Spoiler alert
‘A dog is the only thing on earth that loves you more than he loves himself.’
മനുഷ്യന്‍ ജീവിതത്തില്‍ അവനവനോട് ഏറ്റവും കൂടുതല്‍ ഉപമിക്കുന്നത് ഏത് മൃഗത്തെയാണെന്ന് അറിയുമോ? അത് പട്ടിയാണ്. ഒരു പട്ടിയുടെ വിലപോലും ഇല്ലാത്തവന്‍, ഒരു പട്ടിയെ പോലെ തെരുവില്‍ ജീവിക്കുന്നവന്‍, ഒരു പട്ടിയെ പോലെ വാലാട്ടി നില്‍ക്കുന്നവന്‍…; അങ്ങനെ എത്രയെത്ര പ്രയോഗങ്ങള്‍.
Dogs leave paw prints on our hearts എന്ന് പറയുന്നത് എത്ര ശരിയാണെന്നാണ് കേരള ക്രൈം ഫയല്‍സ് രണ്ടാം സീസണ്‍ കണ്ടു കഴിഞ്ഞപ്പോള്‍ തോന്നിയത്. പട്ടികള്‍ മാത്രമല്ല, ഈ സീരീസിലെ മനുഷ്യരും കാഴ്ച്ചക്കാരന്റെ ഹൃദയത്തില്‍ അടയാളങ്ങള്‍ തീര്‍ത്തിരിക്കുന്നു.
അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത കേരള ഫയല്‍സ് സീസണ്‍2 കാണാന്‍ കാത്തിരുന്നതിന്റെ പ്രധാന കാരണം ആദ്യ സീസണ്‍ തന്നെയായിരുന്നു. മലയാളം വെബ് സീരീസുകളില്‍ തന്നെ ഒരു നാഴിക കല്ലായി അടയാളപ്പെടുത്തപ്പെട്ട സീരീസ്. ആഷിക് ഐമറിന്റെ രചനയില്‍ പിറന്ന കേരള ക്രൈം ഫയല്‍സ്; ഷിജു, പാറയില്‍ വീട്, നീണ്ടകര; മലയാളം വെബ്‌സീരിസുകള്‍ക്ക് തന്നെ നല്ലൊരു മേല്‍വിലാസമാണ് ഉണ്ടാക്കി കൊടുത്തത്. ആ പേരിന് ഒന്നു കൂടി മാറ്റുകൂട്ടിയിരിക്കുകയാണ് രണ്ടാം സീസണില്‍ ബാഹുല്‍ രമേശിന്റെ സ്‌ക്രിപ്റ്റ്. ഒന്നില്‍ നിന്നും ഒന്നുകൂടി മികവോടെ രണ്ടാം സീസണ്‍ ഗംഭീരമാക്കി അഹമ്മദ് കബീര്‍.
ഒന്നാം ഭാഗത്തിലെ കഥാപാത്രങ്ങളും കടന്നു വരുന്ന രണ്ടാം സീസണില്‍, ഇന്ദ്രന്‍സും ഹരിശ്രീ അശോകനും അര്‍ജുന്‍ രാധാകൃഷ്ണനും സിറാജുദ്ദീന്‍ നാസറും രഞ്ജിത്ത് ശേഖറും കേസ് അന്വേഷണത്തില്‍ പ്രേക്ഷകന്റെ താത്പര്യം കൂട്ടുന്നുണ്ട്. സിറാജുദ്ദീന്‍ രഞ്ജിത്തുമാണ് വ്യക്തിപരമായി ഏറെ ഇഷ്ടപ്പെട്ടവര്‍. അനുഭവ സമ്പത്തുള്ള അഭിനേതാക്കള്‍ക്കിടയില്‍ അവരിരുവര്‍ക്കും പ്രേക്ഷകരെ തങ്ങളോട് അടുപ്പിക്കാനുള്ള കഴിവ് തെളിയിക്കാനായി. പ്രത്യേകിച്ച് സിറാജുദ്ദീന്‍. അയാള്‍ ഒരു ഗംഭീര നടനാണ്. ഉറപ്പായും പറയുന്നു; ഈ സീസണെ കുറിച്ച് പറയുമ്പോള്‍ നിങ്ങള്‍ക്ക് അയാളെ ഒഴിവാക്കാന്‍ കഴിയില്ല.
