June 04, 2026 |
Share on

‘ട്രംപ് തന്നെ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചു’; എപ്സ്റ്റീന്‍ കേസിലെ രേഖകള്‍ പുറത്ത്

പുറത്തുപറയാതിരിക്കാന്‍ വര്‍ഷങ്ങളായി തനിക്കും കുടുംബത്തിനും ഭീഷണി

അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ എഫ്ബിഐ രേഖകള്‍ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. കോണ്‍ഗ്രസ് നിര്‍ദ്ദേശപ്രകാരം പരസ്യമാക്കിയ ഈ ഫയലുകളില്‍, മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഒരു സ്ത്രീ ഉന്നയിച്ച ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങളും ഉള്‍പ്പെടുന്നു.

പുതിയ രേഖകള്‍ പ്രകാരം, 2019-ല്‍ എഫ്ബിഐ നടത്തിയ ഒന്നിലധികം അഭിമുഖങ്ങളിലാണ് ഈ സ്ത്രീ തന്റെ വെളിപ്പെടുത്തലുകള്‍ നടത്തിയത്. 13 നും 15 നും ഇടയില്‍ പ്രായമുള്ളപ്പോള്‍ എപ്സ്റ്റീനും ട്രംപും ചേര്‍ന്ന് തന്നെ ലൈംഗികമായി ആക്രമിച്ചുവെന്ന് ഇവര്‍ ആരോപിക്കുന്നു.

എപ്സ്റ്റീന്‍ തന്നെ ന്യൂയോര്‍ക്കിലോ ന്യൂജേഴ്സിയിലോ വെച്ച് ട്രംപിന് പരിചയപ്പെടുത്തിയെന്നും, തുടര്‍ന്ന് ട്രംപ് തന്നെ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചതായും ഇവര്‍ മൊഴി നല്‍കി. ആക്രമണത്തിനിടെ താന്‍ ട്രംപിനെ കടിച്ചതായി ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. എപ്സ്റ്റീനുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാന്‍ വര്‍ഷങ്ങളായി തനിക്കും കുടുംബത്തിനും ഭീഷണി കോളുകള്‍ ലഭിക്കാറുണ്ടെന്നും സ്ത്രീ വെളിപ്പെടുത്തി.

നേരത്തെ പുറത്തുവിട്ട ഫയലുകളില്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ സ്ത്രീയെ ലൈംഗിക കുറ്റവാളി എന്ന് തെറ്റായി അടയാളപ്പെടുത്തിയിരുന്നതിനാലാണ് മുന്‍പ് രേഖകള്‍ പരസ്യപ്പെടുത്താതിരുന്നതെന്ന് യുഎസ് നീതിന്യായ വകുപ്പ് വിശദീകരിച്ചു. തെറ്റ് തിരുത്തിയാണ് പുതിയ രേഖകള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

എപ്സ്റ്റീന്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് ഭരണകൂടം വീഴ്ച വരുത്തിയെന്ന ആരോപണവുമായി ഡെമോക്രാറ്റുകള്‍ രംഗത്തെത്തി. ട്രംപിനെതിരെയുള്ള തെളിവുകള്‍ മറച്ചുവെക്കാന്‍ ശ്രമം നടന്നോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, രേഖകള്‍ കൈകാര്യം ചെയ്തതിനെക്കുറിച്ച് വിശദീകരണം നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിക്ക് ഹൗസ് കമ്മിറ്റി സമന്‍സ് അയച്ചു.

എന്നാല്‍, ആരോപണങ്ങള്‍ ഡൊണാള്‍ഡ് ട്രംപ് പൂര്‍ണ്ണമായും നിഷേധിച്ചു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഈ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. പുറത്തുവിട്ട രേഖകളില്‍ ട്രംപിനെതിരെ ‘അസത്യവും പ്രകോപനപരവുമായ’ അവകാശവാദങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് നീതിന്യായ വകുപ്പ് മുന്‍പ് സൂചിപ്പിച്ചിരുന്നുവെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

Content Summary: FBI files detail sex abuse allegations against Donald Trump in Epstein case

Leave a Reply

Your email address will not be published. Required fields are marked *

×