June 13, 2026 |
Avatar
അമൃത സിംഗ്
Share on

25000 ചതുരശ്രമീറ്റര്‍ വലിപ്പത്തിലുള്ള ഝണ്ഡേവാലന്‍ ഭൂമിയും സമീപത്തെ കയ്യേറ്റങ്ങളും

ദി കാരവന്‍ പ്രസിദ്ധീകരിച്ച, അമൃത സിംഗ് എഴുതിയ ദീര്‍ഘ ലേഖനത്തിന്റെ വിവര്‍ത്തനം. ഭാഗം-9

കാരവന്‍ മാസികയില്‍ അമൃത സിങ് എഴുതിയ ‘രേഖകളില്ലാത്ത ആര്‍.എസ്.എസ്, ആരോടും ബാധ്യതയില്ലാത്ത ഒരു സംഘടനയുടെ രഹസ്യഘടനയുടെ രൂപരേഖ’ എന്ന ദീര്‍ഘ ലേഖനത്തിന്റെ പരിഭാഷയുടെ ഒമ്പതാം. മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം. വിവര്‍ത്തനം; ശ്രീജിത്ത് ദിവാകരന്‍)

1990 ജനുവരിയില്‍, ഝണ്ഡേവാലന്‍ ക്ഷേത്രത്തിന് 25,000 ചതുരശ്ര മീറ്റര്‍ ഭൂമി -ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തേക്കാള്‍ വലുപ്പം വരുമിത്- സ്വന്തമായിട്ടുണ്ടെന്നും ഇത് അതിന്റെ ഉടമസ്ഥന്‍ വിവിധ സ്വകാര്യവ്യക്തികളില്‍ നിന്ന് വാങ്ങിയതാണ് എന്നും, ഡല്‍ഹി ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാണിച്ചു. ബദ്രി ഭഗത് ഝണ്ഡേവാലന്‍ ടെമ്പിള്‍ സൊസൈറ്റിയും (ബി.ബി.ജെ.റ്റി.എസ്) ഡല്‍ഹി വികസന അഥോറിറ്റിയും (ഡി.ഡി.എ) തമ്മിലുള്ള നിയമതര്‍ക്കത്തില്‍ വിധി പറയുകയായിരുന്നു കോടതി.

1982 നവംബര്‍ 30ന് ബി.ബി.ജെ.റ്റി.എസ് സ്ഥിതി ചെയ്യുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നും അത് വിട്ട് നല്‍കി മുപ്പത് ദിവസത്തിനുള്ളില്‍ സ്ഥലമൊഴിയണം എന്നും ചൂണ്ടിക്കാണിച്ച് ഡി.ഡി.എ നോട്ടീസ് നല്‍കി. ഈ ഭൂമി മതപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ മാത്രമേ അനുവാദമുള്ളൂ, പക്ഷേ വെറും ആയിരം ചതുരശ്ര മീറ്റര്‍ സ്ഥലം മാത്രമേ അതിനായി ഉപയോഗിക്കുന്നുള്ളൂ എന്നതും നോട്ടീസ് ചൂണ്ടിക്കാണിച്ചു. ഇതോടെ ക്ഷേത്ര ട്രസ്റ്റ് ഡി.ഡി.എക്കെതിരെ കേസ് കൊടുത്തു. നോട്ടീസ് പിന്‍വലിക്കണമെന്നും ക്ഷേത്രത്തിന്റേയും പരിസരത്തിന്റേയും ‘ഉടമസ്ഥത, നിയന്ത്രണം, കാര്യനിര്‍വ്വഹണം’ എന്നീ കാര്യങ്ങളില്‍ ഡി.ഡി.എ ഇടപെടരുത് എന്നും ആവശ്യപ്പെട്ടായിരുന്നു കേസ്. ‘ഡല്‍ഹിയിലെ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ച എത്രയോ ഗുരുദ്വാരകള്‍ക്കോ മസ്ജിദുകള്‍ക്കോ എതിരെ’ യാതൊരു തരത്തിലുള്ള നിയമനടപടികളും ഡി.ഡി.എ ഒരിക്കലും കൈക്കൊണ്ടിട്ടില്ല എന്ന് ട്രസ്റ്റ് വാദിച്ചു.

