June 13, 2026 |
Share on

ട്രംപ്-മോദി ഫോണ്‍ കോളില്‍ മസ്‌കിന് എന്തായിരുന്നു കാര്യം?

രണ്ട് രാജ്യങ്ങളുടെ പ്രസിഡന്റും പ്രധാനമന്ത്രിയുമായുള്ള ഫോണ്‍ സംഭാഷണത്തിനിടയില്‍ ഒരു സ്വകാര്യ വ്യക്തിക്ക് എന്തായിരുന്നു കാര്യം?

ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ നിര്‍ണായക ഫോണ്‍ കോളില്‍ ഇലോണ്‍ മസ്‌കും പങ്കുചേര്‍ന്നതായി ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് രാഷ്ട്രത്തലവന്മാര്‍ തമ്മിലുള്ള യുദ്ധകാല ചര്‍ച്ചയില്‍ ഒരു സ്വകാര്യ വ്യക്തി പങ്കെടുക്കുന്നത് അസാധാരണമായ സംഭവമായാണ് ടൈംസ് പറയുന്നത്. മസ്‌കിന്റെ സാന്നിധ്യം രണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായും പത്രം എഴുതുന്നു.

രണ്ടാം വരവില്‍ ട്രംപ് തന്റെ ഏറ്റവും അടുത്ത വിശ്വസ്തനായി അവതരിപ്പിക്കുകയും പിന്നീട് തെറ്റിപ്പിരിയുകയും ചെയ്ത ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ മസ്‌ക്, ഇപ്പോള്‍ പ്രസിഡന്റുമായി വീണ്ടും അടുത്ത ബന്ധത്തിലാണെന്നാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. ഔദ്യോഗികമായി സംസാരിക്കാന്‍ അധികാരമില്ലാത്തതിനാല്‍ പേര് വെളിപ്പെടുത്താത്ത വ്യവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍ ഈ വിവരങ്ങള്‍ പങ്കുവെച്ചതെന്നും ടൈംസ് പറയുന്നു.

ഈ ഫോണ്‍ ചര്‍ച്ചയില്‍ മസ്‌ക് എന്തിനാണ് പങ്കെടുത്തതെന്നോ അദ്ദേഹം എന്തെങ്കിലും സംസാരിച്ചോ തുടങ്ങിയ കാര്യത്തില്‍ വ്യക്തതയില്ല. സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ സോവറൈന്‍ വെല്‍ത്ത് ഫണ്ടുകളില്‍ നിന്ന് മസ്‌കിന്റെ കമ്പനികള്‍ വലിയ തോതില്‍ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയില്‍ തന്റെ ബിസിനസ് സാമ്രാജ്യം വ്യാപിപ്പിക്കാന്‍ അദ്ദേഹം കാലങ്ങളായി ആഗ്രഹിക്കുന്നുമുണ്ട്. മസ്‌കിന്റെ റോക്കറ്റ് കമ്പനിയായ സ്‌പേസ് എക്‌സ് ഈ വര്‍ഷം അവസാനം ഓഹരി വിപണിയില്‍ ഇറങ്ങാന്‍ പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ആഗോള സാമ്പത്തിക സ്ഥിതി വഷളായാല്‍ ഇത് പ്രതിസന്ധിയിലായേക്കാം.

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥയെക്കുറിച്ചും പ്രത്യേകിച്ച് ആഗോള ഇന്ധന വിതരണത്തില്‍ നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കിന്മേല്‍ ഇറാന്‍ സൈന്യം ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെക്കുറിച്ചുമാണ് ട്രംപും മോദിയും ചര്‍ച്ച ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടത് ലോകമെമ്പാടും ഇന്ധനവില വര്‍ദ്ധിക്കാനും വിപണികള്‍ തകിടം മറിയാനും കാരണമായിട്ടുണ്ട്. പല ഏഷ്യന്‍ രാജ്യങ്ങളും ഇന്ധന റേഷന്‍ ഏര്‍പ്പെടുത്തേണ്ട അവസ്ഥയിലാണ്. ‘ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായും തടസ്സമില്ലാതെയും നിലനില്‍ക്കേണ്ടത് ലോകത്തിന് അത്യാവശ്യമാണ്. സമാധാന ശ്രമങ്ങള്‍ക്കായി ഒന്നിച്ച് നീങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു,’ എന്നീ കാര്യങ്ങള്‍ മോദി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നുവെങ്കിലും, മസ്‌കിന്റെ സാന്നിധ്യത്തെക്കുറിച്ച് ഇരു രാജ്യങ്ങളും ഔദ്യോഗികമായി സൂചനകളൊന്നും നല്‍കിയിരുന്നില്ല.