കിഷ്‌കിന്ധ കാണ്ഡം എന്ന മേല്‍വിലാസം മതി ബാഹുലിന്. ബാഹുലിനോട് മതിപ്പേറുന്നത്, ഒരു ക്രൈം ഇന്‍വെസ്റ്റിഗേഷന്റെ അവതരണത്തില്‍ അയാള്‍ കാണിച്ചിരിക്കുന്ന ആത്മവിശ്വാസമാണ്. മലയാളത്തില്‍ പൊതുവില്‍ ഏതൊരു അന്വേഷണ കഥയുടെയും അവസാനത്തില്‍ എന്താണ് സംഭവിച്ചതെന്ന്, അധ്യാപകന്‍ ക്ലാസില്‍ എന്നപോലെ വിശദീകരിക്കുന്നത് കാണാം. ഇവിടെ ബാഹുല്‍, പ്രേക്ഷകനോട് പറയുന്നത്, നിങ്ങളും ഒരു പൊലീസ് ആകാനാണ്. ഈ അന്വേഷണത്തിന്റെ കൂടെ സഞ്ചരിക്കൂ, ഓരോ പോയിന്റും ശ്രദ്ധിക്കൂ, മനസില്‍ കുറിച്ചിടൂ, ഊഹങ്ങള്‍ കൊണ്ടു നടക്കൂ. ഒടുവില്‍ അതൊരു കഥയാക്കി എഴുതി വായിക്കൂ, അവസാനം നിങ്ങളുടെ ചിന്തകള്‍ ശരിയായിരുന്നുവെന്ന തോന്നല്‍ ഉണ്ടാക്കാന്‍ ഒരു തെളിവ് മുന്നില്‍ വരും.
പൊലീസ് കഥകള്‍ക്ക് മലയാളത്തില്‍ പഞ്ഞമില്ല. ടി-ദാമോദരന്‍-രഞ്ജി പണിക്കര്‍-ബി. ഉണ്ണികൃഷ്ണന്‍ കാലങ്ങളൊക്കെ കടന്നു വന്നിട്ടുള്ള പൊലീസ് കഥകള്‍ യഥാതഥമായ പൊലീസ് ജീവിതങ്ങളാണ് പറയുന്നത്. പക്ഷേ മറ്റൊരു പ്രശ്‌നം, ഇപ്പോള്‍ മലയാളത്തില്‍ രണ്ട് കഥകള്‍ ആലോചിക്കുമ്പോള്‍ അതിലൊന്ന് പൊലീസ് സ്റ്റോറി ആയിരിക്കുമെന്നതാണ്. പൊലീസുകാരും മനുഷ്യരല്ലേ എന്ന തിയറിയില്‍ അവതരിപ്പിക്കപ്പെടുന്ന പലതും പൊലീസ് എന്ന സംവിധാനത്തെ ആത്യന്തികമായി ന്യായീകരിക്കുന്നുണ്ട്. ക്രൈം ഫയല്‍സ് രണ്ടാം സീസണിലെ പൊലീസ് ഒരു തരത്തില്‍ ‘ യഥാര്‍ത്ഥ’ പൊലീസ് തന്നെയാണ്. എസ് ഐ നോബിള്‍ തന്റെ കീഴുദ്യോഗസ്ഥനോട് പറയുന്നുണ്ട്, ഈഗോയും ഹയറാര്‍ക്കിയൊന്നും നോക്കാത്തൊരു പൊലീസുകാരനാണ് താനെന്ന്. അതേയാള്‍ക്ക് തന്നെ തന്റെയതേ റാങ്കിലുള്ള മറ്റൊരു ഉദ്യോഗസ്ഥനെ ഇന്‍സള്‍ട്ട് ചെയ്യാന്‍ മടിയില്ല. പൊലീസുകാരും മനുഷ്യരാണെന്ന് മനസിലാക്കാത്തൊരു കൂട്ടര്‍ പൊലീസുകാര്‍ തന്നെയാണ്.