രണ്ട് വര്‍ഷം കഴിഞ്ഞ് ബി.ബി.ജെ.റ്റി.എസിനെതിരെ ഒരു കേസ് വന്നു. സ്വയം ‘സനാതന ഹിന്ദുക്കള്‍’ എന്ന് വിശേഷിപ്പിക്കുന്ന നാലുപേരാണ് ഝണ്ഡേവാലന്‍ ക്ഷേത്ര പരിസരം ട്രസ്റ്റികള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് പറഞ്ഞ് കേസ് കൊടുത്തത്. ബദ്രി ദാസിന്റെ ദത്തെടുക്കപ്പെട്ട പ്രപ്രൗത്രനായ പ്രേം നാഥ് കപൂറിനെതിരെയായിരുന്നു കേസ്. ‘അധികാര ദുര്‍വിനിയോഗം’നടത്തുന്നുവെന്നും ആര്‍.എസ്.എസിന് ഭൂമി പാട്ടത്തിന് നല്‍കി, ഭക്തര്‍ നല്‍കുന്ന കാണിക്കയില്‍ നിന്നുള്ള ഫണ്ട് ദുരുപയോഗം ചെയ്തു, തുടങ്ങിയ അനഭലഷണീയമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. എന്നാല്‍ വ്യവഹാരം നടത്താനുള്ള അവകാശം പരാതിക്കാര്‍ക്കില്ല എന്ന് ചൂണ്ടിക്കാണിച്ച് കോടതി ഈ പരാതികള്‍ തള്ളി.

1944-ല്‍ ബദ്രി ഭഗത് ദാസിന്റെ കൊച്ചുമകന്‍ ശ്യാം സുന്ദറാണ് സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ടിന് കീഴില്‍ ബി.ബി.ജെ.റ്റി.എസ് രജിസ്റ്റര്‍ ചെയ്തത്. അതിന് മുമ്പ് രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുകയായിരുന്നു- ആര്‍.എസ്.എസ് ഡല്‍ഹി പ്രാന്ത് മുന്‍ അധ്യക്ഷനും ബി.ബി.ജെ.റ്റി.എസിന്റെ ട്രസ്റ്റംഗങ്ങളില്‍ ഒരാളുമായ കല്‍ഭൂഷണ്‍ അഹൂജ പറഞ്ഞു. ക്ഷേത്രഭൂമി സംരക്ഷിക്കുന്നതിനായാണ്, പ്രത്യേകിച്ച് പരിസത്തെ പഹാഡി ധീരജ് പ്രദേശത്തുള്ളര്‍ അതിക്രമിച്ച് കയറുന്നത് തടയാനാണ് രജിസ്റ്റര്‍ ചെയ്തത് എന്നാണ് ബി.ബി.ജെ.റ്റി.എസ് കോടതിയില്‍ വാദിച്ചത്. അവരുടെ പ്രതിസന്ധികളിലൊന്ന് ഭക്തര്‍ക്ക് ക്ഷേത്രത്തിലെത്തണമെങ്കില്‍ ഒരു അറവുശാല പരിസരം കടക്കണം എന്നതായിരുന്നു. അത് ഒരു വര്‍ഗീയ സംഘര്‍ഷത്തിന് വഴി വെട്ടാവുന്ന കാരണമായിരുന്നു. ‘ഡല്‍ഹി ബിറ്റ്വീന്‍ ടു എംപയേഴ്സ്’ എന്ന പുസ്തകത്തില്‍ നാരായണി ഗുപ്ത 1924-ലെ ബക്രീദ് സമയത്ത് ഝണ്ഡേവാലന്‍ പരിസരത്ത് ഒരു കലാപം നടന്നതായി ചൂണ്ടിക്കാണിക്കുന്നുണ്ട്. പഹാഡി ധീരജിലെ അറവുകാരും സദര്‍ ബസാറിലെ ജാട്ടുകളും തമ്മിലായിരുന്നു അത്.

