കൊട്ടാരക്കരയിൽ ഡോ. വന്ദന ദാസ് രക്തസാക്ഷിയായപ്പോഴുണ്ടായ വാഗ്ദാനങ്ങൾ ഇപ്പോഴും കടലാസിൽ ഒതുങ്ങുമ്പോൾ, സംസ്ഥാനത്തെ ആശുപത്രികൾ ഭയത്തിന്റെ നിഴലിലാണ്. വയനാട് പുൽപ്പള്ളി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരിൽ ഒരാളായ ഡോ. അനുവിനെ രക്ഷിക്കാൻ ശ്രമിച്ചതിന് ആക്രമണം നേരിട്ട സഹപ്രവർത്തകൻ ഡോ. ജിതിൻ രാജ് കേരളത്തിലെ ആരോഗ്യമേഖലയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥയുടെ നേർചിത്രമാണ്.
ഞാനും എന്റെ സഹപ്രവർത്തക അനുവും ഒപി ഡ്യൂട്ടിയിലായിരുന്ന സമയത്ത് ആയിരുന്നു എനിക്ക് നേരെ ആക്രമണമുണ്ടാവുന്നത്. ഡോക്ടർ അനു മറ്റൊരു രോഗിയുടെ ചീട്ടെഴുതി കൊണ്ടിരുന്ന സമയത്ത് ഇയാൾ വല്ലാതെ ശബ്ദമുയർത്തി സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അനു ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ കൈയിലുള്ള പേന ഉപയോഗിച്ച് കുത്താൻ തുനിയുന്നതാണ് താൻ ആദ്യം കാണുന്നതെന്ന് ഡോ. ജിതിൻ രാജ് അഴിമുഖത്തോട് പറഞ്ഞ്.
മറ്റു പ്രശ്നങ്ങളുണ്ടാവരുതെന്ന കാര്യം മുൻനിർത്തി ഞാൻ ആളോട് വളരെ മയത്തിൽ തന്നെ സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു. ആ പ്രശ്നം അവിടെ കഴിഞ്ഞുവെന്നാണ് കരുതിയത്. എന്നാൽ, ഞാൻ ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്നത് വരെ ഇയാൾ കാത്തു നിന്നു. ബൈക്ക് സ്റ്റാർട്ട് ചെയ്ത സമയത്ത് പിന്നിൽ നിന്ന് ആരോ അസഭ്യം പറയുന്നത് കേട്ടിരുന്നു, ശ്രദ്ധിക്കാതെ പോകാൻ തന്നെയാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ, എനിക്ക് അരികിലേക്ക് ഇയാൾ നടന്നടുക്കുകയും എന്റെ ശബ്ദം താഴ്ത്തണമെന്ന് പറയാൻ നീയാരാണെന്ന് ചോദിച്ചുക്കൊണ്ട് വീണ്ടും അസഭ്യ വർഷം നടത്തിയെന്ന് ഡോ ജിതിന്റെ വാക്കുകൾ.
വന്ദന ദാസ് കൊലപാതകത്തിൽ തെളിവില്ല എന്നതായിരുന്നു നേരിട്ടിരുന്ന പ്രധാന പ്രശ്നം അതിവിടെ സംഭവിക്കരുതെന്ന് കരുതിയിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് നേരിട്ട ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തി. വനിതാ ഡോക്ടർക്ക് നേരെയുണ്ടായേക്കാവുന്ന ആക്രമണം തടുത്തതിനാണ് എന്നെ തല്ലിചതച്ചത്. ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തി കൂടിയാണ് ഞാൻ. ആക്രമണം തുടർന്നപ്പോഴും കാമറ ഉപേക്ഷിക്കാൻ ഞാൻ തയ്യാറായില്ല. അടി കൊണ്ട് വീണ ഞാൻ കാണുന്നത് എന്റെ നേരെ ഒരു ജീപ്പ് പാഞ്ഞടുക്കുന്നതായിരുന്നു. പിന്നീട് ജീപ്പിൽ വച്ച് എന്നെ ആക്രമിക്കുകയും ഇടതുകൈ ഒടിയ്ക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പകർത്താൻ തോന്നിയത് കൊണ്ട് തെളിവായി.
