കർണ്ണാടകയിലെ കീരിടമില്ലാത്ത രാജാവ്. അങ്ങനെയാണ് പലരും വീരേന്ദ്ര ഹെഗഡെയെ വിശേഷിപ്പിക്കുന്നത്. ഒരു സംസ്ഥാനം മുഴുവനായി അയാളുടെ കാൽചുവട്ടിലാണ്. എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഹെഗഡെ. അയാൾക്ക് വേണ്ടി പാദസേവ ചെയ്യാനും തയ്യാറായി നിരവധി ആളുകളാണ് ഹെഗഡെ സാമ്രാജ്യത്തിന് മുന്നിൽ നിരന്ന് നിൽക്കുന്നത്. എന്നാൽ ആ സാമ്രാജ്യത്തിന്റെയും ഹെഗഡെയെന്ന സർവ്വാധികാരിയുടെയും പതനത്തിലേക്കാണ് മഞ്ജുനാഥ ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ വിരൽ ചൂണ്ടിയത്.
സൗജന്യ കേസ്, പത്മലത തട്ടിക്കൊണ്ടു പോകൽ, അനന്യ ഭട്ട് കേസ്, അങ്ങനെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിലൂടെ നിരവധി കേസുകളാണ് വീണ്ടും ചർച്ചയായത്. 2012ലാണ് ധർമ്മസ്ഥലയിൽ 17 വയസ്സുകാരി സൗജന്യ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടുന്നത് 12 വർഷം പിന്നിട്ടിട്ടും കേസിൽ ഇതുവരെ നീതി ലഭിച്ചിട്ടില്ല.
തിരഞ്ഞെടുപ്പിന്റെ മധ്യത്തിലാണ് എസ്ഡിഎം കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന പത്മലതയെ ഹെഗഡെയുടെ ആളുകൾ തട്ടിക്കൊണ്ടു പോകുന്നത്. കോളേജ് കഴിഞ്ഞ് വൈകിട്ട് സുഹൃത്തുകള്‍ക്കൊപ്പം ധര്‍മ്മസ്ഥലയില്‍ ബസിറങ്ങിയത് ആയിരുന്നു പത്മലത. പ്രിന്‍സിപ്പളായിരുന്ന പ്രഭാകരെന്ന വ്യക്തിയും വീരേന്ദ്ര ഹെഗഡെയുടെ സഹോദരന്‍ ഹര്‍ഷേന്ദ്ര കുമാറും കാറിലുണ്ടായിരുന്നത്. എല്ലാവരുടെയും മുന്നില്‍ വച്ചായിരുന്നു പത്മലതയെ കൊണ്ടുപോയത്. വർഷങ്ങൾക്കുള്ളിൽ ഇത്തരം നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കേസുകൾ വീണ്ടും ചർച്ചയാകുമ്പോൾ തന്റെ സാമ്രാജ്യം തകരുമെന്ന് ഹെഗഡെ ഭയക്കുന്നുണ്ട്.