1947 ആഗസ്ത് ഒന്നിന്, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് രണ്ടാഴ്ച മുമ്പ്, ഗോള്‍വള്‍ക്കര്‍ 11957 ചതുരശ്ര മീറ്റര്‍ ഭൂമി ഝണ്ഡേവാലന്‍ ടെമ്പിള്‍ സൊസൈറ്റിയില്‍ നിന്ന് പാട്ടത്തിനെടുത്തു. ക്ഷേത്രഭൂമിയില്‍ അനധികൃത കച്ചവടം നടത്തുന്ന കയ്യേറ്റക്കാരെ ഒഴിപ്പിച്ച് ആ ഭൂമി നന്നാക്കിയെടുക്കുക എന്നായിരുന്നു അവരുടെ പരിപാടി. അതില്‍ ചില പ്രായോഗിക താത്പര്യങ്ങളുമുണ്ടായിരുന്നുവെന്ന് കല്‍ഭൂഷണ്‍ അഹൂജ പറയുന്നു. ‘അത് വളരെ വലിയ ഭൂമിയായിരുന്നു. ക്ഷേത്ര സൊസൈറ്റിക്ക് മാത്രമായി ആ ഭൂമി നിയന്ത്രിക്കുക അസാധ്യമായിരുന്നു. വാടകയില്‍ നിന്ന് വരുമാനമുണ്ടാകുക പ്രധാനമായിരുന്നു. ആ സമയത്ത് ധാരാളം വീടുകള്‍ പല സമയങ്ങളിലായി വാടകയ്ക്ക് കൊടുത്തിരുന്നു. പല കുടികിടപ്പുകാരും ഉണ്ടായി. അതിന്റെ കൂടെ അനിധികൃത താമസക്കാരും വന്നു’-അദ്ദേഹം പറഞ്ഞു.

1969-ല്‍ ശ്രീ കേശവ് സ്മാരക് സമിതി (എസ്.കെ.എസ്.എസ്) രജിസ്റ്റര്‍ ചെയ്തപ്പോള്‍ ബി.ബി.ജെ.റ്റി.എസ് ഭൂമി അവരുടെ പേര്‍ക്ക് മാറ്റി നല്‍കി. 1970-ല്‍ രണ്ട് പാട്ടക്കരാറുകള്‍ കൂടി എസ്.കെ.എസ്.എസുമായി വെറും നൂറുരൂപ മാസവാടകയ്ക്ക് ബി.ബി.ജെ.റ്റി.എസ് ഉണ്ടാക്കി. ഈ പാട്ട രേഖകള്‍ അനുസരിച്ച് എസ്.കെ.എസ്.എസിന് ഈ ഭൂമിയില്‍ കെട്ടിടം പണിയാനും മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കാനും കഴിയുമായിരുന്നു. 1990 ആയപ്പോഴേയ്ക്കും എസ്.കെ.എസ്.എസിന്റെ പക്കലുള്ള പാട്ട ഭൂമി 16,431 ചതുരശ്ര മീറ്ററായി. പതിനഞ്ച് കൊല്ലം മുമ്പുവരെ ഈ ഭൂമിയില്‍ ഒരു അഖാഡ (ജിംനേഷ്യം), രണ്ട് സ്‌കൂളുകള്‍, ഡെബ്റ്റ് റെക്കവറി ട്രിബൂണലിന്റെ ബാര്‍ അസോസിയേഷന്‍ ഓഫീസ് എന്നിവയും ചില വീടുകളും ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ അവയൊന്നും അവിടെയില്ല. അവരെല്ലാം ഒഴിപ്പിച്ചുവെന്ന് എസ്.കെ.എസ്.എസിന്റെ അധ്യക്ഷന്‍ അലോക് കുമാര്‍ പറഞ്ഞു. അതിനായി നിയമയുദ്ധങ്ങള്‍ പലതും നടത്തേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘അക്കൂട്ടത്തില്‍ കയ്യേറ്റക്കാരും ഉണ്ടായിരുന്നു. ചിലര്‍ പഴയ വാടകക്കാരായിരുന്നു. ഒരു സ്‌ക്കൂളുമുണ്ടായിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട് നിന്ന നിയമപോരാട്ടം വേണ്ടി വന്നു അവരെ ഒഴിപ്പിക്കാന്‍. ഇപ്പോള്‍ കയ്യേറ്റക്കാരും വാടകക്കാരുമില്ല. ഭൂമി മുഴുവന്‍ ഞങ്ങളുടേതാണ്.”-അലോക് കുമാര്‍ വിശദീകരിച്ചു.

