കാരവന്‍ മാസികയില്‍ അമൃത സിങ് എഴുതിയ ‘രേഖകളില്ലാത്ത ആര്‍.എസ്.എസ്, ആരോടും ബാധ്യതയില്ലാത്ത ഒരു സംഘടനയുടെ രഹസ്യഘടനയുടെ രൂപരേഖ’ എന്ന ദീര്‍ഘ ലേഖനത്തിന്റെ പരിഭാഷയുടെ ഏഴാം ഭാഗം. മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം. വിവര്‍ത്തനം ;ശ്രീജിത്ത് ദിവാകരന്‍)
പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുക്കം വരെ ഝണ്ഡേവാലന്‍ ധാരാളം വന്യജീവികളുണ്ടായിരുന്ന നിബിഡ വനമായിരുന്നു. ഈ വനത്തിലെ ഒരു സ്ഥിര സന്ദര്‍ശകനായിരുന്നു ചാന്ദ്നി ചൗക്കിലെ പ്രമുഖ വസ്ത്ര വ്യാപാരിയായ ബദ്രി ഭഗത് ദാസ്. ഒരു ദിവസം കാട്ടില്‍ ധ്യാനത്തിലിരിക്കവേ സമീപത്തുള്ള ഒരു അരുവിക്ക് അരികലുള്ള ഗുഹയുടെ താഴെ ഭൂമിക്കടിയില്‍ ഒരു പുരാതന ക്ഷേത്രം മറഞ്ഞിരിക്കുന്നതായി ദര്‍ശനം ലഭിച്ചു. പിന്നീട് ഒരിക്കല്‍ സ്വപ്നത്തിലും ഈ ക്ഷേത്രം കടന്ന് വന്നതോടെ അത് കണ്ടുപിടിക്കാന്‍ ബദ്രി ഭഗത് ദാസ് തീരുമാനിച്ചു. ആ പ്രദേശങ്ങളില്‍ കുഴിച്ച് നോക്കിയ ബദ്രി ദാസിനും സംഘത്തിനും ഒരു ഉടഞ്ഞ ദേവീ വിഗ്രഹം ലഭിച്ചു. വിഗ്രഹത്തിന്റെ പ്രതിഷ്ഠ നടത്തി, അതിന് ചുറ്റും ഒരു ക്ഷേത്രം പണിത് ബദ്രി ഭഗത് ദാസ് മുകളില്‍ ഒരു വലിയ കൊടി നാട്ടി. ആ കൊടിയാണ്- ഝണ്ഡേ-പരിസര പ്രദേശത്തിനും ക്ഷേത്രത്തിനും ഝണ്ഡേവാലന്‍ എന്ന പേര് സൃഷ്ടിച്ചത്.
ബദ്രി ഭഗത് ഝണ്ഡേവാലന്‍ ടെമ്പിള്‍ സൊസൈറ്റി (ബി.ബി.ജെ.റ്റി.എസ്) എന്ന, ഈ ക്ഷേത്രത്തിന്റെ നടത്തിപ്പുകാരുടെ വെബ്സൈറ്റിലാണ് ഈ ചരിത്രമുള്ളത്. ബി.ബി.ജെ.റ്റി.എസിന്റെ പക്കല്‍ നിന്ന് പണയത്തിനെടുത്ത ഭൂമിയിലാണ് കേശവ് കുഞ്ജ് നില്‍ക്കുന്നത്. ബി.ബി.ജെ.റ്റി.എസിന്റെ നിലവിലുള്ള മേധാവികള്‍ ആരാണെന്ന് പരിശോധിക്കുമ്പോഴാണ് സംഘപരിവാര്‍ ഈ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ എത്രത്തോളം ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസിലാവുക. വി.എച്ച്.