July 13, 2025 |
Share on

ക്രൈം സീരീസിലെ ഇമോഷനും ഐഡിയോളജിയും: ബാഹുല്‍ രമേശ്/ അഭിമുഖം

ഗൂണ്ടാ നേതാവിനെ എന്തുകൊണ്ട് കോളനിയില്‍ പോയി പിടിച്ചില്ല? അമ്പിളി വളര്‍ത്തുന്ന നായയാണോ അയ്യപ്പന്‍?

 കാണുന്നത് മാത്രമല്ല, കണ്ടതിനെ അവനവന്റെതായി രീതിയില്‍ ആലോചിക്കാനും വ്യാഖ്യാനിക്കാനും അവസരം തരുന്ന എഴുത്താണ്  ബാഹുല്‍ രമേശിന്റെത്. കഥാപാത്രങ്ങളോടും കഥാപരിസരത്തോടും കാഴ്ച്ചക്കാരന് ഇമോഷണല്‍ അറ്റാച്ച്‌മെന്റ് ഉണ്ടാക്കുകയാണ്. മനുഷ്യനെയും മൃഗങ്ങളെയും അയാള്‍ കണക്ട് ചെയ്തിരിക്കുന്നതും അത്ഭുതകരമായാണ്. കേരള ക്രൈം ഫയല്‍സ് സീസണന്‍ രണ്ടിന്റെ പശ്ചാത്തലത്തില്‍ ബാഹുലിന്റെ എഴുത്ത് രീതികളെ ചോദിച്ചറിയാനുള്ള ശ്രമമാണ് ഈ അഭിമുഖം

എന്തായിരുന്നു വെല്ലുവിളി; കിഷ്‌കിന്ധാ കാണ്ഡമോ, ക്രൈം ഫയല്‍സ് ഒന്നാം സീസണോ?

ഹോട്ട് സാറ്റാര്‍ നല്‍കുന്ന പിച്ചിംഗ് ഡേറ്റിനുള്ളില്‍ ഒരു വണ്‍ ലൈന്‍ ഉണ്ടാക്കണം. വണ്‍ ലൈന്‍ അവര്‍ക്ക് ഇഷ്ടമായാല്‍, തിരക്കഥ എഴുതാന്‍ മൂന്നോ നാലോ മാസം ലഭിക്കും. ഒരു കഥ ആലോചിച്ച് ഉണ്ടാക്കുന്നതില്‍ എനിക്ക് പരിമിതിയുണ്ട്. സീന്‍ ഓര്‍ഡറില്‍ സ്‌ക്രിപ്റ്റ് ഡവലപ് ചെയ്തു പോവുകയാണ് രീതി. എഴുതി നോക്കാതെ ഒന്നും പറയാനാകില്ല. അഹമ്മദിക്ക(സംവിധായകന്‍ അഹമ്മദ് കബീര്‍) ഒരു മാസത്തെ സമയാണ് നല്‍കിയത്. അതിനിടയില്‍ അദ്ദേഹം ആഗ്രഹിക്കുന്നതുപോലൊരു വണ്‍ ലൈന്‍ കൊടുക്കണം. അവസാന നിമിഷം കൊടുത്താല്‍ പോരാ. എന്റെ എഴുത്ത് ഇഷ്ടമാകുന്നില്ലെങ്കില്‍ മറ്റൊരാളെ തിരക്കണം. ഇതെല്ലാം മുന്നില്‍ കണ്ട് പരമാവധി അദ്ധ്വാനിക്കണമായിരുന്നു. ഇതായിരുന്നു വെല്ലുവിളി.

കോവിഡ് ലോക്ഡൗണ്‍ കാലത്താണ്‌ കിഷ്‌കിന്ധാ കാണ്ഡം എഴുതുന്നത്. അതു കഴിഞ്ഞാണ് ക്രൈം ഫയല്‍സ് എഴുതുന്നത്. സീരീസിന്റെ ഷൂട്ട് കഴിഞ്ഞാണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങുന്നത്. ഏതായിരിക്കും ആദ്യം ഇറങ്ങുക എന്നൊരു സംശയം അന്നെനിക്കുണ്ടായിരുന്നു.

മനുഷ്യ വികാരങ്ങളെയും വിചാരങ്ങളെയും കഥകളിലെ പ്രധാന എസ്സന്‍സ് ആക്കുന്നതിന് പിന്നില്‍?

