July 17, 2025 |
Share on

‘മസ്‌കിന് സമനില തെറ്റിയിരിക്കുന്നു’, ഒത്തുതീര്‍പ്പിനില്ലെന്ന് ട്രംപ്

ട്രംപിനെ പൂട്ടാന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ മസ്‌ക്

ഇലോണ്‍ മസ്‌കിന് സമനില തെറ്റിയിരിക്കുന്നു ഡൊണാള്‍ഡ് ട്രംപ്. ലോകത്തിലെ ഏറ്റവും വലിസ സമ്പന്നും ലോകത്തിലെ ഏറ്റവും കരുത്തനായ രാഷ്ട്രത്തലവനും തമ്മിലുള്ള വൈരാഗ്യം സകലസീമകളും വിട്ട് വഷളാവുകയാണ്. എബിസി ന്യൂസിന്റെ അഭിമുഖത്തില്‍ മസ്‌കുമായി സമാധാനം സ്ഥാപിക്കാന്‍ ഒരുഫോണ്‍ കോള്‍ എങ്കിലും ചെയ്യുമോ എന്നൊരു ചോദ്യം ട്രംപിന് നേരേയുണ്ടായി. ‘ഭ്രാന്തനായ ആളെയാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്?’ എന്നായിരുന്നു ട്രംപിന്റെ മറു ചോദ്യം. തന്റെ മുന്‍ വിശ്വസ്തനുമായി ഇപ്പോള്‍ സംസാരിക്കാന്‍ തനിക്ക് ‘പ്രത്യേകിച്ച് താല്‍പ്പര്യമില്ലെന്നാണ് അഭിമുഖത്തില്‍ ട്രംപ് ആവര്‍ത്തിച്ചത്.

എന്നാല്‍ മസ്‌ക് വിഷയത്തില്‍ പരസ്പര വിരുദ്ധമായ പരാമര്‍ശങ്ങളാണ് ട്രംപ് നടത്തുന്നത്. സിഎന്‍എന്‍-ന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറയുന്നത്, ഞാന്‍ മസ്‌കിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നതുപോലുമില്ലെന്നാണ്, അവനൊരു പ്രശ്‌നമുണ്ട്, ആ പാവത്തിന് എന്തോ ഒരു പ്രശ്‌നമുണ്ട്’ എന്ന പരിഹാസവും ട്രംപ് നടത്തുന്നുണ്ട്. അതേസമയം പൊളിറ്റിക്കയോട് സംസാരിച്ചപ്പോള്‍ പറഞ്ഞത്, ഞങ്ങളുടെ ബന്ധം നല്ലനിലയില്‍ തന്നെയാണ് മുന്നോട്ടു പോകുന്നതെന്നാണ്. അതേസമയം, ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്, ഒരു സ്വകാര്യ സംഭാഷണത്തില്‍ ട്രംപ് ആരോപിക്കുന്നത്, മസ്‌കിന് മയക്കുമരുന്ന് ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രശ്‌നങ്ങളുണ്ടെന്നാണ്.

ട്രംപ് നന്ദി കെട്ടവനാണെന്നായിരുന്നു മസ്‌കിന്റെ ആക്ഷേപം. ഞാനില്ലായിരുന്നുവെങ്കില്‍ അയാള്‍ പ്രസിഡന്റാകില്ലായിരുന്നുവെന്നും മസ്‌ക് പറഞ്ഞിരുന്നു. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനു വേണ്ടി 300 മില്യണ്‍ ഡോളര്‍ ചെലവാക്കിയിട്ടുണ്ടെന്നാണ് മസ്‌കിന്റെ അവകാശവാദം. മസ്‌കിനുള്ള ആനുകൂല്യങ്ങളും കരാറുകളും സര്‍ക്കാര്‍ റദ്ദാക്കുമെന്ന ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് അയാള്‍ ഭ്രാന്ത് പിടിച്ചു നടക്കുകയാണെന്ന ആക്ഷേപം ട്രംപ് നടത്തിയിരിക്കുന്നത്.

ട്രംപിനെ ഇംപീച്ച്‌മെന്റിന് വിധേയനാക്കണമെന്നും പകരം നിലവിലെ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിനെ പ്രസിഡന്റാക്കണമെന്നുമാണ് മസ്‌ക് ആവശ്യപ്പെടുന്നത്. ട്രംപിനെ പുറത്താക്കാന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി വരെ ഉണ്ടാക്കിക്കളയുമെന്ന ഭീഷണിയും മസ്‌ക് മുഴക്കിയിട്ടുണ്ട്.

