ഗാസയില്‍ ഹമാസ് തടവിലാക്കിയ നേപ്പാളി വിദ്യാര്‍ത്ഥി ബിപിന്‍ ജോഷി മരിച്ചതായി ഇസ്രയേല്‍ അധികൃതര്‍ സ്ഥിരീകരിച്ചു. 20 ബന്ദികളെ വിട്ടയച്ചതിന്റെ സന്തോഷം നിലനില്‍ക്കെയാണ്, ബിപിന്‍ ജോഷിയുടെ വിയോഗവാര്‍ത്ത എത്തുന്നത്. ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് കൈമാറിയ നാല് മൃതദേഹങ്ങളില്‍ ഒന്നായിരുന്നു ബിപിന്‍ ജോഷിയുടേത്. സഹപാഠികളുടെ ജീവന്‍ രക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ചതിലൂടെയാണ് ജോഷി ലോകശ്രദ്ധ നേടിയത്.
ആക്രമണം നടക്കുമ്പോള്‍ 22 വയസ്സായിരുന്ന ബിപിന്‍ ജോഷി, കിബ്ബട്ട്‌സ് അലുമിംലെ കാര്‍ഷിക പരിശീലന പരിപാടിക്കായി നേപ്പാളില്‍ നിന്ന് ഇസ്രയേലില്‍ എത്തിയതായിരുന്നു. ഗാസയില്‍ ജീവനോടെയുണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഇസ്രയേലി അല്ലാത്ത ഏക ബന്ദിയായിരുന്നു ബിപിന്‍ ജോഷി. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ തിങ്കളാഴ്ച രാത്രി വൈകി ഹമാസ് ഇസ്രായേലി അധികൃതര്‍ക്ക് കൈമാറിയതായി നേപ്പാള്‍ അംബാസഡര്‍ ധന്‍ പ്രസാദ് പണ്ഡിറ്റ് ‘റിപ്പബ്ലിക്ക’യോട് സ്ഥിരീകരിച്ചു.
ബിപിന്‍ ജോഷിയുടേത് ഉള്‍പ്പെടെ നാല് ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസ് തിരികെ നല്‍കിയതായി ഇസ്രയേലി സൈനിക വക്താവ് എഫി ഡെഫ്രിനും സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ നേപ്പാളിലേക്ക് തിരികെ അയയ്ക്കുന്നതിന് മുമ്പ് ഡി.എന്‍.എ. പരിശോധന നടത്തും. നേപ്പാളി എംബസിയുമായി ചേര്‍ന്നുള്ള ഏകോപനത്തിന് ശേഷം, അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇസ്രയേലില്‍ വെച്ച് നടത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
2023 സെപ്റ്റംബറിലാണ് ബിപിന്‍ ജോഷി കാര്‍ഷിക പഠന-പരിശീലന പരിപാടിക്കായി 16 നേപ്പാളി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇസ്രയേലില്‍ എത്തിയത്. ഇസ്രയേലിലെ കൃഷിരീതികളില്‍ പ്രായോഗിക പരിശീലനം നേടാന്‍ ഈ സംരംഭം നേപ്പാളി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കിയിരുന്നു.
എന്നാല്‍, ഒക്ടോബര്‍ 7-ലെ പ്രഭാതം ഈ വിദ്യാര്‍ത്ഥികള്‍ക്ക് പേടിസ്വപ്നമായി മാറുകയായിരുന്നു. ഹമാസ് തീവ്രവാദികള്‍ അപ്രതീക്ഷിത ആക്രമണം നടത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഒരു ഷെല്‍ട്ടറില്‍ അഭയം തേടി. അക്രമികള്‍ ഗ്രനേഡുകള്‍ ഷെല്‍ട്ടറിന് ഉള്ളിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍, അത് പൊട്ടിത്തെറിക്കുന്നതിന് മുമ്പ് ബിപിന്‍ ജോഷി അതെടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞ് നിരവധി പേരുടെ ജീവന്‍ രക്ഷിച്ചു. ഈ ആക്രമണത്തില്‍ അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും തുടര്‍ന്ന് ഹമാസ് തോക്കുധാരികള്‍ അദ്ദേഹത്തെ പിടികൂടി ഗാസയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഒക്‌ടോബര്‍ 7 ന് നടന്ന ആക്രമണത്തില്‍ ബിപിന്‍ ജോഷി കാണിച്ച ധൈര്യം നേപ്പാളിലും ഇസ്രയേലിലും ഏറെ ശ്രദ്ധിക്കപ്പെട്ടു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍, ബിപിന്‍ ജോഷിയെ ഗാസയിലെ ഷിഫ ആശുപത്രിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്രയേലി സൈന്യം പുറത്തുവിട്ട വീഡിയോയില്‍ ഉണ്ടായിരുന്നു. ആ വീഡിയോ ദൃശ്യങ്ങളിലായിരുന്നു ബിപിന്‍ ജോഷിയെ അവസാനമായി ജീവനോടെ കാണപ്പെട്ടത്.
ബിപിന്‍ ജോഷിയുടെ മോചനത്തിനായി അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും കാഠ്മണ്ഡു, ഇസ്രയേല്‍, അമേരിക്ക എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ പലതവണ സന്ദര്‍ശിച്ചിരുന്നു.
പി.ടി.ഐ റിപ്പോര്‍ട്ട് അനുസരിച്ച്, തടവില്‍ ജീവനോടെയുണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഏക വിദേശ വിദ്യാര്‍ത്ഥിയായിരുന്നു ബിപിന്‍ ജോഷി. ഫോറന്‍സിക്, ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 26 ബന്ദികള്‍ മരണപ്പെട്ടതായി ഇസ്രയേലി അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
Content Summary: Israel confirms the death of Bipin Joshi
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.