പി ഉപാധ്യക്ഷനും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം നിര്‍വ്വഹിക്കുന്ന ട്രസ്റ്റായ ശ്രീരാം ജന്മഭൂമി തീര്‍ത്ഥക്ഷേത്രയുടെ ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായ്, വി.എച്ച്.പി ജനറല്‍ സെക്രട്ടറി ബജറംഗ്‌ലാല്‍ ബാഗ്ര, ആര്‍.എസ്.എസിന്റെ ഡല്‍ഹി പ്രാന്ത മേധാവിയും അഹൂജ സണ്‍സ് എന്ന ഷാള്‍ ശൃംഖലയുടെ ഉടമയുമായ കല്‍ഭൂഷണ്‍ അഹൂജ (നോട്ട് നിരോധനത്തിന് ശേഷം 17 കോടി രൂപയുടെ പഴയ നോട്ടുകള്‍ മാറാന്‍ ബാങ്കില്‍ നിക്ഷേപിച്ചതിനെ തുടര്‍ന്ന് അന്വേഷണം നേരിട്ടയാളാണ് കല്‍ഭൂഷല്‍ അഹൂജ. തനിക്കെതിരെ യാതൊരു തെളിവും അന്വേഷണത്തില്‍ ലഭിച്ചിട്ടില്ല എന്നദ്ദേഹം അവകാശപ്പെടുന്നു) തുടങ്ങിയവര്‍ അക്കൂട്ടത്തിലുണ്ട്. ട്രസ്റ്റിന്റെ അധ്യക്ഷന്‍ ബദ്രി ഭഗത് ദാസിന്റെ കുടുംബാംഗമായ നവീന്‍ കപൂറാണ്. ഈയടുത്തും അദ്ദേഹത്തെ ഒരു ആര്‍.എസ്.എസ് അനുബന്ധ ചടങ്ങില്‍ ഒരു കേന്ദ്ര മന്ത്രി ആദരിച്ചിരുന്നു.
ഝണ്ഡേവാലന്‍ ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അടലെയാണ് ശ്രീ സങ്കട് മോചന്‍ ധാം. ഈ ക്ഷേത്രം കരോള്‍ ബാഗ് വഴിയോ ഡല്‍ഹി മെട്രോയുടെ ഝണ്ഡേവാലന്‍ സ്റ്റേഷനിലൂടെയോ പോകുന്നവര്‍ കാണാതിരിക്കില്ല. വലിയ ഉയരമുള്ള ഇവിടത്തെ ഹനുമാന്‍ പ്രതിമ ഈയിടെ ഡല്‍ഹിയില്‍ കഥ നടക്കുന്ന ധാരാളം സിനിമകളിലും കാണിച്ചിട്ടുണ്ട്. ഈ ഹനുമാന്‍ ക്ഷേത്രത്തിനും ഝണ്ഡേവാലന്‍ ക്ഷേത്രത്തിന്റേയും അയോധ്യയിലെ രാമക്ഷേത്രത്തിന്റേും അതേ കഥയാണ് പറയാനുള്ളത്- ദൈവം സ്വപ്നത്തില്‍ വന്ന് നല്‍കിയ നിര്‍ദ്ദേശം. സങ്കട് മോചന്‍ ക്ഷേത്രം ഒരു ചെറിയ ശിവക്ഷേത്രമായിരുന്നു. അവിടെ ധ്യാനത്തിലിരുന്ന സേവാഗീര്‍ എന്ന് പേരുള്ള ഒരു സന്യാസിക്ക് ഹനുമാന്റെ ദര്‍ശനമുണ്ടാവുകയും ഹനുമാന്‍ സ്വന്തം രൂപത്തില്‍ വലിയ പ്രതിമയുണ്ടാക്കാനും ആവശ്യപ്പെട്ടുവത്രേ! ഇതിന്റെ നിര്‍മ്മാണം 1994-ല്‍ തുടങ്ങി 13 വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തിയായി.
