“there is a loneliness in this world so great
that you can see it in the slow movement of
the hands of a clock’
പ്രണയം അതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തിലെത്തുന്നതുവരെ മുഴുവന്‍ ദൗര്‍ബല്യങ്ങളും പ്രകടിപ്പിക്കും. തെറ്റും ശരിയും വേര്‍തിരിക്കുന്ന രേഖ അത് മായ്ച്ചു കളയും. വിജയിക്കുന്നില്ലെങ്കില്‍ ദുരന്തപൂര്‍ണമായി അവസാനിക്കുന്ന അന്വേഷണമാണ് പ്രണയം.
പ്രണയത്തെ കുറിച്ച് ചില ആത്മവിചാരങ്ങളുണ്ടാക്കിയതും ചാള്‍സ് ബുക്കോവ്‌സികിയുടെ ‘ലവ് ഈസ് ദ ഗോഡ് ഫ്രം ഹെല്‍’ ഉദ്ധരണിയാക്കാന്‍ കാരണമായതും ഒരു മര്‍ഡര്‍ മിസ്റ്ററിയാണ്!
ജൂലൈ 15 ന് റിലീസ് ചെയ്ത നെറ്റ്ഫ്‌ളിക്‌സ് ഒറിജനല്‍ പഞ്ചാബി സിരീസാണ് കൊഹ്‌റ (Khorra). ഇന്ത്യന്‍ വെബ് സീരിസുകളില്‍ ഏറ്റവും മികച്ചതായ ‘പാതാള്‍ ലോക്’ സൃഷ്ടിച്ച സുദിപ് ശര്‍മ, ഗുന്‍ജിത്ത് ചോപ്ര, ഡിഗ്ഗി സിസോദിയ, ‘ട്രയല്‍ ബൈ ഫയര്‍’ ‘ ഹലാഹല്‍’ സിരീസുകളുടെ സംവിധായകന്‍ രണ്‍ദീപ് ഝാ എന്ന പേരുകളാണ് ഈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സിരീസിന്റെ മുഖ്യ ആകര്‍ഷണം.
കൊഹ്‌റ എന്നാല്‍ മൂടല്‍മഞ്ഞ്. ജഗ്‌റോനിലെ വിസ്തൃതമായ വയലില്‍ മൂടല്‍മഞ്ഞ് മൂടിയ പ്രഭാതത്തിലാണ് കഴുത്തറത്ത നിലയില്‍ പോളിന്റെ മൃതദേഹം കാണപ്പെട്ടത്. വീരയുമായുള്ള ‘ അറേഞ്ചേഡ് മാരേജി’ന് ഒരു ദിവസം ബാക്കി നില്‍ക്കെയാണ് ദുരൂഹമായി അയാള്‍ കൊല്ലപ്പെടുന്നത്. ലണ്ടനില്‍ നിന്നും പോളിനൊപ്പം എത്തിയ ബാല്യകാല സുഹൃത്ത് ലിയാമിനെ കാണാതാകുന്നത് കേസ് കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ബ്രിട്ടീഷ് പൗരനായ ലിയാമിന്റെ തിരോധനം അന്താരാഷ്ട്ര വിഷയമായി മാറുമെന്നതിനാല്‍ പോളിന്റെ കൊലയാളിയെയും ഒപ്പം ലിയാമിനെയും എത്രയും വേഗത്തില്‍ കണ്ടെത്തണമെന്നത് സബ് ഇന്‍സ്‌പെക്ടര്‍ ബല്‍ബീര്‍ സിംഗിനു വെല്ലുവിളിയാകുന്നു. ദീര്‍ഘമായ ലണ്ടന്‍ ജീവിതത്തിന് ശേഷം നാട്ടില്‍ താമസമാക്കിയ സ്റ്റീവ് ദില്ലന്‍ അനിയന്‍ മനീന്ദറുമായി പാരമ്പര്യ സ്വത്തിനുള്ള നിയമ പോരാട്ടം തുടരുന്നതിനിടയിലാണ് മകന്‍ കൊല്ലപ്പെടുന്നത്. വീരയോ, മുന്‍ കാമുകന്‍ സാക്കറോ, മനീന്ദറിന്റെ മകന്‍ ഹാപ്പിയോ ആ കൊലപാതകത്തിനു പിന്നിലുണ്ടാകാം. മയക്കുമരുന്ന് ലഹരിയുടെ നിലമായ പഞ്ചാബില്‍ ‘ വൈറല്‍’ ആയി മാറിയ കൊലപാതക കേസില്‍ പോളുമായി ബന്ധപ്പെട്ട മറ്റു ചില സൂചനകള്‍ കൂടി ബല്‍ബീറിനും ഗുരുന്‍ഡയ്ക്കും കിട്ടുന്നുണ്ടെങ്കിലും അന്വേഷണം കൃത്യമായി ആരിലേക്കും എത്തുന്നില്ല. ആരായിരിക്കും അരുംകൊല ചെയ്തിരിക്കുക? പൊലീസിനൊപ്പം പ്രേക്ഷകനെ കൂടി അന്വേഷണത്തിറക്കുന്ന ഉദ്വേഗം നിലനിര്‍ത്തുന്ന മര്‍ഡര്‍ മിസ്റ്ററി.