കുപ്രസിദ്ധമായ ജെഫ്രി എപ്‌സ്റ്റെയ്ന്‍ കേസില്‍ ട്രംപിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന ആരോപണവും മസ്‌ക് ഉയര്‍ത്തിയിട്ടുണ്ട്. ഏറെ ഗുരുതരമായൊരു ആരോപണമാണിത്. എന്നാല്‍ ഇതിനു മറുപടിയെന്നോണം വെള്ളിയാഴ്ച്ച തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ ട്രംപ് എപ്‌സ്റ്റെയ്ന്‍ കേസിലെ പ്രതിഭാഗം ക്രിമിനല്‍ അഭിഭാഷകന്‍ ഡേവിഡ് ഷോണിന്റെതെന്ന് പറയുന്നൊരു ഒരു പ്രസ്താവന പോസ്റ്റ് ചെയ്തിരുന്നു. മസ്‌കിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനായിരുന്നു ട്രംപിന്റെ ശ്രമം. എപ്‌സ്റ്റെയ്ന്‍ ഫയലില്‍ ട്രംപിനെതിരായ ഒരു തെളിവും ഇല്ലെന്ന് ആധികാരികമായും കൃത്യമായും പറയാന്‍ കഴിയുമെന്നും, ഇക്കാര്യത്തില്‍ ട്രംപമായി താന്‍ പ്രത്യേകമായി സംസാരിച്ചിട്ടുള്ളതാണെന്നുമാണ് ഷോണിന്റെ പ്രസ്താവനയില്‍ പറയുന്നത്.

ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുള്‍ ബില്ല്’ എന്ന മള്‍ട്ടി-ട്രില്യണ്‍ ഡോളര്‍ നികുതി ഇളവ് പാക്കേജിനെതിരായ മസ്‌കിന്റെ വിമര്‍ശനമാണ് ഇരുവര്‍ക്കുമിടയില്‍ ശത്രുത വളര്‍ത്തിയിരിക്കുന്നത്. ‘വെറുപ്പുളവാക്കുന്ന മ്ലേച്ഛത’ എന്നാണ് ബില്ലിനെ മസ്‌ക് പുച്ഛിച്ചത്. ബില്ലില്‍ പ്രതി തുടങ്ങിയ തര്‍ക്കം വ്യക്തിപരമായ ഏറ്റുമുട്ടലിലേക്ക് നയിച്ചു. ബില്ലിനെ കുറിച്ച് മസ്‌കിന് എല്ലാം അറിയാമായിരുന്നുവെന്നാണ് ട്രംപ് ആരോപിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതിയിളവ് കുറയ്ക്കുമെന്നു ബില്ലില്‍ പറയുന്നതാണ് മസ്‌കിനെ ചൊടിപ്പിക്കുന്നതെന്നാണ് ട്രംപ് ആരോപിക്കുന്നത്. എന്നാല്‍ ബില്ലിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പോലും വായിച്ചു മനസിലാക്കാന്‍ കഴിയും മുന്നേ ബില്ല് പാസിക്കിച്ചെടുക്കുകയാണ് ട്രംപ് ചെയ്തതെന്നാണ് മസ്‌ക് ആരോപിക്കുന്നത്.

മസ്‌ക് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി മുന്നോട്ടു പോവുകയാണെങ്കില്‍ അത് അമേരിക്കയുടെ രാഷ്ട്രീയ ഭൂപടത്തില്‍ വ്യക്തമായ മാറ്റം കൊണ്ടുവരും. മധ്യവര്‍ഗത്തില്‍പ്പെട്ട 80% പേരെ പ്രതിനിധീകരിക്കുന്ന ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ട(ദി അമേരിക്കന്‍ പാര്‍ട്ടി) ആരംഭിക്കാനാണ് മസ്‌ക് താത്പര്യം കാണിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സമ്പത്ത് കണക്കിലെടുക്കുമ്പോള്‍, അടുത്ത വര്‍ഷത്തെ ഇടക്കാല തിരഞ്ഞെടുപ്പുകളിലേക്ക് ദശലക്ഷക്കണക്കിന് പണം ഒഴുക്കാന്‍ മസ്‌കിന് കഴിയും. ഇത് വലിയതോതിലുള്ള സ്വാധീനം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാനും കഴിയും. Elon Musk has lost his mind, says Donald Trump and- dismisses peace offering

Content Summary; Elon Musk has lost his mind, says Donald Trump and- dismisses peace offering

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×