വനിത ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ പുറത്താകാതെ നേടിയ 127 റണ്‍സിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസിനെ ആഹ്ലാദിപ്പിക്കാന്‍ ജെമീമ റോഡ്രിഗസിന് കഴിഞ്ഞെങ്കില്‍, ഈ ടൂര്‍ണമെന്റിലേക്ക് പ്രവേശിക്കും മുമ്പുള്ള ജെമീമയുടെ മനസ് ഒട്ടും ശാന്തമായിരുന്നില്ല. കടുത്ത ഉത്കണ്ഠ ഇന്ത്യന്‍ ബാറ്ററെ കീഴടിക്കിയിരുന്നു. സെമി ഫൈനല്‍ മത്സരത്തിനുശേഷം ജമീമ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ജമീമ വിജയിച്ച മാനസിക പോരാട്ടത്തിന്റെ ഫലം കൂടിയാണ് ഇന്ത്യ ഇന്നലെ അനുഭവിച്ചത്. ടൂര്‍ണമെന്റിന് തൊട്ടുമുമ്പുള്ള ആഴ്ചകളില്‍ താന്‍ കടുത്ത ഉത്കണ്ഠ അനുഭവിച്ചിരുന്നുവെന്നും, അത് തന്നെ വികാരരഹിതയാക്കിയെന്നും കണ്ണീരോടെയാണ് ജമീമ പറഞ്ഞത്. തന്റെ അനുഭവം സമാനമായ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന മറ്റുള്ളവരെ സഹായിക്കുമെന്ന് കരുതിയാണ് ഇക്കാര്യം തുറന്നു പറയുന്നതെന്നാണ് താരം പറഞ്ഞത്.
‘ഇത് കാണുന്ന ആരെങ്കിലും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇത് പറയുന്നത്. കാരണം, സ്വന്തം ദൗര്‍ബല്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ആര്‍ക്കും ഇഷ്ടമല്ല,’ ഇതു പറയുമ്പോള്‍ ജമീമ കണ്ണീരടക്കാന്‍ പാടുപെടുകയായിരുന്നു.
‘ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഞാന്‍ കടുത്ത ഉത്കണ്ഠയിലൂടെയാണ് കടന്നുപോയത്. ചില കളികള്‍ക്ക് മുമ്പ് ഞാന്‍ അമ്മയെ വിളിച്ച് ഒരുപാട് കരയുമായിരുന്നു. ഉത്കണ്ഠ ഉണ്ടാകുമ്പോള്‍ നിങ്ങള്‍ വികാരരഹിതരായി പോകും, എന്ത് ചെയ്യണമെന്ന് അറിയില്ല. ആ സമയത്ത് എന്റെ അമ്മയും അച്ഛനും എന്നെ ഒരുപാട് പിന്തുണച്ചു. അതുപോലെ അരുന്ധതി റെഡ്ഡി എന്ന സഹതാരം, അവളുടെ മുന്നില്‍ ഞാന്‍ ദിവസവും കരയുമായിരുന്നു.’
‘ഞാന്‍ തമാശയായി പറയുമായിരുന്നു, ‘എന്റെ മുന്നില്‍ വരേണ്ട, ഞാന്‍ കരയാന്‍ തുടങ്ങും’ എന്ന്. പക്ഷേ അവള്‍ എല്ലാ ദിവസവും എന്നെ ശ്രദ്ധിച്ചു. സ്മൃതി മന്ദാനയും എന്നെ സഹായിച്ചു. എന്റെ അവസ്ഥ അവള്‍ക്ക് അറിയാമായിരുന്നു. ചില നെറ്റ് സെഷനുകളില്‍ അവള്‍ അവിടെ വന്ന് വെറുതെ നില്‍ക്കുമായിരുന്നു. കാരണം അവളുടെ സാന്നിധ്യം എനിക്ക് പ്രധാനമാണെന്ന് അവള്‍ക്കറിയാം.’
‘എന്നെ നന്നായി ശ്രദ്ധിക്കുന്ന രാധ (യാദവ്) കൂടെയുണ്ടായിരുന്നു. എനിക്ക് സുഹൃത്തുക്കളെ കുടുംബം എന്ന് വിളിക്കാനാകും. കാരണം എനിക്ക് തനിച്ചായി ഇത് നേരിടേണ്ടി വന്നില്ല. സഹായം ചോദിക്കുന്നത് തെറ്റല്ല,’ ജെമീമ പറഞ്ഞു.