ആറ് എപ്പിസോഡുകളില്‍ പതിവ് ചേരുവകള്‍ ഒഴിവാക്കിയുള്ള ക്രൈം ഇന്‍വെസ്റ്റിഗേഷന്‍. ‘പാതാള്‍ ലോകി’ ലെ പോലെ വലിയ ബഹളങ്ങളൊന്നുമില്ലാതെയാണ് ബല്‍ബീറും ഗരുന്‍ഡിയും കൊലപാതകിയെ തേടുന്നത്. അന്വേഷണത്തിനൊപ്പം സമാന്തരമായി പറയുന്ന മനുഷ്യജീവിതങ്ങളാണ് സിരീസിനെ വൈകാരിക ആസ്വാദ്യമായൊരു മിസ്റ്ററി ത്രില്ലറാകുന്നത്.
സബ് ഇന്‍സ്‌പെക്ടര്‍ ബല്‍ബീര്‍ സിംഗ് സാധാരണ പൊലീസുകാരനാണ്. റിട്ടയര്‍മെന്റിലേക്ക് അടുക്കുന്ന അയാള്‍ക്ക് കേസ് തെളിയാക്കാമെന്നുള്ള ആത്മവിശ്വാസം പലയിടത്തും നഷ്ടമാകുന്നുണ്ട്. ജോലിയിലെന്ന പോലെ വ്യക്തി ജീവിതത്തിലും താന്‍ പരാജയമാണെന്ന് ബല്‍ബീര്‍ വിലപിക്കുന്നു. സുവിന്ദര്‍ വിക്കിയുടെ മറ്റൊരു അസാധ്യ പ്രകടനമാണ് ബല്‍ബീര്‍ സിംഗ്. ഉഡ്ത പഞ്ചാബിലെ കാക്കു, പാതാള്‍ ലോകിലെ ബല്‍ബീര്‍ സിംഗ് ശെഖോണ്‍ എന്നീ കഥാപാത്രങ്ങളുടെ മികവില്‍ തന്നെയാണ് കൊഹ്‌റയിലെ സബ് ഇന്‍സ്‌പെക്ടറും ചെയ്തിരിക്കുന്നത്. ബല്‍ബീറിന്റെ ബലം ഗരുന്‍ഡിയാണ്. ബരുണ്‍ സോബ്തിയെ ആസ്വദിക്കുക എന്നതും കൊഹറ കാണുന്നതിനുള്ള കാരണമാണ്. അസുര്‍ സീരിസുകളും ഇപ്പോള്‍ കൊഹ്‌റയും അയാളൊരു അസാധ്യ നടനാണെന്ന് ഉറപ്പിക്കുകയാണ്. കൊഹ്‌റയിലെ സത്രീ കഥാപാത്രങ്ങള്‍ പ്രത്യേകം എടുത്തു പറയണം. പോളിന്റെയും ലിയാമിന്റെയും അമ്മമാരും വീരയും നമ്രത്തും അവരവരുടെ വ്യക്തിത്വങ്ങളും താത്പര്യങ്ങളും പേറുന്നവരാണ്. ഇവാന്റി നോവാക്ക് ചെയ്ത ലിയാമിന്റെ അമ്മ ക്ലാരയെ അവതരിപ്പിച്ചത് റേച്ചല്‍ ഷെല്ലിയാണ്. ആ ഇംഗ്ലീഷ് അഭിനേത്രിയെ ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. റഹ്‌മാന്‍ മാജിക്കായ ലഗാനിലെ ‘ ഓയ്‌റെ ചോരി, ഓയ്‌റെ ചോരി…മാന്‍ ഭി ലെ ബാത് മോരി…മെയ്‌നെ പ്യാര്‍ തുഝി സെ ഹെയ് കിയെ…’ എന്ന പാട്ട് എങ്ങനെ മറക്കും? ഭുവനെ നിശബ്ദമായി പ്രണയിച്ച എലിസബത്ത് എന്ന ബ്രിട്ടീഷ് സുന്ദരിയെ എങ്ങനെ മറക്കും? 