ഡി.ഡി.എയുമായുള്ള കേസ് വിജയിക്കാനും ബി.ബി.ജെ.റ്റി.എസ്-നെ സഹായിച്ചത് ദീര്‍ഘകാലമായുള്ള ഭൂമിയുടെ കൈവശാവകാശമാണ്. കോടതി കുടിയൊഴിപ്പിക്കല്‍ ഉത്തരവിന് സ്റ്റേ നല്‍കി. പക്ഷേ കോടതിയില്‍ ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്റെ വാദം വന്നപ്പോള്‍ ഡി.ഡി.എ കേസില്‍ ഹാജറായി പോലുമില്ല. 1988-ല്‍ കോടതിയില്‍ ഡി.ഡി.എ യാതൊരു തെളിവും ഹാജറാക്കാന്‍ തയ്യാറാവാത്തത് കൊണ്ടും അഭിഭാഷകര്‍ കോടതിയില്‍ ഹാജറാകാത്തത് കൊണ്ടും കേസ് തള്ളാനുള്ള നടപടിക്രമങ്ങള്‍ കോടതി ആരംഭിച്ചു. കോടതി ബി.ബി.ജെ.റ്റി.എസിന് അനുകൂലമായി വിധിക്കുകയും ചെയ്തു. പിന്നീട് ഡി.ഡി.എ അവകാശപ്പെട്ടത് കേസ് എതിര്‍കക്ഷിയുടെ അഭാവത്തില്‍ വിധിയായ കാര്യം തങ്ങളറിഞ്ഞില്ല എന്നാണ്. 1985-ല്‍ നടപടിക്രമങ്ങളുടെ ഇടയില്‍ തങ്ങളുടെ അഭിഭാഷകന്‍ മാറിയെന്നും പുതിയ ആള്‍ ഈ നടപടിക്രമങ്ങളെ കുറിച്ച് തങ്ങളെ അറിയിച്ചില്ലെന്നും കാണിച്ച് ഡി.ഡി.എ ഈ ഉത്തരവ് മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കി. ഡി.ഡി.എയുടെ ഈ ഹര്‍ജി 2003-ലാണ് കോടതി തള്ളുന്നത്. പ്രതികരണമാവശ്യപ്പെട്ട് ഡി.ഡി.എയെ സമീപിച്ചുവെങ്കിലും അവര്‍ എന്റെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.

ബി.ബി.ജെ.റ്റി.എസിന്റെ തുടരുന്ന പല നിയമയുദ്ധങ്ങളിലും 1990-ലെ ഈ കോടതി വിധി കടന്ന് വരുന്നുണ്ട്; പ്രത്യേകിച്ചും കേശവ് കുഞ്ജിനോട് ചേര്‍ന്നും ഝണ്ഡേവാലന്‍ ക്ഷേത്രത്തിന് പുറകിലുമുള്ള ഒരു കൂട്ടം വീടുകളുടെ അവകാശത്തര്‍ക്കത്തില്‍.

വീടുകള്‍ ഒഴിഞ്ഞ് പോകാന്‍ വേണ്ടി ബി.ബി.ജെ.റ്റി.എസ് തങ്ങളെ നിരന്തരം ഉപദ്രവിക്കുകയാണെന്ന് അവിടെ താമസിക്കുന്ന ഒട്ടേറെ വീട്ടുകാര്‍ എന്നോട് പറഞ്ഞു. ‘ഇത് സംബന്ധിച്ച ഞാന്‍ എത്ര അഭിമുഖങ്ങള്‍ കൊടുത്തതാണ്. പക്ഷേ ഒരു മാധ്യമസ്ഥാപനങ്ങളും അത് പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല.”-ഓം പ്രകാശ് പറഞ്ഞു. മിക്കവാറും മാധ്യമങ്ങള്‍ ആര്‍.എസ്.എസിനോട് ചായ്വുള്ളവ ആയതിനാല്‍ പലരും ഭൂമിയുടെ രേഖപോലും കാണിക്കാന്‍ തയ്യാറായില്ല. ഒരു പരാതിക്കാരന്‍ എന്നോട് പറഞ്ഞു. ‘എന്നേം നിങ്ങളേം അവര്‍ വെടിവെച്ച് കൊല്ലും.’

