December 10, 2024 |
Share on

പ്രണയ നഷ്ടം പ്രാണ നഷ്ടം

ആറു വര്‍ഷത്തിനുള്ളില്‍ പ്രണയത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് 16 പെണ്‍കുട്ടികള്‍

‘പ്രണയ നഷ്ടം പ്രാണ നഷ്ടമാണ്…’

മലയാള കവയിത്രി സാവിത്രി രാജീവന്റെ കവിതകളെ കുറിച്ചുള്ള കെ ജി ശങ്കരപ്പിള്ളയുടെ ഈ വാക്കുകള്‍ അക്ഷരം പ്രതി യഥാര്‍ഥ്യമാകുന്ന സമൂഹത്തിലും, കാലത്തിലുമാണ് നമ്മള്‍. പ്രണയവും, പ്രണയ നൈരാശ്യത്തിന്റെയും അറ്റം മരണത്തിനും കൊലപാതകത്തിനുമിടയില്‍ തങ്ങി നില്‍ക്കുന്നു. പ്രളയം കോവിഡ്, നിപ പോലുള്ള മാരക വിപത്തകളെ പൊരുതി തോല്‍പിക്കാന്‍ കെല്‍പുള്ള നമുക്ക് പ്രണയ തകര്‍ച്ചകളും, നിരസിക്കലുകളും ജീവന്‍ കവരുന്നതിലേക്ക് എത്തുന്നത് നോക്കി നില്‍ക്കാന്‍ മാത്രമേ സാധിക്കുന്നുള്ളു.

ഏറ്റവുമൊടുവിലായി പെരുമ്പാവൂര്‍ രായമംഗലം സ്വദേശിനിയും നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുമായ അല്‍ക്ക അന്ന ബിജുവിന്റെ കൊലപാതകത്തിലും കാരണം പറയുന്നത്, പ്രണയ നഷ്ടം തന്നെ!

ഇരിങ്ങോള്‍ സ്വദേശി ബേസില്‍ ഈ മാസം അഞ്ചാം തീയതിയാണ്  അല്‍ക്കയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത്. തലയ്ക്കും കഴുത്തിനും സരമായ പരിക്കേറ്റ അല്‍ക്ക ആലുവ രാജഗിരി ആശുപത്രിയില്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് മരിക്കുന്നത്. പ്രതി ബേസിലിനെ സംഭവം നടന്ന് രണ്ട് മണിക്കൂറിനകം സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു.

പ്രണയം നിരസിച്ചതിന്റെ പേരില്‍ മാത്രം ‘ഫെമിസൈഡ്’ ചെയ്യപ്പെടുന്ന, അല്ലെങ്കില്‍ കൊല ചെയ്യപ്പെടുന്നവരില്‍ ഏറ്റവും അവസാനത്തെയാളാകില്ല അല്‍ക്ക.

പ്രണയത്തിന്റെ പേരില്‍ ഫെമിസൈഡ്, ആന്‍ഡ്രോസൈഡുകളും കേരളത്തില്‍ കൂടി വരുന്നതും ഇനിയെങ്കിലും ഗൗരവമായി കണക്കാക്കേണ്ടതുണ്ട് (തന്റെ ജന്‍ഡറിന്റെ പേരില്‍ കൊലചെയ്യപ്പെടുന്നതിനെയാണ് ഫെമിസൈഡ്, ആന്‍ഡ്രോസൈഡ് എന്ന് വിളിക്കുന്നത്. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് നേരെയും, പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് നേരെയും നടത്തുന്ന അസഭ്യപ്രയോഗം, മാനസിക പീഡനം, നിത്യേനയുള്ള ശാരീരികവും ലൈംഗികവുമായ അതിക്രമം, തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു).

