June 13, 2026 |
Avatar
അമൃത സിംഗ്
Share on

രേഖകളിലില്ലാത്ത, സാമ്പത്തിക പരിശോധനകളും നികുതിയും നിയമങ്ങളും ബാധകമല്ലാത്ത ആര്‍.എസ് എസ്

നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ആര്‍.എസ്.എസ് നിരന്തരം വളര്‍ന്ന് കൊണ്ട് സ്ഥിരചിത്തതയോടെ നിലനില്‍ക്കുന്നു. രാജ്യത്തിലെ നഗരങ്ങളും പട്ടണങ്ങളും പുനക്രമീകരിക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു

ദി കാരവാന്‍ പ്രസിദ്ധീകരിച്ച, അമൃത സിംഗ് എഴുതിയ ദീര്‍ഘ ലേഖനം അനുമതിയോടു കൂടി മലയാള പരിഭാഷ ചെയ്ത് അവതരിപ്പിക്കുന്നു.  (ഒന്നാം ഭാഗം –രേഖകളിലില്ലാത്ത ആര്‍.എസ്.എസ്: ആരോടും ബാധ്യതയില്ലാത്ത ഒരു സംഘടനയുടെ രഹസ്യ ഘടനയുടെ രൂപരേഖ, രണ്ടാം ഭാഗം:  കേശവ് കുഞ്ജ് സ്ഥിതി ചെയ്യുന്ന ഭൂമിയും തര്‍ക്കങ്ങളും ആര്‍ എസ് എസിന്റെ ചില ചരിത്രങ്ങളും )  ദി കാരവാന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ വായിക്കാം; The RSS Does Not Exist;  Mapping the hidden structure of an unaccountable organisation

ആര്‍.എസ്.എസിന് നിയമപരമായി ഒരു കരാറിന്റേയും ഭാഗമാകാന്‍ പറ്റില്ല, സ്വന്തം വസ്തുക്കള്‍ വാങ്ങാനോ നികുതി ഇളവുള്ള സംഭാവനകള്‍ സ്വീകരിക്കാനോ ഒന്നും കഴിയില്ല. പക്ഷേ അനുബന്ധ ട്രസ്റ്റുകളുടേയും സംഘടനകളുടേയും ശൃംഖലകളിലൂടെ ഇവര്‍ക്കിതൊക്കെ സാധ്യമാകുന്നു. ശ്രീ കേശവ് സ്മാരക് സ്മൃതി (എസ്.കെ.എസ്.എസ്) അത്തരമൊരു ചട്ടക്കൂടാണ്. സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ശ്രീ കേശവ് സ്മാരക് സ്മൃതിക്ക് ആദായനികുതി നിയമത്തിന്റെ 80 ജി, 12 എന്നീ വകുപ്പുകള്‍ പ്രകാരം നികുതി ഇളവുകള്‍ ലഭ്യമാകും. ഈ സംഘടന ആര്‍.എസ്.എസിന്റെ ഭാഗമാണോ എന്ന് എസ്.കെ.എസ്.എസിന്റെ പ്രസിഡന്റ് അലോക് കുമാറിനോട് ചോദിച്ചു. അദ്ദേഹം വിശ്വഹിന്ദു പരിഷദിന്റെ കൂടെ പ്രസിഡന്റും ഒരു അഭിഭാഷകനുമാണ്. ‘അല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. ‘ഡല്‍ഹിലെ പ്രമുഖര്‍ ചേര്‍ന്ന് സൃഷ്ടിച്ച ഒരു ട്രസ്റ്റാണിത്. ഇത് ആര്‍.എസ്.എസിന്റെ ട്രസ്റ്റല്ല.’ അതൊരു ട്രസ്റ്റ് പോലുമല്ല എന്നും അലോക് കുമാര്‍ ചൂണ്ടിക്കാണിച്ചു. ‘ഇതൊരു സൊസൈറ്റിയാണ്, സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഞാനടക്കം ഒട്ടേറെ പേര്‍ ഇതിനൊപ്പമുണ്ട്’-അദ്ദേഹം വിശദീകരിച്ചു. അവരെല്ലാവരും ആര്‍.എസ്.എസ് അംഗങ്ങളാണെല്ലോ എന്ന് ചോദിച്ചപ്പോള്‍, ‘അതേ, ഞങ്ങള്‍ ആര്‍.എസ്.എസുകാരാണ്. പക്ഷേ ഈ സൊസൈറ്റി നിയമത്തിന്റെ ദൃഷ്ടിയില്‍ ഒരു സ്വതന്ത്ര അസ്തിത്വമുള്ള സ്ഥാപനമാണ്.’ രാഷ്ട്രീയ സേവാ ഭാരതി എന്ന സാമൂഹ്യസേവന സംഘടനയായിക്കൊള്ളട്ടേ, അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജന എന്ന പേരുള്ള ചരിത്ര ഘടകം ആയിക്കൊള്ളട്ടേ ഇത്തരത്തില്‍ വ്യാജ റോളുകള്‍ നിര്‍വ്വഹിക്കുന്നവയാണ്. ഈ പരന്ന ചരട്ടക്കൂട് ഭരണകൂടത്തിന്റെ ഒരു ഇടപെടലുമില്ലാത്തെ വലുതും ചെറുതുമായ സഹായധനങ്ങളേയും സര്‍ക്കാര്‍ ഇതര സംഘടനകളേയും മത ട്രസ്റ്റുകളേയും നിയന്ത്രിച്ചുകൊണ്ട് തന്നെ പരസ്യമായി പ്രവര്‍ത്തിക്കാനും വളരാനും ആര്‍.എസ്.എസിനെ സഹായിച്ചു.

