UPDATES

എന്താണ് ഉഷ്ണ തരംഗം?

പ്രത്യാഘാതങ്ങളും മുന്‍കരുതലുകളും

                       

ഒരു നൂറ്റാണ്ടിലെ തന്നെ ഏറ്റവും ചൂടേറിയ വർഷത്തിലൂടെയാണ് നാം ഇന്ന് കടന്ന് പോയ്‌കൊണ്ടിരിക്കുന്നത്. മാർച്ച് 11 ന് ആരംഭിച്ച ഉഷ്ണ തരംഗം ഇതുവരെ 15 ലധികം ഇന്ത്യൻ സംസ്ഥാനങ്ങളെ ബാധിച്ചിട്ടുണ്ട്. കേരളത്തിൽ ആദ്യമായാണ് ഉഷ്‌ണ തരംഗം സ്ഥിരീകരിക്കുന്നത്. സാധാരണ കേരളത്തിൽ അനുഭവപ്പെടുന്ന താപനിലയേക്കാൾ 5.5 ഡിഗ്രി സെൽഷ്യസ് കൂടുതൽ താപനിലയാണ് നിലവിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഉയർന്ന താപ നില വളരെ ഗുരുതരമായ രീതിയിൽ തന്നെ ജനജീവിതത്തെ ബാധിച്ചിട്ടുമുണ്ട്. രാജസ്ഥാനും മധ്യപ്രദേശുമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉഷ്ണ തരംഗം ബാധിച്ച സംസ്ഥാനങ്ങൾ.

എന്താണ് ഉഷ്ണ തരംഗം ?

ഉഷ്ണ തരംഗത്തിന് എല്ലായിടത്തും ഒരു പോലെ പ്രയോഗിക്കാൻ കഴിയുന്ന പൊതുവായ നിർവചനം ഇല്ല. സാധാരണയായി സമതലങ്ങളിൽ പരമാവധി താപനില കുറഞ്ഞത് 40° സെൽഷ്യസും , തീരപ്രദേശങ്ങളിൽ കുറഞ്ഞത് 30 °സെൽഷ്യസും, മലയോര പ്രദേശങ്ങളിൽ 37°സെൽഷ്യസും എത്തുമ്പോഴാണ് ഉഷ്ണ തരംഗം സ്ഥിരീകരിക്കുന്നത്. പരമാവധി താപനില സാധാരണയിൽ നിന്ന് 6.4 ഡിഗ്രി സെൽഷ്യസിന് മുകളിലാകുമ്പോൾ അത് കടുത്ത ഉഷ്ണതരംഗമായി കണക്കാക്കുന്നു. ഉഷ്ണതരംഗം അഥവാ ‘ഹീറ്റ് വേവ്’ ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ള ഒരു അവസ്ഥയാണ്. ഒരു ദിവസം മുതൽ ദിവസങ്ങളും ആഴ്ചകളും ഉഷ്ണ തരംഗം നീണ്ടു നിന്നേക്കാം.

40 ഡിഗ്രി ചൂടിനൊപ്പം ഇടയ്ക്കു ലഭിക്കുന്ന വേനൽമഴയുടെയും മറ്റും ഫലമായുള്ള അന്തരീക്ഷത്തിലെ ഈർപ്പ സാന്നിധ്യം  ആർദ്രതക്ക് (ഹ്യൂമിഡിറ്റി) കാരണമാകും. താപവും ആർദ്രതയും ചേർന്നാണ് ഉഷ്ണം രൂപപ്പെടുന്നത്. അന്തരീക്ഷത്തിൽ ഈർപ്പം കുറവായതിനാലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് ഉണ്ടെങ്കിലും ഉഷ്ണവും വിയർപ്പും കേരളത്തിലേത് പോലെ അനുഭവപ്പെടാത്തത്. അസ്വഭാവികവും അസുഖകരമായ ചൂടും ആർദ്രത കൂടിയതുമായ കാലാവസ്ഥയാണ് ഉഷ്ണ തരംഗം ഉണ്ടാക്കുന്നത്.