22 വര്‍ഷങ്ങള്‍ക്കുശേഷം റേച്ചല്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ മനസില്‍ ക്ലാരയായി ഇരിപ്പുറപ്പിക്കുകയാണ്. ഹര്‍ലീന്‍ സേഥിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനമായിരിക്കും നമ്രത്; ബല്‍ബീറിന്റെ മകള്‍. അനന്ദ് പ്രിയയ്ക്കും ‘ വീര’ അവസരങ്ങള്‍ നേടിക്കൊടുക്കുമെന്ന് ഉറപ്പ്. തങ്ങളുടെ പ്രതാപത്തിലും ആണ്‍ഗര്‍വിലും അഭിരമിക്കുന്ന സ്റ്റീവ് ദില്ലനും മനീന്ദറും മനീഷ് ചൗധരിയുടെയും വരുണ്‍ ബദോലയുടെയും മികച്ച പ്രകടനങ്ങളാണ്. കൊഹ്‌റയില്‍ അവസരം കിട്ടിയ ഉഡ്ത പഞ്ചാബ് താരങ്ങളുടെ കൂട്ടത്തില്‍ വിശാല്‍ ഹണ്ട നിര്‍ണായക വേഷമായ പോളിനെ ധൈര്യപൂര്‍വം അവതരിപ്പിച്ചിട്ടുണ്ട്. ചിരിപ്പിച്ചും ഒടുവില്‍ വേദനിപ്പിച്ചും സാക്കറിനെ സീരീസിന്റെ മുഖമായി മാറ്റുന്നതില്‍ സൗരവ് ഖുറാന(ആരണ്യക്, റാണ നായിഡു)യും വിജയിച്ചു.
എങ്ങനെ, എന്തിന്, ആര്; എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ഓരോ കൊലപാതകത്തിലും കണ്ടെത്തേണ്ടത്. കൊഹ്‌റയില്‍ പ്രണയത്തിനു മേലുള്ള ചില ചോദ്യങ്ങള്‍ കൂടിയുണ്ട്. ഒരു മര്‍ഡര്‍ മിസ്റ്ററി സിരീസ് പ്രണയത്തിന്റെ ദൗര്‍ബല്യത്തെയും കരുണയെയും കുറിച്ച് പറയിപ്പിക്കുകയാണ്. നമ്രത്തിനും കരണിനുമിടയില്‍, രമണിനും നമ്രത്തിനുമിടയില്‍, ബല്‍ബീറിനും ഇന്ദിരയ്ക്കുമിടയില്‍, രാജിയ്ക്കും ഗരുന്‍ഡിയ്ക്കുമിടയില്‍, ഗരുന്‍ഡിയ്ക്കും സില്‍ക്കിയ്ക്കുമിടയില്‍, സാക്കറിനും വീരയ്ക്കുമിടയില്‍, വീരയ്ക്കും പോളിനുമിടയില്‍; പ്രണയത്തെ പല രൂപങ്ങളില്‍ കാണാം. പ്രണയം സൃഷ്ടിക്കുന്ന ഏറ്റവും മോശമായ വികാരം സ്വാര്‍ത്ഥതയാണ്. ഒന്നിപ്പിക്കുന്നതുപോലെ, ഇല്ലാതാക്കുന്നതിനും പ്രണയം കാരണമാകുന്നത് സ്വാര്‍ത്ഥതയിലാണ്.
