UPDATES

കേരളം

കേരള ക്രൈം ഫയല്‍സ്‌; ഒരു ‘വ്യാജ മേല്‍വിലാസം’ കൊണ്ട് മലയാളം വെബ്‌സീരീസുകള്‍ക്ക് കിട്ടിയ നല്ല മേല്‍വിലാസം

ഒറ്റയിരുപ്പില്‍ കാണാവുന്നൊരു ത്രില്ലര്‍ സീരീസ്

                       

നെറ്റ്ഫ്‌ളിക്‌സ് റിലീസായ ഇസ്രായേല്‍ ടെലിവിഷന്‍ സീരീസ് ‘ഫൗദ’യുടെ രസച്ചരട് അല്‍പ്പനേരത്തേക്കു മുറിച്ചാണ് ഡിസ്‌നി ഹോട്‌സ്റ്റാറില്‍ കയറി കേരള ക്രൈം ഫയല്‍സ്; ഷിജു, പാറയില്‍ വീട് നീണ്ടകര’യിലേക്ക് ചെറുതായൊന്ന് എത്തി നോക്കിയത്. ലോകത്തിലെ ഏതു ഭാഷയിലാണെങ്കിലും ത്രില്ലര്‍ കണ്ടന്റുകളില്‍ സിനിമയോ സീരീസുകളോ ഇറങ്ങിയാല്‍ തപ്പി കണ്ടുപിടിച്ചു കാണുന്ന ഒരേയൊരു പ്രേക്ഷക വിഭാഗം മലയാളിയായിരിക്കാം. മലയാളിയുടെ ഈ ആഗോളാസ്വാദനം വാസ്തവത്തില്‍ തിരിച്ചടിയായിരിക്കുന്നത് മലയാളം സിനിമ മേഖലയ്ക്കാണ്. ‘ പുറത്തൂന്ന് തിന്നുതിന്ന് വീട്ടില്‍ വയ്ക്കണതൊന്നും നിന്റെ വായ്ക്ക് പിടിക്കാതായി’ എന്ന അമ്മമാരുടെ പരാതി പറച്ചിലുപോലെയാണ് മലയാളി പ്രേക്ഷകരെ കുറിച്ച് ഇവിടുത്തെ സിനിമ ഇന്‍ഡസ്ട്രിക്കുമുള്ളത്. പരാതിക്കപ്പുറം അംഗീകരിക്കേണ്ട യാഥാര്‍ത്ഥ്യമാണ് പുറംരുചി തേടുന്ന മലയാളി എന്നത്. അത് ഭക്ഷണത്തിലായാലും വായനയിലായാലും സംഗീതത്തിലായാലും സിനിമയിലായാലും ഒരുപോലെയാണ്. പോര്‍ തൊഴില്‍ എന്ന തമിഴ് പടം കേരളത്തിലെ തിയേറ്ററുകളില്‍ ഹൗസ് ഫുള്‍ ആകുന്നതും അതുകൊണ്ടാണ്. തദ്ദേശീയതാവാദവും വാശിയുമൊന്നും സിനിമയുടെയോ ടി വി സീരീസുകളുടെയോ കാര്യത്തില്‍ ഇന്നാട്ടിലെ പ്രേക്ഷകര്‍ക്കില്ല. ആസ്വദിക്കാന്‍ കഴിയുമോ, അതിലാണ് കാര്യം!.

അങ്ങനെ നോക്കുമ്പോള്‍, മലയാളം ഇന്‍ഡസ്ട്രിയുടെ പരാതി മലയാളി പ്രേക്ഷകര്‍ പരിഹരിക്കുമെന്ന് ഉറപ്പുള്ള ഒരു മലയാളം വെബ് സീരീസാണ്-കേരള ക്രൈം ഫയല്‍സ്; ഷിജു, പാറയില്‍ വീട് നീണ്ടകര. അഹമ്മദ് കബീറാണ് സംവിധാനം, ജൂണ്‍, മധുരം എന്നീ സിനിമകളുടെ സംവിധായകന്‍. ഈ രണ്ടു സിനിമകളും ‘ ഫീല്‍ ഗുഡ്’ ഗണത്തില്‍പ്പെടുത്തിയാണ് വിശേഷിപ്പിക്കപ്പെടുന്നത്. കേരള ക്രൈം ഫയലിലേക്ക് വരുമ്പോള്‍ ഒരു ഗുഡ് ഫീല്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍. സംവിധായകനായ രാഹുല്‍ റിജി നായരാണ് നിര്‍മാതാവ്. ഏതൊരു ത്രില്ലറിന്റെയും നട്ടെല്ല് പഴുതടച്ച അന്വേഷണമെന്നപോലെയുള്ള സ്‌ക്രിപ്റ്റാണ്. ആഷിക് ഐമര്‍ നല്ല വൃത്തിക്ക് ആ കടമ ചെയ്തിട്ടുണ്ട്.