അത് ബോധപൂര്‍വമല്ല. എഴുതി വരുമ്പോള്‍ സംഭവിക്കുന്നതാണ്. നമുടെ തോന്നലുകളെ വിശ്വസിക്കുകയാണ്. ഹ്യൂമന്‍ സൈക്കോളജിയൊന്നും പഠിച്ചിട്ടില്ല. അങ്ങനെ തോന്നലുണ്ടാക്കുന്നുവെങ്കില്‍ സന്തോഷം. കണ്ടിട്ടോ കേട്ടിട്ടോ അറിഞ്ഞിട്ടോ ഉള്ള കാര്യങ്ങളുടെ കാഴ്ച്ചപ്പാടില്‍ നിന്നുകൊണ്ടാണ് എഴുതുന്നത്. ഒരിക്കലുമത് സൂക്ഷ്മതയോടെ ആലോചിച്ചു ചെയ്യുന്നതല്ല. മനസാന്നിധ്യത്തോടെ എഴുതാനിരിക്കാന്‍ പരമാവധി ശ്രമിക്കും. പോകുന്ന പോക്കില്‍ അങ്ങ് പോവുകയാണ്…

ബോധപൂര്‍വം ചെയ്യുന്ന കാര്യമുണ്ട്. അത് ഡയലോഗുകള്‍ ഉണ്ടാക്കാനാണ്. നമ്മള്‍ കേട്ടിട്ടുള്ള, പരിചയമുള്ള, പെട്ടെന്ന് വായില്‍ വരുന്ന തരത്തിലുള്ള ഡയലോഗുകള്‍ ബോധപൂര്‍വം ഒഴിവാക്കാന്‍ ശ്രമിക്കും. നമ്മള്‍ സൃഷ്ടിക്കുന്ന നരേറ്റിവില്‍ കൊടുക്കാന്‍ പറ്റുന്ന, നമ്മുടേതായ വ്യക്തിത്വം വരുന്ന ഡയലോഗുകള്‍ എങ്ങനെ ഉണ്ടാക്കാം എന്നതിലാണ് എഫര്‍ട്ട് എടുക്കുന്നത്.

kerala crime files 2 , bahul ramesh interview

ഒരിടത്ത് കുരങ്ങ്, മറ്റൊരിടത്ത് നായ; ആകസ്മികതയാണോ? അതോ ലോകത്തിലെ ജീവികളുടെ കഥ പറയുന്നു എന്നൊരു തത്വത്തില്‍ മനുഷ്യനും കുരങ്ങും പട്ടിയുമെല്ലാം ഉള്‍പ്പെടുന്നതാണോ?

ഫിലോസഫി/ പൊളിറ്റിക്കല്‍ ഐഡിയോളജികളുടെ പുറത്തു വരുന്ന ഒന്നല്ലത്. അതൊരു കുട്ടിയുടെ മനസിലെ കൗതുകത്തിന്റെ പുറത്തു ചെയ്യുന്നതാണ്. അപ്പു എന്നും അച്ചുവെന്നും പേരുള്ള രണ്ടു കൂട്ടുകാര്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞു തുടങ്ങുന്നൊരു കഥയില്‍, അവര്‍ക്ക് പ്ലൂട്ടോ എന്നു പേരുള്ള ഒരു പൂച്ച കുട്ടി കൂടിയുണ്ടെന്ന് കേള്‍ക്കുന്നിടം തൊട്ടാണ് നമ്മുടെ ആകാംക്ഷ ഉണരുന്നത്. മൃഗങ്ങള്‍ കഥാപാത്രങ്ങളായി വരുന്ന കഥകളോട് താത്പര്യം കൂടുതലായിരുന്നു. സ്പില്‍ബര്‍ഗിന്റെ സിനിമകളായാലും നമ്മുടെ സിനിമയായ മൈഡിയര്‍ കരടിയായാലും ആ താത്പര്യം ഒരുപോലെയായിരുന്നു.

ഉള്ളിലെ ആ കുട്ടി ഇപ്പോഴും പുറത്തു പോകാത്തതിന്റെ കുഴപ്പമായിരിക്കാം എന്റെ കഥകളില്‍ കുരങ്ങനും നായയുമൊക്കെ വരുന്നത്. ഒരു ജോലി ചെയ്യുമ്പോള്‍ അത് ആസ്വദിച്ച് ചെയ്യാനാകാണം. സ്വയം അടിച്ചേല്‍പ്പിക്കുന്നൊരു ഭാരമായി തോന്നരുത്.

