UPDATES

വിദേശം

ഇസ്രയേല്‍-ഹമാസ് യുദ്ധം; എന്താണ് സംഭവിച്ചത്, എന്താണ് സംഭവിക്കാന്‍ പോകുന്നത്?

ഗാസയിലെ സാധാരണ ജനത്തിന് രണ്ട് ആഗ്രഹങ്ങളാണുള്ളത്. ഗാസയ്ക്കു മേലുള്ള ഉപരോധം അവസാനിപ്പിക്കുക, ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കുക.

                       

അവധി ദിനത്തില്‍ അലറി വിളിക്കുന്നതുപോലെ അപകട സൈറണ്‍ മുഴങ്ങുമ്പോഴാണ് തങ്ങള്‍ അപകടത്തിലാണെന്ന് ഇസ്രയേല്‍ ജനത തിരിച്ചറിയുന്നത്. അപ്പോഴേക്കും ഹമാസിന്റെ ക്രൂരത തുടങ്ങി കഴിഞ്ഞിരുന്നു.

എന്താണ് കഴിഞ്ഞ ശനിയാഴ്ച്ച സംഭവിച്ചത്?
ഒക്ടോബര്‍ 7 ശനിയാഴ്ച്ച രാവിലെ 6.30(പ്രാദേശിക സമയം) നാണ് ഹമാസ് തെക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം ആരംഭിക്കുന്നത്. കൃത്യമായി ഏത് സ്ഥലത്ത് നിന്നാണ് റോക്കറ്റ് ആക്രമണം അവര്‍ ആരംഭിച്ചതെന്ന് വ്യക്തമായിട്ടില്ല.

ആയിരക്കണക്കിന് റോക്കറ്റുകളാണ് ഗാസയില്‍ നിന്നും ഇസ്രയേലില്‍ പതിച്ചത്. ഇതിന് സമാന്തരമായി ഇസ്രയേലിനെ സംരക്ഷിച്ചു നിര്‍ത്തിയിരുന്ന അത്യാധുനിക സാങ്കേതിക വിദ്യകളാല്‍ നിര്‍മിച്ച അതിര്‍ത്തി വേലികള്‍ ഭേദിച്ച് ഹമാസിന്റെ സായുധ തീവ്രവാദികള്‍ കടന്നു കയറി. അവര്‍ സൈനികരെയും സാധാരണക്കാരെയും വെടിവച്ചു കൊല്ലുകയും ജീവനോടെ പിടികൂടുകയും ചെയ്തു. കടല്‍മാര്‍ഗം ഇസ്രയേലിലേക്ക് കടന്നു കയറാനുള്ള ശ്രമവും ഒരുഭാഗത്ത് നടത്തിയിരുന്നു.

ഹമാസിന്റെ ഭാഗത്ത് നിന്നും മുന്‍ മാതൃകയില്ലാത്ത തരം ഭീകരാക്രമണമാണ് ഇസ്രയേലിന് നേരിടേണ്ടി വന്നത്. അതേസമയം ഈ ആക്രമണം ഇസ്രയേലിന്റെ ഇന്റലിജന്‍സ് സംവിധാനത്തെ പാടെ അപഹസിക്കുന്നതുമാണ്. രണ്ടുഭാഗത്തു നിന്നുമുണ്ടായ വീഴ്ച്ചകള്‍ ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് തീര്‍ച്ച. തങ്ങള്‍ യുദ്ധത്തിലാണെന്നും പലസ്തീന്‍ വലിയ വില നല്‍കേണ്ടി വരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ പ്രഖ്യാപിച്ചു കഴിഞ്ഞു.

ശനിയാഴ്ച്ച രാവിലെ 7.45 ഓടെയാണ് ഗാസ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഇസ്രയേല്‍ ഭാഗത്തെ ജൂത സമൂഹത്തിനിടയിലേക്കു ഹമാസിന്റെ ഇസ്ലാമിക തീവ്രവാദികള്‍ കടന്നു കയറിയത്. അവര്‍ സൈനികരെയും സാധാരണക്കാരെയും ഒരുപോലെ ശത്രുക്കളായി കണ്ട് കൊന്നു. ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വീഡിയോകളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഇസ്രയേലി പൗരന്മാരെയും, കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍ ബന്ധനസ്ഥരായി കിടക്കുന്നവര്‍ക്ക് സമീപം തോക്കു ചൂണ്ടി നില്‍ക്കുന്ന ഭീകരരെയും കാണാം. ജീവഭയത്താല്‍ രക്ഷാമാര്‍ഗം തേടിയോടുന്ന മനുഷ്യരുടെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

