June 26, 2026 |
Share on

‘അർധ വസ്ത്രം ധരിച്ച് നിൽക്കുന്നത് മന്ത്രിമാരുടെ കൂടെ, പരാതിക്കാരുടെ രീതിയും നടപ്പും സംശയാസ്പദം’

ആക്ഷേപിച്ച് ശ്രീകണ്ഠൻ എംപി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗികാരോപണ വിഷയത്തിൽ പരാതി ഉന്നയിച്ച സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളുമായി കോൺഗ്രസ് നേതാവ് വി.കെ. ശ്രീകണ്ഠൻ എം.പി. നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്ന് ആരോപിച്ച അദ്ദേഹം, പരാതിക്കാരുടെ വസ്ത്രധാരണത്തെയും രാഷ്ട്രീയ പശ്ചാത്തലത്തെയും ചോദ്യം ചെയ്തു.

രാഹുലിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ രാഷ്ട്രീയ ഗൂഢാലോചനയായിട്ടാണ് എം.പി. വിശേഷിപ്പിച്ചത്. മൂന്നര വർഷം മുൻപ് നടന്ന ഒരു സംഭവത്തിൽ ഇപ്പോൾ എന്തുകൊണ്ട് പരാതി വന്നു എന്നത് അന്വേഷിക്കണമെന്നും, ഇത് ഒരു ‘പുകമറ’ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉന്നയിച്ചവർ അർധ വസ്ത്രം ധരിച്ച് മന്ത്രിമാരെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നില്ലേയെന്നും അതിന് പിന്നിൽ ആരാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.

പരാതി ഉന്നയിച്ച സ്ത്രീകളെ പരിഹസിച്ച അദ്ദേഹം പാർട്ടി നിർദേശപ്രകാരമാണ് രാഹുൽ രാജിവച്ചതെന്നും പറഞ്ഞു. ആരോപണം ഉന്നയിച്ചവരുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മൂന്നര വർഷം മുമ്പ് നടന്ന സംഭവത്തിന് ഇപ്പോൾ എന്തുകൊണ്ട് പരാതി വന്നു എന്ന് അന്വേഷിക്കണം. ഇവരുടെ രാഷ്ട്രീയ പശ്ചാത്തലം കണ്ടല്ലോ. ഏതൊക്കെ മന്ത്രിമാരുടെ കൂടെയാണ് ആരോപണം ഉന്നയിച്ചവർ അർധ വസ്ത്രം ധരിച്ച് നിൽക്കുന്നത്. എന്താണ് ഇതിന് പിന്നിൽ. ഈ ആരോപണമുന്നയിച്ചവരുടെ രീതിയും നടപ്പും മന്ത്രിമാരെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രവുമൊക്കെ വന്നല്ലോ. ഇതിനൊക്കെ പിന്നിൽ ആരാണെന്ന് അന്വേഷിക്കണം. എല്ലാ കാര്യങ്ങളും പുറത്ത് വരും’, വി കെ ശ്രീകണ്ഠൻ പറഞ്ഞു.

‘എല്ലാം പുകമറ മാത്രം. രാഹുലിന്റെ രാജി പാർട്ടി തീരുമാനമാണ്. രാജി അച്ചടക്ക നടപടിയുടെ ഭാഗമാണ്. പാർട്ടി ആവശ്യപ്പെട്ടത് പ്രകാരമാണ് രാജി. ആരോപണം വന്നയുടൻ പാർട്ടി നടപടി എടുത്തു. രാഹുലിന് ജാഗ്രത കുറവുണ്ടായോ എന്ന് പാർട്ടി പരിശോധിക്കും. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുന്നത് വരെ രാഹുൽ കുറ്റക്കാരനല്ല’, അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുലിനെതിരെ പരാതിയുണ്ടോയെന്നും വി കെ ശ്രീകണ്ഠൻ ചോദിച്ചു. പരാതി കൊടുത്താൽ പരിശോധിക്കാൻ സംവിധാനമുണ്ടെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു.

‘ചാറ്റുകളുണ്ട്, പലരുടെയും വെളിപ്പെടുത്തലുകളുണ്ട്. പക്ഷേ അവരാരും പരാതിക്കാരല്ലല്ലോ. പരാതി നൽകിയിട്ടില്ലല്ലോ. നമ്മുടെ നാട്ടിൽ ഒരു നീതിന്യായ വ്യവസ്ഥയുണ്ട്. എനിക്കാണ് അനുഭവമുണ്ടായതെങ്കിൽ ഞാനാണ് പരാതി നൽകേണ്ടത്. ഒരാൾക്കുണ്ടായ അനുഭവത്തെക്കുറിച്ച് വേറൊരാൾ പരാതി നൽകിയാൽ അത് എത്രത്തോളം നിലനിൽക്കുമെന്ന് നിങ്ങൾ തന്നെ ആലോചിച്ചുനോക്കൂ.ഇത് അനുഭവിച്ചെന്ന് പറയുന്ന വ്യക്തികൾ ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല. ഇങ്ങനെയൊരു പുകമറ സൃഷ്ടിച്ച് വലിയ വിവാദമുണ്ടാക്കിയപ്പോൾത്തന്നെ പാർട്ടി നടപടിക്രമങ്ങളിലേക്ക് കടന്നു. ഇത്രയും പെട്ടെന്ന് ഏതെങ്കിലും പാർട്ടി നടപടി എടുത്തിട്ടുണ്ടോ?​

ഇത്രയും ഗുരുതരമായ വിഷയങ്ങളുണ്ടായെന്ന് പറഞ്ഞാൽ കോൺഗ്രസ് പാർട്ടി കർശനമായ നടപടി സ്വീകരിക്കും. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. പക്ഷേ പുകമറ കേട്ടിട്ട് ചാടി ഓടി നടപടിയെടുക്കാനാകില്ല. ഈയൊരു ആരോപണം വന്നപ്പോൾത്തന്നെ അദ്ദേഹത്തോട് സ്ഥാനമൊഴിയാൻ പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് എം എൽ എ സ്ഥാനം രാജിവയ്ക്കാനാകുമോ?​

ബി.ജെ.പി. സഖ്യകക്ഷിയായ കർണാടകയിലെ ഒരു എം.പിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായിട്ടും അദ്ദേഹം ജയിലിൽ കിടക്കുമ്പോൾ പോലും എം.പി. സ്ഥാനം രാജിവച്ചില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ കോൺഗ്രസ് ഇത്തരം വിഷയങ്ങളിൽ കർശനമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ അത്തരത്തിൽ ഗുരുതരമായ ഒരു വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് പാർട്ടി പരിശോധിക്കുമെന്ന് പറഞ്ഞല്ലോ. അതിനെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്. മുഖം നോക്കാതെ കർശനമായി നടപടി സ്വീകരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്.’- എംപി പറഞ്ഞു.

അതേസമയം, വി.കെ. ശ്രീകണ്ഠൻ എം.പിയുടെ പരാമർശങ്ങൾക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. ആരോപണമുയർത്തിയവർക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും, മന്ത്രിമാരുടെ ദൃശ്യങ്ങൾ കൈവശമുണ്ടെങ്കിൽ അത് പുറത്ത് വിടട്ടെയെന്നും അദ്ദേഹം പറഞ്ഞു.

content summary:  Congress MP V.K. Sreekandan Insults Women Who Accused Rahul Mankootathil

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×