സങ്കട് മോചന്‍ ധാം നടത്തുന്ന ട്രസ്റ്റിന്റെ അധ്യക്ഷന്‍ പ്രകാശ് ഗിരി പറഞ്ഞത് ഈ ഹനുമാന്‍ പ്രതിമ അടുത്ത കാലത്തുണ്ടാക്കിയതാണെങ്കിലും ക്ഷേത്രം 200 കൊല്ലം പഴയതാണ് എന്നാണ്. ക്ഷേത്രം ഇക്കൊല്ലം ഇറക്കിയ ഒരു മാഗസിന്‍ എന്റെ ഗവേഷണത്തിനെ സഹായിക്കാന്‍ അദ്ദേഹം തന്നു. ആ മാഗസിനില്‍ ബി.ജെ.പി എം.പിമാരായ ബന്‍സൂരി സ്വരാജ്, മനോജ് തിവാരി, ശ്രീ കേശവ് സ്മാരക് സമിതി (എസ്.കെ.എസ്.എസ്)യുടേയും വി.എച്ച്.പിയുടേയും പ്രസിഡന്റായ അലോക് കുമാര്‍ എന്നിവരുടെ ആശംസകളുണ്ട്. പ്രകാശ് ഗിരിയും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ തന്നെ. കേശവ് കുഞ്ജ് ശാഖയില്‍ പങ്കെടുക്കാറുമുണ്ട്. എന്നാല്‍ ഉറപ്പിച്ച് പറയുന്നത് ഝണ്ഡേവാലന്‍ ക്ഷേത്രം ആര്‍.എസ്.എസിന്റേതാണെങ്കിലും ഈ ഹനുമാന്‍ ക്ഷേത്രം ‘സ്വതന്ത്ര’മാണ് എന്നാണ്.
മതപരവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ദീര്‍ഘ കാലമായി ആര്‍.എസ്.എസ് ഈ പ്രദേശത്ത് നിലയുറപ്പിച്ചതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ഈ രണ്ട് ക്ഷേത്രങ്ങളും കേശവ് കുഞ്ജ് സമുച്ചയവും. കരോള്‍ ബാഗില്‍, മറ്റ് പ്രദേശങ്ങളിലെ പോലെ തന്നെ, ആര്‍.എസ്.എസിന് ക്ഷേത്ര ട്രസ്റ്റുകളെ സുസ്ഥാപിത അധികാര കേന്ദ്രങ്ങളാക്കി മാറ്റാനും പരിസരത്തെ ഭൂമിക്ക് മേല്‍ നിയന്ത്രണം സ്ഥാപിക്കാനും നിയമപരമായ പരിശോധനകള്‍ ഒഴിവാക്കാനും കഴിഞ്ഞു. 2017-ല്‍ ഡല്‍ഹി ഹൈക്കോടതി ഹനുമാന്‍ ക്ഷേത്രത്തിലെ ഭൂ പ്രമാണങ്ങള്‍ പരിശോധിക്കാന്‍ ഉത്തരവിട്ടുകൊണ്ട് സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്നതിലും സാമ്പത്തിക ഇടപാടുകള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാത്തതിലും കടുത്ത വിമര്‍ശം ഉന്നയിച്ചു. ഡല്‍ഹി വികസന അഥോറിറ്റിയും മുന്‍സിപ്പല്‍ കോര്‍പറേഷനും ക്ഷേത്രമോ ട്രസ്റ്റോ വസ്തുനികുതി നല്‍കുന്നില്ല എന്നകാര്യം ആവര്‍ത്തിച്ച് അറിയിച്ചു. ‘നിയമവിരുദ്ധമായി പാതയരികുകളില്‍ നിന്ന് കൈയ്യടക്കിയ ഭൂമിയില്‍ നിന്ന് പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ത്ഥനകള്‍ ദൈവത്തിലെത്തുമോ?’- ഹൈക്കോടതി ചോദിച്ചു.
ഇവിടെയുള്ള സകലതും ആര്‍.എസ്.എസിന്റേതാണ്- മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ആര്‍.എസ്.എസ് സ്വയം സേവകന്‍ ജിതേന്ദ്ര റാത്തോഡ് പറഞ്ഞു. ഝണ്ഡേവാലന്‍ ക്ഷേത്ര സമുച്ചയത്തിനകത്തുള്ള കെട്ടിടങ്ങളിലൊന്ന് ആര്‍.എസ്.എസ് ഉപയോഗിക്കുക പോലും ചെയ്യാറുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിന്റെ കരോള്‍ ബാഗ് യൂണിറ്റ് മേധാവി അശോക് സച്ച്ദേവയും ഝണ്ഡേവാലന്‍ ക്ഷേത്രം ആര്‍.എസ്.എസിന്റേതാണ് എന്ന് സമ്മതിച്ചു. ‘ഇവിടെയുള്ള എല്ലാവരും ആര്‍.എസ്.എസിന്റെ പ്രവര്‍ത്തകരാണ്. ക്ഷേത്രം ഞങ്ങളാണ് നിയന്ത്രിക്കുന്നതെന്നും ഞങ്ങള്‍ അതിന് കീഴിലാണെന്നും പറയാം’-അഖില ഭാരത് ഇതിഹാസ് സങ്കലന്‍ യോജനയുടെ (ബി.ബി.ജെ.റ്റി.എസ്) ദേശീയ സംഘടന സെക്രട്ടറി ബാലമുകുന്ദ് പാണ്ഡേ പറഞ്ഞു. വി.എച്ച്.പി ഡല്‍ഹി യൂണിറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിലാസം ഈ ക്ഷേത്രത്തിന്റെ രണ്ടാം നിലയാണ്.