അയ്യപ്പന്‍-അമ്പളിയുമായുള്ള ബന്ധത്തെ ഒരു നായ-യജമാന്‍ ബന്ധമായി വ്യാഖാനിക്കുന്നു. അമ്പളിയെയും അയ്യപ്പനെയും വ്യക്തിപരമായി വിശകലനം ചെയ്യുന്നതിനപ്പുറം അവരുടെ ബന്ധത്തെക്കുറിച്ച് പറയാമോ?

അയ്യപ്പനും അമ്പിളിയും തമ്മിലുള്ള ബന്ധം പ്രീ-ഡിസൈന്‍ഡ് ആയി രൂപപ്പെടുന്നതല്ല. ഓരോ സീനികളും എത്തുമ്പോള്‍, അവിടുത്തെ ഡയലോഗുകള്‍ക്ക് ഒരു വ്യക്തിത്വം ഉണ്ടാക്കാന്‍ ശ്രമിക്കും. ഡയലോഗ് ഇന്‍ട്രാക്ഷനിലൂടെ ക്യാരക്ടറുകളുടെ ഡീറ്റെയ്‌ലിംഗിലേക്ക് പോകാന്‍ ശ്രമിക്കും. അങ്ങനെ എഴുതി പോകുമ്പോഴാണ് ഇവര്‍ക്കിടയിലെ ബന്ധം ഇത്തരത്തില്‍ ആയാലോ എന്ന ചിന്ത വരുന്നത്. കൊള്ളാം, അതിലൊരു വ്യക്തിത്വമുണ്ട്. കേട്ട് പരിചയമില്ലാത്ത ബന്ധം. അത് ഈ സീരീസിന്റെ മാത്രം അടയാളമാകുന്ന ഒന്നാണ്. ഇത്തരം തോന്നലിന്റെ പുറത്താണ് എഴുതി പോയത്. അതുപോലെ വന്നിട്ടുണ്ടോയെന്ന് പറയേണ്ടത് പ്രേക്ഷകനാണ്.

kerala crime files 2 , bahul ramesh interview

പ്രീ കണ്‍സീവ്ഡ് ആയി ചെയ്തിട്ടില്ല. നാലാമത്തെ എപ്പിസോഡില്‍ അമ്പിളിയും അയ്യപ്പനും അയാളുടെ ഭാര്യയും ഒരുമിച്ചുള്ള രാത്രി സീനുണ്ട്. ആ കോണ്‍വര്‍സേഷന്‍ ഇന്‍ട്രസ്റ്റഡ് ആക്കാനായിരുന്നു ശ്രമിച്ചത്. കൊടുത്തും പറഞ്ഞും പോകുന്നതിനിടയിലാണ് അതിനുള്ളില്‍ കടപ്പാടും കൂറും പറയുന്ന തീം വരുന്നത്. അറിയാതെ എഴുതി വന്നതാണ്. യജമാന്‍-വിധേയന്‍ അല്ലെങ്കില്‍ മാസ്റ്റര്‍-ഡോഗ് ആംഗിളിലേക്ക് വന്നിട്ടുണ്ടെന്ന് മനസിലാകുന്നതും പിന്നീട് അങ്ങനെ പിന്തുടരുന്നതും. അയ്യപ്പന്‍ ഭാര്യയെ വിളിക്കുന്ന സീനില്‍ കൂടുതല്‍ തെളിവോടെ ആ തീം അയ്യപ്പനെ കൊണ്ട് ഡയലോഗില്‍ കൂടി പറയിപ്പിക്കുകയായിരുന്നു. ”കടപ്പാട്, കടപ്പാടായിട്ട് മാത്രമേ പാടുള്ളൂ, ചങ്ങലക്കിട്ട പട്ടിയായിട്ട് ഇരിക്കണമെന്നല്ല അതിന്റെ അര്‍ത്ഥം” എന്ന ഡയലോഗ് വരുന്നത് അങ്ങനെയാണ്. സീരീസിന് നായ്ക്കള്‍ കഥാപാത്രങ്ങളാകുന്ന ഒരു മെറ്റഫോറിക് അടര് കൂടി ഉള്ളതുകൊണ്ട് ആ രീതിയിലും അവരുടെ ബന്ധത്തെ വ്യാഖ്യാനിക്കുന്നത്.

