July 16, 2026 |
Share on

വെനിസ്വേലന്‍ പ്രസിഡന്റ് യുഎസ് പിടിയില്‍; വ്യോമാക്രമണം സ്ഥിരീകരിച്ച് ട്രംപ്

ലക്ഷ്യം വെനിസ്വേലയുടെ സൈനിക ശേഷി തകര്‍ക്കുക

വെനിസ്വേലയില്‍ അമേരിക്ക നടത്തിയ വന്‍തോതിലുള്ള സൈനിക ആക്രമണത്തിനൊടുവില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. മഡുറോയെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയെയും അമേരിക്കന്‍ സേന കസ്റ്റഡിയിലെടുത്തതായും ഇരുവരെയും വെനിസ്വേലയ്ക്ക് പുറത്തേക്ക് മാറ്റിയതായും ട്രംപ് വ്യക്തമാക്കി. മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അതീവ രഹസ്യമായാണ് ഈ സൈനിക ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയത്.

കാരക്കാസിലെ സ്‌ഫോടനങ്ങള്‍ യുഎസ് വ്യോമാക്രമണമാണെന്ന ഔദ്യോഗിക സ്ഥിരീകരണത്തിനായി ലോകം കാത്തിരിക്കെയാണ് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. സൈനിക കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ വെനിസ്വേലയിലെ വിവിധ ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ട് ഉത്തരവിട്ടതായി സിബിഎസ് റിപ്പോര്‍ട്ടര്‍ എക്‌സിലൂടെ വെളിപ്പെടുത്തി. യുഎസ് സൈന്യത്തിന്റെ ഈ നീക്കം വെനിസ്വേലയുടെ സൈനിക ശേഷിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

തലസ്ഥാനമായ കാരക്കാസില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കുറഞ്ഞത് ഏഴ് സ്‌ഫോടന ശബ്ദങ്ങളും താഴ്ന്നു പറക്കുന്ന വിമാനങ്ങളുടെ ശബ്ദവും കേട്ടു. ഒന്നിലധികം സംസ്ഥാനങ്ങളിലെ സിവിലിയന്‍, സൈനിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയതായി വെനിസ്വേലന്‍ സര്‍ക്കാര്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തി. വെനിസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ നഗരത്തിന് മുകളിലൂടെ വിമാനങ്ങള്‍ പറക്കുന്നതിനിടെ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

യുഎസ് വിമാനങ്ങള്‍ക്ക് വിലക്ക്

മേഖലയില്‍ സൈനിക നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് വെനിസ്വേലന്‍ വ്യോമാതിര്‍ത്തിയില്‍ അമേരിക്കന്‍ വാണിജ്യ വിമാനങ്ങള്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി (എഫ്.എ.എ)യുടെ ‘നോട്ടാം’ (Notice to Air Missions) അഥവാ വിമാന ജീവനക്കാര്‍ക്കുള്ള അടിയന്തര മുന്നറിയിപ്പ് ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അമേരിക്കയുടെ കിഴക്കന്‍ തീരത്തുനിന്ന് പുറപ്പെടുവിച്ചത്. എല്ലാ വാണിജ്യ, സ്വകാര്യ യുഎസ് വിമാനങ്ങളും വെനിസ്വേലയുടെയും സമീപത്തെ ദ്വീപ് രാഷ്ട്രമായ കുറക്കാവോയുടെയും വ്യോമാതിര്‍ത്തി ഒഴിവാക്കണമെന്ന് പൈലറ്റുമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന സൈനിക നീക്കങ്ങള്‍ വിമാനങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് എഫ്.എ.എ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

കാരക്കാസില്‍ ജനം പരിഭ്രാന്തിയില്‍

വ്യോമാക്രമണത്തിന് പിന്നാലെ വെനിസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അത്യന്തം ഭീതിജനകമാണ്. സൈനിക താവളങ്ങളും നഗരത്തിന്റെ വിവിധ ഭാഗങ്ങളും ആക്രമണത്തിന്റെ ആഘാതത്തിലാണ്.

നഗരത്തിലെ ഒരു പ്രധാന സൈനിക താവളത്തിലെ ഹാംഗറില്‍ (വിമാനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം) നിന്ന് വലിയ തോതില്‍ പുക ഉയരുന്നത് ദൂരെ നിന്നുതന്നെ കാണാമായിരുന്നു. മറ്റൊരു സുപ്രധാന സൈനിക കേന്ദ്രത്തില്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് വൈദ്യുതി ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു.

