കഴിഞ്ഞ ഏതാനും ആഴ്ചകളായിട്ട്, കേരളം ഒന്നടങ്കം, നിര്‍ത്താതെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ്, കൊച്ചിയിലെ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദം.
ഈ ഒരു വിവാദവുമായി ബന്ധപ്പെട്ട്, വളരെ അധികം കേള്‍ക്കാന്‍ ഇടയായ ഒരു കാര്യമാണ്, വിദ്യാഭ്യാസ മേഖലയില്‍ കത്തോലിക്കാ സഭയും, ക്രിസ്ത്യന്‍ മിഷനറിമാരും ഒക്കെ നല്‍കിയ സംഭാവനകളെപ്പറ്റി. അതിലെ ചില അവകാശവാദങ്ങളെപ്പറ്റി തെളിവ് സഹിതം തുറന്നുകാണിക്കുക എന്നുള്ളതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.
ഞാന്‍ റോമന്‍ കത്തോലിക്കാ വിശ്വാസത്തില്‍ ജനിച്ച (Syro-Malabar) സുറിയാനി ക്രിസ്ത്യാനി ആയ ഒരു വ്യക്തിയാണ്. ഞാന്‍ പഠിച്ചതെല്ലാം തന്നെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആയിരുന്നു എന്ന് മാത്രമല്ല, എന്റെ അച്ഛനും അമ്മയും, അവര്‍ നടത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരായിട്ട് ജോലി ചെയ്തു റിട്ടയര്‍ ചെയ്ത വ്യക്തികളും ആണ്.
അതുകൊണ്ട് തന്നെ ഞാന്‍ സഭയെയും, സഭയുടെ വിദ്യാഭ്യാസ ന്യായങ്ങളെയും ഒക്കെ ചോദ്യം ചെയ്യുമ്പോള്‍ എന്റെ നേരെ മിക്കപ്പോഴും ഉയര്‍ന്നു വരുന്ന, ഒരു രൂക്ഷ വിമര്‍ശനം, ‘നീയും നിന്റെ അപ്പനും, അമ്മയും ഒക്കെ ഈ പറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തന്നെ ആണ് പഠിച്ചതും, പഠിപ്പിച്ചതും എന്ന് നിനക്ക് ഓര്‍മ്മ വേണം…,’ എന്നുള്ള മുന്നറിയിപ്പാണ്.
സത്യം പറഞ്ഞാല്‍, അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് ഇന്നേവരെ മനസ്സിലായിട്ടില്ല. ഞാന്‍, നാളെ എന്റെ പിള്ളരെയും കൊണ്ട് അഡ്മിഷന് വരുമ്പോള്‍, നിന്നെ ഞങ്ങളെടുത്തോളാം, എന്നുള്ള ഒരു ഭീഷണി ആണോ? അതോ, കത്തോലിക്കാ സഭ നല്‍കുന്ന ഒരു വിദ്യാഭ്യാസം, സഭയുടെ, പ്രത്യയശാസ്ത്രവും, വിശ്വാസപ്രമാണവും ഒക്കെ പോലെ, ചോദ്യം ചെയ്യാന്‍, യാതൊരു അവകാശവും ഇല്ലാത്തതുകൊണ്ട് ആണോ? യൂറോപ്പില്‍ ഒക്കെ ഒരു കാലത്ത് ഉണ്ടായിരുന്നത് പോലെ, സത്യം എന്താണ് എന്ന്, തീരുമാനിക്കാനുള്ള ഒരു പൂര്‍ണ്ണ അധികാരം ഉണ്ടായിരുന്ന ഏക പ്രസ്ഥാനം.
നിങ്ങളില്‍ പലരും ഗലീലിയോ ഗലീലി എന്ന് പേരുള്ള ഒരു ശാസ്ത്രജ്ഞനെ പറ്റി കേട്ടിട്ടുണ്ടാവാം. സൂര്യനല്ല, ഭൂമിയാണ് സൂര്യന് ചുറ്റും കറങ്ങുന്നത് എന്ന് പറഞ്ഞപ്പോള്‍, പിടിച്ചു ജയിലില്‍ ഇട്ട മനുഷ്യന്‍.