ആര്‍.എസ്.എസും ബി.ബി.ജെ.റ്റി.എസും തമ്മിലുള്ള ബന്ധം ഝണ്ഡേവാലനില്‍ സംഘത്തിന്റെ വളര്‍ച്ചയില്‍ പ്രധാനമാണ്. ഈ വളര്‍ച്ചയില്‍ പലതരം ഉപദ്രവത്തിന്റെ ധാരാളം പരാതികള്‍ ഉയര്‍ന്ന് വന്നു. തങ്ങളുടെ വസ്തുവഹകള്‍ എങ്ങനെയാണ് ഉപേക്ഷിക്കേണ്ടതായി വന്നത് എന്ന് ആ പ്രദേശവാസികള്‍ എന്നോട് പറഞ്ഞു. എന്തിന് ഝണ്ഡേവാലന്‍ പ്രദേശത്തുള്ള ധാരാളം ചെറിയ ക്ഷേത്രങ്ങള്‍ വരെ ബി.ബി.ജെ.റ്റി.എസിന്റെ കീഴില്‍ അകപ്പെട്ടു. ക്ഷേത്രത്തിന്റെ പരിസരങ്ങളില്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി പൂജാ സാധനങ്ങള്‍ വില്‍ക്കുന്ന കുടുംബാംഗമായ ജിതേന്ദര്‍ എന്നോട് പറഞ്ഞത്, കഴിഞ്ഞ കുറച്ചു കാലത്തിനിടെ എത്രയോ വീടുകള്‍ ഒഴിക്കപ്പെട്ടുവെന്നാണ്. പരിസരത്തെ കടക്കാര്‍ എല്ലായിപ്പോഴും ക്ഷേത്രത്തിന് ദക്ഷിണ നല്‍കാറുണ്ട്. പക്ഷേ ഭക്തര്‍ നല്‍കുന്ന പണത്തിനോട് മാത്രമേ ക്ഷേത്ര അധികാരികള്‍ക്ക് താത്പര്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ട്രസ്റ്റിമാരില്‍ ഒരാളായ കല്‍ഭൂഷണ്‍ അഹൂജ സ്ഥിരീകരിക്കുകയും ചെയ്തു. അവിടത്തെ കടക്കാര്‍ ട്രസ്റ്റിന്റെ വസ്തുവഹകളിലെ കടന്ന് കയറ്റക്കാരാണ് എന്നാണ് അഹൂജ പറഞ്ഞത്. പരിസരത്തെ വിവിധ താമസക്കാര്‍ക്കെതിരെ 22 കേസുകളാണ് ബി.ബി.ജെ.റ്റി.എസ് ഫയല്‍ ചെയ്തിട്ടുള്ളത്. ജിതേന്ദറിനോട് ആര്‍.എസ്.എസിന് ആ മേഖലയിലുള്ള സ്വാധീനത്തെ കുറിച്ചുള്ള അഭിപ്രായം ഞാന്‍ ചോദിച്ചു. ”നമ്മുടെ വയറ്റത്ത് തൊഴിക്കുന്നവരെ കുറിച്ച് നമുക്കെന്തായിരിക്കും തോന്നുക?’ ജിതേന്ദര്‍ തിരിച്ച് ചോദിച്ചു. ജിതേന്ദറിനിപ്പോഴുള്ളത് തുച്ഛമായ വരുമാനമാണ്. ഈ മേഖലയിലെ ആളുകള്‍ എല്ലാക്കാലത്തും ആര്‍.എസ്.എസിനെ പിന്തുണച്ചിരുന്നവരല്ലേ എന്ന് ഞാന്‍ ചോദിച്ചു. ‘എനിക്കറിയില്ല, പക്ഷേ ജനങ്ങള്‍ അസ്വസ്ഥരാണ്.”
