2020 ഓഗസ്റ്റ് ആറ്, ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ഇടുക്കി പെട്ടിമുടി ദുരന്തം നടന്നിട്ട് കഴിഞ്ഞ ദിവസം അഞ്ച് വർഷം പൂർത്തിയായി. 70 ഓളം പേരുടെ ജീവനാണ് അന്ന് ആർത്തലച്ചെത്തിയ ഉരുൾപൊട്ടൽ കവർന്നതെന്നാണ് ഔദ്യോഗിക കണക്ക്. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷനിലെ നാല് ലയങ്ങളിലുണ്ടായിരുന്ന 22 തൊഴിലാളി കുടുംബങ്ങളുടെ ജീവന് വേണ്ടിയുള്ള നിലവിളി ആ രാത്രിയിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു. മല മുകളിൽ നിന്ന് ഒഴുകിയെത്തിയ ഉരുൾ നിമിഷ നേരം കൊണ്ട് പെട്ടിമുടിയെ മുഴുവൻ മണ്ണിലും ചെളിയിലും മൂടുകയായിരുന്നു. അന്ന് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരും ദുരന്തത്തിൽ അതിജീവിച്ചവരും ഇന്നും അപകടത്തിന്റെ നീറുന്ന ഓർമകളിലാണ്.
തന്റെ സഹോദരിയെയും അവരുടെ കുടുംബത്തിലെ മറ്റ് അഞ്ചംഗങ്ങളെയുമാണ് മൂന്നാർ സ്വദേശി ജ്യോതിക്ക് പെട്ടിമുടി ദുരന്തത്തിൽ നഷ്ടമായത്. വീടിന്റെ ഒരു ശേഷിപ്പ് പോലും ബാക്കിവെക്കാതെ തന്റെ ഉറ്റവരെ കൊണ്ടുപോയ പെട്ടിമുടിയിലേക്ക് വീണ്ടും പോകാൻ ധൈര്യമില്ലെന്ന് ജ്യോതി അഴിമുഖത്തോട് പറഞ്ഞു.
‘എന്റെ സഹോദരിയും കുടുംബവുമാണ് പെട്ടിമുടി ദുരന്തത്തിൽ മരിച്ചത്. അവർ ആറ് പേരായിരുന്നു കുടുംബത്തിലുണ്ടായിരുന്നത്. ഇരവികുളം ദേശീയോദ്യാനത്തിലായിരുന്നു ചേച്ചി ജോലി ചെയ്തിരുന്നത്. അവളുടെ ഭർത്താവ് മൂന്നാറിൽ ടാക്സി ഡ്രൈവറായിരുന്നു. അന്ന് നല്ല മഴയുള്ള ദിവസമായിരുന്നു. മഴയായിരുന്നത് കൊണ്ട് തന്നെ അവിടെ വൈദ്യുതിയും മൊബൈൽ ഫോൺ കവറേജുമൊന്നും ഉണ്ടായിരുന്നില്ല. രാത്രി പത്തരയോടെയാണ് ഉരുൾപൊട്ടലുണ്ടായതെന്നാണ് അറിയാൻ കഴിഞ്ഞത്. മേഘവെടിപ്പ് എന്നാണ് അതിനെ പറയുന്നത്.
ഉരുൾപൊട്ടലുണ്ടാകാനുള്ള സാധ്യത വളരെ കുറവുള്ള നിരന്ന പ്രദേശത്തായിരുന്നു രേഖയും കുടുംബവും താമസിച്ചിരുന്നത്. എന്നാൽ അവർക്കും രക്ഷപ്പെടാനായില്ല. അഞ്ച് കിലോമീറ്റർ അകലെ നിന്നും ഉരുൾപൊട്ടിയൊലിച്ചിറങ്ങിയാണ് ഇവരുടെ വീടിനെയും കൊണ്ടുപോയത്.
എന്റെ അച്ഛനും അമ്മയും താമസിച്ചിരുന്നത് പെട്ടിമുടിക്ക് അടുത്തുള്ള രാജമല എസ്റ്റേറ്റിലും ഞാൻ താമസിച്ചിരുന്നത് മൂന്നാറിലുമായിരുന്നു. ഓഗസ്റ്റ് ആറിന് നടന്ന സംഭവം അടുത്ത ദിവസം രാവിലെയാണ് ഞങ്ങൾ അറിഞ്ഞത്. അവിടെ ബന്ധപ്പെടാനായി ഒരു മാർഗവുമുണ്ടായിരുന്നില്ല. റോഡ് മുഴുവൻ ബ്ലോക്കായതിനാൽ അവിടേക്ക് എത്തിപ്പെടാനും ഏറെ പ്രയാസപ്പെട്ടു. അച്ഛനും അമ്മയ്ക്കും അപ്പോഴും കൃത്യമായി എന്താണ് അവിടെ സംഭവിച്ചതെന്ന് അറിയില്ലായിരുന്നു. നാല് ലയങ്ങളിലുള്ളവർ വെള്ളത്തിൽ ഒലിച്ചുപോയി എന്ന് മാത്രമാണ് അവർ അറിഞ്ഞിരുന്നത്. പെട്ടിമുടിയിലെത്തിയപ്പോഴാണ് രേഖയും കുടുംബവും ഉരുൾപൊട്ടലിൽ മരിച്ചുവെന്ന് ഞങ്ങൾ അറിഞ്ഞത്. അവരുടെ വീട് അവിടെ ഉണ്ടായിരുന്നു എന്നതിന്റെ അടയാളം പോലുമില്ലാതെ എല്ലാം ഒഴുകിപോവുകയായിരുന്നു.