അജു വര്‍ഗീസ്

ഈ അന്വേഷണ പരമ്പരയിലെ മുഖ്യ കഥാപാത്രം, അതായത് പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് ഐ മനോജാണ്. അജു വര്‍ഗീസിന്റെ കൈയിലാണ് ആ കഥാപാത്രത്തെ കൊടുത്തത്. അതാണ് സംവിധായകന്റെ കോണ്‍ഫിഡന്‍സ്. കൊള്ളാവുന്ന ടൂളാണെങ്കില്‍ അതുകൊണ്ട് പണിയാന്‍ നല്ല പണിക്കാരനറിയാം. അജുവൊരു മോശം നടനായിരുന്നില്ല. എസ് ഐ മനോജിന്റെ യൂണിഫോം അജുവിന്റെ ശരീരത്തില്‍ കറക്ട് ഫിറ്റ് ആയിരുന്നു. മാത്രമല്ല, അയാള്‍ ആ കാക്കിയുമിട്ട് ഗോഷ്ടി കാണിക്കാനും പോയില്ല. സംവിധായകനോടും സബ്ജക്ടിനോടും അനുസരണ കാണിച്ചു. അജുവിനൊപ്പം മുന്‍നിരയില്‍ നിന്നുള്ള മറ്റൊരു നടന്‍ ലാല്‍ ആണ്. തീയേറ്ററിലായിരുന്നുവെങ്കില്‍ ഉഗ്രന്‍ കൈയടി കിട്ടേണ്ട ഒന്നു രണ്ടു ഡയലോഗുകളുമുണ്ട്. സി ഐ കുര്യനെക്കൊണ്ട് നല്ല വ്യക്തമായി സംസാരിപ്പിക്കാനും ലാല്‍ തയ്യാറായിട്ടുണ്ട്.

ലാല്‍

ഇനി പറയേണ്ട മൂന്നുപേര്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായ പ്രദീപിനെ അവതരിപ്പിച്ച ഷിന്‍സ് ഷാന്‍, നവാസ് വള്ളിക്കുന്നിന്റെയും സഞ്ജു സനിച്ചന്റെയും സിപിഒമാരായ സുനില്‍, വിനു എന്നിവരെയും കുറിച്ചാണ്. എല്ലാ പോലീസുകാരും ഒരുപോലെയല്ല എന്ന് പൊലീസുകാരും നാട്ടുകാരും പറയാറില്ലേ. ആ കാര്യം കൃത്യമായി നിരീക്ഷിച്ചാണ് പ്രദീപിനെയും വിനുവിനെയും അനിലിനെയും ഐമര്‍ സൃഷ്ടിച്ചിരിക്കുന്നത്. കൂട്ടത്തില്‍ പ്രദീപായിരുന്നു ‘ ഒറിജിനല്‍ പൊലീസ്’. സിനിമയിലെ തന്നെ ഒരു വാക്ക് ഉപയോഗിച്ചാല്‍, അയാളൊരു ‘ കൊണ’യാണ്. റിട്ടയര്‍മെന്റിലേക്ക് എത്തി നില്‍ക്കുന്ന ആ മൂത്ത പൊലീസുകാരനെ ഷിന്‍സ് ഷാന്‍ നല്ല ഭംഗിക്ക് ചെയ്തു വച്ചിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റിനോടാണ് അയാള്‍ക്ക് കൂറ്, സീനിയര്‍ ഉദ്യോഗസ്ഥനോടാണ് വിധേയത്വം. ആരെ പൂട്ടാനുമുള്ള സിആര്‍പിസി സാഹചര്യത്തിനനുസരിച്ച് തലയില്‍ മുളയ്ക്കുന്ന അനുഭവസ്ഥന്‍, അയാളുടെ മുന്നില്‍ പെടുന്ന ‘ എട’ന്റെയും ‘എടി’യുടെയും ജീവിതം അയാള്‍ പരിഗണിക്കുന്നേയില്ല. ഒരു ഫോട്ടോ കീറുന്ന സീന്‍ മാത്രം മതി എസ് സി പി ഒ പ്രദീപ് എന്ന കഥാപാത്രത്തെ മനസിലാക്കാനും ഷിന്‍സ് ഷാന്‍ എന്ന നടന്റെ റേഞ്ച് തിരിച്ചറിയാനും.

