലെന്ന് മുൻ ഡിവൈഎസ്പി സുഭാഷ് ബാബു അഴിമുഖത്തോട് പറഞ്ഞു.

പല സാഹചര്യത്തിലൂടെ ജയിൽവാസം അനുഭവിക്കേണ്ടി വന്നവരുണ്ട് ബോധപ്പൂർവ്വമോ അല്ലാതെയോ കുറ്റം ചെയ്യുന്നവർ. ഇവർക്ക് ഭക്ഷണം നിഷേധിക്കണമെന്ന കാര്യത്തോട് എതിർപ്പുണ്ട്. നല്ല ഭക്ഷണം തന്നെ ഇവർക്ക് കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. എന്നാൽ ഈ ഭക്ഷണം നൽകാൻ കാണിക്കുന്ന താത്പര്യം അവരുടെ സ്വഭാവ രൂപീകരണത്തിന് സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും കാണിക്കണം. ഭക്ഷണം നൽകി മാത്രം ഇവരെ നന്നാക്കാമെന്ന രീതിയിൽ പരിമിതപ്പെട്ടു പോകുന്നുണ്ട്. ഭക്ഷണം ലഭിക്കാതിരുന്നാൽ ജയിൽ പുള്ളികൾ പ്രശ്നമുണ്ടാക്കും. അക്കാരണം കൊണ്ടാണ് സർക്കാർ മുൻകൈ എടുത്ത് ജയിലുകളിലെ മെനു പരിഷ്കരിച്ചത്. ഇതിനകത്ത് മറ്റൊരു അപകടകരമായ സാഹചര്യം കൂടിയുണ്ട്. എത്ര നല്ല ഭക്ഷണം നൽകിയെന്ന് പറ‍ഞ്ഞാലും അധികാരികൾ അതിൽ നിന്ന് ഒരു വലിയ തുക കമ്മീഷനായി സ്വന്തമാക്കുന്നുവെന്നും സുഭാഷ് ബാബു  വ്യക്തമാക്കി.

ഭക്ഷണം നൽകുന്നതിലൂടെ കുറ്റവാളികളെ പ്രശ്നരഹിതരാക്കാൻ സാധിക്കും. ഇല്ലെങ്കിൽ അവർ പ്രശ്നമുണ്ടാക്കുന്ന സാ​ഹചര്യങ്ങളുണ്ടാവും. ഇവരെ നന്നാക്കാൻ വേണ്ടിയല്ല ഭക്ഷണം നൽകുന്നതെന്ന കാര്യം നമ്മൾ മനസിലാക്കണം. അതിന് പുറമേ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന സമയത്ത് സ്വഭാവ ദൂഷ്യം കാണിക്കുന്ന ആളുകളുടെ ഭക്ഷണത്തിന്റെ അളവ് പരിമിതപ്പെടുത്തണമെന്നും സുഭാഷ് ബാബുവിന് അഭിപ്രായമുണ്ട്.

സ്കൂൾ കുട്ടികളുടെ മെനുവിനും കൃത്യമായ പരി​ഗണന തന്നെ നൽകണം. സ്കൂളിൽ കൊടുത്തിട്ട് മറ്റു സ്ഥലങ്ങളിൽ നിഷേധിക്കണമെന്ന ചിന്തയും തെറ്റാണ്. രണ്ടിനു തത്തുല്യമായ പ്രാധാന്യമുണ്ട്. തടവുകാരുടെ മാനസിക നിലയെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും രേഖപ്പെടുത്തി വയ്ക്കാനുള്ള സംവിധാനങ്ങൾ ജയിലിലുണ്ട്. അവിടെ വച്ച് പ്രശ്നങ്ങളുണ്ടാക്കുന്ന ആളുകൾക്ക് നിലവിൽ ലഭിക്കുന്ന സൗകര്യങ്ങളിൽ നിന്ന് ചിലത് നിഷേധിക്കുന്നതിൽ തെറ്റില്ല. പോഷക​ഗുണങ്ങൾ നിറഞ്ഞെ സമ്പുഷ്ട ഭക്ഷണങ്ങളുടെ അളവ് കുറച്ചാൽ അതും ഇവർക്കുള്ള ശി​ക്ഷ തന്നെയാണ്. സ്പെഷ്യൽ ഡിഷുകൾ പൂർണ്ണമായി ഒഴിവാക്കണം.

ജയിലുകളിൽ തടവുകാർക്ക് ഭക്ഷണം നൽകുന്നത് പോലും അവരുടെ ശരീരഭാരം, ഉയരം എന്നിവ കണക്കിലെടുത്താണ്. ഒരാൾക്ക് ഇത്ര ​ഗ്രാമെന്ന് കൃത്യമായി കണക്കാക്കിയിട്ടാണ് നൽകുന്നത് പോലും. ഭക്ഷണം കൃത്യമായി നൽകിയില്ല എന്നുണ്ടെങ്കിൽ തടവുകാർ അക്രമാസക്തരാവും. ഉദ്യോ​ഗസ്ഥർക്ക് വഴി നടക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശല്യമായി തീരുകയും ചെയ്യും. സ്വഭാവദൂഷ്യം കാണിക്കുന്നവരുടെ ഭക്ഷണക്രമത്തിൽ വേർത്തിരിവ് കാണിക്കുന്നതിൽ തെറ്റില്ല. എന്ത് തന്നെയായാലും ജീവിക്കാൻ പാകത്തിനുള്ള ഭക്ഷണം അവർക്ക് ഉറപ്പാക്കണം. ആ​ഗ്രഹിക്കുന്ന ഭക്ഷണം കിട്ടില്ലെന്ന് മനസിലാക്കിയിട്ടെങ്കിലും ജയിലിൽ മര്യാദയോടെ ഇവർ പ്രവർത്തിക്കണം. പൂർണ്ണമായി ഭക്ഷണം നിഷേധിക്കണമെന്ന് പറയുന്നതിനോട് എതിർപ്പുണ്ട്. എന്ത് ചെയ്താലും ഭക്ഷണത്തിന്റെ കാര്യത്തിൽ വേർത്തിരിവ് കാണിക്കരുതെന്നും സുഭാഷ് ബാബു വ്യക്തമാക്കി.

content summary: Whether in school or in prison, food is a basic right and it can also be a powerful tool for transformation

Leave a Reply

Your email address will not be published. Required fields are marked *

×