ലൈംഗികാരോപണ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുമെന്ന് വിവരം. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിച്ചു എന്ന ആരോപണത്തില്‍ ബുധനാഴ്ച്ച ക്രൈം ബ്രാഞ്ച് രാഹുലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എംഎല്‍എയുടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തുമെന്നും വിവരമുണ്ട്. പെണ്‍കുട്ടികള്‍ ഇതുവരെ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ സമൂഹ മാധ്യമങ്ങള്‍ വഴിയും, ചാനല്‍ വാര്‍ത്തകള്‍ വഴിയും പുറത്തു വന്ന ശബ്ദരേഖകളുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് സ്വയം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ബുധാനാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കണ്ട സമയത്ത് രാഹുലിനെതിരേ കേസ് എടുക്കുമോയെന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഉചിതമായ നടപടിയുണ്ടാകുമെന്നും അക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അദ്ദേഹത്തിന്റെ വാര്‍ത്തസമ്മേളനം കഴിഞ്ഞ് വൈകിട്ടോടെയാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. മൂന്നു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതില്‍ ഏറ്റവും ഗൗരവമായി കാണുന്നത് ഗര്‍ഭഛിദ്രത്തിനായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നതാണ്.
രാഹുല്‍ മാങ്കൂട്ടത്തിലും കോണ്‍ഗ്രസും ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന വാദം കേസ് ഇല്ല, പരാതി ഇല്ല എന്നതായിരുന്നു. വെറും ആരോപണങ്ങള്‍ മാത്രമാണുള്ളതെന്നും, അവയെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും രാഹുലും അയാളെ പിന്തുണയ്ക്കുന്നവരും ഉയര്‍ത്തിക്കൊണ്ടിരുന്നു. എംഎല്‍എ സ്ഥാനം രാജിവയ്ക്കാതിരിക്കുന്നതും ഇതേ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാണ്. എന്നാല്‍ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതോടെ കാര്യങ്ങളുടെ സ്വഭാവം മാറിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ മൊഴി നല്‍കിയാല്‍ രാഹുലിനെതിരേ കേസ് വരും. പരാതി നല്‍കാന്‍ പെണ്‍കുട്ടികള്‍ മുന്നോട്ടു വരാത്തത് അവര്‍ക്ക് ജീവനില്‍ ഭയമുള്ളതുകൊണ്ടാണെന്ന് വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിക്കാര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കിയത്.
കേസ് വന്നാല്‍ എംഎല്‍എ സ്ഥാനത്ത് തുടരാന്‍ രാഹുലിന് മറ്റു പ്രതിരോധ മാര്‍ഗങ്ങളൊന്നുമില്ല. വ്യക്തതയില്ലാത്തൊരു സസ്‌പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ എടുത്തിരിക്കുന്നത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗ്വത്തില്‍ നിന്നും താത്കാലികമായി മാറ്റി നിര്‍ത്തിയിരിക്കുന്നു. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കേണ്ടി വരുമെന്നതൊഴിച്ചാല്‍ രാഹുലിന് എംഎല്‍എ എന്ന പദവിയലൂടെ കിട്ടുന്ന അധികരങ്ങള്‍ക്ക് യാതൊരു പോറലും ഉണ്ടാകുന്നില്ല. പലരും പരാതിയുമായി മുന്നോട്ട് വരാത്തതും ഈ അധികാരത്തെ പേടിച്ചിട്ടാണ്. രാഹുലിനെതിരേ ഉയര്‍ന്ന പരാതികളിലെല്ലാം അധികാര സ്ഥാനങ്ങളില്‍ വരുന്നതിനു മുമ്പുള്ള രാഹുലിന്റെ പെരുമാറ്റവും, അതിനുശേഷമുള്ള ധിക്കാരപൂര്‍വവും ഭീഷണിയിലൂന്നിയതുമായ സ്വഭാവ മാറ്റവും എടുത്തു പറയുന്നുണ്ട്. സിപിഎമ്മും ബിജെപിയുമെല്ലാം ആവശ്യപ്പെടുന്നതും എംഎല്‍എ പദവിയില്‍ നിന്നും മാറി നിന്നു വേണം രാഹുല്‍ നിയമനടപടി നേരിടേണ്ടതെന്നാണ്. എഫ് ഐ ആറും കേസും വന്ന സ്ഥിതിക്ക് രാഹുലിന്റെ ഭാവി നിര്‍ണായകമാണ്.
പൊതുപ്രവര്‍ത്തകരടക്കം നിരവധി പരാതികള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ടെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ നിയമപരിശോധനയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത് മുന്നോട്ടു പോകാന്‍ ഡിജിപി ക്രൈം ബ്രാഞ്ചിന് നിര്‍ദേശം നല്‍കാന്‍. ഇക്കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നതുമാണ്. രാഹുലിനെതിരേ എന്തുകൊണ്ട് ആഭ്യന്തര വകുപ്പ് നടപടിയെടുക്കുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസുകാര്‍ രാഹുലിനെ ന്യായീകരിക്കാന്‍ വേണ്ടി ഉയര്‍ത്തിയിരുന്ന ചോദ്യം.
പെണ്‍കുട്ടികള്‍ക്ക് ആത്മധൈര്യം പകര്‍ന്ന് അവരില്‍ നിന്നും മൊഴി ശേഖരിക്കുകയെന്നതാണ് ക്രൈം ബ്രാഞ്ചിന്റെ മുന്നിലുള്ള ആദ്യ പടി. മൊഴി പരാതിക്കാരുടെ മൊഴി ഏറ്റവും പ്രധാനപ്പെട്ടതാണ്. കൂടുതല്‍ തെളിവുകള്‍ക്കായിട്ടാണ് ക്രൈം ബ്രാഞ്ച് ഇനി ശ്രമിക്കുക. കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കണോ വേണ്ടയോ എന്നകാര്യത്തില്‍ തെളിവകളും മൊഴികളും ആശ്രയിക്കേണ്ടി വരും. Sexual assault; Crime Branch filed case against Rahul Mamkootathil MLA
Content Summary; Sexual assault; Crime Branch filed case against Rahul Mamkootathil MLA
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.