June 26, 2026 |
Avatar
അമൃത സിംഗ്
Share on

ആര്‍.എസ്.എസ് എന്ന അരൂപിയായ ഭൂതവും അതിന്റെ വളര്‍ച്ചയും

ദി കാരവന്‍ പ്രസിദ്ധീകരിച്ച, അമൃത സിംഗ് എഴുതിയ ദീര്‍ഘ ലേഖനത്തിന്റെ വിവര്‍ത്തനം. ഭാഗം-4

ദി കാരവാന്‍ പ്രസിദ്ധീകരിച്ച, അമൃത സിംഗ് എഴുതിയ ദീര്‍ഘ ലേഖനം അനുമതിയോടു കൂടി മലയാള പരിഭാഷ ചെയ്ത് അവതരിപ്പിക്കുന്നു.  (ഒന്നാം ഭാഗം –രേഖകളിലില്ലാത്ത ആര്‍.എസ്.എസ്: ആരോടും ബാധ്യതയില്ലാത്ത ഒരു സംഘടനയുടെ രഹസ്യ ഘടനയുടെ രൂപരേഖ, രണ്ടാം ഭാഗം:  കേശവ് കുഞ്ജ് സ്ഥിതി ചെയ്യുന്ന ഭൂമിയും തര്‍ക്കങ്ങളും ആര്‍ എസ് എസിന്റെ ചില ചരിത്രങ്ങളും , മൂന്നാം ഭാഗം-രേഖകളിലില്ലാത്ത, സാമ്പത്തിക പരിശോധനകളും നികുതിയും നിയമങ്ങളും ബാധകമല്ലാത്ത ആര്‍.എസ് എസ് )   ദി കാരവാന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ വായിക്കാം; The RSS Does Not Exist;  Mapping the hidden structure of an unaccountable organisation

സംഘടിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ടെങ്കിലും, സംഘടനകള്‍-അവ രജിസ്റ്റര്‍ ചെയ്തവയാണെങ്കിലും അല്ലെങ്കിലും- നിയമസാധുതയുടെ പരിധിയില്‍ നില്‍ക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് പലതരത്തിലുള്ള നിയമങ്ങള്‍ ഉള്ളതെന്ന് ഞാന്‍ സംസാരിച്ച പല അഭിഭാഷകരും എന്നെ ഓര്‍മ്മിപ്പിച്ചു. ‘രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നത് കൊണ്ട് നിയമത്തിന് അവര്‍ അതീതരാണ് എന്നര്‍ത്ഥമില്ല’- പ്രശാന്ത് ഭൂഷണ്‍ എന്നോട്് പറഞ്ഞു. ‘നിയമങ്ങളെല്ലാം ആ സംഘടനകള്‍ക്കും ബാധകമാണ്.” അതിന്റെയര്‍ത്ഥം സര്‍ക്കാരിന്, അവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍, വിദ്വേഷ ഭാഷണത്തിനും ഫണ്ടുകള്‍ ഒളിച്ച് വയ്ക്കുന്നതിനും ഭൂമി കൈയ്യേറ്റത്തിനും കേസുകളെടുക്കാം. എന്നാല്‍ നരേന്ദ്ര മോദി അധികാരത്തിന് വരുന്നതിന് പതിറ്റാണ്ടുകള്‍ മുമ്പ് പോലും ആര്‍.എസ്.എസിന് മേല്‍ നിയമപരമായ സൂക്ഷ്മപരിശോധനകള്‍ നടത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഭരണകൂടങ്ങള്‍ കാണിച്ചിട്ടില്ല.