ഇവിടെ പലരും മനസ്സിലാക്കുന്നത് പോലെ സഭയുടെ ഒരു ശാസ്ത്ര വിരോധം മാത്രം ആയിരുന്നില്ല പ്രശ്‌നം, മറിച്ച് സത്യം എന്താണ് എന്ന് നിര്‍വചിക്കാനുള്ള, സഭയുടെ പരമമായ അധികാരത്തെ കൂടിയാണ് ഗലീലിയോ ചോദ്യം ചെയ്തത്.
ഇതേ മനോഭാവം തന്നെയാണ്, കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍, ഒരു നിര്‍ണ്ണായക പങ്ക് വഹിക്കുന്ന, കത്തോലിക്കാ സഭയിലെ, ഒട്ടുമിക്ക മെത്രാന്‍മാര്‍ക്കും, പള്ളീലച്ഛന്‍മാര്‍ക്കും ഒക്കെ ഇപ്പോഴുമുള്ളത്.
‘ഞങ്ങള്‍ ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങല്‍ തുടങ്ങിയില്ലായിരുന്നെങ്കില്‍ നീയൊക്കെ തെരുവിലൂടെ കോണകം ഉടുത്ത്, നടന്നേനെ’ എന്ന ശുദ്ധ വിവരക്കേട്, ചാനല്‍ ചര്‍ച്ചകളില്‍ ഒക്കെ വന്നിരുന്നു പുലമ്പുന്നത് അതുകൊണ്ടാണ്. കാരണം ഇവരുടെ മനസ്സില്‍ സത്യം എന്താണ് എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം ഇപ്പോഴും സഭയ്ക്ക് മാത്രം ആണ്.
ശരിയാണ്, പത്ത്, പതിനഞ്ചു കൊല്ലം മുന്‍പ് വരെ, ഇതായിരുന്നു കേരളത്തിന്റെ അവസ്ഥ. ഇവര്‍ നടത്തുന്ന ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, സഭയോട് കൂറുള്ള, ഐ.പി.എസുകാരെയും, ഡോക്ടര്‍മാരെയും ഒക്കെ വിളിച്ചുകൊണ്ട് വന്നിട്ട്, സഭയുടെ പ്രത്യയശാസ്ത്ര മൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പോകുവാന്‍ സഹായിക്കുന്ന ഊളത്തരങ്ങള്‍ എഴുന്നള്ളിക്കും.
‘സിസേറിയനില്‍ ഉണ്ടാകുന്ന കുട്ടികള്‍ ഒക്കെ ജനിക്കുമ്പോള്‍ തന്നെ, ഡോക്ടര്‍ കത്തി പിടിച്ചുകൊണ്ട് നില്‍ക്കുന്നത് കാണുന്നത് കൊണ്ട് ക്രിമിനല്‍സ് ആയി തീരും, എന്ന് ‘ഹാര്‍വാര്‍ഡ് സ്റ്റഡി’ ക്വാട്ട് ചെയ്തു സംസാരിക്കുന്ന ഐ.പി.എസുകാരനും, ‘കോണ്ടം ഉപയോഗിച്ചാലും പ്രത്യേകിച്ച് പ്രയോജനം ഒന്നും ഇല്ല, കാരണം അതില്‍ ഉള്ള സൂക്ഷ്മ സുഷിരങ്ങള്‍ വഴി എച്ച്.ഐ.വി. അണുക്കള്‍ നിങ്ങളുടെ ശരീരത്തില്‍ കടന്നു കൂടാം’ എന്നും ഒക്കെ അധികാരികമായി പറയുന്ന, ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്ത ഡോക്ടര്‍മാരും, ഒക്കെ.
ഈ പറഞ്ഞ എക്‌സ്പര്‍ട്ടുകളെ, ഒക്കെ അന്ന് അത് കേള്‍ക്കുന്നവര്‍ക്ക് വിശ്വസിക്കാതെ വേറെ തരവും ഇല്ലായിരുന്നു. കാരണം അവര് പറയുന്ന കാര്യങ്ങളുടെ പിന്നില്‍ ഉള്ള ഒരു സത്യം കണ്ടു പിടിക്കാനുള്ള ഒരു മാര്‍ഗ്ഗമോ, ടെക്‌നോളജിയോ ഒന്നും അന്ന് ഉണ്ടായിരുന്നില്ല.