പ്രേക്ഷകര്‍ക്കോ വായനക്കാര്‍ക്കോ വ്യാഖ്യാനങ്ങള്‍ക്ക് ഉള്ള അവസരം ഉണ്ടെന്ന് കണ്ടാല്‍ ചെയ്യേണ്ടത് അതിനുള്ള വാതില്‍ തുറന്നിടുകയെന്നതാണ്.

പ്രേക്ഷകരെ അവരവരുടെ വ്യാഖ്യാനത്തിന് അനുവദിക്കുകയാണോ?
സിനിമയോ സീരീസോ പുസ്തകങ്ങളോ; ഏതുമാകട്ടെ, അവയ്ക്ക് വളര്‍ച്ച ഉണ്ടാകണമെങ്കില്‍ പലതരം വ്യാഖ്യാനങ്ങള്‍ക്ക് അവസരം ഉണ്ടാകണം. എന്റെ ഒറ്റ ബുദ്ധിയില്‍ തോന്നുന്ന ഒരു കാര്യം, അത് മാത്രമായി അടിച്ചേല്‍പ്പിച്ചാല്‍, പ്രേക്ഷകന്‍ അത് കണ്ട് അപ്പോള്‍ തന്നെ വിട്ടു കളയും. കാണുന്നവരായാലും വായിക്കുന്നവരായാലും അതില്‍ അവരുടെ ചിന്ത കൂടിയിടണം. ഒരു കഥാപാത്രത്തിന്റെ സിനിമയില്‍ ചര്‍ച്ച ചെയ്യാത്ത ബാക് സ്‌േേറ്റാറികള്‍ കൗതുകത്തിന്റെ പുറത്ത് ആലോചിക്കാറില്ലേ. അത്തരം ആലോചനകള്‍ക്ക് പ്രേക്ഷകന് അവസരം കൊടുത്താല്‍ അവര്‍ അവരുടെതായ തലങ്ങള്‍ ആ കഥയില്‍ ഉണ്ടാക്കിയെടുക്കും. ഓരോ മനുഷ്യര്‍ക്കും അവരുടെതായ കാഴ്ച്ചപ്പാടുകള്‍ കാണുമല്ലോ. എന്റെ അറിവിന് അതിന്റെതായ ഗ്രാവിറ്റി മാത്രമേ ഉണ്ടാകൂ. അതുവച്ച് എനിക്കൊന്നും സ്ഥാപിക്കാന്‍ കഴിയില്ല. അതില്‍ കൂടുതല്‍ അനുഭവങ്ങളും അറിവും ഉള്ളവരുണ്ട്, അവരുടെ കാഴ്ച്ചപ്പാടില്‍ കൂടി വിലയിരുത്തല്‍ നടക്കുമ്പോള്‍ കൂടുതല്‍ ആഴവും പരപ്പും ഉണ്ടാകും. നമ്മള്‍ നമുക്ക് തന്നെ പാരയാകരുത്, people are ready to interpret .

ഉത്തരം, ഈ കണ്ണികൂടി, സല്യൂട്ട് എന്നിങ്ങനെ രണ്ടോ മൂന്നോ ചിത്രങ്ങളാണ് പരമ്പരാഗത രീതിയില്‍ നിന്നു മാറി നില്‍ക്കുന്ന അന്വേഷണ ചിത്രങ്ങളായി തോന്നിയിട്ടുള്ളത്. ക്രൈം ഫയല്‍സ് വണ്‍ ഓഫ് ദ ബെസ്റ്റ് എന്നു പറയാന്‍ വ്യക്തിപരമായി പ്രേരിപ്പിച്ചത്, എല്ലാം വെളിവാക്കി കൊടുക്കുന്ന ക്ലാസ് എടുപ്പ് ഇല്ലെന്നതിനാലാണ്. എന്നാല്‍ അതില്‍ കുറച്ച് നീരസം തോന്നിയവരുമില്ലേ

