അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ 24 പേർ മരിച്ചതായി റിപ്പോർട്ട്. ഗ്വാഡലൂപ് നദിക്കരയിൽ സമ്മർ ക്യാമ്പിനായെത്തിയ 20ൽ കൂടുതൽ പെൺകുട്ടികളെ കാണാതാവുകയും ചെയ്തതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഓൾ ഗേൾസ് ക്രിസ്ത്യൻ സമ്മർ ക്യാമ്പിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികളെയാണ് കാണാതായത്. ക്യാംമ്പിൽ പങ്കെടുത്തവരെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി പേർക്ക് ടെക്സസിൽ നിന്നും പലായനം ചെയ്യേണ്ടി വന്നതായും റിപ്പോർട്ടിൽ പറയുന്നു. കെർ കൗണ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയാണ് പ്രളയത്തിന് കാരണമായതെന്നാണ് കരുതപ്പെടുന്നത്. പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് നൽകിയിട്ടില്ലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
200ൽ കൂടുതൽ പേരെ നിലവിൽ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. വൈദ്യുത ലൈനുകൾക്ക് മുകളിലൂടെയാണ് തങ്ങൾക്ക് പോകേണ്ടി വന്നതെന്ന് പ്രദേശവാസികളിലൊരാൾ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. വെള്ളപ്പൊക്കത്തെ പ്രദേശവാസികൾ മുൻകൂട്ടി കാണണമെന്ന വാദം തെറ്റാണ്. പ്രളയം എത്രത്തോളം തീവ്രമായതാണെന്ന് അറിയാമോ? പ്രളയം ബാധിച്ചവരോട് ഇങ്ങനെ ചോദിക്കുന്നത് തന്നെ ഹൃദയശൂന്യമായ രീതിയാണ്, പ്രദേശവാസികളിലൊരാൾ പറഞ്ഞു.
തന്റെ ട്രക്കിൽ കിടന്ന് ഉറങ്ങിയിരുന്നെങ്കിൽ ഉറപ്പായും വെള്ളപ്പൊക്കത്തിൽ ഒഴുകി പോകുമായിരുന്നുവെന്ന് സെറിക് ബാൾഡ്‌വിൻ എന്നയാൾ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വെള്ളപ്പൊക്കം വളരെ വേഗത്തിലും തീവ്രതയിലുമായിരുന്നു. മത്സ്യബന്ധനത്തിന് ശേഷം ഗ്വാഡലൂപ്പ് നദിക്ക് സമീപം തമ്പടിക്കാൻ ഞാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു, ബാൾഡ്‌വിൻ പറഞ്ഞു.
ദുരന്തം ഭയാനകമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ടെക്സസ് ഗവർണറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ജൂലൈ നാലിനാണ് യുഎസിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. അന്നു തന്നെയാണ് ദുരന്തം ഉണ്ടായിരിക്കുന്നതെന്നത് വളരെയധികം ഞെട്ടലുണ്ടാക്കിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ടെക്സസ് ഹിൽ കൺട്രിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ “അസാധാരണവും ഭയാനകവുമായ ദുരന്തം” എന്ന് ഗവർണർ ഗ്രെഗ് ആബട്ട് വിശേഷിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായതെല്ലാം ലഭ്യമാക്കുന്നതിന് അദ്ദേഹം അടിയന്തര പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. സംഭവത്തെ തുടർന്ന് ടെക്സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. കാണാതായവരെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് നിരവധിപേർ സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നുണ്ട്. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ഗവണ്‍മെന്റ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Content Summary: texus flood; residents says the flood was unexpected
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.