പലസ്തീന്‍ ജനതയ്ക്ക് ഒരുപോലെ ശത്രുക്കളാകുന്ന ഇസ്രയേലും ഹമാസും

തെക്കന്‍ ഇസ്രയേലില്‍ അവധിയോടനുബന്ധിച്ച് നൃത്തപരിപാടികള്‍ നടന്നുവന്നിരുന്ന സ്ഥലത്ത് ഭീകരവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. നൂറോളം ചെറുപ്പക്കാരായ ഭീകരവാദികളാണ് ഇവിടെ അക്രമം നടത്തിയത്. അവര്‍ മരങ്ങള്‍ക്കു മുകളില്‍ കയറി രണ്ട് ഭാഗത്ത് നിന്നുമായി വെടിയുതിര്‍ക്കുകയായിരുന്നു. 260 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് ഔദ്യോഗിക വിശദീകരണം വന്നിരിക്കുന്നത്.

ഇസ്രയേല്‍ പ്രതിരോധ സേന(ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്-ഐഡിഎഫ്) പറയുന്നതനുസരിച്ച് 200 മുതല്‍ 300 ഹമാസ് തീവ്രവാദികള്‍ ഇസ്രയേലിലേക്ക് കടന്നു കയറിയിരുന്നു. സംഘങ്ങളായി പിരിഞ്ഞശേഷം എട്ട് പോയിന്റുകളില്‍ നിലയുറപ്പിച്ചായിരുന്നു ഇവരുടെ ആക്രമണങ്ങള്‍. ഈ കേന്ദ്രങ്ങളുടെ നിയന്ത്രണം വീണ്ടെടുക്കാനായിരുന്നു ഐഡിഎഫിന്റെ ആദ്യശ്രമം.

പ്രത്യാക്രമണം
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ആദ്യം പകച്ചു പോയെങ്കിലും ഉടനടി പ്രത്യാക്രമണം തുടങ്ങിയ ഇസ്രയേല്‍, ഗാസയിലേക്ക് മിസൈലുകള്‍ അയച്ചായിരുന്നു ആക്രമണത്തിന് തുടക്കമിട്ടത്. 2.3 മില്യണ്‍ പലസ്തീനികള്‍ താമസിക്കുന്ന പ്രദേശമാണ് ഗാസ മുനമ്പ്. ഇസ്രയേലിന്റെ ആക്രമണം തുടങ്ങുന്നതിന് മുമ്പായി നെതന്യാഹൂ നല്‍കിയ മുന്നറിയിപ്പ്, ഗാസയിലെ താമസക്കാര്‍ എത്രയും വേഗം ഒഴിഞ്ഞു പോകണമെന്നായിരുന്നു. ഹമാസിന്റെ ഒളിത്താവളങ്ങള്‍ ഞങ്ങള്‍ വെറും അവശിഷ്ടങ്ങളാക്കുമെന്നാണ് ഇസ്രയേല്‍ പ്രതിജ്ഞയെടുത്തിരിക്കുന്നത്. അതിനവര്‍ ഗാസയെ തകര്‍ക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍, അവിടെയുള്ള സാധാരണക്കാര്‍ക്ക് നെതന്യാഹൂ പറഞ്ഞതുപോലെ, പെട്ടെന്ന് എങ്ങോട്ടെങ്കിലും ഓടിപ്പോകാന്‍ കഴിയില്ല. 16 വര്‍ഷത്തോളം ഇസ്രയേലും ഈജിപ്തും ഏര്‍പ്പെടുത്തിയ ഉപരോധം ഗാസ മുനമ്പിന്റെ ആഭ്യന്തര സാമ്പത്തികാവസ്ഥയെ പാടെ തകര്‍ത്തിരിക്കുകയാണ്. അവിടെയുള്ള ജനങ്ങളുടെ ജീവിതം കഠിനമായ ദുരിതത്തിലാണ്. അതിനൊപ്പമാണ് ഇപ്പോള്‍ അവര്‍ക്ക് ജീവഭയവും ഏറിയിരിക്കുന്നത്.

ഗാസ മധ്യത്തിലെ കെട്ടിടങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചത്. അവരുടെ ലക്ഷ്യത്തില്‍ പ്രധാനപ്പെട്ടൊരു സ്ഥലമായിരുന്നു 11 നിലകളുള്ള പലസ്തീന്‍ ടവര്‍. ഹമാസിന്റെ റേഡിയോ സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത് അവിടെയാണ്.

