റഷ്യന്‍ സൈന്യത്തിനുവേണ്ടി യുദ്ധം ചെയ്ത 22 വയസ്സുകാരനായ ഇന്ത്യന്‍ പൗരനെ യുക്രേനിയന്‍ സൈന്യം പിടികൂടിയതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ മോര്‍ബി സ്വദേശിയായ മജോട്ടി സാഹില്‍ മുഹമ്മദ് ആണ് പിടിയിലായത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായുള്ള പരിശോധന നടത്തി വരികയാണ് ഇന്ത്യന്‍ അധികൃതര്‍. ഇയാളുടെ അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിഷയത്തില്‍ ഔദ്യോഗിക വിവരങ്ങളൊന്നും യുക്രെയ്‌നില്‍ നിന്ന് ഇന്ത്യന്‍ എംബസിക്ക് ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
യുക്രെയ്‌നില്‍ നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച്, മുഹമ്മദ് റഷ്യയില്‍ പോയത് പഠനത്തിനായാണ്. എന്നാല്‍ മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ റഷ്യന്‍ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. തനിക്ക് യുദ്ധം ചെയ്യാന്‍ ഒട്ടും താല്‍പര്യമില്ലായിരുന്നുവെന്നും, അതിനാല്‍ യുക്രെയ്ന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു എന്നുമാണ് അയാള്‍ പറഞ്ഞതെന്നും റിപ്പോര്‍ട്ടിലുണ്ട്.
റഷ്യന്‍ സൈന്യത്തില്‍ ഇപ്പോഴും 27 ഇന്ത്യന്‍ പൗരന്മാര്‍ സേവനം ചെയ്യുന്നുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ മാസം, സ്ഥിരീകരിച്ചിരുന്നു. റഷ്യന്‍ സൈന്യത്തില്‍ ചേരാനുള്ള വാഗ്ദാനങ്ങള്‍ അപകടകരവും ജീവന് ഭീഷണിയുമാണെന്നും, അതിനാല്‍ ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
യുക്രെയ്‌ന്റെ 63-ാം മെക്കനൈസ്ഡ് ബ്രിഗേഡ് പുറത്തുവിട്ട ഒരു വീഡിയോയില്‍ മജോട്ടി പ്രത്യക്ഷപ്പെട്ടിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് തനിക്ക് ഏഴ് വര്‍ഷത്തെ റഷ്യന്‍ ജയില്‍ ശിക്ഷ ലഭിച്ചതായി ഇയാള്‍ ഈ വീഡിയോയില്‍ പറയുന്നുണ്ട്. കൂടുതല്‍ ശിക്ഷ ഒഴിവാക്കണമെങ്കില്‍ റഷ്യന്‍ സൈന്യവുമായി ഒരു കരാറില്‍ ഒപ്പിടാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചതായി കീവ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.
തനിക്ക് യുദ്ധം ചെയ്യാന്‍ ഒട്ടും താല്‍പ്പര്യമില്ലെന്നും സഹായം വേണമെന്നും അദ്ദേഹം യുക്രേനിയന്‍ അധികൃതരോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ‘അവിടെ സത്യമില്ല’ എന്ന് സൂചിപ്പിച്ചുകൊണ്ട് റഷ്യയിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രെയ്‌നില്‍ ജീവിക്കാനോ ഇന്ത്യയിലേക്ക് മടങ്ങാനോ ആണ് തനിക്ക് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
‘മുഹമ്മദിന്റെ മൊഴി പ്രകാരം, ഒരു വര്‍ഷത്തെ സൈനിക സേവനത്തിന് ഒരു ലക്ഷം മുതല്‍ 15 ലക്ഷം വരെ റൂബിള്‍ (ഏകദേശം 1,0,8000- 16 ലക്ഷം രൂപ) വരെ ശമ്പളവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന് പണമൊന്നും ലഭിച്ചില്ലെന്ന് യുക്രെയ്ന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Summary: Indian national fighting for Russian army captured by Ukrainian forces
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.