ഉള്ളില്‍ തട്ടുന്ന തരത്തിലാണ് സീരീസിലെ മനുഷ്യബന്ധങ്ങള്‍. ബല്‍ബീര്‍ ദുര്‍ബലനാകുന്നത്, വ്യക്തി ജീവിതത്തില്‍ അയാള്‍ക്ക് സംഭവിച്ച പരാജയങ്ങളാലാണ്. അയാള്‍ നല്ലൊരു ഭര്‍ത്താവായിരുന്നില്ല. നമ്രത് പറയുന്നത് നല്ലൊരു അച്ഛനുമല്ലെന്നാണ്. സ്വന്തം പരാജയം മറ്റുള്ളവരുടെ മേല്‍ ചുമത്തുന്നവനെന്നാണ് മകള്‍ അച്ഛനെ കുറ്റപ്പെടുത്തുന്നത്. ഇന്ദിരയോട് അയാള്‍ക്ക് പ്രണയമുണ്ട്. എന്നാല്‍ പ്രണയത്തിന്റെ നിര്‍വചനങ്ങള്‍ അയാള്‍ക്കറിയില്ല. അതെങ്ങനെയെല്ലാം സംഭവിക്കാമെന്നും. തന്റെ മരുമകന്‍ നമ്രതിനെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നുണ്ടെന്നും മകള്‍ക്ക് ഭര്‍ത്താവിനെക്കുറിച്ച് പറയാന്‍ മോശം അഭിപ്രായങ്ങളൊന്നുമില്ലെന്നും അയാള്‍ക്കറിയാം. സ്വഭാവികമായി അയാള്‍ നമ്രതിനൊപ്പമല്ല, രമണിനൊപ്പമാണ് നില്‍ക്കുന്നത്. എന്നാലയാള്‍ നമ്രതിനെ മനസിലാക്കുന്നില്ല. രമണില്‍ നിന്നും വിവാഹമോചനം തേടി കരണിനൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്ന മകള്‍ ഒരു മോശം സ്ത്രീയാണെന്ന് ബല്‍ബീര്‍ കരുതുന്നു. ആഗ്രഹങ്ങളുള്ള സ്ത്രീയാണ് നമ്രത്. ലണ്ടനില്‍ നിന്നും അവളുടെ കൂട്ടുകാരി വിളിക്കുമ്പോള്‍ നമ്രതിന്റെ മനസില്‍ നിരാശയും നഷ്ടബോധവുമുണ്ട്. സ്‌കൂള്‍ സഹപാഠിയായ കരണിനെ തേടിച്ചെന്ന് അവള്‍ തന്റെ സ്‌നേഹത്തിന്റെ വരുതിയാലാക്കുന്നത് ആഗ്രഹിച്ചതുപോലെ ജീവിക്കാനാണ്. പ്രണയത്തിന് കണ്ണില്ലെന്നും മൂന്നാമതൊരാളെയോര്‍ത്ത് സഹതപിക്കില്ലെന്നും നമ്രതിലും കരണിലും നിന്നാണ് ബല്‍ബീര്‍ മനസിലാക്കുന്നത്. രാജിയ്ക്കും ഗരുന്‍ഡിയ്ക്കുമിടയിലേക്ക് വന്നാല്‍ പ്രണയം മറ്റൊരു തരത്തിലാണ് സംഭവിക്കുന്നതും അവസാനിക്കുന്നതും. സ്വത്ത് നഷ്ടമാകാതിരിക്കാനുള്ള ഗൂഢാലോചനയാണ് ഭര്‍ത്താവിന്റെ അറിവോടെ തന്നെ ഭര്‍തൃസഹോദരനെ തനിക്ക് വംശവദനാക്കി രാജി നടപ്പാക്കുന്നത്. തനിക്കായൊരു കുടുംബം വേണമെന്ന തോന്നലും സില്‍ക്കിയോടുള്ള പ്രണയവും ഗരുന്‍ഡിയില്‍ ഉണ്ടാകുന്നതോടെയാണ് താന്‍ പ്രണയിക്കുന്നത് ആത്മാര്‍ത്ഥമായിട്ടാണെന്ന് രാജി തിരിച്ചറിയുന്നതും പ്രതികാരം തോന്നുന്നതും. വീര ജീവിതത്തിന്റെ കാര്യത്തില്‍ സ്വാര്‍ത്ഥയാണ്; പ്രണയത്തിലല്ല. ഓരോന്നും അവസാനിപ്പിക്കാനും ആരംഭിക്കാനും അവളായി തന്നെ മുന്‍കൈയെടുക്കുന്നു. എന്നാല്‍ സാക്കര്‍ തിരിച്ചാണ്. ആ വൈരുദ്ധ്യമാണ് പല നഷ്ടങ്ങള്‍ക്കും കാരണം. പോളും പ്രണയത്തിന്റെ കാര്യത്തില്‍ സ്വാര്‍ത്ഥനായി പോകുന്നതാണ് പ്രശ്‌നം.