ഷിന്‍സ് ഷാന്‍

സിനിമകളില്‍ നിന്നും വെബ്‌സീരിസുകളുടെ പ്രത്യേകത, പ്രധാന കഥാപാത്രങ്ങള്‍ക്ക്(പൊതുവില്‍ നായകന്‍, ചിലപ്പോള്‍ നായിക) പുറമെ സഹ കഥാപാത്രങ്ങളുടെ ജീവിതം കൂടി വിശദമാക്കുന്നുവെന്നതാണ്. ഇവിടെ മനോജിന്റെയും കുര്യന്റെയുമൊക്കെ കുടുംബ ജീവിതം കാണിക്കുന്നുണ്ടെങ്കിലും ഈ വെബ്‌സീരീസ് അതിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നത് സിപിഒ അനിലിന്റെ കുടുംബ ജീവിതത്തിലൂടെയാണ്. തൊഴില്‍ രംഗത്തെയും വ്യക്തി ജീവിതത്തിലെയും സംഘര്‍ഷങ്ങള്‍ ഒരുപോലെ അയാള്‍ നേരിടുന്നു. ദുരഭിമാനികളായ മാതാപിതാക്കള്‍ പുറന്തള്ളിയൊരു മകളാണ് അയാളുടെ ഭാര്യ. അതെന്തുകൊണ്ടാണെന്ന് അനിലിന്റെ വീട്ടുചുമരിലെ ഒരു ഫോട്ടോ വ്യക്തമാക്കും. ആത്മാര്‍ത്ഥതയുള്ള പൊലീസുകാരനാണയാള്‍, തന്റെ സഹപ്രവര്‍ത്തകരെ അയാള്‍ ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, അതേയാളുകളില്‍ നിന്നു തന്നെ അനില്‍ ജാതിവിവേചനം നേരിടുകയും ചെയ്യുന്നുണ്ട്. ഒരു കീഴ്ജാതിക്കാരന്റെ വീട്ടില്‍ നിന്നും ഒരു പഴം കഴിക്കാന്‍പോലും ജാതിബോധം അനുവദിക്കാത്തവര്‍. വളരെ ചെറിയൊരു രംഗത്തിലൂടെയാണ് ജാതിക്കളി വെളിപ്പെടുത്തുന്നത്. ഈ സീരീസില്‍ ഏറ്റവും ഹൃദയസ്പര്‍ശിയായ രംഗമാണത്. ഗൗരവമേറിയൊരു വിഷയം അവതരിപ്പിക്കാന്‍ അധികം നീട്ടുകയും പരത്തുകയുമൊന്നും വേണ്ടെന്ന് തെളിയിച്ച ആഷിക് ഐമര്‍ എന്ന തിരക്കഥാകൃത്തിന് അഭിനന്ദനം. നവാസ് വള്ളിക്കുന്ന് ശ്രദ്ധ നേടിവരുന്നൊരു അഭിനേതാവാണ്. എന്തായാലും ഈ വെബ്‌സീരിസ് അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഏറെ ഗുണം ചെയ്യും.