ഇതേസമയം തന്നെയാണ്, വെല്ലുവിളിയുള്ള നീക്കമാണെങ്കില്‍ കൂടി കര മാര്‍ഗമുള്ള ആക്രമണത്തിനും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് തയ്യാറെടുത്തത്. വെല്ലുവിളിയാകുന്നതിന്റെ ഒന്നാമത്തെ കാരണം, ഹമാസ് നിരവധി ഇസ്രയേലികളെ ബന്ദികളാക്കി വച്ചിട്ടുണ്ട് എന്നതാണ്. അവരുടെ ജീവന് ഭീഷണിയുണ്ടാകും. രണ്ടാമത് നേരിട്ടുള്ള ഏറ്റുമുട്ടല്‍ രണ്ടു ഭാഗത്തും ആള്‍നാശം ഉണ്ടാക്കും.

യോം കിപ്പൂര്‍ യുദ്ധത്തിന് അമ്പതാണ്ട്; അറബ് സഖ്യത്തിന്റെ അപ്രതീക്ഷിത ആക്രമണവും ഇസ്രയേലിന്റെ ചെറുത്ത് നില്‍പ്പും

ഇതിനിടയില്‍ ഇസ്രയേലിന്റെ മറ്റൊരു നീക്കം ഗാസയിലെ സാധാരണക്കാരെ കൂടുതല്‍ ദുരിതത്തിലാക്കി. ഗാസയിലേക്കുള്ള വൈദ്യുതി/ ഇന്ധന വിതരണം ഇസ്രയേല്‍ തടസപ്പെടുത്തിയതോടെ മുനമ്പിലെ ആതുരസേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പാടെ തടസപ്പെട്ടു. ബോംബാക്രമണത്തില്‍ ഗുരുതരുമായി പരിക്കേറ്റവര്‍ക്കടക്കം ചികിത്സ മുടങ്ങിയ അവസ്ഥയായി. പുറത്തു വരുന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാവുന്നത് ഗാസയിലെ നിരവധി കെട്ടിട്ടങ്ങളുടെ അവശിഷ്ടങ്ങളാണ്. വടക്കന്‍ മുനമ്പിലെ ബെയ്ത് ഹാനോണിലെ ജനങ്ങള്‍ അവര്‍ക്ക് ഇസ്രയേല്‍ സൈന്യം അയച്ച ടെക്‌സ്റ്റ് മെസേജുകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. വ്യോമാക്രമണത്തിന് മുമ്പായി വീടൊഴിഞ്ഞു പോയ്ക്കാളാനുള്ള മുന്നറിയിപ്പുകളായിരുന്നു ആ മെസേജുകള്‍.

കൊന്നൊടുക്കപ്പെട്ടവരും തകര്‍ത്തെറിയപ്പെട്ടവയും
എത്ര പേര്‍ രണ്ടു ഭാഗത്തും കൊല്ലപ്പെട്ടിട്ടുണ്ടെന്നും എത്ര പേര്‍ തടവിലാക്കപ്പെട്ടിട്ടുണ്ടെന്നും കൃത്യമായി അറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഞായറാഴ്ച്ച പുറത്തു വന്ന റിപ്പോര്‍ട്ട് പ്രകാരം, 700 ഇസ്രയേലികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2,000 പേര്‍ പരിക്കേറ്റ് ചികിത്സയിലുണ്ട്. ഇവരില്‍ 19 പേരുടെ നില അതീവഗുരുതരമാണ്.

ഹമാസ് അവകാശപ്പെട്ടിരിക്കുന്നത് അവര്‍ 100-ല്‍ അധികം ഇസ്രയേലികളെ തടവിലാക്കിയെന്നാണ്. അതില്‍ സൈനികരും സാധാരണക്കാരുമുണ്ട്. പിടികൂടിയവരില്‍ ചിലര്‍ കൊല്ലപ്പെട്ടുവെന്നും ബാക്കിയുള്ളവര്‍ ജീവനോടെയുണ്ടെന്നുമാണ് ഹമാസ് പറഞ്ഞത്.

ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വക്താവ് ഡാനിയേല്‍ ഹഗാരി നല്‍കുന്ന വിവരമനുസരിച്ച് തെക്കന്‍ ഇസ്രയേലിലും ഗാസയിലുമായി 400 ഹമാസ് തീവ്രവാദികളെ കൊലപ്പെടുത്തിയിട്ടുണ്ട്. നിരവധി പേരെ പിടികൂടിയിട്ടുണ്ടെന്നും ഹഗാരി പറയുന്നുണ്ട്.

പലസ്തീന്‍ ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ച് 400 പലസ്തീനികള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ 20 കുട്ടികളുമുണ്ട്. ശനിയാഴ്ച്ച ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു കുട്ടിയടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടതായും പലസ്തീന്‍ വൃത്തങ്ങള്‍ പറയുന്നു.

എന്തിനായിരുന്നു അപ്രതീക്ഷിത ആക്രമണം?
ഇസ്രയേലില്‍ കടന്നു കയറി ആക്രമിക്കാന്‍ ഹമാസിന പ്രേരിപ്പിച്ചതിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. എന്നാല്‍, വെസ്റ്റ്ബാങ്കില്‍ മാസങ്ങളായി സംഘര്‍ഷം നടക്കുന്നുണ്ടായിരുന്നു. ഇസ്രയേല്‍ സൈനികരും കുടിയേറ്റക്കാരും പലസ്തീനികളും തമ്മില്‍ ഏറ്റുമുട്ടല്‍ വലുതായി വരുന്നുണ്ടായിരുന്നു. ഇസ്രയേല്‍ കുടിയേറ്റക്കാര്‍ പലസ്തീന്‍ ഗ്രാമങ്ങളില്‍ ആക്രമണങ്ങള്‍ നടത്തി. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ സൈനികര്‍ക്കും കുടിയേറ്റക്കാര്‍ക്കും നേരെ പലസ്തീന്‍ പോരാളികള്‍ തിരിച്ചടിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് പലസ്തീന്‍ നഗരങ്ങളിലേക്ക് കടന്നു ചെന്നു. സംഘര്‍ഷം അങ്ങനെ പലരീതിയില്‍ വളര്‍ന്നു കൊണ്ടിരുന്നു.

ഇപ്പോഴത്തെ യുദ്ധത്തിലേക്ക് കാര്യങ്ങളെത്താന്‍ ഒരു കാരണം കൂടി പറയുന്നുണ്ട്

പുരാതന ജറുസലേം നഗരത്തിലെ അല്‍-അഖ്‌സ പള്ളി വളപ്പില്‍ ഏതാനും ജൂതര്‍ കഴിഞ്ഞാഴ്ച്ച പ്രാര്‍ത്ഥന നടത്തിയിരുന്നു. അവര്‍ പ്രാര്‍ത്ഥന നടത്തിയ പ്രദേശം ജൂതരെ സംബന്ധിച്ച് ഏറെ വിശേഷപ്പെട്ടതാണ്. ബൈബിളില്‍ പറയുന്ന ജൂത പൂണ്യസ്ഥലമായ ടെമ്പിള്‍ മൗണ്ട് ഇതാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. അവിടെ പ്രാര്‍ത്ഥന നടത്തുന്നത് പുണ്യമായി അവര്‍ കരുതുന്നു. എന്നാല്‍ മുസ്ലിങ്ങളെ സംബന്ധിച്ച് ഈ പ്രദേശം ഹാറാം അല്‍-ഷരീഫ് ആണ്. മക്കയും മദീനയും കഴിഞ്ഞാല്‍ മുസ്ലിമിന്റെ മൂന്നാമത്തെ പുണ്യദേശം. അല്‍-അഖ്‌സ പള്ളിയുടെ ഉള്ളിലേക്ക് ജൂതര്‍ കയറുകയെന്നത് അനുവദിക്കാനെ കഴിയാത്ത കാര്യമാണ്. ആ വിലക്ക് ലംഘിച്ച് ജൂതര്‍ പ്രാര്‍ത്ഥിച്ചു എന്നത് വല്ലാത്ത പ്രകോപനമുണ്ടാക്കി. ഇപ്പോള്‍ ഇസ്രയേലില്‍ കടന്നു കയറി നടത്തിയ ആക്രമണത്തിന് ഹമാസ് നല്‍കിയിരിക്കുന്ന പേര്; ഒപ്പറേഷന്‍ അല്‍-അഖ്‌സ പ്രളയം എന്നാണ്.