ആര്‍.എസ്.എസുകാരനായ നാഥുറാം ഗോഡ്സെ 1948 ല്‍ മഹാത്മാഗാന്ധിയെ വധിച്ചതിന് ശേഷം 1949 വരെ സംഘടന നിരോധിക്കപ്പെട്ടു. പക്ഷേ ഈ സംഘടന സാമ്പത്തികമായ പരിശോധനകളില്‍ നിന്ന് മാത്രമല്ല, രക്ഷപ്പെട്ടിരുന്നത്. സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് അവര്‍ക്ക് ബാധകമല്ലാത്തത് കൊണ്ട് തന്നെ ഇതിലെ അംഗങ്ങളുടെ അംഗത്വ റിക്കോര്‍ഡ് ഇവര്‍ക്ക് സൂക്ഷിക്കേണ്ടതില്ല. ഈ നിയമപ്പഴുത് ഉപയോഗിച്ച് മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സേയുടെ ആര്‍.എസ്.എസ് ബന്ധത്തിന്റെ കാര്യത്തില്‍ പുകമറ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തന്‍ ധീരന്ദ്ര കെ.ഝാ എഴുതിയ ‘ഗാന്ധിയുടെ ഘാതകന്‍: നാഥുറാം ഗോഡ്സേയുടെ വളര്‍ച്ചയും ഇന്ത്യയെ കുറിച്ചുള്ള അയാളുടെ ആശയവും’ എന്ന പുസ്തകത്തിലും ‘കാരവന്‍’ 2020 ജനവരില്‍ പ്രസിദ്ധീകരിച്ച കവര്‍ സ്റ്റോറിയിലും ഗോഡ്സേ ജീവിതാവസാനം വരെ ആര്‍.എസ്.എസ് സ്വയം സേവകനായിരുന്നുവെന്ന് സ്ഥാപിക്കുന്നുണ്ട്. ആര്‍.എസ്.എസ് എല്ലാക്കാലത്തും, ഇത് സംബന്ധിച്ച രേഖകളോ രജിസ്റ്ററുകളോ ഇല്ല എന്ന സൗകര്യം ഉപയോഗിച്ച് ഇക്കാര്യം നിഷേധിച്ച് പോന്നു. വല്ലഭായ് പട്ടേല്‍ തന്നെ ഈ സുതാര്യത കുറവ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 1948 ഫെബ്രുവരി 27-ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് അയച്ച കത്തില്‍ വല്ലഭായ് പട്ടേല്‍ പറയുന്നു- ”യാതൊരു തരത്തിലുള്ള രേഖകളും രജിസ്റ്ററുകളും സൂക്ഷിക്കാത്ത ആര്‍.എസ്.എസ് പോലുള്ള ഒരു രഹസ്യസംഘടനയില്‍ നിന്ന് ഒരു വ്യക്തി അവരുടെ സജീവ പ്രവര്‍ത്തകനാണോ അല്ലയോ എന്ന വസ്തുത സംബന്ധിച്ച വിവരം ആധികാരികമായി വിവരങ്ങള്‍ ശേഖരിക്കുക എന്നത് അസാധ്യമായ കാര്യമാണ്.” മഹാത്മാഗാന്ധിയുടെ വധത്തിന് ശേഷം ഒട്ടേറെ ആര്‍.എസ്.എസ് നേതാക്കള്‍ അറസ്റ്റിലാവുകയും സംഘടന നിരോധിക്കപ്പെടുകയും ചെയ്തു. പിന്നീട് ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തും ബാബ്രി പള്ളി പൊളിക്കപ്പെട്ടതിന് ശേഷവും ആര്‍.എസ്.എസിന് നിരോധനം നേരിടേണ്ടി വന്നിട്ടുണ്ട്.