94 ശതമാനത്തോളം സാക്ഷരത നിരക്കുള്ള  കേരളത്തില്‍ ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന ഇത്തരം പ്രണയ കൊലപാതകങ്ങള്‍ വിരല്‍ ചൂണ്ടുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങളിലേക്കും, സമൂഹത്തിന്റെ കാഴ്ചപ്പാടുകളിലേക്കുമാണ്. അതിജീവനത്തിന്റെ സാധ്യതകളിലേക്ക് തിരിഞ്ഞു പോലും നോക്കാതെ ജീവനെടുത്തും സ്വയം ജീവനില്ലാതാക്കിയും നിരവധി പേര്‍ സമൂഹത്തിന് മുന്നില്‍ ചോദ്യ ചിഹ്നമാവുകയാണ്.

ആരോഗ്യകരമായ ബന്ധങ്ങള്‍ എങ്ങനെ സൃഷ്ടിക്കാമെന്നും, അതില്‍ നിന്ന് പിന്തിരിഞ്ഞു നടക്കാന്‍ തീരുമാനിക്കുന്ന വ്യക്തിയുടെ അഭിപ്രായത്തെ അതെ അളവില്‍ പരിഗണിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കാതെ വരുന്നിടത്താണ് പ്രണയം പകയായും, മരണമായും മാറുന്നത്.

അനര്‍വചനീയമായ വ്യക്തി സ്വാതന്ത്ര്യം മറ്റെല്ലായിടങ്ങളിലെന്നപോലെ പ്രണയത്തിലും നല്‍കാന്‍ പുതു തലമുറയെ പ്രാപ്തരാക്കേണ്ടതുണ്ട്. ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസത്തിലൂടെ ദയ, കാരുണ്യം, മാനുഷികത, സഹിഷ്ണുത തുടങ്ങിയവ വളര്‍ത്തുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അക്കാദമിക് മികവുകളില്‍ ഊന്നല്‍ നല്‍കുമ്പോള്‍ മാനുഷികവും -സാംസ്‌കാരികവുമായുള്ള നിലവാരം കുട്ടികളില്‍ രൂപപ്പെടുത്തുന്നതില്‍ വിദ്യാഭ്യാസം അക്ഷരാര്‍ത്ഥത്തില്‍ പരാജയപ്പെടുകയാണ്.

പ്രണയ തകര്‍ച്ചയുടെ പേരില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആന്‍ഡ്രോസൈഡിനേക്കാള്‍ ഫെമിസൈഡാണ് കേരളത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത് എന്നു കാണാം.

2021- ല്‍ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ നല്‍കിയ കണക്ക് പ്രകാരം 2017 മുതല്‍ 2020 വരെ 350 പെണ്‍കുട്ടികള്‍ക്കാണു പ്രണയത്തിന്റെ പേരില്‍ ജീവന്‍ നഷ്ടമായത്. ഞെട്ടിക്കുന്ന വസ്തുത; ഇവരില്‍ 10 പേര്‍ കൊല്ലപ്പെടുകയായിരുന്നു.

2017ല്‍ 83 പെണ്‍കുട്ടികള്‍ക്കായിരുന്നു ജീവഹാനിയുണ്ടായത്. മൂന്ന് പേര്‍ കൊല്ലപ്പെട്ടപ്പോള്‍, 80 പേര്‍ ആത്മഹത്യ ചെയ്തു. 2018 ല്‍ പ്രണയം മൂലം കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2019ല്‍ അഞ്ചു കൊലപാതകങ്ങളും 88 ആത്മഹത്യകളും ഉള്‍പ്പെടെ 93 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രണയബന്ധങ്ങളുടെ പേരില്‍ 2020 ലാണ് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ മരണപ്പെട്ടത്. രണ്ട് കൊലപാതകങ്ങളും 96 ആത്മഹത്യകളും അടക്കം 98 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇത്തരത്തില്‍ ജീവന്‍ അപഹരിക്കുന്ന തരത്തിലേക്ക് പ്രണയം രൂപാന്തരപെട്ടതിന് കാലങ്ങളുടെ പഴക്കവുമുണ്ട്. എങ്കിലും കഴിഞ്ഞ ആറു വര്‍ഷത്തെ സംഭവങ്ങള്‍ പരിശോധിക്കാം.