ഇന്നത്തെ ആര്‍.എസ്.എസ് എന്താണ് എന്ന് കേശവ് കുഞ്ജ് നമുക്ക് പറഞ്ഞ് തരുന്നുണ്ട്. മുമ്പ് തര്‍ക്കങ്ങള്‍ നിലനിന്നിരുന്ന ഒരു ഭൂതകാലം ഈ കെട്ടിടത്തിന്റെ ഭൂമിക്കുമുണ്ട്. അതിന് കരുത്ത് നല്‍കുന്നത്, പണം മുടക്കുന്നത് വിപുലമായതും എന്നാല്‍ രഹസ്യമായതുമായ ഒരു ശൃംഖലയാണ്. ഇതിനുള്ളില്‍ സ്ഥിതി ചെയ്യുന്നതാകട്ടെ ഇന്ത്യയുടെ രാഷ്ട്രീയ, സാംസ്‌കാരിക അടിത്തറകളുടെ രൂപപരിണാമം നടത്തിയ രേഖകളിലില്ലാത്ത ഒരു സംഘടനയാണ്. ആര്‍.എസ്.എസിനെ എത്രയോ കാലമായി പഠിക്കുന്ന ഒരാള്‍ കുറച്ച് കൂടി വ്യക്തമായി എന്നോട് പറഞ്ഞു: ”ആര്‍.എസ്.എസ് ഒരു ഭൂതമാണ്. അതിന് എന്തും ചെയ്യാനാകും. നമുക്കതിനെ കുറിച്ച് ഒന്നുമറിയില്ല.”

ഈ വര്‍ഷം ഫെബ്രുവരി 19നാണ് കേശവ് കുഞ്ജ് ഉദ്ഘാടനം ചെയ്തത്. അതിന്റെ പരിസരങ്ങളില്‍ പോലും പ്രവേശിക്കാന്‍ മിക്കവാറും മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ഏതാണ്ട് മുപ്പതോളം മാധ്യമപ്രവര്‍ത്തകര്‍ കെട്ടിടത്തിനെതിര്‍ വശത്ത് റോഡില്‍ ദൂരെനിന്ന് ഉദ്ഘാടന ചടങ്ങ് പകര്‍ത്താനായി നിലയുറപ്പിച്ചിരുന്നു. കാല്‍നടപ്പാതയും റോഡ് ഡിവൈഡറും കേശവ് കുഞ്ജിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ടെമ്പോകളും കാവി കൊടികള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥരും വെള്ളക്കുര്‍ത്തയും ഗാന്ധി തൊപ്പിയും ഓറഞ്ച് ഷാളും അണിഞ്ഞ ചെറുപ്പക്കാരും ചേര്‍ന്ന് റോഡുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൂറ്റന്‍ കാറുകള്‍ അകത്ത് പ്രവേശിക്കുന്നതിന് മുമ്പ് പരിശോധനയ്ക്കായി ഗേറ്റില്‍ നിര്‍ത്തി. ആ ഗേറ്റില്‍ നിന്ന് അധികം ദൂരെയല്ലാതെ, വെള്ള വസ്ത്രം ധരിച്ച പ്രവര്‍ത്തകര്‍ക്കിടയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂടിയായ ജേണലിസ്റ്റ്, റാത്തോഡ് നില്‍പ്പുണ്ടായിരുന്നു. ഏതാണ്ട് മുപ്പത് വയസ് പ്രായം വരുന്ന ഒരാള്‍.

