June 26, 2026 |
Share on

19 ദിവസങ്ങൾക്ക് മുൻപ് കാണാതായി; റഷ്യയിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ

22 കാരൻ അജിത് സിംഗ് ചൗധരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

റഷ്യയിലെ ഉഫ ജില്ലയിൽ 19 ദിവസം മുൻപ് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം അണക്കെട്ടിൽ നിന്ന് കണ്ടെത്തി. രാജസ്ഥാനിലെ കഫൻവാഡ സ്വദേശിയായ 22 കാരൻ അജിത് സിംഗ് ചൗധരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

2023 ൽ ബാഷ്കിർ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എംബിബിഎസ് കോഴ്സിനായാണ് അജിത് സിംഗ് ചൗധരി റഷ്യയിലെത്തിയത്. 19 ദിവസങ്ങൾക്ക് മുൻപ് രാവിലെ 11 മണിയോടെ പാൽ വാങ്ങാൻ പോകുന്നു എന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്ന് പുറപ്പെട്ടെങ്കിലും പിന്നീട് മടങ്ങിയെത്തിയിരുന്നില്ലെന്ന് അൽവാർ സരസ് ഡയറി ചെയർമാൻ നിതിൻ സാംഗ്വാൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ ഇന്ത്യൻ എംബസി ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം, എംബസി ഉദ്യോഗസ്ഥർ വ്യാഴാഴ്ച അജിത്തിന്റെ കുടുംബത്തെ അദ്ദേഹത്തിന്റെ മരണവിവരം അറിയിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.

19 ദിവസങ്ങൾക്ക് മുൻപ്, അജിത് സിംഗ് ചൗധരിയുടെ വസ്ത്രങ്ങളും മൊബൈൽ ഫോണും ചെരുപ്പുകളും ഒരു നദിക്കരയിൽ നിന്ന് കണ്ടെത്തിയതായി റഷ്യയിലുള്ള സുഹൃത്തുക്കൾ അറിയിച്ചതായി മുൻ കേന്ദ്രമന്ത്രിയും അൽവാറിലെ നേതാവുമായ ജിതേന്ദ്ര സിംഗ് അറിയിച്ചു. വലിയ പ്രതീക്ഷകളോടെയാണ് അജിത്തിനെ കുടുംബം റഷ്യയിലേക്ക് പഠനത്തിനായി അയച്ചത്. അണക്കെട്ടിൽ അജിത്തിന്റെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത തന്നിൽ ഞെട്ടലുണ്ടാക്കിയെന്നും അത്യന്തം ദുഃഖകരമായ നിമിഷമാണിതെന്നും ജിതേന്ദ്ര സിംഗ് എക്സിൽ കുറിച്ചു. അജിത് കാണാതായെന്ന വിവരം അറിഞ്ഞതോടെ കുടുംബം അതീവ മാനസിക സംഘർഷത്തിലായിരുന്നുവെന്നും അവനെ സുരക്ഷിതമായി തിരികെ ലഭിക്കാനായി കുടുംബം ദിവസങ്ങളോളം പ്രാർത്ഥനയിലായിരുന്നുവെന്നും ജിതേന്ദ്ര സിംഗ് കുറിപ്പിൽ പറയുന്നു.

വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് കോൺഗ്രസ് നേതാവായ ജിതേന്ദ്ര സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. ആൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ (AIMSA)യുടെ വിദേശ വിദ്യാർത്ഥി വിഭാഗവും ഈ വിഷയത്തിൽ ജയശങ്കറുമായി ബന്ധപ്പെട്ടതായി അറിയിച്ചു. വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് സർവകലാശാല ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടിട്ടില്ല.

Content Summary: Indian Student Missing For 19 Days in Russia Found Dead Inside Dam

Leave a Reply

Your email address will not be published. Required fields are marked *

×