2017 ഫെബ്രുവരി ഒന്നിന് കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കഷന്‍ ക്ലാസ് മുറിയില്‍ നാലാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥി ലക്ഷ്മിയെ ആദര്‍ശ് എന്ന 25 കാരന്‍ വക വരുത്തിയത് പ്രണയം നിരസിച്ചതിന്റെ പേരിലാണ്. അതേ സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്ന ആദര്‍ശ് ക്ലാസ് മുറിയിലേക്ക് പെട്രോളുമായി കടന്നുകയറി ലക്ഷ്മിയെ തീകൊളുത്തുകയായിരുന്നു. ആദര്‍ശും പിന്നീട് തന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി.

അതേ വര്‍ഷം പത്തനംതിട്ടയിലും സമാനമായ രീതിയില്‍ കൊലപാതകം നടന്നു. കടമനിട്ട സ്വദേശിയായ 17 കാരി ശാരികയെ ബന്ധുവായ സജിന്‍ 2017 ജൂലൈ 14 നു വീട്ടില്‍ കടന്നു കയറി പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. എട്ടുദിവസങ്ങള്‍ക്ക് ശേഷം ജൂലൈ 22 ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.

2018 ഫെബ്രവരിയില്‍ കാസറഗോഡ് സുള്ളിയില്‍ കാമ്പസിനുള്ളി ലും ഒരു പെണ്‍കുട്ടി പ്രണയ പകയില്‍ കൊല്ലപ്പെട്ടിരുന്നു.

2018 സെപ്തംബറില്‍ തിരൂരില്‍ 15 വയസ് മാത്രമുള്ള പെണ്‍കുട്ടിയെയാണ് ബംഗാള്‍ സ്വദേശിയായ യുവാവ് വീട്ടില്‍ കടന്നു ചെന്ന് കുത്തി കൊലപ്പെടുത്തിയത്.

2019 ലാണ് തിരുവല്ല സ്വദേശിനി കവിത കൊല്ലപ്പെടുന്നത്. മാര്‍ച്ച് പതിമൂന്നാം തീയതി രാവിലെ തിരുവല്ല റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ച് കവിതയെ കുമ്പനാട് സ്വദേശിയായ അജിന്‍ റെജി മാത്യൂസ് എന്നയാള്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റേഡിയോളജി കോഴ്‌സ് പഠിച്ചുകൊണ്ടിരുന്ന കവിത ക്ലാസ്സിലേക്കു പോകും വഴിയാണ് അജിന്‍ ആക്രമിച്ചത്. വഴിയരികില്‍ തടഞ്ഞു നിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം, ആളുകള്‍ക്ക് കാര്യം മനസ്സിലാകുന്നതിനു മുന്നേ തന്നെ തലവഴി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ആദ്യം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പിന്നീട് എറണാകുളം മെഡിക്കല്‍ സെന്ററിലും എത്തിച്ച പെണ്‍കുട്ടി ഒമ്പതു ദിവസത്തോളമാണ് ഗുരുതരാവസ്ഥയില്‍ മരണത്തോട് മല്ലിട്ടു കഴിഞ്ഞത്. ഒടുവില്‍ മാര്‍ച്ച് 20 ന് വൈകീട്ട് ആറു മണിയോടെ മരണത്തിനു കീഴടങ്ങി.

തിരുവല്ല സംഭവവത്തിന് 13 ദിവസങ്ങള്‍ക്ക് ശേഷം തൃശൂരിലും സമാന രീതിയില്‍ കൊല നടന്നു. ബിടെക് വിദ്യാര്‍ത്ഥിനി നീതുവാണ് കൊല്ലപ്പെട്ടത്. നിധീഷ് എന്ന ചെറുപ്പക്കാരന്‍ വീടിനകത്ത് ചെന്ന് നീതുവിനെ കുത്തി വീഴ്ത്തിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചാണ് കൊന്നത്. അമ്മ നേരത്തെ മരിച്ചു പോയ, അച്ഛന്‍ ഉപേക്ഷിച്ചു പോയ നീതു അമ്മൂമ്മയുടെ സംരക്ഷണയിലാണ് വളര്‍ന്നത്. ബിടെക് പഠനം പൂര്‍ത്തിയാക്കി ഒരു നല്ല ജോലി സമ്പാദിച്ച് ജീവിതത്തില്‍ മുന്നേറാന്‍ ആഗ്രഹിച്ചിരുന്ന നീതുവിനെ വിവാഹിതരാകാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയെന്ന കാരണത്തിലാണ് സുഹൃത്തു കൂടിയായിരുന്ന നിധീഷ് കൊലപ്പെടുത്തുന്നത്.

