July 14, 2026 |
Share on

ലഭിച്ചത് ഒമ്പതിലധികം പരാതികൾ; രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും

ഇക്കാര്യം രാഹുൽ മാങ്കൂട്ടത്തിലിനെ നേരിട്ട് അറിയിച്ചതായാണ് സൂചന

രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺ​ഗ്രസ് അധ്യ​ക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ ആലോചനയെന്ന് റിപ്പോർട്ട്. രാഹുലിനെതിരെ എഐസിസിക്ക് ഒൻപതിൽ അധികം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കാര്യം രാഹുൽ മാങ്കൂട്ടത്തിലിനെ നേരിട്ട് അറിയിച്ചതായാണ് സൂചന. എന്നാൽ, നിലവിൽ എംഎൽഎ സ്ഥാനത്ത് തന്നെ രാഹുൽ തുടരുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കെപിസിസി ഡിസിസി പുനഃസംഘടനയ്ക്ക് ശേഷം രാഹുലിൽ നിന്ന് രാജി എഴുതി വാങ്ങാനാണ് നേതൃത്വത്തിന്റെ നീക്കം. യൂത്ത് കോൺ​ഗ്രസ് അധ്യ​ക്ഷ സ്ഥാനത്തേക്ക് മറ്റൊരാളെ പരി​ഗണിക്കുന്ന കാര്യവും ദേശീയ നേതൃത്വത്തിന്റെ ആലോചനയിലുണ്ടെന്നാണ് സൂചന. എന്നാൽ ഈ സാഹചര്യത്തിൽ രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് രാജി വയ്പ്പിക്കുന്നത് പാർട്ടിയ്ക്കാകെ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ.

പ്രമുഖ യുവ കോൺഗ്രസ് നേതാവിൽ നിന്നും ഉണ്ടായ മോശമായ അനുഭവം തുറന്നുപറഞ്ഞ് മാധ്യമപ്രവർത്തകയും നടിയുമായ റിനി ആൻ ജോർജ് രംഗത്ത് വന്നിരുന്നു. നേതാവിന്റെ പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇയാളില്‍ നിന്നും വലിയ പ്രശ്‌നങ്ങള്‍ നേരിട്ട പെണ്‍കുട്ടികള്‍ പ്രതികരിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ തുറന്ന് പറഞ്ഞതെന്നും ഇവർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

സാമൂഹിക മാധ്യമങ്ങളിൽ ഇയാളെക്കുറിച്ച് പല ആരോപണങ്ങളും വരുന്നു. ഈ സാഹചര്യത്തിലാണ് തുറന്നുപറയാം എന്ന തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് തനിക്ക് പിതൃതുല്യനാണ്. പ്രതിപക്ഷ നേതാവ് അടക്കമുള്ളവരോട് കാര്യം പറഞ്ഞിരുന്നു. പരാതിയായി ഇക്കാര്യം ഉന്നയിച്ചപ്പോൾ പല വിഗ്രഹങ്ങളും ഉടഞ്ഞു. ഒരു രാഷ്ട്രീയ നേതാവിനോട് പരാതി പറഞ്ഞപ്പോൾ അത് അവന്റെ മിടുക്ക് എന്ന് പറഞ്ഞുവെന്നും റിനി പറയുന്നു.

Who cares എന്നാണ് എപ്പോഴും അയാളുടെ മനോഭാവം. നേതാവിനെ സമൂഹ മാധ്യമത്തിലൂടെ ആണ് പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം വരണമെന്ന് ആവശ്യപ്പെട്ടെന്നും മാധ്യമ പ്രവർത്തക വെളിപ്പെടുത്തി. അപ്പോൾ തന്നെ പ്രതികരിച്ചുവെന്നും റിനി പറഞ്ഞു. ഇതിന് ശേഷം കുറച്ച് നാളത്തേയ്ക്ക് കുഴുപ്പമൊന്നും ഉണ്ടായില്ലെന്നും എന്നാൽ പിന്നീട് അശ്ലീല സന്ദേശം അയക്കുന്നത് തുടർന്നുമെന്നുമാണ് വെളിപ്പെടുത്തുന്നത്.

പരാതി ഉന്നയിച്ചിട്ടും സ്ഥാനമാനങ്ങൾ നൽകി. കൂടുതൽ സ്ത്രീകൾക്ക് ദുരനുഭവം ഉണ്ടായി. അവർ മുന്നോട്ട് വരണമെന്നും നടി ആവശ്യപ്പെട്ടു. നിരവധി സ്ത്രീകൾക്ക് ഇപ്പോഴും അശ്ലീല സന്ദേശങ്ങൾ അയക്കുന്നുണ്ട്. പുറത്തുപറയുമെന്ന പറഞ്ഞിട്ടും പോയി പറയു എന്നായിരുന്നു മറുപടി. കോൺഗ്രസ് പാർട്ടിക്കുള്ളിലെ സ്ത്രീകൾക്കും ദുരനുഭവം ഉണ്ടായതായി അറിയാമെന്നും നടി പറയുന്നു.

അഭിനേത്രിയും മാധ്യമ പ്രവർത്തകയുമായ റിനി ആൻ ജോർജിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെട്ട് പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്ക് ബിജെപി ഇന്നലെ മാ‍ർച്ച് നടത്തുകയും ചെയ്തിരുന്നു.

content summary: With over nine complaints received, Rahul Mamgkootatil may be removed from the Youth Congress president post

Leave a Reply

Your email address will not be published. Required fields are marked *

×