ഉഷ്ണ തരംഗ സമയത്ത് 3000 നും 7600 മീറ്ററിനും ഇടയിൽ ഉയർന്ന മർദ്ദം ഉണ്ടാവുകയും അത് ഒരു പ്രദേശം മുഴുവൻ കുറേ ദിവസത്തേക്ക് നീണ്ടു നിൽക്കുകയും ചെയ്യും.

heat wave in kerala

കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ ഉഷ്ണ തരംഗ സമയത്ത് പ്രത്യേകം ശ്രദ്ധിക്കണം. നിർജ്ജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാർഗം. ശാരീരിക ആരോഗ്യത്തോടൊപ്പം ശ്രദ്ധിക്കേണ്ട ഒന്നാണ് മാനസിക ആരോഗ്യവും. 2022 മാർച്ചിലെ കാലാവസ്ഥ വ്യതിയാന റിപ്പോർട്ടിൽ ഇൻ്റർ ഗവൺമെൻ്റൽ പാനലിന്റെ പഠനമനുസരിച്ച് , ശരാശരി താപനില 30 ഡിഗ്രി സെൽഷ്യസ് കവിയുമ്പോൾ ജനങ്ങളിലെ മാനസികാരോഗ്യ പ്രശ്‌നങ്ങളിൽ 0.5% വർദ്ധനവുണ്ടാകുന്നു എന്നാണ്. ശരാശരി താപനില 25 ഡിഗ്രി സെൽഷ്യസ് മുതൽ 30 ഡിഗ്രി സെൽഷ്യസ് എന്ന് താരതമ്യം ചെയ്യുമ്പോൾ, അഞ്ച് വർഷത്തിനിടെ 1 ഡിഗ്രി സെൽഷ്യസ് ചൂട് കൂടുന്നത് മാനസികാരോഗ്യ പ്രശ്‌നങ്ങളിൽ 2% വർദ്ധനവുണ്ടാക്കുന്നു എന്നാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം

11.00 നും 3.00നും ഇടയ്ക്ക് പുറത്തിറങ്ങാതിരിക്കുക. ദാഹമില്ലെങ്കിലും സാധിക്കുമ്പോഴൊക്കെയും വെള്ളം കുടിക്കണം. കനം കുറഞ്ഞ, ഇളം നിറത്തിലുള്ള കാറ്റു കടക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. യാത്ര ചെയ്യുമ്പോൾ കയ്യിൽ എപ്പോഴും വെള്ളം കരുതുക.
ആൽക്കഹോൾ, ചായ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. ശരീരത്തെ നിർജ്ജലീകരണം തടയാൻ സഹായിക്കുന്ന ഒആർഎസ് ലായനി, കഞ്ഞിവെള്ളം, നാരങ്ങവെള്ളം, സംഭാരം എന്നിവ കുടിക്കുക.

കേരള സർക്കാർ നിർദേശിക്കുന്ന മുൻകരുതലുകൾ

സംസ്ഥാനത്ത് വേനൽച്ചൂട് കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോ​ഗം ചേർന്ന് വിവിധ ജില്ലകളിലെ നിലവിലെ സ്ഥിതിഗതികൾ വിശകലനം ചെയ്തിരുന്നു. മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം നൽകുകയും അവധിക്കാല ക്ലാസുകൾ 11 മണിമുതൽ 3 മണിവരെ ഒഴിവാക്കണം തുടങ്ങിയ നിർദ്ദേശങ്ങളും മുന്നോട്ട് വച്ചിരുന്നു. പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം. പോലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണം.

ആസ്ബെസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം. ഇവ മേൽക്കൂരയായുള്ള വീടുകളിൽ താമസിക്കുന്ന അതിഥി  തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റണം. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ – നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യും. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. കലാ-കായിക മത്സരങ്ങൾ/പരിപാടികൾ പകൽ 11 മുതൽ‌ വൈകിട്ട് 3 വരെ നിർബന്ധമായും നടത്തരുത്. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. ലയങ്ങൾ, ആദിവാസി, ആവാസകേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണം.

 

content summary : what is heat stroke and what we should be concerned, potential to causes and serious damage.

 

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