ഝണ്ഡേവാലന്‍ ക്ഷേത്രത്തിന് കീഴില്‍ ഒരു ക്ലിനിക്കുമുണ്ട്. അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. സ്വാമി വിവേകാനന്ദ് ആരോഗ്യ മിഷനാണ് (എസ്.വി.എച്ച്.എം)ഇതിന്റെ നടത്തിപ്പിന്റെ ചുമതല. അവിടെയ്ക്ക് നമ്മള്‍ പ്രവേശിക്കുമ്പോള്‍ ഇടത് വശത്തേയ്ക്കുള്ള മുറിയിലേയ്ക്കുള്ള ഗ്ലാസ് വാതിലിലൂടെ ചുമരില്‍ തൂങ്ങിക്കിടക്കുന്ന, ആര്‍.എസ്.എസ് സ്ഥാപകന്‍, കെബി ഹെഡ്ഗേവാറിന്റെ ചിത്രം കാണാം. വലത് വശത്ത് വരാന്തയ്ക്ക് അപ്പുറത്ത് ഹെഡ്ഗോവാറിന്റേയും ഗോള്‍വാള്‍ക്കറുടേയും (ആര്‍.എസ്.എസ് രൂപകല്‍പ്പന ചെയ്്തിട്ടുള്ള) ഭാരത മാതാവിന്റേയും ഛായാചിത്രങ്ങള്‍ കാണാം. അതിന് എതിര്‍വശം ഒരു ചെറിയ ക്ഷേത്രമാണ്. ഈ ആശുപത്രിയെ കുറിച്ചുള്ള ചോദ്യങ്ങളൊക്കെ ബി.ബി.ജെ.റ്റി.എസിനോടാണ് ചോദിക്കേണ്ടത് എന്നാണ് അവിടത്തെ മാനേജറായ സമീര്‍ പത്ര പറഞ്ഞത്. ‘ഇത് അവരുടെ കെട്ടിടമാണ്, അവരുടെ സംവിധാനങ്ങളാണ്’-അദ്ദേഹം പറഞ്ഞു. ”ഞങ്ങള്‍ ഡോക്ടര്‍മാരേയും ജീവനക്കാരേയും മറ്റ് തൊഴിലാളികളേയും നല്‍കുക മാത്രമാണ് ചെയ്യുന്നത്. ഞങ്ങളുടെ പ്രവര്‍ത്തന രീതി വ്യത്യസ്തമാണ്.” എന്നാല്‍ എസ്.വി.എച്ച്.എമ്മും ആര്‍.എസ്.എസിന്റെ തന്നെ ഒരു സംഘടനയാണ്. അവരാണ് എല്ലാത്തിന്റേയും ചെലവുകള്‍ നിര്‍വ്വഹിക്കുന്നത്. പക്ഷേ ക്ഷേത്രട്രസ്റ്റാണ് കെട്ടിടത്തിന്റേയും മറ്റ് സൗകര്യങ്ങളുടേയും ഉടമസ്ഥര്‍. ”അവര്‍ പറയുന്നത് അനുസരിച്ച് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.”-ഈ ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നിര്‍വ്വഹിക്കുന്ന, ഡല്‍ഹിയിലെ വിഖ്യാതമായ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് കൂടിയായ ശരദ് പാണ്ഡേ പറയുന്നു. ‘അവര്‍ ഇത് നടത്തുന്നുവെന്നല്ല, പക്ഷേ ഇത് എല്ലാതരത്തിലും അവരുടേതാണ്. സംഘടന സംവിധാനം ഒന്ന് തന്നെയാണ്.’- അദ്ദേഹം പറഞ്ഞു.
