കൊല്ലം തേവലക്കരയിലെ ബോയ്‌സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി എം. മിഥുൻ ഷോക്കേറ്റു മരിച്ച സംഭവത്തിൽ, സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കർശന നടപടിയെടുത്ത് സർക്കാർ. സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്‌മെന്റിനെ പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്‌കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫിസർക്ക് കൈമാറിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് പ്രകാരം സ്‌കൂൾ മാനേജ്‌മെന്റിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി മന്ത്രി വ്യക്തമാക്കി. “മിഥുൻ കേരളത്തിന്റെ മകനാണ്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കും,” മന്ത്രി പറഞ്ഞു. സ്‌കൂൾ സുരക്ഷ സംബന്ധിച്ച് മേയിൽ പുറത്തിറക്കിയ സർക്കുലർ അനുസരിച്ച് ചെക്ക്‌ലിസ്റ്റ് തയാറാക്കി തുടർനടപടികൾ സ്വീകരിക്കും. ഉദ്യോഗസ്ഥ സംഘം സ്‌കൂളുകൾ സന്ദർശിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.
സുരക്ഷ ഉറപ്പാക്കുന്നതിൽ സ്‌കൂൾ മാനേജർ തുളസീധരൻ പിള്ളയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ഒരു ‘സേഫ്റ്റി സെൽ’ രൂപീകരിച്ചതായും, പൊതുജനങ്ങൾക്ക് പരാതികളുണ്ടെങ്കിൽ ഈ സെല്ലിനെ സമീപിക്കാമെന്നും മന്ത്രി അറിയിച്ചു.
മിഥുന്റെ കുടുംബത്തിന് വീട് നിർമ്മിക്കുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പി.ഡി. അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കെഎസ്ഇബി അഞ്ച് ലക്ഷം രൂപയും, സ്‌കൂൾ മാനേജ്‌മെന്റ് 10 ലക്ഷം രൂപയും, അധ്യാപക സംഘടനയായ കെഎസ്‌ടിഎ 10 ലക്ഷം രൂപയും ധനസഹായമായി കൈമാറും.
ജൂലൈ 17-ന് രാവിലെയാണ് സ്‌കൂളിന് മുന്നിലെ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയ മിഥുന് താഴ്ന്നുകിടന്നിരുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു മരിച്ചത്. സംഭവത്തിൽ സ്‌കൂൾ മാനേജർ, ഹെഡ്മിസ്ട്രസ്, കെഎസ്ഇബി അസി. എൻജിനീയർ എന്നിവരെ പ്രതിയാക്കി ശാസ്താംകോട്ട പോലീസ് മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾ സുരക്ഷ നിരീക്ഷിക്കുന്നതിനായി കൂടുതൽ നടപടികളിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് കടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
content summary: School Student’s Death: Government Takes Strict Action Against Management
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.