എന്നാല്‍ ഇന്ന് അങ്ങനെയല്ല. ഞാന്‍ ഉള്‍പ്പെടെ, ഇന്ന് ഏതൊരാള്‍ എന്ത് തള്ളിയാലും, അത് പറയുമ്പോള്‍ തന്നെ, അതിലെ സത്യം കണ്ടു പിടിക്കാനുള്ള ഒരു ടെക്‌നോളജി ജനങ്ങള്‍ എല്ലാവരുടെയും കൈയില്‍ ഉണ്ട്. പണ്ട് യൂണിഫോമിന്റെയും, ഡിഗ്രിയുടെയും, ഒക്കെ ബലത്തില്‍ മാത്രം തള്ളി ജീവിച്ചിരുന്ന എക്‌സ്പര്‍ട്ടുകളെ, ഇന്ന് പത്താം ക്ലാസ്സില്‍ പഠിക്കുന്ന പിള്ളേര് പോലും, വെട്ടി വെയിലത്ത് വെക്കുന്നത്, അതുകൊണ്ടാണ്.
കേരളത്തിലും, ഇന്ത്യയിലും ഒക്കെ വിദ്യാഭ്യാസം ഉണ്ടായത് ബ്രിട്ടീഷുകാരും, ക്രിസ്ത്യന്‍ മിഷനറിമാരും ഒക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയതുകൊണ്ടാണ് എന്നുള്ളതും ഇതുപോലെയുള്ള ഒരു തള്ളാണ്.
എട്ടാം നൂറ്റാണ്ട് മുതല്‍ തന്നെ, വിദ്യാഭ്യാസത്തിന്, ശക്തമായ ഒരു അടിത്തറ ഉണ്ടായിരുന്ന ഒരു പ്രദേശമാണ്, ഇന്ന് നമ്മള്‍ കേരളം എന്ന് വിളിക്കുന്ന ഈ രാജ്യം. ബുദ്ധിസ്റ്റ് പള്ളിക്കൂടങ്ങളും, എഴുത്തുപള്ളികളും, ഗുരുകുല സമ്പ്രദായവും, കളരികളും ഒക്കെ ഉള്ള ഒരു ശക്തമായ വിദ്യാഭ്യാസ അടിത്തറ ഈ രാജ്യത്ത് ഉണ്ടായിരുന്നു എന്നുള്ളത് ഒരു സത്യം തന്നെയാണ്.
ഇനി നിങ്ങളോട് ഇത് ഒരു ബ്രിട്ടീഷുകാരന്‍ തന്നെ പറഞ്ഞാലെ വിശ്വാസം അകത്തൊള്ളെങ്കില്‍, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, മദ്രാസ് ഭരിച്ചിരുന്ന, അന്നത്തെ ഗവര്‍ണ്ണര്‍ സര്‍ തോമസ് മണ്‍റോ, ബ്രിട്ടീഷുകാരും, ക്രിസ്ത്യന്‍ മിഷനറിമാരും ഒക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ്, നടത്തിയ ഒരു സര്‍വേയില്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.
‘സര്‍വേ പ്രകാരം കേരളത്തിന്റെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന മദ്രാസ് പ്രസിഡന്‍സിയില്‍ മൊത്തം 12,498 സ്‌കൂളുകളും, 1,88,650 വിദ്യാര്‍ത്ഥികളും ഉണ്ട്. ഇതില്‍ ഉയര്‍ന്ന ജാതിയില്‍ പെട്ട വിദ്യാര്‍ത്ഥികള്‍, അതായത്, ബ്രാഹ്‌മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, എന്നിവര്‍ വെറും 24 ശതമാനം മാത്രം ആണ്. ഏകദേശം 65 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ താഴ്ന്ന ജാതിയില്‍ പെട്ട (ശൂദ്ര കമ്മ്യൂണിറ്റിയിലും, പട്ടികജാതി കമ്മ്യൂണിറ്റിയിലും ഒക്കെ പെട്ട വിദ്യാര്‍ത്ഥികള്‍ ആണ്). ഈ ഗ്രാമത്തിലെ സ്‌കൂളുകളില്‍ ഉള്ള പല അദ്ധ്യാപകരും താഴ്ന്ന ജാതിയില്‍ നിന്നും