നവാസ് വള്ളിക്കുന്ന്

സിപിഒ വിനു എന്ന കഥാപാത്രം സഞ്ജു സനിച്ചനെ കൂടുതല്‍ പരിചിതനാക്കുമെന്നുറപ്പ്. കൂട്ടത്തില്‍ നില്‍ക്കുന്നൊരു പൊലീസുകാരനല്ല വിനു, മുന്നോട്ടു കയറിപ്പോകാന്‍ ആഗ്രഹിക്കുന്നൊരു ആവേശക്കാരനാണയാള്‍. ഒരു കോമഡി പൊലീസുകാരനിലേക്ക് കാല് തെറ്റിവീണേക്കാവുന്നൊരു എഡ്ജില്‍ നിന്നാണ് സഞ്ജു തന്റെ കഥാപാത്രത്തെ ശ്രദ്ധിക്കപ്പെടുന്നതാക്കി മാറ്റിയത്. ജോലി കിട്ടുന്നതിനു മുമ്പുള്ള ജീവിതം അയാള്‍ ചുരുക്കി പറയുന്ന രംഗമുണ്ട്. സഞ്ജുവത് ഭംഗിയായി ചെയ്തിട്ടുണ്ട്. ഈ വെബ്‌സീരീസ് പ്രേക്ഷകര്‍ക്കെന്ന പോലെ, അദ്ദേഹത്തിനും നല്ലൊരു അനുഭവമാകട്ടെ. പൊലീസുകാര്‍ക്ക് പുറമെയുള്ള കഥാപാത്രങ്ങളോടും അതാത് അഭിനേതാക്കള്‍ ആത്മാര്‍ത്ഥ കാണിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീ കഥാപാത്രങ്ങള്‍. ഓരോ പെണ്ണുങ്ങളുടെയും അവസ്ഥകള്‍ പ്രേക്ഷകന് ഫീല്‍ ചെയ്യും. ടൈറ്റിലില്‍ വരുന്ന ‘ ഷിജു’ ആണ് സീരീസിന്റെ സസ്‌പെന്‍സ്. ശ്രീജിത്ത് മഹാദേവന്‍ എന്ന നടനെയും ഒറ്റക്കാഴ്ച്ചയില്‍ തന്നെ കണ്ടവരെല്ലാം തന്നെ ഓര്‍ത്തുവച്ചിട്ടുണ്ട്, ഉറപ്പ്. ഈ കഥാപാത്രങ്ങളാണ് സീറ്റ് എഡ്ജ് ത്രില്ലറൊന്നുമല്ലെങ്കിലും കേരള ക്രൈം ഫയല്‍സിനെ ഒറ്റയിരുപ്പില്‍ കാണാനാകുന്നൊരു ഡീസന്റ് ത്രില്ലറാക്കുന്നത്.

സഞ്ജു സനിച്ചന്‍

ഒരു മൂന്നാം കിട ലോഡ്ജില്‍ നടക്കുന്നൊരു കൊലാതകം. പൊലീസിന് ആകെ കിട്ടുന്നത് കൊലപാതകിയെന്ന് കരുതുന്നയാളുടെ വ്യാജമേല്‍വിലാസം. ആ വിലാസവും വച്ച് നാടൊട്ടുക്കും വട്ടംകറങ്ങുന്ന അന്വേഷണ സംഘം. ഒന്നില്‍ നിന്നും ഒന്നിലേക്ക് കൊളുത്തി, ചിലപ്പോള്‍ കൊളുത്തുപൊട്ടി തുടങ്ങിയിടത്തേക്കു തന്നെ വീണ്, പിന്നെയും അവിടെ നിന്നെഴുന്നേറ്റ് മുന്നോട്ടു പോകുന്ന ആറ് അന്വേഷണ ദിവസങ്ങള്‍. പതിവ് ടെംപ്ലേറ്റില്‍ തന്നെയാണ് ഈ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറും ഒരുക്കിയിരിക്കുന്നതെങ്കിലും, നല്ല വൃത്തിക്കത് ചെയ്തിട്ടുണ്ട്. രണ്ട് മണിക്കൂര്‍ നാല്‍പ്പത്തിയഞ്ചിനടുത്ത് സമയദൈര്‍ഘ്യം മാത്രമുള്ള ആറ് എപ്പിസോഡുകളിലാണ് കേരള ക്രൈം ഫയല്‍സ് പറഞ്ഞിരിക്കുന്നത്. ഫോര്‍വേഡ് ചെയ്യണമെന്ന തോന്നല്‍ ഉണ്ടാക്കാതെ ഓരോ എപ്പിസോഡും ആകാംക്ഷ നിറച്ച് അവതരിപ്പിക്കാനും സാധിച്ചിട്ടുണ്ട്. ഒറ്റയിരുപ്പില്‍ കാണാവുന്നൊരു ത്രില്ലര്‍ സീരീസ് എന്നും പറയാം. ഒരു വ്യാജ മേല്‍വിലാസം കൊണ്ട് മലയാളം വെബ്‌സീരീസുകള്‍ക്കൊരു നല്ല മേല്‍വിലാസം ഉണ്ടാക്കാന്‍ എന്തായാലും കേരള ക്രൈം ഫയലിന് സാധിച്ചിട്ടുണ്ട്. അഭിനന്ദനം….

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