ഇപ്പോഴത്തെ ഹമാസ് ആക്രമണത്തിന് പിന്നില്‍ ഇറാന്റെ പിന്തുണയുള്ളതായും ആരോപണമുണ്ട്. ഇസ്രയേലുമായി നല്ലബന്ധത്തില്‍ പോകാന്‍ സൗദി അറേബ്യ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സൗദി-ഇസ്രയേല്‍ ബന്ധം ഇറാന്‍ ആഗ്രഹിക്കുന്നില്ല. ആ ബന്ധം ഫലവത്താകാതിരിക്കാന്‍ ഹമാസിനെ പ്രകോപിച്ച് അക്രമണം നടത്തിയതാകാമെന്ന ഊഹാപോഹങ്ങളും പറഞ്ഞു കേള്‍ക്കുന്നുണ്ട്.

‘ വിശ്വാസം’ നഷ്ടപ്പെട്ട ഇസ്രയേലികള്‍
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ലോകത്തിന്റെ ഞെട്ടല്‍ മാറാതിരുന്നതിന് ഒരു കാരണം, ഇസ്രയേലിന് ഈ ആക്രമണം എന്തുകൊണ്ട് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല എന്നതാണ്. തീര്‍ച്ചയായും മാസങ്ങള്‍ നീണ്ട ആസൂത്രണത്തിലായിരിക്കണം ഹമാസ് ഇസ്രയേലിനെ ആക്രമിച്ചിരിക്കുന്നത്. എന്നാലത് ഇസ്രയേല്‍ മുന്‍കൂട്ടി കണ്ടില്ല എന്നതാണ് അത്ഭുതം. ഇസ്രയേല്‍ ഇന്റലിജന്‍സിന് ഇത്തരത്തിലൊരു ആക്രമണം നേരിടേണ്ടിവരുമെന്നതില്‍ യാതൊരു സൂചനയും കിട്ടിയിരുന്നില്ല.

‘ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കെതിരേ പ്രയോഗിക്കാനുള്ള ആയുധമാക്കി ഇസ്രയേലിനെ ഉപയോഗിക്കുകയാണ് ബിജെപി”: റാണ അയ്യൂബ്/അഭിമുഖം

ഗാസയിലേക്ക് രണ്ടു കണ്ണും തുറന്നിരിക്കുന്നവരാണ് ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍. ഒരോ ചെറിയ നീക്കങ്ങളും അവര്‍ സസൂക്ഷ്മം ശ്രദ്ധിക്കാറുണ്ട്. ഗാസയിലെ ജനങ്ങളുടെ ദൈന്യംദിന ജീവിതം നടക്കുന്നത് തന്നെ ഇസ്രയേലിന്റെ ചാരക്കണ്ണിനു മുന്നിലാണ്. മിക്ക സമയങ്ങളിലും ഇസ്രയേല്‍ ഡ്രോണുകള്‍ ഗാസ മുനമ്പിനു മുകളില്‍ പറക്കുന്നുണ്ടാകും. ഇതൊന്നും കൂടാതെ പലസ്തീനികള്‍ക്കിടയില്‍ നിന്നു തന്നെ ധാരാളം ഇന്‍ഫോര്‍മാര്‍(വിവരം കൈമാറുന്നവര്‍) ഇസ്രയേലിനുണ്ട്. ഇത്തരക്കാരെ ബ്ലാക് മെയ്ല്‍ ചെയ്‌തോ മറ്റു രീതിയില്‍ പേടിപ്പിച്ചോ വധഭീഷണി നിലനിര്‍ത്തിയോ തങ്ങളുടെ പക്ഷം നിര്‍ത്തിയിരിക്കുകയാണ്.

ഇത്രയൊക്കെ സംവിധാനങ്ങള്‍ ഉണ്ടായിട്ടും ഇതുപോലൊരു പരാജയം ഉണ്ടായത്, ഇസ്രയേല്‍ ഭരണകൂടത്തിനു മേല്‍ പൊതുജനത്തിനുള്ള വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായിട്ടുണ്ട്. തങ്ങളെ സംരക്ഷിക്കാന്‍ സൈന്യത്തിനും സര്‍ക്കാരിനും കഴിയുന്നില്ല എന്നാണ് ജനത്തിന്റെ ഇപ്പോഴത്തെ തോന്നല്‍.