ദുരന്തം നടന്ന് നാല് ദിവസത്തിന് ശേഷമാണ് ചേച്ചിയുടെ മൃതദേഹം കണ്ടെത്തിയത്. അതിന് മുൻപത്തെ ദിവസങ്ങളിലായി ചേച്ചിയുടെ ഭർത്താവിന്റെയും മാതാപിതാക്കളുടെയും എട്ട് വയസ് പ്രായമുണ്ടായിരുന്ന മകളുടെയും മൃതദേഹങ്ങൾ കിട്ടിയിരുന്നു. ഇളയ ആൺകുട്ടിയുടെയും അവരുടെ മുത്തച്ഛന്റെയും മൃതദേഹങ്ങൾ അപ്പോഴും കിട്ടിയിട്ടുണ്ടായിരുന്നില്ല. ഓഗസ്റ്റ് 18 നാണ് പിന്നീട് അവരെ കണ്ടെത്തുന്നത്. അന്ന് മകന്റെ ജന്മദിനമായിരുന്നു. അന്ന് തന്നെയാണ് അവന്റെ ജീവനില്ലാത്ത ശരീരം ഞങ്ങൾക്ക് കിട്ടുന്നത്.
സംഭവം കഴിഞ്ഞ് ഒരു വർഷമായപ്പോൾ പെട്ടിമുടിയിലെത്തി അവരെ സംസ്കരിച്ചയിടങ്ങളിൽ ഞങ്ങൾ പോയി പ്രാർത്ഥിച്ചിരുന്നു. പിന്നീട് അവിടേക്ക് പോകാനുള്ള ധൈര്യം ഞങ്ങൾക്കുണ്ടായില്ല. അവിടെയെത്തുമ്പോൾ അവരുടെ ഓർമകൾ വല്ലാതെ വേട്ടയാടും.
സർക്കാർ നൽകിയ ആനുകൂല്യമെല്ലാം ചേച്ചിയുടെ ഭർത്താവിന്റെ സഹോദരിക്കാണ് ലഭിച്ചത്. അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ അവരെ അവഗണിച്ച് എങ്ങനെയാണ് ഭർത്താവിന്റെ സഹോദരിക്ക് ആനുകൂല്യം ലഭിച്ചതെന്ന് എനിക്ക് മനസിലാകുന്നില്ല. കോടതിയിൽ കേസ് വാദിച്ചാണ് ചേച്ചിയുടെ ജോലിയെങ്കിലും എനിക്ക് ലഭിച്ചത്. പെട്ടിമുടിയെക്കുറിച്ച് ഓർക്കുമ്പോൾ ഇന്നും മനസിൽ ഒരു വേദനയാണ്’, ജ്യോതി അഴിമുഖത്തോട് പറഞ്ഞു.
തന്റെ രണ്ട് കൂട്ടികളുൾപ്പെടെ 22 പേരെയാണ് മൂന്നാർ, എം.ജി നഗർ സ്വദേശി ഷൺമുഖനാഥന് നഷ്ടമായത്. ‘എന്റെ കുടുംബത്തിലെ 22 പേരെയാണ് പെട്ടിമുടി ദുരന്തത്തിൽ എനിക്ക് നഷ്ടമായത്. എന്റെ മൂന്ന് സഹോദരന്മാരും അവരുടെ കുടുംബവും സഹോദരിയുടെ കുടുംബവും എന്റെ രണ്ട് കുട്ടികളുമാണ് മരിച്ചത്. എന്റെ സഹോദരിയും അവരുടെ ഒരു കുട്ടിയും മാത്രമാണ് അന്ന് രക്ഷപ്പെട്ടത്. മൂന്നാറിലെ എം.ജി നഗറിലാണ് ഞാൻ താമസിക്കുന്നത്.
1908ൽ തിരുവിതാംകൂർ മഹാരാജാവിന്റെ സ്ഥലമായിരുന്ന സമയത്താണ് എന്റെ മുത്തച്ഛൻ പെട്ടിമുടിയിലെത്തുന്നത്. എൻ്റെ അച്ഛൻ ജനിക്കുന്നത് ഇവിടെയാണ്.എന്റെ ജന്മസ്ഥലമാണ് പെട്ടിമുടി. എന്റെ അച്ഛനും അമ്മയും എസ്റ്റേറ്റിലെ തൊഴിലാളികളായിരുന്നു. ബാങ്ക് ജോലി ലഭിച്ചതിനാൽ 13 വർഷങ്ങൾക്ക് മുൻപാണ് ഞാൻ പെട്ടിമുടിയിൽ നിന്നും മൂന്നാറിലേക്ക് താമസം മാറുന്നത്. ഒരു മാസത്തിൽ പകുതിയിലേറെ ദിവസവും എന്റെ സഹോദരന്മാരുടെ വീട്ടിൽ തന്നെയാണ് എന്റെ കുട്ടികൾ താമസിച്ചിരുന്നത്.