പാട്രിയാര്‍ക്കിക്ക് പ്രണയം ശത്രുവാണ്. സ്വാര്‍ത്ഥരായ മനുഷ്യര്‍ മറ്റുള്ളവരുടെ സ്വഭാവിക ചോദനകളെ അംഗീകരിക്കില്ല. തങ്ങളുടെ അഭിമാനത്തിന് ക്ഷതമുണ്ടാക്കുമെന്ന ഭയം കൊണ്ടാണ്. ദില്ലന്‍ സ്റ്റീവ് ദില്ലന്‍ ആയി മാറിയാലും പഞ്ചാബിയായ സത്‌വീന്ദര്‍ സിംഗ് അയാളുടെ ചിന്താഗതി മാറ്റില്ല. പാശ്ചാത്യന്റെ പുരോഗമനം ക്ലാരയില്‍ കാണുന്നതുപോലെ ദില്ലനില്‍ ഉണ്ടാകാത്തത് അയാള്‍ പേറുന്ന പാട്രിയാര്‍ക്കിയാണ്. മനീന്ദറും അങ്ങനെ തന്നെ. തന്റെ അഭിമാനം സംരക്ഷിക്കേണ്ട ബാധ്യതയുള്ളതുകൊണ്ടാണ് മകന്(പോളിന്) അയാള്‍ അറേഞ്ച്ഡ് മാര്യേജ്’ നടത്തുന്നത്. തന്റെ ഗൗരവത്തെ ‘ ഇംമ്പ്രൈസ്’ ചെയ്യിക്കുമ്പോഴെ മകനെ അംഗീകരിക്കാവൂ എന്ന മൂഢത്വം പേറുന്ന പിതാവാണ് മനീന്ദര്‍. ഹാപ്പിക്ക് സഹോദരനുമേല്‍ വൈരാഗ്യം തോന്നുന്നത് തന്നെ അംഗീകരിക്കാന്‍ മടിക്കുന്ന പിതാവിനോടുള്ള വാശിയുടെ പുറത്താണ്. മനുഷ്യന്‍ പരസ്പരം തെറ്റിദ്ധരിച്ച് ജീവിക്കുന്നവരാണ്. അച്ഛനും അമ്മയ്ക്കും സ്വന്തം മക്കളെപ്പോലും തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. പോളിന്റെ അമ്മയത് സമ്മതിക്കുന്നുണ്ട്.
ഇത്തരത്തില്‍ ബന്ധങ്ങള്‍ക്കിടയിലെ സങ്കീര്‍ണതകളും നഷ്ടങ്ങളും തിരിച്ചറിവുകളുമാണ് കൊഹ്‌റ. നിങ്ങളെ ഈ സീരീസ് കാണാന്‍ പ്രേരിപ്പിക്കുക, അതിന്റെ ത്രില്ലിംഗ് സ്വഭാവം മാത്രമല്ല. അതുകൊണ്ട് തന്നെ കൊഹ്‌റ വൈകാരികമായൊരു കാഴ്ച്ച അനുഭവമായിരിക്കും.