2019 ജൂണ്‍ 15 നു മാവേലിക്കര വളളികുന്നം സ്വദേശിനി സൗമ്യയെന്ന പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ അജാസ് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കാറിടിച്ച് വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് ചുട്ടുകൊന്നു. തന്റെ വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതക കാരണമെന്നായിരുന്നു അജാസിന്റെ മരണ മൊഴി. ഗുരുതരമായി പൊള്ളലേറ്റ അജാസും പിന്നീട് മരണത്തിന് കീഴടങ്ങി.

2019 ഒക്ടോബര്‍ 10 നാണ് എറണാകുളം കാക്കനാട്ടെ പ്ലസ്ടു വിദ്യാര്‍ഥിനിയായ ദേവികയെ മിഥുന്‍ എന്ന യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. ശേഷം യുവാവ് സ്വയം തീ കൊളുത്തി ജീവനൊടുക്കി. ദേവിക ‘പ്രണയം’ നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

2020 ജനുവരി ആറിനാണ് തിരുവനന്തപുരം കാരക്കോണം സ്വദേശിനി അഷിത കൊല്ലപ്പെടുന്നത്. അഷിതയെ കഴുത്തറുത്ത് കൊന്ന ശേഷം പ്രതി അനൂപും ആത്മഹത്യ ചെയ്തു. പ്രണയത്തില്‍ നിന്ന് അഷിത പിന്മാറിയതാണ് പകയ്ക്ക് കാരണമായത്.

2020 ജനുവരി എട്ടിനാണ് സഫീര്‍ ഷാ കാറിനുളളില്‍ വച്ച് കലൂര്‍ സ്വദേശിനി ഇവയെ കൊലപ്പെടുത്തുന്നത്.

2021 ഫെബ്രുവരി 19 കണ്ണൂര്‍ സ്വദേശിന രേഷ്മ പ്രണയപ്പകയ്ക്ക് ഇരയായി. 2021 ഫെബ്രുവരി 20 ഇടുക്കി പളളിവാസല്‍ സ്വദേശിനി രേഷ്മയും കൊല്ലപ്പെട്ടു. പിന്നാലെ പ്രതി അരുണ്‍ ജീവനൊടുക്കി.

2021 സെപ്റ്റംബറില്‍ പാല സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന നിതിനയെ ക്യാമ്പസില്‍ വച്ചാണ് സഹപാഠി അഭിഷേക് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നിലത്തു പിടിച്ചുകിടത്തി ഹാക്‌സോ ബ്ലേഡ് കൊണ്ട് കഴുത്തിലെ ഞരമ്പ് അറത്താണ് നിതിന മോള്‍ എന്ന 22 കാരിയെ അഭിഷേക് ബൈജു എന്ന 20 കാരന്‍ ഇല്ലാതാക്കിയത്.

ആ കൊലയ്ക്ക് മൂന്നു മാസം മുമ്പാണ് 21 കാരി ദൃശ്യയെ വീടിനുള്ളില്‍ കയറി കുത്തിക്കൊന്നത്. രക്ഷിക്കാന്‍ ശ്രമിച്ച ദൃശ്യയുടെ സഹോദരിയെയും പ്രതിയായ നിതീഷ് കുത്തിപ്പരുക്കേല്‍പ്പിച്ചു.