പൊതുവില്‍ സീരീസുകള്‍, അതിന്റെ പ്രധാന തന്തുവില്‍ നിന്ന് കഥാപാത്രങ്ങളുടെ ജീവിത വിശദീകരണത്തിലേക്ക് കടന്നു ചെന്നാണ് നീണ്ട കഥയായി മാറുന്നത്. ഒന്നാം സീസണില്‍ അത്തരത്തില്‍ കഥാപാത്രങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു പോകുന്നുണ്ടെങ്കിലും രണ്ടാം ഭാഗത്ത് അത്തരം വിശദീകരണങ്ങള്‍ക്ക് നില്‍ക്കുന്നില്ല. വളരെ വേഗത്തില്‍ കഥ പോകന്നു. സാധാരണ ക്രൈം സീരീസുകള്‍ക്കുണ്ടാകുന്ന പലവഴി സഞ്ചാരം ഇവിടെ കുറവാണ്. പെട്ടെന്നങ്ങ് എത്തിയല്ലോ എന്ന് തോന്നും.
എങ്കില്‍ പോലും ഹൃസ്വമായി വിശദീകരണത്തിലൂടെ മനുഷ്യരെ വെളിപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. കേള്‍ക്കുമ്പോള്‍ ചിരി തോന്നുന്ന ചില ജീവിതങ്ങളുണ്ട്. അവരെന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു എന്ന് ചിന്തിക്കാന്‍ നില്‍ക്കാതെ പരിഹസിക്കാനാണ് സമൂഹത്തിന് ഉത്സാഹം. ഈ സീരീസില്‍ ഏറ്റവും ഹൃദയസ്പൃക്കായി തോന്നിയത്, അത്തരമൊരു ജീവിത വിവരണമാണ്. നീട്ടിപരത്താതെ, അതി വൈകാരികത കൊണ്ട് വികൃതമാക്കാതെ നെഞ്ചില്‍ കൊള്ളിച്ചു പറഞ്ഞ ആ വാക്കുകളിലുണ്ട് ഒരു മനുഷ്യനും അവന്റെ പാരമ്പര്യവും. ബാഹുലിന്റെ എഴുത്തിലെ ഏറ്റവും മികവ് കണ്ടതും, അതവരിപ്പിച്ച നടന്റെ മിടുക്ക് കണ്ടതും അവിടെയാണ്.
മനുഷ്യന്‍ എത്ര വിചിത്രമായ സൃഷ്ടിയാണ്. അവനവനെ മാത്രം സ്‌നേഹിക്കാന്‍ അറിയുന്ന ജീവി എന്നാണല്ലോ പൊതുവില്‍ മനുഷ്യന്‍ അറിയപ്പെടുന്നത്. ആ സ്വാര്‍ത്ഥതയില്‍ നിന്നും അവനെ മാറി ചിന്തിപ്പിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോയെന്ന് ചോദിച്ചാല്‍, അത് ചിലപ്പോഴൊരു പട്ടിക്കും സാധിച്ചേക്കാം. മനുഷ്യനും പട്ടികളും തമ്മിലുള്ള ബന്ധത്തെ രണ്ടാഖ്യാനങ്ങളിലൂടെ അവതരിപ്പിക്കുന്നുണ്ട് ഈ സീരീസ്. രണ്ട് ട്രാക്കിലും വരുന്ന മനുഷ്യര്‍ക്കും പട്ടികള്‍ക്കും അവരുടെ ജീവിതം കൊണ്ട് വ്യത്യാസവുമുണ്ട്. ഇമോഷണല്‍ കണക്ഷന്‍ എന്നതൊരു ചങ്ങലയാണ്. സ്വയം അങ്ങനെയൊന്നില്‍ ബന്ധിക്കപ്പെടാതെ ഒഴിഞ്ഞു നില്‍ക്കാന്‍ നിങ്ങള്‍ക്കായേക്കും, എന്നാല്‍ അതില്‍ ബന്ധിതരായവരെ അകറ്റാന്‍ ശ്രമിക്കരുത്, പരാജയപ്പെടും. അത് മനുഷ്യര്‍ക്കിടയില്‍ തന്നെയുള്ളതായാലും, മനുഷ്യനും ഒരു പട്ടിയും തമ്മിലുള്ള ബന്ധമായാലും.
മിഷേല്‍ വെല്‍ബെക്കിന്റെ(Michel Houellebecq) ഒരു വാചകം പറഞ്ഞ് നിര്‍ത്തിയേക്കാം;
The love of a dog is a pure thing. He gives you a trust which is total. You must not betray it’ kerala-crime-files-season-2-malayalam-crime-investigation-web-series-review
Content Summary; Kerala Crime files season-2 Malayalam Crime Investigation web series review
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.