UPDATES

പ്രാണ പ്രതിഷ്ഠയില്‍ പങ്കെടുത്തത് സുപ്രിം കോടതിയിലെ നാല് മുന്‍ ചീഫ് ജസ്റ്റീസുമാരും 12-ല്‍ അധികം മുന്‍ ജഡ്ജിമാരും

ഇവരില്‍ കൂടുതല്‍ ശ്രദ്ധേയമായത് മുന്‍ ചീഫ് ജസ്റ്റീസ് ജെ എസ് ഖേഹറിന്റെയും മുന്‍ ജഡ്ജി അശോക് ഭൂഷന്റെയും സാന്നിധ്യമാണ്.

                       

അയോധ്യയില്‍ ബാബറി മസ്ജിദ് നിന്ന സ്ഥലത്ത് നിര്‍മിച്ച പുതിയ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിലെ ന്യായാധിപരുടെ പങ്കാളിത്തവും ശ്രദ്ധേയമായി. സുപ്രിം കോടതിയിലെ നാല് മുന്‍ ചീഫ് ജസ്റ്റീസുമാരും ഒരു ഡസണു മുകളില്‍ വിരമിച്ച ജഡ്ജിമാരും പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഇവരില്‍ കൂടുതല്‍ ശ്രദ്ധേയമായത് മുന്‍ ചീഫ് ജസ്റ്റീസ് ജെ എസ് ഖേഹറിന്റെയും മുന്‍ ജഡ്ജി അശോക് ഭൂഷന്റെയും സാന്നിധ്യമാണ്. 2017-ല്‍ അയോധ്യ തര്‍ക്കത്തില്‍ വ്യക്തിപരമായി മധ്യസ്ഥത വഹിക്കാമെന്ന് വാഗ്ദാനം ചെയ്ത ജഡ്ജിയായിരുന്നു ഖേഹര്‍. 2019-ല്‍ രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായി അയോധ്യ വിധി പറഞ്ഞ സുപ്രിം കോടതി ഭരണഘടന ബഞ്ചില്‍ ഉണ്ടായിരുന്ന ജഡ്ജിയാണ് ജ. അശോക് ഭൂഷന്‍.

ജസ്റ്റീസുമാരായ വി എന്‍ ഖരെ, എന്‍ വി രമണ, യു യു ലളിത് എന്നിവരാണ് അയോധ്യയിലെത്തിയ മറ്റു മൂന്നു മുന്‍ ചീഫ് ജസ്റ്റീസുമാര്‍. ഇവരെ കൂടാതെ സുപ്രിം കോടതിയില്‍ നിന്നും പിരിഞ്ഞ ഒരു ഡസണു മുകളില്‍ മുന്‍ ജഡ്ജിമാരും രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുത്തു. അവരില്‍ പലരും ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പദവികള്‍ വഹിക്കുന്നവരാണ്. ജ. അശോക് ഭൂഷന്‍ ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ പദവിയിലിരിക്കുന്നയാളാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജ. അരുണ്‍ മിശ്രയും അയോധ്യയിലുണ്ടായിരുന്നു. 1992-ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്ന സമയത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഭിഭാഷകനായിരുന്ന സുപ്രിം കോടതി മുന്‍ ജഡ്ജി ജ. ആദര്‍ശ് ഗോയലും പങ്കെടുത്തവരുടെ കൂട്ടത്തിലുണ്ട്. ജസ്റ്റീസുമാരായ വി രാമസുബ്രമണ്യം, അനില്‍ ദാവെ, വിനീത് സരണ്‍, ഗ്യാന്‍ സുധ മിശ്ര എന്നിവരും അയോധ്യയിലെ ചടങ്ങിനെത്തിയ സുപ്രിം കോടതി മുന്‍ ന്യായാധിപരമാണ്.

അലഹബാദ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റീസ് സുധീര്‍ അഗര്‍വാളിന്റെ സാന്നിധ്യവും ചടങ്ങില്‍ ശ്രദ്ധേയമായിരുന്നു. 2010-ല്‍ അയോധ്യ തര്‍ക്കത്തില്‍ അലഹദാബ് ഹൈക്കോടതിയുടെ വിധി പറഞ്ഞ മൂന്നംഗ ബഞ്ചിലെ ജഡ്ജിയാണ് അഗര്‍വാള്‍. അയോധ്യയിലെ തര്‍ക്കഭൂമിയായിരുന്ന 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാം മന്ദിര്‍ എന്നിവയ്ക്കിടയില്‍ മൂന്നായി വിഭജിക്കണമെന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലുള്ള വിധിയിലൂടെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എസ് യു ഖാനും ഡി വി ശര്‍മ്മയും ഭൂരിപക്ഷ അഭിപ്രായമായപ്പോള്‍, ഹിന്ദു പക്ഷത്തിന് അനുകൂലമായി വിധി പറഞ്ഞ ഏക ജഡ്ജി സുധീര്‍ അഗര്‍വാളായിരുന്നു. ഇന്ത്യയുടെ മുന്‍ അറ്റോര്‍ണി ജനറലും രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ ട്രസ്റ്റിയും ഹിന്ദുപക്ഷത്തിന് വേണ്ടി സുപ്രിം കോടതിയില്‍ വാദങ്ങള്‍ നടത്തിയ സംഘത്തിലെ മുതിര്‍ന്ന അഭിഭാഷകനുമായ സി എസ് വൈദ്യനാഥനും നിയമരംഗത്ത് നിന്നും ചടങ്ങില്‍ പങ്കെടുത്തവരില്‍ ശ്രദ്ധേയനായിരുന്നു.

രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തി പ്രസംഗത്തില്‍ സുപ്രിം കോടതിക്ക് നന്ദി പറഞ്ഞിരുന്നു. 2019 നവംബറിലെ അയോധ്യ വിധി പരാമര്‍ശിച്ചായിരുന്നു മോദിയുടെ നന്ദി പ്രകടനം.

Share on

മറ്റുവാര്‍ത്തകള്‍