സെമി ഫൈനലിലെ ചരിത്രപ്രസിദ്ധമായ പോരാട്ടത്തിന് ജമീമയ്ക്ക് സാധിച്ചെങ്കിലും, ടൂര്‍ണമെന്റിനെ തുടക്കം അവരെ സംബന്ധിച്ച് അത്ര നല്ലതായിരുന്നില്ല. ആദ്യ രണ്ടു മത്സരങ്ങളില്‍ ഡക്ക് ആയി പുറത്തായി. മുന്‍നിര ബാറ്ററായാണ് ടീമില്‍ സ്ഥാനം പിടിച്ചതെങ്കിലും ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഒരു അധിക ബൗളര്‍ക്കു വേണ്ടി ജമീമയ്ക്ക് പുറത്തിരിക്കേണ്ടി വന്നു. ആ ഒഴിവാക്കല്‍ തന്നെ വല്ലാതെ വിഷമിപ്പിച്ചു എന്നാണ് ജമീമ തുറന്നു പറഞ്ഞത്. അതേക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;
‘എന്റെ കുടുംബം ഒരുപാട് ബുദ്ധിമുട്ടി. ഞാന്‍ എന്നില്‍ത്തന്നെ വിശ്വസിക്കാതിരുന്നപ്പോള്‍ പോലും എല്ലാവരും എന്നെ വിശ്വസിച്ചു. ഉത്കണ്ഠയില്‍ നിന്നാണ് ഇത് തുടങ്ങിയത്. പിന്നീട് എന്നെ ടീമില്‍ നിന്ന് ഒഴിവാക്കി. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ടീമിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് എപ്പോഴും ആഗ്രഹമുണ്ട്. പുറത്തിരിക്കുമ്പോള്‍ എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.’
‘എന്നാല്‍ ചില സമയങ്ങളില്‍ നിങ്ങള്‍ ചെയ്യേണ്ടത് പിടിച്ച് നില്‍ക്കുക എന്നത് മാത്രമാണ്, അപ്പോള്‍ കാര്യങ്ങള്‍ ശരിയായ വഴിക്ക് വരും. എനിക്ക് വേണ്ടി നിലകൊണ്ട, എന്നെ മനസ്സിലാക്കിയ ആളുകളോട് ഞാന്‍ വളരെ നന്ദിയുള്ളവളാണ്. എനിക്ക് ഇത് തനിച്ചായി ചെയ്യാന്‍ കഴിയില്ലായിരുന്നു,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
339 എന്ന ലക്ഷ്യം, അതും ഓസ്‌ട്രേലിയയ്‌ക്കെതിരേ. കടുത്ത ഇന്ത്യന്‍ ആരാധകര്‍ പോലും അപ്രാപ്യമെന്ന് വിധിച്ച റണ്‍ ചേസ്. രണ്ടാമത്തെ ഓവറിലാണ് ജമീമ ക്രീസില്‍ എത്തുന്നത്. അവിടെ നിന്നും പുറത്താകാതെ 134 പന്തില്‍ 127 റണ്‍സ് നേടി ഇന്ത്യയെ ആ പെണ്‍കരുത്ത് വിജയത്തിലേക്ക് നയിച്ചു.
‘ഞാന്‍ എന്റെ സെഞ്ച്വറിക്ക് വേണ്ടിയോ, എന്റെ സ്ഥാനം തെളിയിക്കാനോ കളിച്ചില്ല. ഇന്ത്യ വിജയിക്കണം എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് ഞാന്‍ കളിച്ചത്.’; തന്റെ നേട്ടത്തെ ഇങ്ങനെ കാണാനാണ് ജമീമയ്ക്ക് ഇഷ്ടം.
‘നിങ്ങള്‍ അത്തരമൊരു ചിന്താഗതിയോടെ കളിക്കുമ്പോള്‍, ദൈവം നിങ്ങളെ പിന്തുണയ്ക്കും. നിങ്ങള്‍ ടീമിന് വേണ്ടിയാണ് കളിക്കുന്നത്, നിങ്ങള്‍ക്ക് വേണ്ടിയല്ല. ഇതാണ് ഞാന്‍ എപ്പോഴും കളിക്കുന്ന രീതി. എനിക്ക് കൂടുതല്‍ വാക്കുകളില്ല.’
മത്സരത്തിന് തലേദിവസം, ‘കളി തീരുംവരെ ക്രീസില്‍ നില്‍ക്കണം’ എന്ന ലക്ഷ്യം ജെമീമ പങ്കുവെച്ചിരുന്നു. ‘ഞങ്ങള്‍ ചേസ് ചെയ്യുകയാണെങ്കില്‍, ടീമിനെ ഞാന്‍ വിജയത്തിലെത്തിക്കുമെന്ന് ഉറപ്പ് വരുത്താന്‍ ഞാന്‍ ആഗ്രഹിച്ചു. ഒരു മാസത്തോളം കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല, പക്ഷേ ഈ നിമിഷത്തിനുവേണ്ടി എല്ലാം സജ്ജമാക്കിയതായി എനിക്ക് തോന്നി,’ ജെമീമയുടെ ഈ വാക്കുകള്‍ തളരാത്ത പോരാളിയുടെ ആത്മവിശ്വാസമുണ്ട്.
Content Summary; Jemimah Rodrigues opens up about the mental challenges she faced. ICC Women’s World Cup