ലോകത്തിലെ ആദ്യ ട്രില്യണറായി മാറാൻ സാധ്യതയുള്ള വ്യക്തിയായി ടെസ്ല സിഇഒ ഇലോൺ മസ്കിനെ തിരഞ്ഞെടുത്ത് ടെസ്ലയിലെ ഓഹരിയുടമകൾ. ധനികരിൽ നിന്ന് കൂടുതൽ നികുതി ഈടാക്കണമെന്ന നിലപാടുകാരനായ സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് മസ്കിൻ്റെ ട്രില്യൺ ശമ്പള പാക്കേജ്.
അമേരിക്കയെക്കുറിച്ചും രാജ്യത്തെ സ്വത്തിനെക്കുറിച്ചുമുള്ള ചർച്ചകളിൽ പരസ്പര വിരുദ്ധമായ ആശയങ്ങൾ നൽകുന്നതാണ് ഈ സംഭവങ്ങളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അടുത്ത പത്ത് വർഷത്തിനുള്ളിൽ നിർദ്ദിഷ്ട സാമ്പത്തിക-പ്രവർത്തന ലക്ഷ്യങ്ങൾ കൈവരിച്ചാൽ മസ്‌കിന് ഏകദേശം ഒരു ട്രില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ നൽകാനാണ് ടെസ്ലയിലെ ഓഹരിയുടമകൾ സമ്മതിച്ചിരിക്കുന്നത്. അതേസമയത്താണ് ഭക്ഷണമോ വീടോ ഇല്ലാതെ ബുദ്ധിമുട്ടുന്ന അമേരിക്കൻ പൗരന്മാരുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള മംദാനിയുടെ വിജയം എന്നത് വളരെ ശ്രദ്ധേയമാണ്.
അമേരിക്കയിലെ ബിസിനസിനും രാഷ്ട്രീയത്തിനും ഇടയിലുള്ള വ്യത്യാസത്തെയാണ് രണ്ട് സംഭവങ്ങളും സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. ഒരു വശത്ത് ഇലോൺ മസ്‌കിനെ പോലെയുള്ള ബില്യണറുമാരും അവരുടെ പിന്തുണക്കാരായ പ്രസിഡൻറ് ട്രംപിനെ പോലുള്ളവരും എക്സിക്യൂട്ടീവ് ഗ്രൂപ്പിന്റെ സാമ്പത്തിക വിജയം ആഘോഷിക്കുമ്പോൾ മറ്റൊരു വശത്ത് മംദാനിയെ പോലുള്ളവർ സാമൂഹ്യ ക്ഷേമത്തിന് വേണ്ടിയുള്ള പുതിയ സംവിധാനങ്ങൾ തിരയുകയാണ്.
ബിസിനസുകൾക്കും സമ്പന്നർക്കും മേൽ ഉയർന്ന നികുതി ചുമത്തിക്കൊണ്ട് അതിൽ നിന്ന് ലഭിക്കുന്ന വരുമാനം ശിശുപാലനത്തിനും സൗജന്യ ബസ് സർവീസിനുമായി വിനിയോഗിക്കാമെന്ന വാഗ്ദാനങ്ങളാണ് മംദാനിയെ രണ്ട് പരമ്പരാഗത സ്ഥാനാർത്ഥികളെ തോൽപ്പിച്ച് വിജയത്തിലേക്ക് നയിച്ചത് എന്നതിൽ സംശയമില്ല.
2018 ൽ ടെസ്ല ഓഹരിയുടമകൾ അംഗീകരിച്ച ശമ്പളപദ്ധതിയ്ക്ക് തുല്യമാണ് നിലവിലത്തെ തീരുമാനവും. ഓഹരിയുടമകൾ അംഗീകരിച്ച പദ്ധതി പ്രകാരം ടെസ്ലയുടെ ചീഫ് എക്സിക്യൂട്ടീവായ മസ്‌ക്, കമ്പനിയുടെ ഓഹരി വിപണി മൂല്യം ഏകദേശം 1.4 ട്രില്യൺ ഡോളറിൽ നിന്ന് 8.5 ട്രില്യൺ ഡോളറായി വർധിപ്പിക്കണം. കൂടാതെ ഒരു ദശലക്ഷം റോബോട്ടുകൾ വിൽക്കുക, സ്വയം ഓടുന്ന കാറുകൾക്കുള്ള 1 കോടി പണമടച്ച സബ്സ്ക്രിപ്ഷനുകൾ നേടുക തുടങ്ങിയ ലക്ഷ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരിൽ ഒരാളായ മസ്കിനെ പുതിയ ആശയങ്ങളിലേക്ക് നയിക്കാനുള്ള ലക്ഷ്യം കൂടിയാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇലോൺ മസ്‌ക് പണം സമ്പാദിക്കുമ്പോൾ, ടെസ്ലയുടെ നിക്ഷേപകർക്കും അതിന്റെ ഗുണം ലഭിക്കുമെന്ന് ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതിയെന്ന് ഫണ്ട് മാനേജർ കാതി വുഡ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു. മസ്‌കിന്റെ ട്രില്ല്യൺ ശമ്പള പാക്കേജിനെതിരെ എന്തിനാണ് വിമർശനം ഉയരുന്നതെന്ന് മനസിലാകുന്നില്ലെന്നും മസ്ക് പുതിയ നേട്ടം കൈവരിച്ചാൽ, നിക്ഷേപകർക്കും അവരുടെ ക്ലയന്റുകൾക്കും അത്ഭുതകരമായ ലാഭമാകുമെന്നും കാതി വുഡ് എക്സിൽ കുറിച്ചു.
അതേസമയം, തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ന്യൂയോർക്കും കാലിഫോർണിയ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും വരുന്നത്. ഇതിലൂടെ ഒരാൾക്ക് അമിതമായ സമ്പത്തും കോർപ്പറേറ്റ് അധികാരവും കെട്ടിപ്പിടിക്കാൻ സാധിക്കുമെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
ടെസ്ല വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരൂപത്തിലുള്ള റോബോട്ടായ ഒപ്റ്റിമസ് ആണ് ദാരിദ്ര്യ പ്രശ്നത്തിന് പരിഹാരമെന്നാണ് മസ്ക് വിമർശനങ്ങളോട് മറുപടി നൽകിയത്. നിലവിൽ ടെസ്ലയുടെ ഏകദേശം 15 ശതമാനം ഓഹരികളാണ് മസ്ക് കൈവശം വെയ്ക്കുന്നത്. പദ്ധതി പൂർത്തിയാക്കിയാൽ അത് ഏകദേശം 29 ശതമാനമായി ഉയരാം.
Content Summary: Tesla founder elon musk will become the world’s first trillionaire, two days after New Yorkers elected Zohran Mamdani