റാത്തോഡിനും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. അതയാള്‍ക്കതൊരു പ്രശ്നമല്ലായിരുന്നു- മറ്റേത് ദിവസം വേണമെങ്കിലും അകത്ത് പോകാമല്ലോ, അയാള്‍ എന്നോട് പറഞ്ഞു. രണ്ടായിരം പ്രത്യേക ക്ഷണിതാക്കള്‍ക്ക് മാത്രമേ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയൂ. ”ഇന്നിവിടെ കാണുന്ന ആളുകളെല്ലാം അവരവരുടെ സ്ഥാപനങ്ങളില്‍ വലിയ ജോലി വഹിക്കുന്നവരാണ്’-അയാള്‍ പറഞ്ഞു. ഞാന്‍ പരിചയപ്പെട്ടിട്ടുള്ള മറ്റ് സ്വയം സേവകരെ പോലെ തന്നെ റാത്തോഡും ആര്‍.എസ്.എസിന്റെ ആത്യന്തിക ലക്ഷ്യത്തിലാണ് വിശ്വസിച്ചിരുന്നത്. ‘നമുക്ക് കാര്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള മനസുണ്ടാകണം’-അയാള്‍ പറഞ്ഞു.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആര്‍.എസ്.എസ് വലിയ തോതില്‍ വളര്‍ന്നു. ആര്‍.എസ്.എസിന്റെ ഏറ്റവും പ്രധാന സമിതിയായ അഖില ഭാരതീയ പ്രതിനിധി സഭയിയുടെ 2024-’25-ലെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്താകമാനും 50,000 പ്രദേശങ്ങളിലായി 80,000 ദൈനംദിന ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് 2014-ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയാണ്. ആഴ്ചകളിലും മാസത്തിലും പ്രവര്‍ത്തിക്കുന്ന ശാഖകള്‍ കണക്കുകൂട്ടിയാല്‍ വീണ്ടും പതിനായിരക്കണക്കിന് വരും. ജനസമ്പര്‍ക്ക പരിപാടികള്‍ കാര്യമായി നടക്കുന്നുണ്ട്, സമൂഹവിവാഹങ്ങള്‍, ആരോഗ്യപരിശോധന ക്യാമ്പുകള്‍, ഭവനനിര്‍മ്മാണ പദ്ധതികള്‍ തുടങ്ങി 90000 ദൈനം ദിന സേവന പദ്ധതികള്‍ അവര്‍ക്കുണ്ട്.

സങ്കീര്‍ണവും വികേന്ദ്രീകൃതവുമായ ഒരു ശൃംഖലയിലൂടെയാണ് ദേശീയതലത്തിലുള്ള വളര്‍ച്ച അവര്‍ ആസൂത്രണം ചെയ്യുന്നത്. ഇന്ത്യയെ അവര്‍ 11 ഭരണ പ്രദേശങ്ങള്‍ (ക്ഷേത്രങ്ങള്‍)വേര്‍തിരിച്ചിരിക്കുന്നു. ഒരോ ക്ഷേത്രങ്ങളും പ്രാന്ത്, വിഭാഗ്, ജില്ല, നഗര്‍, ബസ്തി എന്നിങ്ങനെ വീണ്ടും വിഭജിക്കപ്പെടുന്നു. ഒരു തലത്തിലുള്ള സംഘടനയുടെയും മേല്‍നോട്ടം വഹിക്കുന്ന ടീം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. പ്രവര്‍ത്തകര്‍ക്കുള്ള ജോലികള്‍ പലതായി വിഭജിക്കപ്പെട്ടുണ്ട്. ബൗദ്ധിക് (പ്രത്യയശാസ്ത്രപരം), സേവ (സേവനം), ധര്‍മ്മ ജാഗരണ്‍ (ഹിന്ദുക്കളെ സംഘടിപ്പിക്കല്‍), സമ്പര്‍ക്ക് (ജന സമ്പര്‍ക്കം) എന്നിവ അതില്‍ ചിലതാണ്. ഉദാഹരണത്തിന് സ്ഥിരമായി ശാഖകളില്‍ പങ്കെടുക്കാന്‍ കഴിയാത്തവരെ നേരിട്ട് കണ്ട്, പ്രത്യയശാസ്ത്രപരമായ ചില പ്രേരണകളെല്ലാം നല്‍കുക സമ്പര്‍ക്ക് വിഭാഗത്തിന്റെ ദൗത്യമാണ്-ആര്‍.എസ്.എസിന്റെ കരോള്‍ ബാഗ് ജില്ല കാര്യവാഹ് അനില്‍ ഗുപ്ത എന്നോട് പറഞ്ഞു. ഈ യൂണിറ്റിന്റെ പരിധിയിലാണ് കേശവ് കുഞജ് മേഖലയടക്കമുള്ളത്. കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, പ്രൊഫഷണലുകള്‍, പൊതുസമൂഹത്തില്‍ വലിയ സ്വാധീനമുള്ളവര്‍ എന്നിവരെയാണ് ഇത്തരത്തില്‍ നേരിട്ട് കാണുക. ”ഒരു കമ്പനിയില്‍ സി.ഇ.ഒ, എം.ഡി എന്നിങ്ങനെ വളരെ പ്രധാനപ്പെട്ട ജോലി ചെയ്യുന്നവര്‍, മികച്ച ബിസിനസുകള്‍ നടത്തുന്നവര്‍, തുടങ്ങിയവര്‍ക്ക് വളരെ കുറിച്ച് സമയമേ ഉണ്ടാവുകയുള്ളൂ. അവരില്‍ ചിലര്‍ക്ക് ശാഖകളില്‍ പങ്കെടുക്കാന്‍ ചെറിയ മടിയും കാണും. അവരെ സമ്പര്‍ക്ക് വിഭാഗത്തില്‍പെട്ടവര്‍ പോയി കണ്ട് സംസാരിക്കും.”-അനില്‍ ഗുപ്ത വിശദീകരിച്ചു.