കഴിഞ്ഞ വര്‍ഷം ട്രംപിനെ അധികാരത്തിലെത്തിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്നു മസ്‌ക്. പ്രത്യുപകാരമെന്ന നിലയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ മസ്‌കിന് നിര്‍ണായക ഇടപെടലിനുള്ള അവസരം ട്രംപ് നല്‍കിയിരുന്നു. ഔദ്യോഗിക അധികാരം ഇല്ലാതെ ഡോജെ എന്ന വിഭാഗത്തിന്റെ നേതൃത്വം വഹിച്ചിരുന്ന മസ്‌ക് സര്‍ക്കാര്‍ സംവിധാനങ്ങളിലെ അനാവശ്യ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി ജീവനക്കാരെ വെട്ടിനിരത്തിയത് ഉള്‍പ്പെടെയുള്ള ഭ്രാന്തന്‍ നടപടികള്‍ നടപ്പിലാക്കയിരുന്നു. പിന്നീട് ട്രംപുമായി വലിയ വഴക്കില്‍ എത്തിച്ചേര്‍ന്നുവെന്നാണ് വാര്‍ത്തകള്‍ പുറത്തു വന്നത്. നിലവില്‍ മസ്‌കിന് അമേരിക്കന്‍ ഭരണകൂടത്തില്‍ യാതൊരുവിധ സ്ഥാനങ്ങളുമില്ല.

മസ്‌ക് ഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായില്ല എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്., ട്രംപും മോദിയും തമ്മിലുള്ള ബന്ധം വളരെ മികച്ചതാണെന്നും ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള ചര്‍ച്ചകളില്‍ സ്വകാര്യ വ്യക്തികളെ ഉള്‍പ്പെടുത്തുന്നത് വൈറ്റ് ഹൗസിന്റെ രീതികളില്‍ ഇല്ലാത്തതാണ്. എന്നാല്‍ തന്റെ മരുമകന്‍ ജാരെഡ് കുഷ്‌നറെ ഔദ്യോഗിക പദവി ഇല്ലാതിരുന്നിട്ടും മിഡില്‍ ഈസ്റ്റ് ചര്‍ച്ചകള്‍ക്കായി ട്രംപ് നിയോഗിച്ചിട്ടുണ്ട്. തന്റെ ഉടമസ്ഥതയിലുള്ള എക്‌സ് പ്ലാറ്റ്ഫോമില്‍ ഇറാന്‍ യുദ്ധത്തെക്കുറിച്ച് മസ്‌ക് വലിയ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. ആഗോള വിതരണ ശൃംഖലയ്ക്കായി രാജ്യങ്ങള്‍ ഹോര്‍മുസ് കടലിടുക്കിനെ മാത്രം ആശ്രയിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ‘നമ്മള്‍ മടിയന്മാരായിപ്പോയി’ എന്ന് മാത്രമാണ് അദ്ദേഹം മറുപടി നല്‍കിയത്.

ഇന്ത്യയിലെ ഓട്ടോമൊബൈല്‍, ബഹിരാകാശം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലകളില്‍ വലിയ സാധ്യതകളാണ് മസ്‌ക് കാണുന്നത്. ടെസ്ല കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിന് നേരത്തെ ഉയര്‍ന്ന നികുതി തടസ്സമായിരുന്നു. കൂടാതെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനത്തിന് ഇന്ത്യയില്‍ അനുമതി ലഭിക്കാനായി ഇപ്പോഴും കാത്തിരിക്കുകയാണ്. ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ ഈ ചര്‍ച്ചയെ ‘രണ്ട് ലോകനേതാക്കള്‍ തമ്മിലുള്ള സൗഹൃദപരമായ സംഭാഷണം’ എന്നാണ് വിശേഷിപ്പിച്ചത്. മുന്‍പ് മസ്‌ക് ഭരണകൂടം വിട്ടുപോകാന്‍ കാരണമായ സംഭവങ്ങളില്‍ പ്രധാനിയായിരുന്നു ഗോര്‍. അന്ന് ഗോറിനെതിരെ പരസ്യമായി പ്രതികരിച്ച മസ്‌ക്, ഈ വര്‍ഷം ജനുവരിയില്‍ ട്രംപിനൊപ്പം അത്താഴവിരുന്നില്‍ പങ്കെടുത്ത ചിത്രം പങ്കുവെച്ചുകൊണ്ട് ‘2026 അതിശയകരമായിരിക്കും’ എന്ന് കുറിച്ചിരുന്നു.

Content Summary: US President Donald Trump and Indian PM Narendra Modi Phone call about Iran War Elon Musk Musk joined with them

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×