ഓംപ്രകാശ് എനിക്ക് രേഖകളും വിശദാംശങ്ങളും കാണിച്ച് തന്നു. ഇതേ കേസിന്റെ മറ്റൊരു പരാതിയും രേഖകളും എനിക്ക് ലഭിച്ചു. സ്വകാര്യ ഭൂമിയില്‍ നില്‍ക്കുന്ന വീടുകള്‍ അവരുടെ ഭൂമിയിലാണ് എന്ന് ബി.ബി.ജെ.റ്റി.എസ് തെറ്റായി അവകാശപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘ആരും നിങ്ങളോട് സംസാരിക്കില്ല’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങളെ കാണാന്‍ വരുന്നവരില്‍ 99.5 ശതമാനവും ആര്‍.എസ്.എസുകാരോ ക്ഷേത്രത്തിന്റെ ആള്‍ക്കാരോ ആകും.”-അദ്ദേഹത്തിന്റെ രണ്ട് നിലയുള്ള വീട് കേശവ് കുഞ്ജിനോട് ചേര്‍ന്നുള്ള ഒരു ലെയിനിലാണ്. അറുപത് വയസിന് മുകളില്‍ പ്രായമുള്ള ഓം പ്രകാശ് പറയുന്നത് അദ്ദേഹത്തിന്റെ അച്ഛന്‍ ഈ വീട് നേരത്തേ വാടകയ്ക്ക് എടുത്തിരുന്നതാണ്. 19980-ല്‍ ഉടമസ്ഥനായ ഗോകുല്‍ ചന്ദ് ആ വീടിവര്‍ക്ക് നല്‍കുകയായിരുന്നു. ‘2019-ല്‍ ഒരു രാത്രി അഞ്ഞൂറോളം ആര്‍.എസ്.എസുകാര്‍ ഇവിടെയ്ക്ക് കടന്നു വന്ന് ഇടതുവശത്തുള്ള മുറി പൂട്ടിയിട്ടു. ‘അന്ന് മുതല്‍ അവര്‍ ഞങ്ങളെ ഉപദ്രവിക്കാന്‍ തുടങ്ങിയതാണ്. രാത്രി ഒരു മണിക്കൊക്കെ മദ്യപിച്ച് ഒരു കൂട്ടമാളുകളെത്തി വീട് വിട്ട് പോകാന്‍ പറഞ്ഞ് ഞങ്ങളെ ഭീഷണിപ്പെടുത്തും.” അമ്പലത്തിന്റെ ആളുകള്‍ ചതുരശ്ര അടിക്ക് 50,000 രൂപവച്ച് ഇവര്‍ക്ക് വാഗ്ദാനം ചെയ്ത് ആ വീടും ഭൂമിയും വാങ്ങാന്‍ ശ്രമിച്ചെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍ അവിടത്തെ വിപണി വില ചതുരശ്ര അടിക്ക് അഞ്ച് ലക്ഷം രൂപയാണ്. മറ്റൊരു താമസക്കാരനും അമ്പലക്കാര്‍ ആ ലെയിനിലെ വീടുകള്‍ വാങ്ങാന്‍ ശ്രമിച്ചതായി ആവര്‍ത്തിച്ചു.

‘അവര് അര്‍ത്ഥമില്ലാത്ത കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ്’-ഇതേ കുറിച്ചും സമീപത്തെ വീട്ടുകാര്‍ ആരോപിക്കുന്ന ഉപദ്രവങ്ങളെ കുറിച്ചും ചോദിച്ചപ്പോള്‍ കല്‍ഭൂഷണ്‍ അഹൂജ പറഞ്ഞു. ‘എല്ലാവര്‍ക്കും നിയമത്തെ ആശ്രയിക്കാമല്ലോ! നിങ്ങളോട് ഇതൊക്കെ പറഞ്ഞിട്ടെന്തിനാ? അവര്‍ പോലീസില്‍ പരാതി നല്‍കട്ടെ. അവര്‍ കോടതിയെ സമീപിക്കട്ടെ.”-അദ്ദേഹം പറഞ്ഞു.

