June 04, 2026 |
Share on

വാഷിം​ഗ്ടൺ ഡിസി ഏറ്റെടുത്ത് ട്രംപ്

തലസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു,
ന​ഗരത്തിന്റെ വിമോചനമാണ് ലക്ഷ്യം

അമേരിക്കൻ തലസ്ഥാനമായ വാഷിം​ഗ്ടൺ ഡിസി ഏറ്റെടുത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിന് പുറമേ ന​ഗരത്തിൽ ദേശീയ സുരക്ഷാ സേനയെ വിന്യസിപ്പിക്കാനും ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. ന​ഗരത്തിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതായും അതിനാലാണ് വാഷിം​ഗ്ടൺ ഡിസി ഏറ്റെടുക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഇതിനെതിരെ പ്രതിഷേധങ്ങൾ ശക്തമാണെങ്കിലും അവയെ അവഗണിച്ച് കൊണ്ടാണ് ട്രംപ് മുമ്പോട്ട് പോകുന്നത്.

വിവിധ ഫെഡറൽ ഏജൻസികളെയും നാഷണൽ ഗാർഡിനെയും ഡിസിയിൽ വിന്യസിക്കുകയാണ് പദ്ധതി. നിലവിലെ ഡെമോക്രാറ്റ് മേയറിൽ നിന്ന് തലസ്ഥാന നഗരിയുടെ നിയന്ത്രണം മൊത്തത്തിൽ ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് നാഷണൽ ഗാർഡ് സൈനികരെയും എഫ്ബിഐ ഉദ്യോഗസ്ഥരെയും വിന്യസിക്കും. ഇതിനകം തന്നെ വലിയ തോതിൽ നാഷണൽ ഗാർഡ് ഓഫീസർമാർ വിന്യസിക്കപ്പെട്ടു എന്നാണറിയുന്നത്.

വാഷിംഗ്ടൺ ഡി.സിയിൽ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ നഗരത്തെ ‘വിമോചിപ്പിക്കാൻ’ പോകുകയാണെന്നാണ് ന​ഗരം ഏറ്റെടുത്തതിന് പിന്നാലെ ട്രംപ് പ്രഖ്യാപിച്ചത്. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. നഗരത്തിലെ കുറ്റകൃത്യങ്ങൾ, ഗുണ്ടാ വിളയാട്ടം, വൃത്തിഹീനമായ ചുറ്റുപാടുകൾ എന്നിവ ഇല്ലാതാക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇതൊരു വിമോചന ദിനമാണ്, നമ്മൾ നമ്മുടെ തലസ്ഥാനം തിരികെ പിടിക്കാൻ പോകുന്നു. വാഷിംഗ്ടൺ ഡി.സി ഇന്ന് മോചിപ്പിക്കപ്പെടും. കുറ്റകൃത്യം, കാടത്തം, മാലിന്യം, സാമൂഹ്യവിരുദ്ധർ എന്നിവ ഇല്ലാതാകും. നമ്മുടെ തലസ്ഥാനത്തെ ഞാൻ മഹത്തരമാക്കും.

കുടിയേറ്റ വിഷയങ്ങളിലെന്ന പോലെ കോടതി വ്യവഹാരങ്ങളിലേക്ക് വരെ നീങ്ങാനിടയുള്ള പദ്ധതിയാണ് ട്രംപ് നടപ്പാക്കാൻ പോകുന്നതെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. വാഷിങ്ടൺ ഡിസിയിലുള്ള വീടില്ലാത്തവരെ ഒഴിപ്പിക്കുക എന്നതാണ് ട്രംപിന്റെ ലക്ഷ്യം. രണ്ടു തരത്തിലാണ് ഇവിടെ ഭവനരഹിതർ കഴിയുന്നത്. ഒന്ന് വിവിധ ഷെൽറ്റർ ഹോമുകളിൽ കഴിയുന്നവരാണ്. ഇവർ വിവിധ സംഘടനകളുടെയും സർക്കാരിന്റെ തന്നെയും സൗകര്യങ്ങളിലാണ് കഴിയുന്നത്. മറ്റൊരു കൂട്ടർ തെരുവുകളിലാണ് കഴിയുന്നത്. ഷെൽറ്റർ ഹോമുകളിൽ കഴിയുന്നവരെ ഒഴിപ്പിക്കാൻ ശ്രമിച്ചാൽ അത് കോടതി വ്യവഹാരങ്ങളിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

നഗരത്തിലെ ഭവനരഹിതരെ തലസ്ഥാന നഗരിയിൽ നിന്ന് മാറ്റിപ്പാർപ്പിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. വീടില്ലാത്തവരെ തലസ്ഥാനത്തിന് അകലെയായി പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഭവനരഹിതർ അക്രമികളും പ്രശ്നക്കാരുമാണെന്നാണ് ട്രംപിന്റെ വ്യാഖ്യാനം. ഡി.സി മേയർ മുരിയൽ ബൗസർ പറയുന്നത് പ്രകാരം വാഷിംഗ്ടൺ ഡിസിയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ഔദ്യോഗിക കണക്കുകളുണ്ട്. എന്നാൽ ഈ കണക്കുകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് ട്രംപ് ആരോപിക്കുന്നു.

content summary: Trump takes control of Washington D.C. police and deploys the National Guard

Leave a Reply

Your email address will not be published. Required fields are marked *

×