അങ്ങനെയൊരു ബാധ്യതയുടെ ആവശ്യമില്ല. ഇന്ന ഴോണറില്‍ ഉള്ള സിനിമയാണെങ്കില്‍ ഇങ്ങനെയൊക്കെ വേണം എന്ന് സെറ്റ് ചെയ്തിരിക്കുന്ന പാരാമീറ്ററില്‍ ടിക് ചെയ്തുകൊണ്ടുള്ള, ഒരു നിര്‍ബന്ധിത ഗുമസ്ത പണിയാകരുത് എന്നാണ് ആഗ്രഹിച്ചത്. എന്റെതായ രീതിയില്‍ ശ്രമിക്കണം. അതിന്റെതായ വ്യക്തിത്വം ഉണ്ടാകണം. വിജയിച്ചാലും പരാജയപ്പെട്ടാലും ശ്രമിക്കുക. സെയ്ഫ് സോണില്‍ കളിക്കാന്‍ നില്‍ക്കുന്നില്ല. ഫലം എന്തായാലും നമുക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യുക.

കേരള ക്രൈം ഫയല്‍സ് 2 സീസണ്‍; ഈ കേസില്‍ കാഴ്ച്ചക്കാരും പങ്കാളിയാണ് 

അങ്ങനെ ആഗ്രഹിച്ചാലും അത് നടക്കണണെങ്കില്‍ ഒപ്പം നില്‍ക്കാന്‍ ആളുവേണം. സംവിധായകനും പ്രൊഡക്ഷന്‍ ടീമും മറ്റ് ക്രൂവും എല്ലാം കൂടെ നില്‍ക്കണം. എന്റെ കാര്യത്തില്‍ അത് സംഭവിച്ചു. പ്രത്യേകിച്ച് ഹോട്ട്‌സ്റ്റാര്‍. സിനിമ പോലെയല്ല. അവിടെ ഒരു പാര്‍ട്ടി നോ പറഞ്ഞാല്‍ അടുത്ത പാര്‍ട്ടിയെ സമീപിക്കാം. സീരീസ് ഒരു ഫ്രാഞ്ചൈസിക്കു വേണ്ടി ഡിസൈന്‍ ചെയ്യുന്നതാണ്. അവരുടെ പ്ലാറ്റ്‌ഫോമിലേക്കായി നമ്മള്‍ ഉണ്ടാക്കുന്നു. അവര്‍ മാറ്റങ്ങള്‍ പറഞ്ഞാല്‍ അനുസരിക്കേണ്ടി വരും. ഇന്ന ടെംപ്ലേറ്റ് പിടിച്ചാല്‍ മതി, അല്ലെങ്കില്‍ ഈയടുത്ത് കാലത്ത് ഇതേ ഴോണറില്‍ വിജയിച്ച സിനിമയുടെ പാറ്റേണ്‍ നോക്കൂ എന്നൊക്കെ പറഞ്ഞാല്‍ അങ്ങനെ ചെയ്യേണ്ടി വരും. ഇവിടെ എല്ലാവരും ഒരുപോലെ പിന്തുണ തന്നു.

kerala crime files 2 , bahul ramesh interview

ഈ സീരീസിലെ പൊലീസിനെ എങ്ങനെയാണ് അവതരിപ്പിക്കാന്‍ നോക്കിയിരിക്കുന്നത്?

ഇതിലെ പൊലീസ് എന്റെ ആലോചനയില്‍ നിന്നുണ്ടായവരാണ്. ഞാന്‍ പൊലീസിയാല്‍, എനിക്ക് അറിയാവുന്നവര്‍ പൊലീസായാല്‍ എങ്ങനെയാകും പെരുമാറുക, ചിന്തിക്കുക. ആ ആലോചനയാണ് നടന്നിരിക്കുന്നത്. നോബിള്‍ പറയുന്നുണ്ട്, ഈഗോയും ഹയറാര്‍ക്കിയും നോക്കുന്നൊരാളല്ല ഞാനെന്ന്. അത് ഞാന്‍ പറഞ്ഞിട്ടുള്ള ഡയലോഗാണ്. എന്റെ കൂടെയുള്ളവരോട് പറയുന്നത്, എനിക്ക് തെറ്റ് പറ്റിയാല്‍ അത് തിരുത്തണം, ഇടപെടണം. പറയിപ്പിക്കാതെ പോണം, അതാണ് നോബിളും പറഞ്ഞത്.

ഇമോഷണല്‍ അറ്റാച്ച്മെന്റിന്റെ കാര്യത്തില്‍ വ്യക്തിപരമായി നോബിളിനോടാണോ യോജിക്കുന്നത്? ആരോടാണെങ്കിലും, മനുഷ്യനോടായാലും മൃഗത്തോടായാലും വൈകാരികമായ അടുപ്പം ഉണ്ടാക്കുന്നത് വളരെയധികം അപകടം പിടിച്ച ഒന്നാണോ?