ഇന്നലെ നാല് യൂട്യുബേഴ്സിനെതിരെ നടത്തിയ ആക്രമണത്തിന്റെ ഭാഗമായി ഹെഗഡെ അനുകൂലികൾ സൗജന്യയുടെ കുടുംബത്തിന് നേരെയും ആക്രമണം അഴിച്ചുവിട്ടു. സൗജന്യയുടെ അമ്മാവന്റെ വാഹനം പാടേ തകർത്തതായാണ് റിപ്പോർട്ട്. സൗജന്യയുടെ അമ്മാവന്റെ കാറിന് നേരെ കല്ലെറിയുകയും ഇന്നലെ ചിലർ സൗജന്യയുടെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതായും സിപിഎം ദക്ഷിണ കന്നട ജില്ലാ സെക്രട്ടറി മൂനീർ കാട്ടിപള്ള അഴിമുഖത്തോട് പറഞ്ഞു
ഇത് സംബന്ധിച്ച് ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൗജന്യയുടെ അമ്മയുടെ സഹോദരൻ വികട ഗൗലന്റെ വാഹനമാണ് തകർത്തത്. പരാതിക്കാരെയും ഹെഗഡെയ്ക്കെതിരെ ശബ്ദമുയർത്തുന്നവരെയും അടിച്ചമർത്താനുള്ള എല്ലാ ശ്രമങ്ങളും ഹെഗഡെ അനുകൂലികളുടെ ഭാഗത്ത് നിന്നുണ്ടാവുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം പത്മലതയുടെ വീട് സന്ദർശിച്ചിരുന്നു. അമ്മയും സഹോദരിമാരും ധർമ്മസ്ഥലയിൽ തന്നെയാണ് ഇപ്പോഴും താമസിക്കുന്നത്. പത്മലത കേസ് പുനരന്വേഷിക്കണമെന്ന ഒരു ആവശ്യം അവർ ഉന്നയിച്ചിട്ടുണ്ട്. ഈ കേസിന്റെ കൂടെ തന്നെ ഇത് അന്വേഷിക്കണമെന്നാണ് അവരുടെ ആവശ്യം. അതിന് സാധിച്ചില്ലെങ്കിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് കേസ് അന്വേഷിക്കണമെന്നാണ് പറയുന്നതെന്ന് മുനീർ വ്യക്തമാക്കുന്നു.
ധർമ്മസ്ഥല ക്ഷേത്രത്തിന് കീഴിൽ പഠിക്കുകയും പിന്നീട് ജോലി നേടുകയും ചെയ്ത ജഡ്ജിന്റെ കേസിലെ പക്ഷാഘാതപരമായ വിധി പ്രസ്താവത്തെ ഞങ്ങൾ ചോദ്യം ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കേസിനെ ഇത് കാര്യമായി സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ഞങ്ങൾക്ക് മനസിലായിരുന്നു. ഹെഗഡെയ്ക്കെതിരെ ശബ്ദമുയർത്തുന്ന എല്ലാവരെയും അടിച്ചമർത്താനുള്ള ശ്രമങ്ങൾ വീരേന്ദ്ര ഹെഗഡെ അനുകൂലികൾ നടത്തുന്നുണ്ട്. ക്ഷേത്രത്തിന്റെ പവിത്രത ഇല്ലാതാക്കി എന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. മഞ്ജുനാഥ ക്ഷേത്രത്തിന്റെ കടുത്ത വിശ്വാസികളാണെന്നും ക്ഷേത്രത്തിന്റെ മഹത്വം കാത്തു സൂക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ഇവർ വാദിക്കുന്നു. ശാരീരിരകമായ ആക്രമണങ്ങൾക്ക് പുറമേ സൈബർ ആക്രമണങ്ങളും ഞങ്ങൾക്ക് നേരിടേണ്ടി വരുന്നുണ്ട്. ധർമ്മസ്ഥലയിലെ കുഞ്ഞുങ്ങൾക്ക് പോലും ഈ സംഭവത്തിലെ നിജസ്ഥിതി അറിയാം. മിണ്ടാൻ പോലും അവർ ഭയക്കുന്നുണ്ട്. അത് ഹെഗഡെ കയ്യാളുന്ന സാമ്രാജ്യത്തെ ഭയന്നിട്ടാണ്.
ഈ വിഷയത്തിൽ ഹെഗഡെ നിശബ്ദനായിരിക്കുന്നുവെന്ന് കരുതണ്ട. പിന്നണിയിൽ അയാൾ പ്രവർത്തിക്കുന്നുണ്ട് എന്നതിന്റെ തെളിവല്ലേ ഞങ്ങൾക്കെതിരെ വരുന്ന ആക്രമണങ്ങൾ. ധർമ്മസ്ഥലയിൽ കുഴിച്ചു മൂടപ്പെട്ട സ്ത്രീകൾക്ക് നീതി ലഭിക്കണമെന്നും മുനീർ കാട്ടിപള്ള പറഞ്ഞു.
content summary: In Dharmasthala, those who question Hegde are met with attempts to silence them, the attacks are part of that effort