പുതിയ ആസ്ഥാനത്തിന്റെ നിര്‍മ്മാണം പ്രൊഫഷണല്‍ മേഖലയില്‍ സംഘടനയ്ക്കുള്ള ആഴമേറിയ വേരുകളെ കൂടി പ്രതിഫലിപ്പിക്കുന്നു. കെട്ടിടത്തിന്റെ ആര്‍ക്കിടെക്റ്റ് ആയ അനൂപ് ദാവെ അഹമ്മദാബാദ് സ്വദേശിയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് വി.എച്ച്.പി ബന്ധങ്ങളുണ്ടെന്ന് സംശയിക്കുന്നു. ആദ്യം എന്നോട് സംസാരിക്കാമെന്ന് സമ്മതിച്ചിരുന്ന അദ്ദേഹം പിന്നെ ഫോണില്‍ സംസാരിക്കാതായി. അദ്ദേഹത്തിന്റെ ആര്‍.എസ്.എസ് ബന്ധങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കിയില്ല. ഇതിന്റെ കരാറുകാരനായ ഒസ്പീഷ്യസ് ഗ്രൂപ്പിന്റെ അനില്‍ ജെയ്ന്‍ ആകട്ടെ അദ്ദേഹത്തിന് ഇതിലുള്ള ബന്ധം വളരെ ചെറുതാണെന്നാണ് എന്നോട് പറഞ്ഞത്. എന്നാല്‍ കെട്ടിടത്തിലും മറ്റ് രേഖകളിലും അദ്ദേഹത്തിന്റെ കമ്പനിയുടെ പേരാണുള്ളത്. ‘മുഝേ ബാക്ഷ് ദോ, ദയവായി എന്നെ വെറുതേ വിടൂ, ഞാന്‍ ഒരു ചെറിയ ആളാണ്’-അദ്ദേഹം പറഞ്ഞു. കേശവ് കുഞ്ജിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അനുമതി പത്രങ്ങള്‍ക്കായി വിവരാവകാശ വകുപ്പ് മുഖാന്തരം ഞാന്‍ അപേക്ഷിച്ചുവെങ്കിലും ഒരു മാസത്തിന് ശേഷവും ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പ്രതികരിച്ചിട്ടില്ല.