Not take ourselves to serious, അതാണ് എന്റെ പോളിസി. സന്ദേഹങ്ങളും മുന്‍കരുതലുമായി ജീവിതം ആസ്വദിക്കാന്‍ പറ്റില്ല. Not to commit mistake എന്നരീതിയില്‍ too much self conscious ആയി നടക്കേണ്ടതില്ല. അങ്ങനെ എപ്പോഴും അലര്‍ട്ട് ആയി ഇരുന്നാല്‍ മനസമാധാനം ഉണ്ടാകില്ല. just go with flow. Be around good people, ബോധപൂര്‍വം അതിനും ശ്രമിക്കാറില്ല. ഇന്‍ട്രാക്റ്റ് ചെയ്യാന്‍ തോന്നുന്നവര്‍, ഇന്‍ഫ്‌ളുവന്‍സ് ചെയ്യുന്നമെന്ന് തോന്നുന്നവര്‍ അങ്ങനെയുള്ളവരുടെ കൂടെ ഇരിക്കാന്‍ തോന്നാറുണ്ട്.

അറ്റാച്ച്‌മെന്റ് നമ്മുടെ കൈയിലിരിക്കുന്ന കാര്യമല്ല. ആരോടും ആറ്റാച്ച്ഡ് ആകില്ലെന്ന് ഉറപ്പിച്ച് ജീവിക്കാനൊന്നും കഴിയില്ല. മനസില്‍ നിന്നും സംഭവിക്കുന്നതല്ലേ, തോന്നിയാല്‍ തോന്നട്ടെ.

ഈയൊരു സീരീസില്‍ മാത്രമാണോ, അതോ പരമ്പരാഗത ചിന്തകള്‍ പിന്തുടരാന്‍ പൊതുവില്‍ താത്പര്യമില്ലാത്തതാണോ?

ഈ സീരീസില്‍ മിഥിലാജ് എന്നൊരു കഥാപാത്രമുണ്ട്. ഗൂണ്ടാ നേതാവ്. അയാളെ പിടിക്കണമെന്ന് പറയുമ്പോള്‍, ഏതെങ്കിലും കോളനയില്‍ ചെന്ന് കീഴടക്കുക എന്നായിരിക്കും ചിന്തിക്കുക. എഴുതാനിരിക്കുന്നവര്‍ക്കും കാണാനിരിക്കുന്നവര്‍ക്കും ആ ഒരു ചിന്ത സ്വഭാവികമായി വരും. ആ തോന്നലിനെ ഞാന്‍ ഒതുക്കി വച്ചു. മിഥിലാജിനെ ഒരു കോളനിയില്‍ ചെന്ന് പിടിച്ചു കൊണ്ടുവരേണ്ടതില്ലെന്ന് തീരുമാനിക്കുന്നതങ്ങനെയാണ്. പരമ്പരാഗത രീതികളെ പ്രീതി പെടുത്താന്‍ തയ്യാറായില്ല. നമുക്ക് തോന്നുന്നത് ചെയ്യാനുള്ള ശ്രമാണതിക്കൊ. അതിന്റെ ഫലം എന്തു തന്നെയായാലും അനുഭവിക്കാം.

ചില ചിന്തകളും വിശ്വാസങ്ങളുമൊക്കെ പൊളിക്കണം. വ്യക്തിപരമായൊരു അനുഭവം പറയാം. കഴിഞ്ഞ സിനിമയുടെ ഷൂട്ടിംഗ് വാഗമണ്‍, കാഞ്ഞാര്‍ ഭാഗത്തായിരുന്നു. നല്ല മഴയും ഒപ്പം അട്ടയും. അട്ട കടിക്കാതിരിക്കാന്‍ കാലില്‍ ഉപ്പ് വിതറും. യൂണിറ്റിലെ ഒരാള്‍ എല്ലാവരുടെയും കാലില്‍ ഉപ്പ് വിതറിക്കൊടുക്കുന്നുണ്ട്. എന്റെയടുത്ത് വന്നപ്പോള്‍ ഉപ്പ് കൈയില്‍ തരാന്‍ പറഞ്ഞു. അവന്‍ സമ്മതിക്കുന്നില്ല. കാരണം ചോദിച്ചപ്പോള്‍, ഉപ്പ് കൈയില്‍ കൊടുത്താല്‍ തമ്മില്‍ വഴിക്കിടുമെന്നാണ് വിശ്വാസം. മറ്റുള്ളവരും അത് ശരിവയ്ക്കുകയാണ്. അപ്പോള്‍ എനിക്ക് വാശിയായി. കൈയില്‍ തരുന്നില്ലെങ്കിലായിരിക്കും നമ്മള്‍ വഴിക്കിടുന്നതെന്നായി ഞാന്‍. ഒടുവില്‍ അവനതിന് തയ്യാറായി. ഷൂട്ടിംഗ് കഴിയുന്നിടത്തോളം ഞങ്ങള്‍ക്കിടയില്‍ ഒരു പിണക്കവും വഴക്കും ഉണ്ടായില്ല. അത്രേയുള്ളൂ.