അന്ന് കൊവിഡ് സമയം കൂടി ആയിരുന്നതിനാൽ മൂന്നാറിൽ ലോക്ക് ഡൗൺ കർശന നിയന്ത്രണങ്ങളോടെയായിരുന്നു നടപ്പാക്കിയിരുന്നത്. മൂന്നാറിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയാണ് പെട്ടിമുടി എന്ന സ്ഥലമുള്ളത്. അവിടെ മൂന്നാറിലുള്ളത് പോലുള്ള കർശന നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കുട്ടികൾക്ക് അവിടെ നിൽക്കാനായിരുന്നു താൽപര്യം. ഓഗസ്റ്റ് ആറിന് എനിക്ക് നഷ്ടമായത് എന്റെ വലിയൊരു കുടുംബമായിരുന്നു. ഇപ്പോൾ ജെനറൽ മെഡിസിന് പഠിക്കുന്ന എന്റെ ഇളയ മകളും അങ്കണവാടി ടീച്ചറായ എന്റെ ഭാര്യയും മാത്രമാണ് മൂന്നാറിലുള്ളത്. ഞാൻ നിലവിൽ കേരള ബാങ്കിലെ ജീവനക്കാരനാണ്. എല്ലാ വർഷവും ഓഗസ്റ്റ് ആറിന് ഞാൻ പെട്ടിമുടിയിൽ പോകാറുണ്ട്, കഴിഞ്ഞ ദിവസവും പോയിരുന്നു’, ഷൺമുഖനാഥൻ അഴിമുഖത്തോട് പറഞ്ഞു.
പെട്ടിമുടി ദുരന്തത്തിൽ തന്നെ ഏറെ വേദനയായി മാറിയത് 42 പേരെ നഷ്ടപ്പെട്ട ദീപനായിരുന്നു. തൊട്ടടുത്ത ദിവസം തന്റെ കൈകളിലേക്ക് ജനിച്ചു വിഴേണ്ടിയിരുന്ന കൺമണിയുൾപ്പെടെയാണ് ദീപന് നഷ്ടമായത്. തനിക്ക് ഇന്നും വേദനയായി തുടരുന്ന അനുഭവമാണ് പെട്ടിമുടിയിലേതെന്ന് രാജമലയിലെ ബസ് ഡ്രൈവറായ ദീപൻ അഴിമുഖത്തോട് പറഞ്ഞു.
‘അന്ന് ഏകദേശം 9.30 ആയപ്പോഴേക്കും വീട്ടിലെ എല്ലാവരും ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നിരുന്നു. ഓഗസ്റ്റ് 6 ന് രാത്രി നല്ല മഴയായിരുന്നു. അടുത്ത ദിവസം എന്റെ ഭാര്യയുടെ പ്രസവത്തിനായി ഞങ്ങൾ ആശുപത്രയിയിൽ പോകാനായിരുന്നതാണ്. അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതിന് ശേഷമാണ് ഉറങ്ങാൻ കിടന്നത്. രാത്രി വലിയ ശബ്ദം കേട്ട് ചെറിയൊരു ബോധം വന്നപ്പോൾ എൻ്റെ ശരീരം മുഴുവൻ ചെളിയിൽ മുങ്ങി കിടക്കുകയായിരുന്നു. തല മാത്രമാണ് അനക്കാൻ സാധിച്ചിരുന്നത്. രാവിലെ ഏകദേശം ഏഴ് മണിയോടെയാണ് എന്നെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. പിന്നീടാണ് അമ്മയെയും ചേച്ചിമാരെയും ആശുപത്രിയിലെത്തിച്ചത്. എന്റെ ശരീരം മുഴുവൻ മുറിവുകളായിരുന്നു. എന്റെ കുടുംബത്തിലെ 42 പേരാണ് പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ മരിച്ചത്. എന്റെ ജനിക്കാനിരുന്ന കുഞ്ഞും ഭാര്യയും കുടുംബവുമെല്ലാം അന്ന് എനിക്ക് നഷ്ടമായി’, ദീപൻ അഴിമുഖത്തോട് പറഞ്ഞു.
ദുരന്തത്തിൽ മരിച്ചവരെ അവിടെ തന്നെ പോസ്റ്റ്‌മോർട്ടം നടത്തി തൊട്ടടുത്ത സ്ഥലത്ത് സംസ്‌കരിക്കുകയാണ് ഉണ്ടായത്. അഞ്ച് വർഷമായി, കേരളത്തിൻറെ നെഞ്ചിൽ പെട്ടിമുടി ഒരു നോവായി തുടരുകയാണ്.
Content Summary: five years of pettimudi landslide
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.