അനില്‍ ജെയ്നിന്റെ സോഷ്യല്‍ മീഡിയ ചിത്രങ്ങളില്‍ അദ്ദേഹം ബി.ജെ.പിയുടെ സ്‌കാര്‍ഫെല്ലാം ധരിച്ച് നില്‍ക്കുന്നത് കാണാം. നേരത്തേയും ആര്‍.എസ്.എസിന്റെ പ്രൊജക്റ്റുകളില്‍ അദ്ദേഹം ഭാഗമായിട്ടുണ്ട്. ‘ഞങ്ങളീ നിര്‍മ്മാണത്തിന്റെ വളരെ ചെറിയ ഭാഗത്തില്‍ മാത്രമാണുള്ളത്’-അദ്ദേഹം അവകാശപ്പെട്ടു. ‘ഇതുപോലൊരു വലിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ നിങ്ങള്‍ക്കൊരു അണ്ണാന്‍ കുഞ്ഞിന്റെ പങ്ക് മാത്രമേ ഉള്ളൂവെങ്കിലും അത് രേഖപ്പെടുത്തും. അതില്‍ കൂടുതല്‍ ഞങ്ങള്‍ക്കൊരു പങ്കുമില്ല”-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി സംഗ്രഹാലയ (പ്രധാനമന്ത്രി മ്യൂസിയം) അടക്കമുള്ള ഒട്ടേറെ ബി.ജെ.പി പ്രൊജക്ടുകളുടെ ഭാഗമായിരുന്ന ടാഗ്ബിന്‍ സര്‍വ്വീസസിന്റെ സഹസ്ഥാപകനായ സൗരവ് ഭൗമിക് എന്നോട് പറഞ്ഞത് അദ്ദേഹത്തിന്റെ കമ്പനി ഇപ്പോള്‍ കേശവ് കുഞ്ജിലെ അന്താരാഷ്ട്ര സാംസ്‌കാരിക കേന്ദ്ര വിഭാഗത്തില്‍ പുതിയ ഗാലറിക്ക് രൂപം നല്‍കിക്കൊണ്ടിരിക്കുകയാണ് എന്നാണ്. ആര്‍.എസ്.എസിന്റെ മീഡിയ സെന്ററിന്റെ നടത്തിപ്പുകാരനും അവരുടെ കരോള്‍ ബാഗ് യൂണിറ്റിന്റെ അധ്യക്ഷനുമായ അശോക് സച്ദേവക്കായിരുന്നു ഇവിടെത്തെ ഇലക്ട്രിക് ജോലിയുടെ ചുമതല. അവിടത്തെ ക്ഷേത്രത്തിലും താന്‍ ജോലി ചെയ്യുന്നുണ്ട് എന്ന് സച്ദേവ എന്നോട് പറഞ്ഞു.

ഡല്‍ഹിയില്‍ ആര്‍.എസ്.എസിനുണ്ടായിട്ടുള്ള ഈ പുതിയ ദൃശ്യത സ്വയം സേവകരില്‍ വലിയ അഭിമാനമുണ്ടാക്കിയിട്ടുണ്ട്. ‘ഇടയ്ക്ക് ആ വഴി ഒട്ടോയിലോ മറ്റോ പോകുമ്പോള്‍ ഞാന്‍ ഡ്രൈവര്‍മരോട് ചോദിക്കും, ഈ കെട്ടിടമേതാണ് എന്ന്’-അനില്‍ ഗുപ്ത എന്നോട്് പറഞ്ഞു. ‘മറുപടികള്‍ പലതാകും, ചിലര്‍ പറയും മോദിയുടെ കെട്ടിടമാണെന്ന്, ചിലര്‍ പറയും ആ നിക്കറിട്ട് നടക്കുന്നവരുടെ ആണ് എന്ന്’ ഗുപ്ത ചിരിച്ച് കൊണ്ട് കൂട്ടിച്ചേര്‍ത്തു. ‘ആര്‍ക്കും ഇതേ കുറിച്ചുള്ള മുഴുവന്‍ ധാരണയില്ല.”