ആ ലെയിനിലെ വീടുകളില്‍ ഏതാണ്ട് നൂറിലേറെ പേരുണ്ട്. അതില്‍ ചിലര്‍ രാജസ്ഥാനില്‍ നിന്നുള്ള കന്‍വാര്‍ വിഭാഗത്തില്‍ പെട്ടവരാണ്. എന്നാല്‍ പരമ്പരാഗതമായി ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ബ്രാഹ്‌മണരും ഠാക്കൂര്‍മാരുമാണ് ഏറെ പേരും. കഴിഞ്ഞ മൂന്ന് പൊതു തിരഞ്ഞെടുപ്പിലും നരേന്ദ്ര മോദിക്കാണ് വോട്ട് ചെയ്തത് എന്ന് ഓം പ്രകാശ് പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രത്തിന് സംഭാവനയും ചെയ്തു. ‘ഞങ്ങള്‍ നിങ്ങളുടെ ആളുകളാണ്. എന്നിട്ടും ഞങ്ങളെ എന്തിനാണ് നിങ്ങള്‍ ഉപദ്രവിക്കുന്നത്?’-ഓം പ്രകാശ് ചോദിക്കുന്നു.

ബി.ജെ.പിയേയും ബിബിജെറ്റിഎസിനേയും കൂടാതെ മിക്കവാറും താമസക്കാര്‍ ആവര്‍ത്തിച്ച പേര് അഹൂജയുടേതാണ്. ആ ലെയ്നില്‍ ഏറ്റവും അറിയപ്പെടുന്ന ആള്‍ അഹൂജയാണ്. ‘ഏത് കയ്യേറ്റക്കാരോട് ചോദിച്ചാലും അവര്‍ പറയും അവരിവിടെ നൂറ് വര്‍ഷമായി താമസിക്കുന്നത് എന്ന്, അവര്‍ക്ക് സ്വഭാവികാവകാശം ഭൂമിയിലുണ്ട് എന്ന്.’-അഹൂജ പറഞ്ഞു. ‘ചിലര്‍ പറയും അമ്പത് വര്‍ഷമായി അവിടെയാണെന്ന്. എന്നാല്‍ ശരി. ഞങ്ങള്‍ക്കിത്രയേ പറയാനുള്ളൂ- സഹോദരാ, ശരി. നിങ്ങള്‍ അവകാശം കോടതിയില്‍ തെളിയിക്കൂ. ആരാണ് നിങ്ങളെ തടയുന്നത്? പക്ഷേ നിങ്ങള് അവിടെ എന്തെങ്കിലും നിര്‍മാണ പരിപാടി ആരംഭിക്കുകയാണേല്‍ ഞങ്ങള്‍ നോട്ടീസ് നല്‍കും. കോടതിയില്‍ തെളിയിക്കൂ. നിങ്ങളുടെ ഉടമസ്ഥാവകാശം സ്ഥാപിക്കൂ.’- അഹൂജ പറഞ്ഞു.

ആ ലെയിനില്‍ കുറച്ച് ചെറിയ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു, പത്തുനൂറു കണക്കിന് വര്‍ഷം മുമ്പ് സ്ഥാപിക്കപ്പെട്ടത്. അതിലൊന്ന് പൂട്ടി സീല്‍ വച്ചതായി ഓം പ്രകാശ് ആരോപിച്ചു. ഇത് ബി.ബി.ജെ.റ്റി.എസിന് വിറ്റതാണെന്നാണ് പറയുന്നത്. ഒരു വിവാഹ ബ്യൂറോ നടത്തുകയും അതിനടത്തുള്ള ചെറിയ ക്ഷേത്രത്തിലിരിക്കുകയും ചെയ്യുന്ന അശോക് ശാസ്ത്രിയും അത് ശരിവച്ചു. എന്നാല്‍ വിശദാംശങ്ങള്‍ പറയാന്‍ വിസമ്മതിച്ചു. താനൊരു ഹിന്ദു ദേശീയവാദിയാണെന്ന് അദ്ദേഹം സ്വയം അവകാശപ്പെട്ടു. ‘ഫേസ്ബുക്കില്‍ പോലും എനിക്ക് മുസ്ലീം സുഹൃത്തുക്കളില്ല.’-അയാള്‍ പറഞ്ഞു.