kerala crime files 2 , bahul ramesh interview

സിനിമയിലെ സ്റ്റീരിയോ ടൈപ്പുകളില്‍ നിന്നും മാറി നില്‍ക്കണമെന്നുണ്ട്. അതായത്, സിനിമയുടെ നരേറ്റീവിനെ ദോഷമായി ബാധിക്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍, അവിടെ വരാന്‍ സാധ്യതയുള്ള സ്റ്റീരിയോ ടൈപ്പുകള്‍ ഒഴിവാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. വല്ലാതെ അതിനായി നിര്‍ബന്ധം പിടിക്കില്ല. കാരണം, ഒരു നരേറ്റീവിന് ഉണ്ടാകേണ്ട ഓര്‍ഗാനിക് ഫ്‌ളോയെ തടസപ്പെടുത്തരുത്. ഏതാണ് ഗ്രേറ്റര്‍ മെറിറ്റ് എന്നു നോക്കും. നരേറ്റീവിന് മാറ്റം വരുന്നില്ലെങ്കില്‍ മാറി ചിന്തിക്കും. അത് വിജയിക്കുമോ എന്നു നോക്കിയല്ല. വിജയിക്കുന്നതോ പരാജയപ്പെടുന്നതോ രണ്ടാമത്തെ കാര്യമാണ്. അതിനായി ശ്രമിക്കുന്നു എന്നതിലാണ് കാര്യം.

എന്താണ് എഴുത്തിലെ ഐഡിയോളജി?
ഞാന്‍ എഴുതുന്നതിലൂടെ എന്തെങ്കിലും പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്തണമെന്നോ, സാമൂഹിക നവോഥാനത്തിന് ശ്രമിക്കണമെന്നോ എനിക്കില്ല. പൊളിറ്റിക്കല്‍ കറക്ഷനായി മനപൂര്‍വം എഫര്‍ട്ട് എടുക്കാറില്ല. എന്റെയീ 30 വയസിനിടയില്‍ ഞാന്‍ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങളില്‍ നിന്നും അറിയാതെ, ഓര്‍ഗാനിക് ആയി വരുന്ന പൊളിറ്റിക്കല്‍ ഐഡിയോളജികളായിരിക്കും എഴുത്തില്‍ കാണുന്നത്. അങ്ങനെ വരുന്നതേയുള്ളൂ, അല്ലാതെ മനപൂര്‍വമായി ഒന്നും കാണാനാകില്ല. അതിന് ശ്രമിച്ചാല്‍ വ്യാജമാകും. ഞാന്‍ പൊളിറ്റിക്കലി കറക്ട് ആണെന്ന് ആള്‍ക്കാരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് ഒരുതരത്തില്‍ പറ്റിക്കലാണ്. നമ്മുടെ ഉള്ളില്‍ നിന്നും ജനുവിന്‍ ആയി വരട്ടെ. എന്റെ പ്രായത്തിലും പക്വതയിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കും. അപ്പോള്‍ എന്താണോ അങ്ങനെ ചെയ്യും. എപ്പോഴായാലും ബോധപൂര്‍വം ഒന്നും ചെയ്യാന്‍ ശ്രമിക്കില്ല. ആ സമയത്ത് ഞാന്‍ ഏതുതരം മനുഷ്യനായിരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും കാര്യങ്ങള്‍.  Kerala crime files season 2 script writer Bahul Ramesh Interview

Content Summary; Kerala crime files season 2 script writer Bahul Ramesh Interview

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Me:Add me on Facebook

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×