June 03, 2026 |
Share on

ചൂഷകരുടെ വാളിന്റെ ശീല്‍ക്കാരം വായുവില്‍ നിലനില്‍ക്കുന്നത് വരെ മായാത്ത വിപ്ലവ സ്മരണ

അവസാനത്തെ ചൂഷിതന്റെ കണ്ണുനീരും വിലാപവും എട്ടുപതിറ്റാണ്ട് ഏറ്റവും സാധാരണക്കാരായ മനുഷ്യര്‍ക്കൊപ്പം നീങ്ങിയ ആ പോരാളിയെ ഓര്‍മ്മ നിലനിര്‍ത്തും

ആറുവര്‍ഷം മുമ്പ് വി.എസ് അച്യുതാനന്ദന്റെ ഒരു പിറന്നാള്‍ ദിനത്തില്‍, സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ ജീവിക്കുന്ന നിയമവിദ്ധന്‍ ദീപക് രാജു, ഉജ്വലനായ ബംഗാളി കവി ഖാസി നസ്റുള്‍ ഇസ്ലാമിന്റെ ‘ബിദ്രോഹി’ അഥവാ വിപ്ലവകാരി എന്ന കവിതയിലെ ചില വരികള്‍ ഉദ്ധരിച്ചിരുന്നു. ബിദ്രോഹി രൊണോ ക്ലാന്തോ എന്ന് തുടങ്ങുന്ന ആ വരികളുടെ പരിഭാഷ ഇങ്ങനെയാണ്.

‘ഞാന്‍ യുദ്ധത്തില്‍ തളര്‍ന്ന വിപ്ലവകാരിയാണ്
ഒരു ദിവസം ഞാന്‍ വിശ്രമിക്കും.
എന്ന് ചൂഷിതരുടെ വിലാപങ്ങള്‍ ആകാശത്തും വായുവിലും മുഴങ്ങാതിരിക്കുന്നോ
എന്ന് ചൂഷകരുടെ വാളുകള്‍ പടക്കളങ്ങളില്‍ സീല്‍ക്കാരം മുഴക്കാതാവുന്നോ
ആ ദിവസം ഞാന്‍ വിശ്രമിക്കും’

deepak raju

ദീപക് രാജു

സന്ധിയില്ലാത്ത പോരാട്ടങ്ങള്‍ ഇന്നലെ വൈകീട്ട് വി.എസ് വിട പറഞ്ഞ ശേഷവും അദ്ദേഹം ഖാസി നസ്റുള്‍ ഇസ്ലാമിന്റെ ഈ വരികള്‍ ആവര്‍ത്തിച്ചു. ചൂഷകരുടെ വാളിന്റെ ശീല്‍ക്കാരം വായുവില്‍ നിലനില്‍ക്കുന്നത് വരെ വി.എസ് അച്യുതാനന്ദന്‍ എന്ന കേരളം കണ്ട ഏറ്റവും മഹാനായ പോരാളിയുടെ ഓര്‍മ്മകള്‍ വിശ്രമിക്കില്ല. അവസാനത്തെ ചൂഷിതന്റെ കണ്ണുനീരും വിലാപവും എട്ടുപതിറ്റാണ്ട് ഏറ്റവും സാധാരണക്കാരായ മനുഷ്യര്‍ക്കൊപ്പം നീങ്ങിയ ആ പോരാളിയെ ഓര്‍മ്മ നിലനിര്‍ത്തും.

sunil p elayidam

സുനില്‍ പി ഇളയിടം

എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ.സുനില്‍ പി ഇളയിടം നാടകകൃത്തും കവിയും വിപ്ലവകാരിയുമായ ബെര്‍റ്റോള്‍ട് ബ്രെഹ്തിന്റെ വരികളാണ് വി.എസിന്റെ ചിത്രത്തിനൊപ്പം കുറിച്ചത്. ‘ഒരു ദിനമെങ്കിലും പൊരുതി നിന്നോര്‍/അവരെത്ര നല്ലവര്‍ ! ഒരു നീണ്ട വര്‍ഷം പൊരുതി നിന്നോര്‍/അവരതിലേറെ നല്ലവര്‍! എന്നാല്‍ മറക്കായ്ക,/ ജീവിതം മുഴുവനും പൊരുതി നിന്നോര്‍/ അവരത്രെ പോരിന്റെ സത്തയും സാരവും!’ സോഷ്യല്‍ മീഡിയ മുഴുവന്‍ ഈ വരികള്‍ ഏറ്റെടുത്തു. ജീവിതം മുഴുവന്‍ പൊരുതി നിന്ന, പാര്‍ട്ടിയിലും ജീവിതത്തിനും പദവികളിലും പോരാട്ടത്തിന്റെ തുടര്‍ച്ചയും തെളിച്ചവും സൃഷ്ടിച്ച വി.എസ് എന്ന് നാടുമുഴുവന്‍ ആവര്‍ത്തിച്ചു.