‘തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ തിരിച്ചും മറിച്ചും പറയുന്നത് ആര്‍.എസ്.എസിന്റെ ഒരു സംസാരശൈലിയാണ്’- ഭരണഘടന വിദഗ്ധനായ പണ്ഡിതന്‍ എ.ജി.നൂറാണി അദ്ദേഹത്തിന്റെ പ്രശസ്തമായ ‘ആര്‍.എസ്.എസ്: ഇന്ത്യ നേരിടുന്ന ഭീഷണി’ എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പൊതുസമൂഹത്തോട് സ്വയം ഒരു സാംസ്‌കാരിക സംഘടനയായി വിശേഷിപ്പിക്കുന്ന ആര്‍.എസ്.എസ് ഒരേസമയം ബോംബൈ ഹൈക്കോടതിയില്‍ അവര്‍ ഒരു ചാരിറ്റബിള്‍ സംഘടനയാണ് എന്ന് അവകാശപ്പെടുകയും ചാരിറ്റി കമ്മീഷണര്‍ക്ക് മുന്നാകെ രാഷ്ട്രീയ സംഘടനയാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്. പിന്നീട് ആര്‍.എസ്.എസിന്റെ മേധാവിയായി മാറിയ മധുകര്‍ ദത്താത്രേയ ദേവ്റസ് 1945-ല്‍ ഒരു യോഗത്തില്‍ ‘നമ്മുടെ നേതാവിന്റെ ഉത്തരവ് ലഭിക്കുന്ന നിമിഷം രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കാന്‍’ പറ്റിയ തരത്തില്‍ രാജ്യം മുഴുവന്‍ വ്യാപിക്കുന്ന ഒരു അതിശക്തമായ ഒരു ശൃംഖല വളര്‍ത്തിയെടുക്കലാണ് ആര്‍.എസ്.എസിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അതൊരു വിചിത്ര ജന്തുവാണ്- രാഷ്ട്രതന്ത്രജ്ഞനായ ക്രിസ്റ്റോഫ് ജാഫര്‍ലോട്ട് എന്നോട് പറഞ്ഞു. ‘ഒരു സമൂഹത്തെ അകമേ നിന്ന് നിയന്ത്രിക്കുന്ന തികച്ചും സര്‍വ്വാധിപത്യപരമായ ഒരു സംഘടനയാണ് ആര്‍.എസ്.എസ് പ്രാഥമികമായി ലക്ഷ്യം വയ്ക്കുന്നത്.” ഫാഷിസത്തിന്റെ മൂര്‍ത്തിമത്തായ ഇന്ത്യന്‍ രൂപമാണ് സംഘപരിവാര്‍’-അദ്ദേഹം വിശദീകരിച്ചു. ഭരണകൂടമല്ല അവരുടെ ലക്ഷ്യം സമൂഹമാണ്. രാഷ്ട്രീയം പരമോന്നതമായ പരിസമാപ്തിക്ക് വേണ്ടിയുള്ളത് മാത്രമാണ്’-അദ്ദേഹം പറയുന്നു. അക്രമങ്ങള്‍ അവര്‍ക്ക് ബജ്രംഗ്ദള്‍ പോലുള്ള അനുബന്ധ സംഘടനകളെ ഏല്‍പ്പിക്കാം. ഈ ഘടനാപരമായ അവ്യക്തത നിമിത്തം അവര്‍ക്ക് അവരുടെ സ്വാധീനത്തെ കേന്ദ്രീകരിക്കാനും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനും കഴിയും. പല സ്ഥാപനങ്ങളും ഏറ്റെടുക്കാനും അടിത്തട്ടില്‍ പ്രവര്‍ത്തകരെ വിന്യസിപ്പിക്കാനും അതേസമയം ഒരിടത്തും ഇല്ലാതിരിക്കാനും ആര്‍.എസ്.എസിന് ഇത്തരത്തില്‍ സാധിക്കും.

നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ആര്‍.എസ്.എസ് നിരന്തരം വളര്‍ന്ന് കൊണ്ട് സ്ഥിരചിത്തതയോടെ നിലനില്‍ക്കുന്നു. രാജ്യത്തിലെ നഗരങ്ങളും പട്ടണങ്ങളും പുനക്രമീകരിക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു. ഡല്‍ഹിലെ കരോള്‍ ബാഗിലും ഝണ്ഡേവാലനിലുമൊക്കെ ഇവരെങ്ങനെ വളര്‍ന്ന് ദേശീയ തലസ്ഥാനത്ത് നിരന്തരം വലുതാകുന്ന സ്വാധീന ശക്തിയായി എന്നതിന്റെ ചുരിത്രമുണ്ട്. മത സ്ഥാപനങ്ങളേയും പ്രദേശിക രാഷ്ട്രീയത്തേയും ഭൂമി കൈവശപ്പെടുത്താനും ഉപയോഗിക്കുന്നതും സാമൂഹികമായുള്ള ആഴമേറിയ ഇടപെടലുകളും നമുക്കിവിടെ കാണാം. ഇതെങ്ങനെ ചെയ്യണമെന്നത് പതിറ്റാണ്ടുകളിലൂടെ പരിശീലിച്ച് പരിശീലിച്ച് പണിക്കുറ്റമില്ലാതെ വംശവദാക്കിയ കലയാണ് അവരെ സംബന്ധിച്ചിടത്തോളം. അവരത് ഏറ്റവും പകിട്ടേറിയ രീതിയില്‍ ചെയ്തത് അയോധ്യയിലായിരുന്നുവെങ്കിലും മഥുരയിലും മറ്റ് ചെറു പട്ടണങ്ങളിലും ആര്‍.എസ്.എസ് ബന്ധം സ്ഥാപിച്ച ക്ഷേത്രങ്ങളൊക്കെ ഹിന്ദു സമൂഹത്തിന്റെ താവളങ്ങളും അവരുടെ പ്രത്യയശാസ്ത്ര നാഡീകേന്ദ്രങ്ങളായി മാറുകയും ചെയ്തു. ഇവരെല്ലാവരും ആര്‍.എസ്.എസ് എന്ന അരൂപിയായ സംഘടനയുടെ താത്പര്യങ്ങളുടെ കേന്ദ്രങ്ങളായി മാറി.  RSS, which is beyond records, economic audits, taxes, and laws

തുടരും.

നാളെ: വളരുന്ന ആര്‍.എസ്.എസും അരൂപിയായ പ്രവര്‍ത്തങ്ങളും

കാരവാന്‍ മാഗസിന്റെ സ്റ്റാഫ് റൈറ്റര്‍ ആണ് അമൃത സിംഗ്‌

വിവര്‍ത്തനം: ശ്രീജിത്ത് ദിവാകരന്‍

Content Summary; RSS, which is beyond records, economic audits, taxes, and laws

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×