ഞാന്‍ സംസാരിച്ചിട്ടുള്ള മുതിര്‍ന്ന സ്വയം സേവകരൊക്കെ ആര്‍.എസ്.എസും ബി.ജെ.പിയും തമ്മില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ബന്ധത്തില്‍ തൃപ്തരാണ്. വിശാല ഹിന്ദുത്വ ജൈവവ്യവസ്ഥയ്ക്കുള്ളില്‍ സംഘപരിവാറിന്റെ അധികാരത്തെ ഗ്രഹിച്ചുകൊണ്ട് നരേന്ദ്ര മോദി തന്റെ ആദ്യത്തെ രണ്ട് ടേമുകളില്‍ ഒരു തരം ആരാധ്യബിംബമായി മാറിയിരുന്നു. എന്നാല്‍ 2024-ല്‍ മൂന്നാം തവണ ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തിയത് കുറേ കൂടി ദുര്‍ബലമായ ഭൂരിപക്ഷത്തിലായതോടെ ഈ സന്തുലനാവസ്ഥയില്‍ മാറ്റമുണ്ടായി. ആര്‍.എസ്.എസിന്റെ മുഖപത്രമായ ‘ഓര്‍ഗനൈസര്‍’ പരസ്യമായി ബി.ജെ.പി പ്രവര്‍ത്തകരുടെ അഹങ്കാരത്തെ വിമര്‍ശിച്ചു. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് അഹങ്കാരികളാകുന്നതിന് പകരം ശരിയായ സേവകരായി മാറുകയാണ് വേണ്ടതെന്ന മുന്നറിയിപ്പ് നല്‍കി. ഒരുവര്‍ഷം മുമ്പ് അത്തരമൊരു പരസ്യശാസന അചിന്തിനീയമായിരുന്നു. ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കളുടെ നിര്‍ദ്ദേശം എത്രത്തോളം അനുബന്ധ സംഘടനകള്‍ നടപ്പാക്കുന്നുവെന്നതിന്റെ റിപ്പോര്‍ട്ടുകള്‍ ഓരോ മേഖലയിലും ചുമതലപ്പെട്ടവര്‍ നല്‍കണമെന്ന് സച്ദേവ എന്നോട് പറഞ്ഞു. ‘ബി.ജെ.പിയുടെ ആളുകള്‍ അവര്‍ എന്തെല്ലാം ചെയ്യുന്നുണ്ട് എന്ന് ഞങ്ങളെ അറിയിക്കും. എങ്ങനെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണമെന്ന് ഞങ്ങള്‍ അവര്‍ക്ക് നിര്‍ദ്ദേശം നല്‍കും.”-സച്ദേവ പറഞ്ഞു.

മൂന്ന് പതിറ്റാണ്ടിന് ശേഷം ഡല്‍ഹി നിയമസഭയില്‍ ബി.ജെ.പിയെ തിരികെ എത്തിക്കാന്‍ കാര്യമായ പ്രചരണ പരിപാടിയില്‍ ഏര്‍പ്പെട്ടുവെന്ന് സച്ദേവയും റാത്തോഡും എന്നോട് പറഞ്ഞു. ‘നിങ്ങള്‍ ചിലപ്പോ വിശ്വസിക്കില്ല, പക്ഷേ ആര്‍.എസ്.എസിന്റെ പിന്തുണയില്ലാതെ ബി.ജെ..പിക്ക് തിരഞ്ഞെടുപ്പ് വിജയിക്കാനാവില്ല.’-റാത്തോഡ് പറഞ്ഞു. ബി.ജെ.പിയുടെ ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരിക്ക് കീഴിലാണ് റാത്തോഡ് ജോലി ചെയ്യുന്നത്. കേശവ് കുഞ്ജിന്റെ ഉദ്ഘാടനത്തിന്റെ അന്ന് റാത്തോഡ് എന്നോട് പറഞ്ഞൂ, ഡല്‍ഹി മുഖ്യമന്ത്രിയെ തീരുമാനിക്കുക ഈ കെട്ടിടത്തിന്റെ ഉള്ളില്‍ നിന്നാകും, അല്ലാതെ ബി.ജെ.പി ഓഫീസില്‍ നിന്നാകില്ല എന്ന്. ‘തീരുമാനം ഇവിടെ നിന്നെടുക്കും, പ്രഖ്യാപനം മാത്രം അവിടെ നടക്കും’-റാത്തോഡ് പറഞ്ഞു. അന്ന് രാത്രി ദീര്‍ഘകാലമായി ആര്‍.എസ്.എസ് ബന്ധമുള്ള രേഖ ഗുപ്തയെ ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി നിശ്ചയിച്ചു.  RSS: An Invisible Force and Its Growth. The Caravan article’s Malayalam Translation

തുടരും.

നാളെ: ആര്‍.എസ്.എസിന്റെ സാമ്പത്തിക സ്രോതസുകളും സംഘടന സംവിധാനങ്ങളും)

 

കാരവാന്‍ മാഗസിന്റെ സ്റ്റാഫ് റൈറ്റര്‍ ആണ് അമൃത സിംഗ്‌

വിവര്‍ത്തനം: ശ്രീജിത്ത് ദിവാകരന്‍

 

Content Summary;  RSS: An Invisible Force and Its Growth. The Caravan article’s Malayalam Translation

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×