Shahina KK

ഷാഹിന കെ കെ

പ്രശസ്ത മാധ്യമപ്രവര്‍ത്തക കെ.കെ.ഷാഹിന പൊതുവേദിയില്‍ അവസാനമായി വി.എസിനെ കണ്ടത് ഓര്‍മ്മിക്കുന്നത് ഇങ്ങനെയാണ്.

”ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തിന് കേരളത്തെ കുറിച്ച് ഒരു സ്പെഷ്യല്‍ ഫീച്ചര്‍ ചെയ്യാന്‍ വന്ന വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ലേഖകന്‍ ഗ്രെഗ് ജാഫിനോടൊപ്പം കരകുളത്ത് വെച്ചാണ് വി എസിനെ അവസാനമായി ഞാന്‍ പൊതുവേദിയില്‍ കണ്ടത്. 2017 ല്‍. വി എസിനെ കാത്ത് നില്‍ക്കുന്ന ആള്‍ക്കൂട്ടം – അക്ഷരാര്‍ത്ഥത്തില്‍ ആബാലവൃദ്ധം- ഗ്രെഗിന് കൗതുകമായി.

പാട്ട് പാടാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന ബാലസംഘം കുട്ടിക്കൂട്ടത്തോട് സംസാരിക്കണം എന്നായി. ഒരു ചോദ്യം. കൂട്ടത്തില്‍ ഏറ്റവും ചെറിയ ഒരു പത്തു വയസ്സുകാരനോട്. ആരാണ് ഏറ്റവും ഇഷ്ടപ്പെട്ട ലീഡര്‍? ഉടനെ വന്നു ഉത്തരം: വി എസ്. രണ്ടേ രണ്ടക്ഷരമുള്ള മറുപടി. ഗ്രെഗിന് ഞെട്ടല്‍. അദ്ദേഹത്തിന് 90 വയസ്സില്‍ കൂടുതല്‍ ഇല്ലേ? ഈ കുട്ടിക്ക് പത്തു വയസ്സല്ലേ ഉള്ളൂ? ഞാന്‍ ചിരിച്ചു. അല്പം വെയ്റ്റ് ചെയ്യൂ. ഇപ്പോള്‍ കാണാം.

അല്പം കഴിഞ്ഞ് വി എസ് എത്തി. പതുക്കെ കൂടെയുള്ളവരുടെ കൈ പിടിച്ച് വേദിയിലേക്ക് കയറി. ഫുട്ബോള്‍ സ്റ്റേഡിയത്തിലെ മെക്സിക്കന്‍ വെവ്സ് പോലെ ആള്‍ക്കൂട്ടം. നിലക്കാത്ത കര ഘോഷം. കണ്ണേ, കരളേ, വി എസേ! എന്ന തൊണ്ട പൊട്ടുന്ന മുദ്രാവാക്യം മൊഴിമാറ്റം ചെയ്ത് കൊടുക്കുമ്പോള്‍ ആ കടലിരമ്പത്തിലടങ്ങിയ സ്‌നേഹം തര്‍ജമ ചെയ്യാനാവാതെ ഞാന്‍ വിഷമിച്ചു. പക്ഷേ ഗ്രെഗിന് അത് മനസ്സിലായി എന്ന് തോന്നുന്നു. ‘ഓ! നൗ ഐ ഗെറ്റ് ഇറ്റ്’ പിന്നീട് വി എസിനെ വീട്ടില്‍ പോയി കണ്ടിട്ടേ അദ്ദേഹം മടങ്ങിയുള്ളൂ.”

ഈ നാട്ടിലെ മുപ്പത്-നാല്‍പ്പത് വയസുള്ള ചെറുപ്പക്കാരുടെ ഓര്‍മ്മയിലെ വി.എസ് എഴുപത്തിയഞ്ചിലേറെ വയസുള്ളയാളാകും. അതില്‍ താഴെ പ്രായമുള്ളവര്‍ക്ക് വി.എസ് എണ്‍പത് കഴിഞ്ഞയാളാണ്. എന്നിട്ടും അവരുടെ എല്ലാം പ്രിയപ്പെട്ട രാഷ്ട്രീയ നേതാവും ആവേശവും വി.എസ് അച്യുതാനന്ദനായി മാറി. അച്ചുമാമയെന്ന് ചെറുപ്പക്കാര്‍ വിളിച്ചു.