ഞങ്ങളുടെ ജോലിയുടെ സ്വഭാവം മുൻനിർത്തി എപ്പോഴും ജാഗ്രത പാലിച്ചിരിക്കേണ്ട ആളുകളാണ് ഞങ്ങൾ. എന്നാൽ, അതിനൊപ്പം തന്നെ സ്വയരക്ഷയും സുരക്ഷയും കൂടി പരിഗണിക്കുകയെന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്തരം അവസരങ്ങളിൽ പണി മുടക്കുന്നത് പൊതുജനങ്ങളുടെ ആരോഗ്യ സംവിധാനമായിരിക്കും. ആമ തോടിനുള്ളിലേക്ക് തല വലിക്കുന്നത് പോലെ ഡിഫൻസ് മോഡ് ആക്ടിവേറ്റ് ചെയ്യാനേ ശ്രമിക്കൂ. നേഴ്സുമാരും ഇതേ തോതിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട് അന്ന് വന്ദനയാണെങ്കിൽ ഇന്ന് അത് ജിതിനായി പേരുകൾ മാത്രമേ മാറുന്നുള്ളൂ. ഇത് തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന നിലയ്ക്കാണ് അതോറിറ്റി നിൽക്കുന്നത്.
പണത്തിനോ പദവിയ്ക്കോ സ്ഥാനം കൊടുക്കാതെ പ്രവർത്തിച്ചിട്ടും തിരികെ കിട്ടുന്നത് ഇതാണ്. ആരോഗ്യ മേഖലയിൽ ഇപ്പോൾ പ്രവർത്തിക്കണമെങ്കിൽ അൽപ്പം അൽപ്പം പ്രതിരോധ മുറകൾ അറിയണമെന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. സ്വന്തം കാര്യം നോക്കി ഓരോ ദിവസവും അടി കൊള്ളാതെ എങ്ങനെ തള്ളി നീക്കാമെന്ന ചിന്തയിലേക്ക് എത്തിയിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകരുടെ മുൻനിർത്തി നടപ്പിലാക്കുമെന്ന് പറഞ്ഞ കാര്യങ്ങൾക്കൊന്നും ഇതുവരെ നീക്കുപോക്ക് ഉണ്ടായിട്ടില്ല. രേഖകളിൽ മാത്രം ഒതുങ്ങുകയാണ് ആ വാഗ്ദാനങ്ങൾ. സർക്കാർ ആശുപത്രികളിൽ തനിക്ക് താൻ തുണയെന്ന രീതിയിലാണ് ഡോക്ടർമാർ പ്രവർത്തിക്കുന്നത്. പുൽപ്പള്ളി ആശുപത്രിയിൽ ക്യാബിനുകൾ വിട്ട് ഡോക്ടർമാർ ഒരുമിച്ച് തുടങ്ങിയത് ഇത്തരം സ്ഥിരം ആക്രമണങ്ങളെ ഭയന്നാണ്. എനിക്ക് അയാളെ തടുക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ എന്റെ സ്ഥാനത്ത് ഇന്നിവിടെ കിടക്കുന്നത് അനുവായിരുന്നേനെ. പോക്സോ കേസിനെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ ആക്കിയത് പോലെ മെഡിക്കോ ലീഗൽ കേസുകളെയും മാറ്റണം.
ആശുപത്രികളിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള നടപടികൾ ഇനിയും വൈകരുത്. കാരണം, ഇന്ന് അത് ഡോ. ജിതിനാണെങ്കിൽ, നാളെ ഒരുപക്ഷേ മറ്റൊരു അനുവോ, വന്ദനയോ ആയിരിക്കും ബലിയാടാവുന്നത്.
content summary: Doctors at Pulpally CHC avoid sitting in their cabins due to fear of attacks, is the government waiting for another Vandana Das tragedy?