2021 ജൂലൈ 30ന് കണ്ണൂര്‍ നാറാത്ത് സ്വദേശിനി മാനസ എന്ന ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ തലശ്ശേരി സ്വദേശി രഖില്‍ കോളേജില്‍ വച്ചു വെടിവെച്ച് കൊന്നത് കേരളത്തെ നടുക്കിയ മറ്റൊരു കൊലപാതകമായിരുന്നു. ‘പ്രണയപ്പക’ തന്നെയായിരുന്നു കൊലപാതക കാരണം. ബെംഗളൂരുവില്‍ എംബിഎ കഴിഞ്ഞ രഖില്‍ പിന്നീട് ഇന്റീരിയര്‍ ഡിസൈനിങ് രംഗത്ത് ജോലി ചെയ്യുകയായിരുന്നു. ആദ്യത്തെ പ്രണയം തകര്‍ന്നശേഷം കഴിഞ്ഞ വര്‍ഷമാണ് ഇന്‍സ്റ്റഗ്രാമിലൂടെ മാനസയുമായി രഖില്‍ അടുപ്പത്തിലാകുന്നത്. ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് മാനസ പറഞ്ഞതോടെ ശല്യമായി രഖില്‍ പിന്‍തുടരാന്‍ ആരംഭിച്ചു. ഇതോടെ കാര്യങ്ങളെല്ലാം മാതാപിതാക്കളോട് പറഞ്ഞ് പൊലീസിനേയും സമീപിച്ചു. പൊലീസ് ഇരുവരുടെയും കുടുംബങ്ങളെ വിളിപ്പിച്ച് സംസാരിച്ചപ്പോള്‍ പിന്‍തിരിയാന്‍ തയ്യാറാണെന്ന് രഖില്‍ ഉറപ്പുകൊടുത്തു. പിന്നീട് ബീഹാറില്‍ നിന്ന് സംഘടിപ്പിച്ച 7.62 എംഎം പിസ്റ്റള്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ശേഷം സ്വയം നിറയൊഴിക്കുകയായിരുന്നു.

2021 ഡിസംബര്‍ 10 നായിരുന്നു കോഴിക്കോട് തിക്കൊടിയില്‍ കൃഷ്ണപ്രിയയുടെ മരണം. പ്രണയ ബന്ധത്തിലെ ടോക്‌സിറ്റി മനസിലാക്കി ബന്ധത്തില്‍നിന്നും പിന്മാറാന്‍ ഒരുങ്ങിയതോടെയാണ് കൃഷ്ണപ്രിയയെ കൊന്നുകളയാന്‍ കാമുകനായ നന്ദു തീരുമാനിച്ചത്. ഒപ്പം നന്ദുവും സ്വയം തീകൊളുത്തി മരണത്തിന് കീഴടങ്ങി.

അല്‍ക്കയില്‍ എത്തി നില്‍ക്കുന്ന കണക്ക് പ്രകാരം കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ പ്രണയത്തില്‍ പേരില്‍ കേരളത്തില്‍ കൊല്ലപ്പെട്ടത് 16 പെണ്‍കുട്ടികളാണ്.

ഈ പ്രതികാര കൊലപാതകങ്ങളില്‍, അല്‍ക്കയെ കൊന്ന ബേസില്‍ അടക്കം ഏഴ് കൊലപാതകികളും അവരുടെ പക തീര്‍ത്തതിനു പിന്നാലെ ജീവനൊടുക്കിയിട്ടുണ്ട്. മൊത്തത്തില്‍ നോക്കിയാല്‍, പ്രണയത്തിന്റെ പേരില്‍ ഇല്ലാതായത് 23 പേര്‍. അതില്‍ ബഹുഭൂരിപക്ഷവും 23 വയസില്‍ താഴെ പ്രായമുള്ളവര്‍. കൊല്ലപ്പെട്ട പെണ്‍കുട്ടികളെല്ലാവരും തന്നെ വിദ്യാര്‍ത്ഥികള്‍. പഠിച്ച് ജോലി നേടി നല്ലൊരു ജീവിതം സ്വപ്‌നം കണ്ടവര്‍.