P N Gopikrishnan

പിഎന്‍ ഗോപീകൃഷ്ണന്‍

കവിയും എഴുത്തുകാരനുമായ പി.എന്‍ ഗോപീകൃഷ്ണന്‍ ചിലിയില്‍ മഹാനായ അലന്‍ഡേയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തെ കുറിച്ചുള്ള കഥയും മഹാത്മാഗാന്ധി ഇന്ത്യയിലെ ആദ്യ ജനാധിപത്യ ഭരണകൂടത്തിന് നല്‍കിയ ഉപദേശവുമാണ് വി.എസ് അച്യുതാനന്ദനൊപ്പം ഓര്‍മ്മിക്കുന്നത്.

”1964 ലെ ഇലക്ഷനില്‍ ആണെന്ന് തോന്നുന്നു, ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ എഡ്വാര്‍ഡോ ഫ്രൈ, സാല്‍വതോര്‍ അലെന്‍ഡെയെ തോല്പിച്ച് ചിലിയുടെ പ്രസിഡണ്ടായി .സി ഐ എ , ഫ്രൈയ്ക്ക് വേണ്ടി ധാരാളം പണമൊഴുക്കിയിരുന്നു. അലെന്‍ഡേയും സഖാക്കളും ദരിദ്രര്‍. അക്കാലത്തെ അലെന്‍ഡേയുടെ പ്രചരണത്തെപ്പറ്റി എഡ്വാര്‍ഡോ ഗലിയാനോ എഴുതിയിട്ടുണ്ട്. പോസ്റ്ററടിക്കാന്‍ അലെന്‍ഡേയുടെ പക്ഷത്ത് പൈസയില്ല. ഫ്രൈയ്ക്ക് ആണെങ്കില്‍ ബഹുവര്‍ണ്ണ പോസ്റ്ററുകള്‍. ചിലിയിലെ ചേരികളില്‍, കാലിലിടാന്‍ ചെരിപ്പോ, ഉടുക്കാന്‍ വസ്ത്രമോ ഇല്ലാത്ത മനുഷ്യര്‍ വസിക്കുന്ന ഇടത്ത് ഫ്രൈയുടെ പോസ്റ്റര്‍ ഇങ്ങനെയായിരുന്നു: ‘ഫ്രൈ ഭരണത്തില്‍ വന്നാല്‍ ദരിദ്രരായ കുഞ്ഞുങ്ങള്‍ക്ക് ഷൂസ് ലഭിക്കും ‘

ഗലിയാനോ എഴുതുന്നു : അലന്‍ഡേയും കൂട്ടരും അതിനടിയില്‍ (കരി കൊണ്ടാകും ) എഴുതി വെച്ചു. ”അലന്‍ഡേ ഭരണത്തില്‍ വന്നാല്‍, ദാരിദ്ര്യമേ ഉണ്ടാകില്ല’. എതിരാളിയുടെ മുദ്രാവാക്യങ്ങളും ബഹുവര്‍ണ്ണ പോസ്റ്ററുകളും തോറ്റു പോകുന്ന സര്‍ഗ്ഗാത്മകത. ആ ഇലക്ഷനില്‍ അലെന്‍ഡേ തോറ്റു. പിന്നീട് 1970 ല്‍ ജയിച്ചു. ഈ കഥ എപ്പോള്‍ വായിക്കുമ്പോഴും സഖാവ് വി എസിനെ ഓര്‍മ്മ വരും. സ്വാഭാവികമായി.

രണ്ടാമത്തെ അനുഭവം, ഗാന്ധിയുടെ ‘രക്ഷാകവചത്തെ’ക്കുറിച്ച് വായിക്കുമ്പോഴാണ്. ഇടക്കാല മന്ത്രിസഭയിലെ കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ക്ക് ഗാന്ധി കൊടുക്കുന്ന ഉപദേശം, പ്രശ്നങ്ങള്‍ അവരെ കുഴക്കുമ്പോള്‍, കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ദരിദ്രനായ മനുഷ്യന്റെ മുഖം ആലോചിക്കാനാണ്. തങ്ങള്‍ ചെയ്യാന്‍ പോകുന്ന കാര്യം ആ മനുഷ്യന് ഭൗതികമായോ ആത്മീയമായോ എന്തെങ്കിലും ഉന്നമനം കൊണ്ടുവരുമെങ്കില്‍ അത് ചെയ്യാന്‍ ഒരു തരത്തിലും മടിക്കരുത്. ഇതാണ് ഗാന്ധിയുടെ ‘രക്ഷാകവചം’ (താലിസ്മന്‍)ഇത് വായിക്കുമ്പോഴും വി എസിനെ ഓര്‍മ്മ വരും. സ്വാഭാവികമായി.”  How Kerala remembers VS Achuthanandan

 

 

 

Content Summary; How Kerala remembers VS Achuthanandan

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×