മന്ദിര്‍വാലേ ഹറാമി ഹേ!- അമ്പലത്തിന്റെ ആള്‍ക്കാര്‍ തന്തക്ക് പിറക്കാത്തവരാണ്- അറുപത് വയസിനോടടുത്ത് പ്രായമുള്ള ശകുന്തള എന്ന സ്ത്രീ എന്നോട് പറഞ്ഞു. ‘എല്ലാവരുടേയും ഭൂമി പിടിച്ചെടുക്കുമെന്നാണവരുടെ ഭീഷണി.”-ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഫൂലന്‍ വാലി ഗലി എന്ന ഇടുങ്ങിയ വഴിയില്‍ താമസിക്കുകയാണവര്‍. അതേ ലെയിനില്‍ താമസിക്കുന്ന ജ്യോതി കന്‍വാര്‍ എന്ന മുപ്പതുകാരിയും അമ്പലക്കാരുടെ ഉപദ്രവം സംബന്ധിച്ച ശകുന്തളയുടെ പരാതി ആവര്‍ത്തിച്ചു. ബി.ബി.ജെ.റ്റി.എസ് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് ഏതാണ്ട് അമ്പതോളം വീട്ടുകാര്‍ അവിടെ നിന്ന് ഒഴിഞ്ഞ് പോയതായി അവര്‍ പറഞ്ഞു. അമ്പലത്തിനോട് അടുത്ത് ഒരു ചെറിയ കട നടത്തുന്ന വയോധികയായ ഗീത ശര്‍മ്മ എന്ന സ്ത്രീയുടെ അടുത്തേക്ക് ജ്യോതി എന്നെ കൊണ്ടുപോയി. ‘ഒരു കൂട്ടം ആളുകള്‍ വന്ന് എന്റെ പണമെടുത്ത് കടന്ന് കളഞ്ഞു.’-അവര്‍ പറഞ്ഞു. അമ്പലക്കാരുടെ ഉപദ്രവങ്ങളെ കുറിച്ച് അവിടത്തെ കൂടുതല്‍ ആളുകള്‍ മിണ്ടാത്തത് ഭയമുള്ളത് കൊണ്ടാണെന്ന് ജ്യോതി പറഞ്ഞു. ആ വഴിയിലൂടെ ക്ഷേത്ത്രിലേയ്ക്ക് നടക്കുമ്പോള്‍ കുറേ വീടുകള്‍ ഒഴിഞ്ഞതായി കാണാം. അത് കഴിയുമ്പോഴേയ്ക്കും തകര പാട്ടകള്‍ കൊണ്ട് മറച്ച ക്ഷേത്രത്തിന്റെ നിര്‍മ്മാണ മേഖല കാണാനാകും.

ചില ആരോപണങ്ങള്‍ നേരിട്ട് കേശവ് കുഞ്ജിനെതിരെയാണ്. ഏതാണ്ട് എണ്‍പത് വയസ് പ്രായമുള്ള മോറാ ദേവി എന്നോട് പറഞ്ഞത് അവര്‍ ഇപ്പോള്‍ കേശവ് കുഞ്ജ് നിലനില്‍ക്കുന്ന ഭൂമിയില്‍ സ്വന്തം ഭൂമിയിലെ വീട്ടില്‍ കുടുംബമായി താമസിച്ചിരുന്നതാണ് എന്നാണ്. പന്ത്രണ്ട് വര്‍ഷം മുമ്പ് അവരെ ബലമായി കുടിയിറക്കുകയായിരുന്നു എന്നാണ് ആരോപണം. കേശവ് കുഞ്ജിന് എതിരെയുള്ള ബ്ലോക്കില്‍ ഒരു ചായക്കട നടത്തുന്ന അശോക് ശ്രീവാസ്തവ, ഇതിനോട് അടുത്തായി ഉണ്ടായിരുന്ന ‘ശ്രീവാസ്തവ ധര്‍മ്മശാല’ നടത്തിയിരുന്ന കുടുംബത്തിന്റെ ബന്ധുവാണ്. ‘ഏതാണ്ട് പന്ത്രണ്ട് കൊല്ലം മുമ്പ് ആര്‍.എസ്.എസ് ധര്‍മ്മശാലയുടെ എട്ട് മീറ്ററോളം ഭാഗം പൊളിച്ച് കളഞ്ഞു. അതിന് പണം നല്‍കുമെന്ന് അവര്‍ പറഞ്ഞുവെങ്കിലും ഇതുവരെ ഒന്നും കൊടുത്തിട്ടില്ല.’-എന്നാല്‍ കുടുംബം അതേ കുറിച്ച് സംസാരിക്കാന്‍ തയ്യാറല്ല എന്നും അതെല്ലാം പരിഹരിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്.കെ.എസ്.എസ് അധ്യക്ഷന്‍ അലോക് കുമാറിനോട് ഞാന്‍ ഇതേ കുറിച്ച് ചോദിച്ചു. ‘കേശവ് കുഞ്ജിനെ കുറിച്ചാണെങ്കില്‍ ഒരു കാര്യം ഞാന്‍ ഉറപ്പിച്ച് പറയാം. ഞങ്ങള്‍ക്ക് ഒന്നും നശിപ്പിക്കേണ്ട ആരാവശ്യവുമില്ല. ഇവിടെ ഈ പ്രദേശത്ത് ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി ഇവിടെയുണ്ടായിരുന്ന കയ്യേറ്റക്കാരേയും വാടകക്കാരേയും ഞങ്ങള്‍ ഒഴിപ്പിച്ചിട്ടുണ്ട്. പക്ഷേ അത് പരസ്പരമുള്ള ധാരണ പ്രകാരമോ കോടതി വഴിയുള്ള നിയമനടപടികള്‍ വഴിയോ ആണ്.”-അലോക് കുമാര്‍ പറഞ്ഞു. അവരോ ക്ഷേത്ര സൊസൈറ്റിയോ നിര്‍മ്മാണ പ്രവര്‍ത്തിക്ക് വേണ്ടിയോ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നതിന്റെ ഭാഗമായിട്ടോ നിയമവിരുദ്ധമായ ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന് കല്‍ഭൂഷണ്‍ അഹൂജയും അലോക് കുമാറും ഉറപ്പിച്ച് പറഞ്ഞു.

