ജെഫ്രി എപ്സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട് ഇതുവരെ രഹസ്യമായി സൂക്ഷിച്ചിരുന്ന ആറ് പ്രമുഖരുടെ പേരുകള്‍ പുറത്തു വിട്ട് യുഎസ് കോണ്‍ഗ്രസ് അംഗം റോ ഖന്ന. വിക്ടോറിയാസ് സീക്രട്ട് സ്ഥാപകനും ശതകോടീശ്വരനുമായ ലെസ്ലി വെക്‌സ്‌നര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധിയായ റോ ഖന്ന വെളിപ്പെടുത്തിയത്. വെക്‌സ്‌നറെ എഫ്.ബി.ഐ ഒരു ‘സഹ ഗൂഢാലോചനക്കാരനായി’ രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കെന്റക്കിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം തോമസ് മാസ്സിക്കൊപ്പം നീതിന്യായ വകുപ്പ് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ചൊവ്വാഴ്ച സഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഖന്ന ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. രണ്ടു മണിക്കൂറോളം ചിലവഴിച്ച് എപ്സ്റ്റീനുമായി ബന്ധപ്പെട്ട തിരുത്തലുകളില്ലാത്ത രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു ഈ നടപടി. ലെസ്ലി വെക്‌സ്‌നര്‍, ഡിപി വേള്‍ഡ് സിഇഒ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലൈം എന്നിവരെ കൂടാതെ നിക്കോള കപുട്ടോ, സാല്‍വത്തോറെ നുവാര, സുറാബ് മിക്കെലാഡ്സെ, ലിയോണിക് ലിയോനോവ് എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍.
രണ്ടു മണിക്കൂര്‍ കൊണ്ട് തങ്ങള്‍ക്ക് ആറ് പേരുകള്‍ കണ്ടെത്താന്‍ സാധിച്ചെങ്കില്‍, ഏകദേശം 30 ലക്ഷത്തോളം വരുന്ന ഫയലുകളില്‍ സര്‍ക്കാര്‍ എത്രപേരെയാകും ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകുക എന്ന് റോ ഖന്ന ചോദിച്ചു. രേഖകളിലെ പിഴവ് സമ്മതിച്ച നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറായെന്നും എന്നാല്‍ ഫയലുകളിലെ ഭൂരിഭാഗം വിവരങ്ങളും ഇപ്പോഴും രഹസ്യമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഈ പേരുകള്‍ വെളിപ്പെടുത്തിയെങ്കിലും ഇവര്‍ക്കെതിരെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനോ നിലവില്‍ നിയമനടപടികള്‍ നേരിടുന്നതിനോ ഉള്ള തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കിയിട്ടില്ല.
പട്ടികയിലെ പ്രധാനിയായ ലെസ്ലി വെക്‌സ്‌നര്‍ എപ്സ്റ്റീനുമായി ദീര്‍ഘകാലമായി സാമ്പത്തിക ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ്. എപ്സ്റ്റീനെ ഒരു കോടീശ്വരനില്‍ നിന്ന് അതിസമ്പന്നരിലേക്ക് ഉയര്‍ത്തുന്നതില്‍ വെക്‌സ്‌നര്‍ പ്രധാന പങ്കുവഹിച്ചതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദുബായ് ആസ്ഥാനമായുള്ള ഡിപി വേള്‍ഡ് മേധാവി സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലൈം, എപ്സ്റ്റീനുമായി നടത്തിയ ഇമെയില്‍ സംഭാഷണങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങളും ‘ടോര്‍ച്ചര്‍ വീഡിയോ’യെക്കുറിച്ചുള്ള ഇമെയിലും ഉള്‍പ്പെടുന്നു.
മറ്റ് നാലുപേരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ല. നിക്കോള കപുട്ടോ എന്ന പേരില്‍ ഒരു ഇറ്റാലിയന്‍ രാഷ്ട്രീയക്കാരന്‍ ഉണ്ടെങ്കിലും അദ്ദേഹമാണോ ഈ ഫയലിലുള്ളതെന്ന് സ്ഥിരീകരിച്ചിട്ടില്ല. സാല്‍വത്തോറെ നുവാര, സുറാബ് മിക്കെലാഡ്സെ, ലിയോണിക് ലിയോനോവ് എന്നിവര്‍ക്ക് എപ്സ്റ്റീനുമായി എന്ത് ബന്ധമാണുള്ളതെന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്. എപ്സ്റ്റീന്‍ ഫയലുകളില്‍ പേര് വന്നതുകൊണ്ട് മാത്രം ഒരാള്‍ കുറ്റവാളിയാകുന്നില്ലെന്നും, കേവലം ഇമെയില്‍ ഇടപാടുകളോ ഫോണ്‍ നമ്പറുകളോ കാരണം പലരുടെയും പേരുകള്‍ ഇത്തരം ഫയലുകളില്‍ ഉള്‍പ്പെടാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നേരത്തെ ലൈംഗികാരോപണങ്ങളില്‍ ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീന്‍, 2019-ല്‍ വിചാരണ നേരിടുന്നതിനിടെ ന്യൂയോര്‍ക്കിലെ ജയിലില്‍ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
Epstein files; US congressman Ro Khanna publicly revealed the names of six men including Leslie Wexner and CEO of DP World
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.