അര്‍ദ്ധരാത്രിയിലുണ്ടായ ഉഗ്രസ്‌ഫോടനങ്ങളില്‍ നടുങ്ങിയ ജനങ്ങള്‍ വീടുകളില്‍ നിന്ന് തെരുവുകളിലേക്ക് ചിതറി ഓടി. കാരക്കാസിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദൂരെയുള്ള മലനിരകളിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും ആളുകള്‍ പലായനം ചെയ്യുന്ന കാഴ്ചകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടതും ആശയവിനിമയ സംവിധാനങ്ങള്‍ നിലച്ചതും രക്ഷാപ്രവര്‍ത്തനത്തെയും പ്രതിസന്ധിയിലാക്കി.

അമേരിക്കയുടെ ‘സാമ്രാജ്യത്വ അധിനിവേശത്തെ’ ചെറുക്കാന്‍ രാജ്യത്തെ എല്ലാ സാമൂഹിക-രാഷ്ട്രീയ ശക്തികളും തെരുവിലിറങ്ങണമെന്ന് വെനിസ്വേലന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ആഹ്വാനം ചെയ്തു.

സംഘര്‍ഷത്തിന് പിന്നില്‍

മയക്കുമരുന്ന് കടത്ത് ബോട്ടുകളെ ലക്ഷ്യമിട്ട് അമേരിക്ക കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍, മയക്കുമരുന്ന് കടത്ത് തടയുന്നതിന് അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വെനിസ്വേല വെള്ളിയാഴ്ച അറിയിച്ചിട്ടും തൊട്ടുപിന്നാലെ ഈ വ്യോമാക്രമണം ഉണ്ടായത് സ്ഥിതിഗതികള്‍ വഷളാക്കിയിരിക്കുകയാണ്.

വെനിസ്വേലയിലെ ഭരണം അട്ടിമറിക്കാനും രാജ്യത്തെ വന്‍തോതിലുള്ള എണ്ണശേഖരം കൈക്കലാക്കാനുമാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോ ആരോപിച്ചു. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ കരീബിയന്‍ കടലില്‍ അമേരിക്ക നടത്തുന്ന വന്‍ സൈനിക വിന്യാസം ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വെനിസ്വേലയിലെ ഒരു ഡോക്കിംഗ് കേന്ദ്രത്തിന് നേരെ കഴിഞ്ഞയാഴ്ച നടന്ന ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ആണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വെനിസ്വേലന്‍ മയക്കുമരുന്ന് മാഫിയകളുടെ താവളമാണെന്ന് ആരോപിച്ചായിരുന്നു അമേരിക്കയുടെ ഈ സൈനിക നടപടി.

മാസങ്ങള്‍ നീണ്ട മുന്നറിയിപ്പുകള്‍ക്ക് പിന്നാലെയാണ് വെനിസ്വേലയില്‍ നേരിട്ടുള്ള സൈനിക ഇടപെടലിന് അമേരിക്ക ആരംഭം കുറിച്ചിരിക്കുന്നത്. ഇതോടെ വെനിസ്വേലയുടെ സാമ്പത്തിക അടിത്തറ തകര്‍ക്കാനും പ്രതിരോധ സംവിധാനങ്ങളെ നിര്‍വീര്യമാക്കാനുമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ലക്ഷ്യമിടുന്നത്.

വെനിസ്വേലയുടെ തീരത്തുനിന്ന് എണ്ണ ടാങ്കറുകള്‍ യുഎസ് പിടിച്ചെടുക്കുകയും കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. തെക്കേ അമേരിക്കന്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പൂര്‍ണ്ണമായും തളര്‍ത്തുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

സെപ്റ്റംബര്‍ മുതല്‍ കരീബിയന്‍ കടലിലും പസഫിക് സമുദ്രത്തിലും യുഎസ് സേന നടത്തിവരുന്ന ആക്രമണങ്ങളില്‍ ഇതിനകം 35 ബോട്ടുകള്‍ തകര്‍ക്കപ്പെട്ടു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കുറഞ്ഞത് 115 പേര്‍ ഈ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

നവംബറില്‍ അമേരിക്കയുടെ ഏറ്റവും അത്യാധുനികമായ വിമാനവാഹിനിക്കപ്പല്‍ മേഖലയില്‍ എത്തിയതോടെ, ആയിരക്കണക്കിന് സൈനികരെയാണ് മേഖലയില്‍ പുതുതായി വിന്യസിച്ചിരിക്കുന്നത്. അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ ഇത്തരം കടുത്ത നടപടികള്‍ ആവശ്യമാണെന്നാണ് ട്രംപിന്റെ വാദം.

Content Summary: Venezuelan president in US custody; Trump confirms airstrikes

Leave a Reply

Your email address will not be published. Required fields are marked *

×