സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, പട്ടികജാതി , പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ എണ്ണം വളരെയധികം കുറവാണെന്ന് ചൂണ്ടിക്കാണിച്ച പാർല്യമെന്ററി സമിതി അത് പരിഹാരിക്കൻ, ദളിത്/ആദിവാസി/പിന്നാക്ക സംവരണം ജനസംഖ്യാനുപാതികമായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കണമെന്ന് ശുപാർശ ചെയ്തു.
വിദ്യാഭ്യാസം, വനിത, കുട്ടികൾ, യുവജനങ്ങൾ, കായികം എന്നിവയെക്കുറിച്ചുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ 370-ാമത് റിപ്പോർട്ടിന്റെ ഭാഗമാണ് ഈ ശുപാർശകൾ. ഈ റിപ്പോർട്ട് ബുധനാഴ്ച പാർലമെന്റിൽ സമർപ്പിച്ചു. കോൺഗ്രസ് രാജ്യസഭാ എം.പി.യായ ദിഗ്വിജയ് സിംഗ് അധ്യക്ഷനായ ഈ സമിതിയിൽ വിവിധ കക്ഷികളിലെ അംഗങ്ങളുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകിയ കണക്കനുസരിച്ച്, സ്വകാര്യ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളിൽ 40% പിന്നാക്ക വിഭാഗക്കാരും, 14.9% ദളിത് വിഭാഗക്കാരും അഞ്ചു ശതമാനം ആദിവാസികളുമാണ്. എന്നാൽ, സർവ്വകലാശാലകൾ നൽകിയ കണക്കുകൾ പ്രകാരം ‘ഒബിസി വിദ്യാർത്ഥികളുടെ എണ്ണം വളരെ കുറവാണ്. എസ്.സി, എസ്.റ്റി വിദ്യാർത്ഥികളുടെ എണ്ണം വളരെ പരിതാപകരവുമാണ്’- റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
റിപ്പോർട്ട് ഉദാഹരണമായി കാണിച്ച കണക്കുകൾ ഇങ്ങനെയാണ്: 2024-25 കാലഘട്ടത്തിൽ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിലെ ആകെ 5,137 വിദ്യാർത്ഥികളിൽ 514 പേർ (10%) ഒബിസി വിഭാഗത്തിൽ പെടുന്നവരും, 29 പേർ (0.5%) എസ.സി വിഭാഗക്കാരും, നാല് പേർ (0.08%) എസ്.റ്റി വിഭാഗക്കാരും ആണ്. ഒ.പി. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്‌സിറ്റിയിൽ ആകെ 3,181 വിദ്യാർത്ഥികളിൽ 28 പേർ മാത്രമാണ് ദളിത് വിഭാഗത്തിൽ പെടുന്നവർ. 29 പേർ ആദിവാസികളും (ഇരു കൂട്ടരുടേയും എണ്ണം ശതമാനത്തിൽ താഴെ മാത്രം). ശിവ് നാടാർ യൂണിവേഴ്‌സിറ്റിയിൽ ആകെ 3,359 വിദ്യാർത്ഥികളിൽ 48 പേരാണ് എസ്.സി വിഭാഗക്കാർ (1.5%). 29 പേർ എസ് റ്റി വിഭാഗക്കാർ (ഏകദേശം 0.5%).
‘അതുകൊണ്ട് തന്നെ എസ്.സി, എസ്.റ്റി, ഒബിസി വിഭാഗങ്ങളുടെ ജനസംഖ്യാനുപാതികമായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ സംവരണ ക്വോട്ടകൾ നടപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് സമിതി ശുപാർശ ചെയ്യുന്നു,’ റിപ്പോർട്ട് പറയുന്നു. ‘കൂടാതെ, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 15(5)നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിനായി യു.ജി.സി പിന്നോക്ക വിഭാഗങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ, എസ.്‌സി, എസ്.റ്റി കമ്മീഷനുകൾ തുടങ്ങിയ ഒരു കേന്ദ്ര നിരീക്ഷണ സമിതികളെ കൊണ്ട് വർഷം തോറും പ്രവേശന വിവരങ്ങൾ റിപ്പോർട്ട് ചെയ്യിക്കണം.
മതം, വർഗ്ഗം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ പേരിൽ വിവേചനം പാടില്ലെന്ന് ആർട്ടിക്കിൾ 15 നിഷ്‌കർഷിക്കുന്നു. സാമുഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്ക് അഥവാ എസ്.സി/എസ്.റ്റി വിഭാഗങ്ങൾക്ക് സർക്കാർ സഹായം ലഭിക്കുന്നതും അല്ലാത്തതുമായ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് പ്രത്യേക നിയമപരമായ വ്യവസ്ഥകൾ ഉണ്ടാക്കാൻ ഭരണകൂടത്തിന് അധികാരമുണ്ടെന്ന് ഉപവകുപ്പ് അഞ്ച് പറയുന്നു.
സംവരണം നടപ്പാക്കുന്നതിനൊപ്പം സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അധ്യാപകരെ നിയമിക്കുന്നതിനും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങകൾക്കും വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും സമിതി ശുപാർശ ചെയ്തു.
content summary: Parliamentary panel, Dalit, tribal representation in private colleges ‘very low’; enforce reservation strictly