June 23, 2026 |
Share on

‘3,000 ബിഗ്ഹ ഭൂമി സ്വകാര്യ കമ്പനിക്കോ? അസമിലെ ഭൂമി ഇടപാടിൽ സർക്കാരിനെതിരെ ഹൈക്കോടതി

ഭൂമി അനുവദിച്ചതിലൂടെ തങ്ങളെ കുടിയൊഴിപ്പിക്കുകയാണെന്ന് ആരോപിച്ച് പ്രദേശവാസികളാണ് ഹർജി നൽകിയത്

അസമിലെ ആദിവാസി ഭൂരിപക്ഷ ജില്ലയായ ദിമ ഹസാവോയിൽ ഒരു സ്വകാര്യ കമ്പനിക്ക് 3,000 ബിഗ്ഹ (ഏകദേശം 4 ചതുരശ്ര കിലോമീറ്റർ) ഭൂമി അനുവദിച്ചതിനെതിരെ ഗുവാഹത്തി ഹൈക്കോടതിയുടെ രൂക്ഷമായ വിമർശനം. ഇത്രയധികം ഭൂമി ഒരു സിമന്റ് ഫാക്ടറിക്ക് നൽകിയത് ഏത് നയത്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് വിശദീകരിക്കാൻ കോടതി അസം സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇന്ത്യൻ ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം സ്വയംഭരണ കൗൺസിലിന് കീഴിലുള്ള ഗോത്രവർഗ്ഗ ജില്ലയാണ് ദിമ ഹസാവോ. 2024 ഒക്ടോബറിൽ കൊൽക്കത്ത ആസ്ഥാനമായുള്ള മഹാബൽ സിമന്റ് പ്രൈവറ്റ് ലിമിറ്റഡിന് 2,000 ബിഗ്ഹ ഭൂമിയും, നവംബറിൽ അതിനടുത്തുള്ള 1,000 ബിഗ്ഹ ഭൂമിയും അനുവദിച്ചു. ആകെ 3,000 ബിഗ്ഹ ഭൂമി സിമന്റ് പ്ലാന്റ് സ്ഥാപിക്കാൻ വേണ്ടിയാണ് അനുവദിച്ചത്.

ഈ വർഷം ഫെബ്രുവരിയിൽ നടന്ന ‘അഡ്വാന്റേജ് അസം 2.0’ നിക്ഷേപക സംഗമത്തിൽ, മഹാബൽ സിമന്റ് 11,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഈ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് രണ്ട് ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഭൂമി അനുവദിച്ചതിലൂടെ തങ്ങളെ കുടിയൊഴിപ്പിക്കുകയാണെന്ന് ആരോപിച്ച് പ്രദേശവാസികളാണ് ഹർജി നൽകിയത്. കമ്പനിയുടെ അഭിഭാഷകൻ ഭൂമിയുടെ അളവ് 3,000 ബിഗ്ഹ ആണെന്ന് പറഞ്ഞപ്പോൾ ജസ്റ്റിസ് സഞ്ജയ് കുമാർ മേധി അത്ഭുതത്തോടെ പ്രതികരിച്ചു:

“3,000 ബിഗ്ഹ! എന്താണ് ഇവിടെ നടക്കുന്നത്? ഒരു സ്വകാര്യ കമ്പനിക്ക് 3,000 ബിഗ്ഹ ഭൂമിയോ? ഇത് എന്തുതരം തീരുമാനമാണ്? ഇതൊരു തമാശയാണോ?” തുടർന്ന് കോടതി, ഭൂമി അനുവദിക്കാൻ ഉപയോഗിച്ച നയങ്ങളും നടപടിക്രമങ്ങളും വിശദീകരിക്കാൻ ആവശ്യപ്പെട്ടു. കോടതിയുടെ ഉത്തരവിൽ, ഇത്രയും വലിയ ഭൂമി അനുവദിച്ചത് “അസാധാരണം” എന്ന് വിശേഷിപ്പിച്ചു.

ദിമ ഹസാവോ ആറാം ഷെഡ്യൂൾ ജില്ലയായതിനാൽ, അവിടുത്തെ ഗോത്രവർഗ്ഗക്കാരുടെ അവകാശങ്ങൾക്കും താൽപര്യങ്ങൾക്കും മുൻഗണന നൽകണമെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, ഈ പ്രദേശം ചൂടുനീരുറവകൾ, ദേശാടനപ്പക്ഷികൾ, വന്യജീവികൾ എന്നിവയുള്ള ഒരു പരിസ്ഥിതി ഹോട്ട്‌സ്‌പോട്ട് ആണെന്നും കോടതി ഓർമ്മിപ്പിച്ചു. ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി. നിലവിൽ ദിമ ഹസാവോയിലെ ഉംറാംഗ്‌സോ മേഖലയിൽ കൽക്കരി, ചുണ്ണാമ്പുകല്ല്, ഗ്രാനൈറ്റ് എന്നിവയുടെ ഖനനവും സിമന്റ് പ്ലാന്റും പ്രവർത്തിക്കുന്നുണ്ട്.

content summary: Gauhati High Court on cement company being allotted 3,000 bighas in Assam’s tribal district

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×