ചിലര്‍ ജീവന്‍ പോകാതെ തലനാരിഴക്ക് രക്ഷപെടും. കൊച്ചി കലൂരില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ കോതമംഗലം സ്വദേശിയായ പെണ്‍കുട്ടക്കു നേരെ യുവാവ് പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് കൊലപാതകശ്രമം നടത്തിയിരുന്നു. തൃശൂര്‍ മാളയില്‍ പ്രണയം നിരസിച്ച പെണ്‍കുട്ടിയുടെ മുഖം ബ്ലേഡുകൊണ്ട് കീറിമുറിക്കുകയായിരുന്നു. തൃശൂര്‍ പുന്നയൂര്‍കുളത്ത് പ്രണയം നിരസിച്ച പെണ്‍കുട്ടിയെ അടക്കം വീട്ടില്‍ പൂട്ടിയിട്ട് വീടിനു തീവച്ചു. കുന്നംകുളത്ത് പ്രണയം നിരസിച്ച പെണ്‍കുട്ടി നടന്നു പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി കുത്തി വീഴ്ത്തി.

മാര്‍ച്ചില്‍ തൃപ്പൂണിത്തുറ ഉദയംപേരൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ അമ്പിളിയെ വീട്ടിലേക്ക് മടങ്ങും വഴി അമല്‍ വാക്കത്തി കൊണ്ട് വെട്ടുന്നത്. വീട്ടിലേക്കുള്ള വഴിയില്‍ കാത്തു നിന്നാണ് അമല്‍ അമ്പിളിയെ വെട്ടി വീഴ്ത്തിത്. പിന്നാലെ നടന്ന് ശല്യപ്പെടുത്തിയതിന് പൊലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാര നടപടിയായിരുന്നു കൊലപാതകമെന്ന് അമല്‍ കുറ്റസമ്മതം നടത്തി.

ഈ അതിക്രമങ്ങള്‍ സ്ത്രീകള്‍ക്ക് നേരെ മാത്രമല്ല സ്ത്രീകള്‍ മുഖേന പുരുഷന്മാരും അത്യന്തം ഹീനമായ അക്രമണങ്ങള്‍ക്ക് വിധേയരാവുന്നുണ്ട്. 2022 ഒക്ടോബര്‍ 25ന് നടന്ന പാറശാല ഷാരോണ്‍ കൊലപാതകം കേരളത്തെ വിറങ്ങലിപ്പിച്ചതായിരുന്നു. എം എ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഗ്രീഷ്മ മറ്റൊരു വിവാഹത്തിനു വേണ്ടി ഷാരോണിനെ ഒഴിവാക്കാന്‍ കൊലപാതകം നടത്തുകയായിരുന്നു. കഷായത്തില്‍ വിഷം കലര്‍ത്തിയാണ് ഷാരോണിനെ വധിച്ചത്. കേസില്‍ ഗ്രീഷ്മ ഒന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മ സിന്ധു രണ്ടാം പ്രതിയും അമ്മാവന്‍ നിര്‍മല്‍ കുമാര്‍ മൂന്നാം പ്രതിയുമാണ്.

ഈ കഴിഞ്ഞ ഏപ്രിലാണ് പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാവാതിരുന്ന കാമുകനെ ചെറുന്നിയൂര്‍ സ്വദേശിയായ ലക്ഷ്മി പ്രിയ ക്വട്ടേഷന്‍ നല്‍കി വിവസ്ത്രനാക്കി മര്‍ദ്ദിച്ചത്.

ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുവാങ്ങാന്‍ പരിശീലിപ്പിക്കുന്നതിനോടൊപ്പം തന്നെ സഹജീവികളോടുള്ള കരുതലിനെ പറ്റി കുട്ടികളെ പറഞ്ഞു വളര്‍ത്തേണ്ടിയിരിക്കുന്നു. ആളുകളെ പരിഗണിക്കേണ്ടതിനെ പറ്റിയും ജീവിതത്തിലെ ‘നോ’കളെ പകയുടെ മേമ്പോടിയില്ലാതെ സ്വീകരിക്കാനും പ്രാപ്തരാക്കേണ്ടിയിരിക്കുന്നു. ഒരു കുടുംബത്തിനും, സമൂഹത്തിനും വെളിച്ചമാവേണ്ടവര്‍ പകുതിയില്‍ വച്ച് അണഞ്ഞു പോവാതിരിക്കാനും, സമൂഹത്തിലെ വെറുക്കപെട്ടവരായി മാറാതിരിക്കാനും മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്.

×