ഉള്ളവര്‍ ആയിരുന്നു… മദ്രാസ് പ്രസിഡന്‍സിയിലെ സാക്ഷരതയും, സ്‌കൂളിലെ ഹാജരും ഒക്കെ, ഇംഗ്ലണ്ടിനെക്കാള്‍ വളരെ കൂടുതലാണ്. ഓരോ ഗ്രാമത്തിലും ഒരു സ്‌കൂളെങ്കിലും ഉണ്ട്. പ്രാദേശിക ഭാഷകളിലും, സംസ്‌കൃതത്തിലും ആയി, ഗണിതം, ജ്യോതി ശാസ്ത്രം, തര്‍ക്ക ശാസ്ത്രം, ധാര്‍മ്മിക ശാസ്ത്രം, സാഹിത്യം, എന്ന് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സമ്പന്നമായ പാഠ്യപദ്ധതി ആണ് ഇവിടത്തെ വിദ്യാഭ്യാസ രീതി. നാട്ടു രാജാക്കന്മാര്‍, അമ്പലങ്ങള്‍, ധനികരായിട്ടുള്ള വ്യവസായികള്‍, സമുദായം, മദ്രസ, എന്ന് തുടങ്ങിയ സ്ഥാപനങ്ങളും, വ്യക്തികളും ഒക്കെ ആണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ട എല്ലാ സഹായ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നത്…’- സര്‍ തോമസ് മണ്‍റോ, ഗവര്‍ണര്‍ ഓഫ് മദ്രാസ് (1820-1827)
ഇതില്‍ നിന്നും തന്നെ വളരെ വ്യക്തമല്ലെ ഈ മെത്രാന്‍മാരും, പള്ളീലച്ഛന്‍മാരും ഒക്കെ അവകാശപ്പെടുന്നതുപോലെയുള്ള, ജാതി-വേര്‍തിരിവുകള്‍ ഇല്ലാത്ത ഒരു വിദ്യാഭ്യാസം, ഇവര്‍ ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ നില നിന്നിരുന്നു എന്നുള്ള സത്യം?
അപ്പൊ സ്ത്രീകളുടെ വിദ്യാഭ്യാസമോ? അത് ക്രിസ്ത്യന്‍ മിഷനറിമാര്‍ അല്ലെ തുടക്കം ഇട്ടത്?
ശരിയാണ്, വീട്ടിനുള്ളില്‍ മാത്രം ആയിട്ട് നല്‍കിയിരുന്ന പെണ്‍കുട്ടികളുടെയും, സ്ത്രീകളുടെയും ഒക്കെ വിദ്യാഭ്യാസം, ആണ്‍കുട്ടികളുടെയും, പുരുഷന്മാരുടെയും ഒക്കെ വിദ്യാഭ്യാസത്തോട് ഒപ്പം തന്നെ സമൂഹത്തില്‍ വ്യാപകമാക്കി മാറ്റി (മാസ് എഡ്യൂക്കേഷന്‍).
പക്ഷെ ഇവിടെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യം കൂടെ ഉണ്ട്, ഈ സ്ത്രീകളുടെ, വിദ്യാഭ്യാസം എന്ന് കേള്‍ക്കുമ്പോള്‍, നമ്മള്‍ ഇന്ന് മനസ്സിലാക്കുന്ന രീതിയില്‍ ഉള്ള ഒരു സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയോ, അല്ലെങ്കില്‍ സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വിദ്യാഭ്യാസം ഒന്നുമായിരുന്നില്ല എന്നത് ഒരു സത്യം ആണ്.
ബൈബിളിലും, പത്തു കല്പനകളിലും ഒക്കെ അനുശാസിക്കുന്നത് പോലെ ഒരു പുരുഷന്റെ താല്പര്യങ്ങള്‍ക്ക് വിധേയയായി, നല്ല അനുസരണയും, ക്ഷമയും ഒക്കെ ഉള്ള, ഒരു, ഉത്തമ ഭാര്യയായിട്ട്, ജീവിക്കാനുള്ള തയ്യിലും, പാചകവും-ഒക്കെ പോലുള്ള സ്‌കില്ലുകള്‍ നല്‍കുന്ന ഒരു വിദ്യാഭ്യാസം.