മറ്റ് സ്ഥാപനങ്ങളും ഈ മേഖലയില്‍ ആര്‍.എസ്.എസിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്ര വിദഗ്ധസമിതിയായ ദീന്‍ദയാല്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സെമിനാറുകളിലൂടെയും ചര്‍ച്ചകളിലൂടെയും ‘സമൂഹത്തിന്റെ പുനനിര്‍മ്മിതിക്ക് വേണ്ടിയുള്ള യത്ന’ത്തിന് നേതൃത്വം നല്‍കുന്നു. 1972-ല്‍ ആര്‍.എസ്.എസ് സൈദ്ധാന്തികനായ നാനാജി ദേശ്മുഖ് സ്ഥാപിച്ച ദീന്‍ദയാല്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ക്ഷേത്രത്തില്‍ നിന്നും കേശവ് കുഞ്ജില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്.
ഝണ്ഡേവാലനിലുള്ള ആര്‍.എസ്.എസിന്റെ സാന്നിധ്യം ഇത്തരത്തില്‍ തന്നെ ആദ്യം തന്നെ ഉണ്ടായിരുന്നതല്ല. വിഭജനത്തിന് മുമ്പ് ഈ പരിസരപ്രദേശങ്ങളില്‍ വലിയതോതിലുള്ള മുസ്ലീം സമൂഹമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ സമൂഹത്തിന്റെ ജനസംഖ്യാനുപാതത്തില്‍ മാറ്റങ്ങളുണ്ടായി. പഞ്ചാബി ഹിന്ദു അഭയാര്‍ത്ഥികളും അനുദിനം വലുതായിക്കൊണ്ടിരിക്കുന്ന ദളിത് കോളനികളും അവിടത്തെ സ്വഭാവം നിശ്ചയിച്ചു. രാഷ്ട്രീയ കോലാഹലങ്ങളും പരിസരത്ത് അനുദിനം വര്‍ദ്ധിച്ച് വന്ന പ്രസിദ്ധീകരണങ്ങളും ചെറിയ അച്ചടി ശാലകളും ചേര്‍ന്നുള്ള ഒരു സംസ്‌കാരവും ആ പ്രദേശത്തിന്റെ ഭാഗമായി.
നാഗ്പൂരില്‍ നിന്നുള്ള നേതാക്കള്‍ അവിടെ എത്തി ആര്‍.എസ്.എസിന്റെ പ്രചാരകരായതോടെയാണ് ത്വരിതഗതിയിലുള്ള ഹിന്ദുത്വ ഏകീകരണം സാധ്യമായത്. ദേശീയ തലസ്ഥാനത്തെ രാഷ്ട്രീയ പ്രക്രിയയില്‍ ആര്‍.എസ്.എസിനുള്ള നിര്‍ണായക പങ്കിന്റെ കേന്ദ്രമായി ബിര്‍ളമന്ദിറിന് സമീപമുള്ള അവരുടെ ആദ്യ ഓഫീസ് മാറി. അക്കാലത്ത് സ്ഥിരമായി മഹാത്മാഗാന്ധി ആ പരിസരങ്ങളിലുള്ള ദളിത് കോളനിയിലെ വാല്‍മീകി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുമായിരുന്നു. കരോള്‍ ബാഗില്‍ മൊട്ടിട്ട അച്ചടി വ്യവസായവും പരിസരത്തെ ദരിയാഗഞ്ചും ആര്‍.എസ്.എസിന്റേതടക്കമുള്ള ജനകീയ ആഖ്യാനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ‘കാരവന്‍’ മാഗസിന്റെ ഉടമസ്ഥരായ ഡല്‍ഹി പ്രസും ഈ മേഖലയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ ഓഫീസില്‍ നിന്ന് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആര്‍.എസ്.എസിന്റെ പുതിയ ആസ്ഥാനം ഉയര്‍ന്ന് വരുന്നത് ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. Alleged RSS land encroachment at Jhandewalan Temple and Sankat Mochan Dham
തുടരും.
നാളെ: ആര്‍.എസ്.എസിന്റെ ഡല്‍ഹി പ്രവേശവും ഗാന്ധി വധത്തിന് ശേഷമുള്ള കാലവും
Content Summary; Alleged RSS land encroachment at Jhandewalan Temple and Sankat Mochan Dham
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.