അഹൂജ പറയുന്നത് അവിടത്തെ പല താമസക്കാരും പണം തന്നാല്‍ ക്ഷേത്രത്തിന് അവരുടെ സ്ഥലം സന്തോഷത്തോടെ വിട്ടു നല്‍കാം എന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട് എന്നാണ്. ‘എന്തിനാണ് പണം നല്‍കേണ്ടത് എന്ന് ഞങ്ങളപ്പോള്‍ ചോദിക്കും.’-അഹൂജ പറഞ്ഞു. ‘ഇപ്പോള്‍ അവര്‍ ജീവിക്കുന്നത് ഒരു ചേരി പ്രദേശത്താണ്. അവരുടെ വീടുകള്‍ പൊട്ടിപ്പൊളിഞ്ഞതാണ്. നിങ്ങള് പോയി നോക്കണം.’അവിടെ നടക്കുന്ന കാര്യങ്ങള്‍ അവര്‍ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെന്നും അഹൂജ കൂട്ടിച്ചേര്‍ത്തു. ‘ആരെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുകയോ വാടകയ്ക്ക് താമസിക്കുകയോ ചെയ്താല്‍ ഞങ്ങള്‍ നോട്ടീസ് നല്‍കും.’

ആര്‍.എസ്.എസ് ആണ് ഉത്തരവുകള്‍ നല്‍കുന്നതെന്നാണ് അവിടത്തെ താമസക്കാരുടെ പൊതുധാരണയെന്ന് ജ്യോതി കന്‍വാര്‍ പറഞ്ഞു. ‘ഈ പ്രശ്നമെല്ലാം സാമ്പത്തികമാണ്.’-ഓം പ്രകാശ് പറഞ്ഞു. ‘അവരുടെ സ്വന്തം സര്‍ക്കാരാണ് ഭരിക്കുന്നത്. ആര് എന്ത് പറയാനാണ്?’. ക്ഷേത്രത്തിന്റെ വികസനം ഒക്കെ ഒരു തുടക്കം മാത്രമാണെന്നാണ് ഓം പ്രകാശിന്റെ ഭയം.”ഇനിയിവിടെ നടക്കാന്‍ പോകുന്നതെല്ലാം ക്ഷേത്രത്തിന്റെ പേരിലായിരിക്കും. പിന്നെ അത് അവര്‍ ആര്‍.എസ്.എസിന് പാട്ടത്തിന് നല്‍കും.’-അദ്ദേഹം പറഞ്ഞു. RSS Jhandewalan land and nearby encroachments

തുടരും.

(നാളെ: രേഖകളില്ലാത്ത ആര്‍.എസ്.എസിന്റെ സുരക്ഷയ്ക്ക് ഒരു പതിറ്റാണ്ടില്‍ രാജ്യത്തിന് ചെലവ് നൂറ്റമ്പത് കോടി; കോടതികള്‍ക്ക് മൗനം )

Content Summary; RSS Jhandewalan land and nearby encroachments

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×