അപ്പൊ ഈ ഒരു മാസ് എഡ്യൂക്കേഷന്‍ ആണ്, ക്രിസ്ത്യന്‍ സഭയും, ക്രിസ്ത്യന്‍ മിഷനറിമാരും ഒക്കെ തുടക്കം കുറിച്ചത്.
അതിനു ഒരു കാരണവും ഉണ്ടായിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് വിദ്യാഭ്യാസ സംസ്‌കാരത്തിന് തുടക്കം കുറിച്ച, മക്കാളേ (Thomas Maculay) സായിപ്പിന് വേണ്ടിയിരുന്നത്, നല്ല അനുസരണ ശീലവും, അടിമബോധവും ഒക്കെ ഉള്ള, വിമര്‍ശന ബുദ്ധിയോ, ചോദ്യം ചെയ്യാനുള്ള ഒരു കഴിവോ ഒന്നും, ഇല്ലാത്ത, ഒരു കൂട്ടം ജീവനക്കാരെ ആയിരുന്നു.
ചുരുക്കം പറഞ്ഞാല്‍ ബ്രിട്ടീഷുകാരും, ക്രിസ്ത്യന്‍ മിഷനറിമാരും ഒക്കെ ചെയ്തത്, ഇന്ത്യയിലും, കേരളത്തിലുമെല്ലാം, വിദ്യാഭ്യാസം തുടങ്ങുകയല്ല, മറിച്ച് നിലനിന്നിരുന്ന ഒരു വിദ്യാഭ്യാസ സംസ്‌കാരത്തെ തകര്‍ത്തിട്ട്, പാശ്ചാത്യ ക്രിസ്ത്യന്‍ പ്രത്യയശാസ്ത്ര മൂല്യങ്ങളുടെ, മേന്മയും, ശ്രേഷ്ഠതയും, ഒക്കെ ഊട്ടി ഉറപ്പിച്ചുകൊണ്ടുള്ള, (Civilising Mission) എന്നൊക്കെ വിളിക്കുന്ന, ഒരു കോളോണിയല്‍ തട്ടിപ്പ് പ്രോജക്ടിന്റെ ഭാഗമായ വിദ്യാഭ്യാസ സംസ്‌കാരത്തിനു, മിഷനറിമാരെ ഉപയോഗിച്ച് തുടക്കം കുറിക്കുകയാണ് ചെയ്തത്.
ഒരു മനുഷ്യന്‍ അവന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന, കൈയും, കാലും ഒക്കെ വെട്ടി എടുത്തിട്ട്, പകരം ഒരു മരക്കാലും, മര കൈയും ഫിറ്റ് ചെയ്തു തന്നിട്ട്, അത് ചോദിക്കാന്‍ ചെല്ലുമ്പോള്‍, നിനക്ക് ഞാന്‍ കൈയും, കാലും വെച്ചു തന്നതിന് നന്ദി വേണം എടാ എന്ന് പറഞ്ഞു തട്ടി കയറുന്നതു പോലെയാണ് ഈ ചാനലുകളില്‍ വന്നു ക്രിസ്ത്യന്‍ വിദ്യാഭ്യാസ സംസ്‌കാരത്തിന്റെ മഹത്ത്വത്തെ പറ്റി കണ്‍ട്രാക്കു വിടുന്ന പാതിരിമാരുടെയും, മെത്രാന്‍മാരുടെയും ഒക്കെ കാര്യം.
ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ, ഇന്ന് ഏതൊരു വ്യക്തിയും പറയുന്ന കാര്യങ്ങളുടെ സത്യം വെരിഫൈ ചെയ്യാന്‍ ഉള്ള ഒരു ടെക്‌നോളജി എല്ലാവരുടെയും കൈയ്യില്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ ഇവിടെ പറഞ്ഞ ഓരോ കാര്യങ്ങളും, നിങ്ങളും വായിക്കുമ്പോള്‍ തന്നെ നോട്ട് ചെയ്ത്, സത്യം ആണോ, അല്ലേയോ എന്ന് സ്വയം കണ്ടു പിടിക്കാന്‍ ശ്രമിക്കുക. കാരണം സത്യം എന്ന് പറയുന്നത് ഒരു മെത്രാന്റെയോ, സഭയുടെയോ ഒന്നും കുത്തക അല്ല.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Content Summary; Kerala’s Education sector and the claims of the Catholic church and the christian missionaries, In the context of the hijab controversy
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.