ഏലി മാറോണ്‍ എന്ന മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ ചാനല്‍ 12 നോട് നടത്തിയ പ്രതികരണം ദ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. ‘ ഞങ്ങള്‍ എല്ലാ ഇസ്രയേലികളും ചോദിക്കുകയാണ്, ഇവിടെയാണ് ഐഡിഎഫ്? എവിടെ പൊലീസ്? എവിടെ സുരക്ഷ? ഏലി മാറോണിന്റെ ചോദ്യമാണ്. ” പ്രതിരോധ സംവിധാനത്തിന് വലിയ പരാജയം സംഭവിച്ചിരിക്കുന്നു. ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും’ മാറോണിന്റെ മാത്രമല്ല, ഇസ്രയേലി പൊതുജനത്തിന് മൊത്തത്തില്‍ ഇതേ അഭിപ്രായമാണിപ്പോള്‍ ഭരണകൂടത്തിനെതിരേ ഉണ്ടായിരിക്കുന്നത്.

ഹമാസും ഗാസയും ഭാവിയും
ഗാസയിലെ, അല്ലെങ്കില്‍ മൊത്തം പലസ്തീനിലെ സാധരണ ജനങ്ങള്‍ ദീര്‍ഘനാള്‍ ഇപ്പോഴത്തെ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നുറപ്പാണ്. ഹമാസിന് ഈ ആക്രമണം കൊണ്ട് പ്രത്യേകമായി നേട്ടങ്ങളാണോ കോട്ടമാണോ ഉണ്ടാകാന്‍ പോകുന്നതെന്ന് അറിയണം. 2007 മുതല്‍ ഗാസ നിയന്ത്രിക്കുന്നത് ഈ മതമൗലിക സംഘടനയാണ്. തങ്ങള്‍ അനിഷേധ്യ ശക്തിയാണെന്ന് അവര്‍ ലോകത്തെ കാണിച്ചുകൊടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ച്ചത്തെ ആക്രമണവും അതിന്റെ ഭാഗം തന്നെയാണ്. എന്നാലത് ഇനിയവരെ എങ്ങനെയെല്ലാം ബാധിക്കുമെന്നതും അറിയണം.

ഇതൊരു അവസരമായി ഇസ്രയേല്‍ എടുക്കും. ഗാസയില്‍ മാത്രമല്ല, വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും അവര്‍ മുഴുവന്‍ സൈന്യത്തെയും ഉപയോഗിക്കാം. ഹമാസിനെ പൂര്‍ണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യം അവര്‍ നടപ്പാക്കാന്‍ ശ്രമിക്കാം. ഈയൊരു ലക്ഷ്യവുമായാണ് ഇസ്രയേല്‍ യുദ്ധം ചെയ്യുന്നതെങ്കില്‍ നിരവധി പലസ്തീനികള്‍(സാധാരണക്കാര്‍) കൊന്നു തള്ളപ്പെടും, വീടുകളും കെട്ടിടങ്ങളും ഇനിയുമേറെ തകര്‍ന്നു വീഴും.

ഇസ്രയേല്‍ നാലുപാടു നിന്നും തങ്ങളെ ആക്രമിക്കാമെന്ന് ഹമാസിനും അറിയാം. ഇപ്പോഴവരുടെ ബലം ഇസ്രയേല്‍ ബന്ധികളാണ്. അവരെ വച്ചായിരിക്കും ഇസ്രയേലിനെ പ്രതിരോധിക്കുക. ഗാര്‍ഡിയന്‍ പറയുന്നത്, ഗിലാഡ് ഷാലറ്റ് എന്ന ഇസ്രയേലി സൈനികനെ അഞ്ചുവര്‍ഷമാണ് ഹമാസ് തടവിലാക്കിയത്. ഒടുവില്‍, 2011 ല്‍ അയാളെ മോചിപ്പിക്കുമ്പോള്‍ പകരമായി ആയിരം പലസ്തീന്‍ തടവുകാരെ ഇസ്രയേലിനെക്കൊണ്ട് വിട്ടയപ്പിച്ചിരുന്നു.

മറ്റൊരു പ്രതിരോധം, സൗദിയുമായുള്ള കരാര്‍ അട്ടിമറിക്കപ്പെടാതിരിക്കാന്‍ ഇസ്രയേല്‍ ശ്രദ്ധിക്കുമെന്നതാണ്. ഇറാന്‍ ഇപ്പോഴത്തെ പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലാണ് സൗദി-ഇസ്രയേല്‍ കരാര്‍ അട്ടിമറിക്കാപ്പെടാനുള്ള കാരണം ഉണ്ടാവുക.

പലസ്തീന്‍ ജനതയ്ക്കു വേണ്ടിയാണ് ഞങ്ങള്‍ ഇസ്രയേലിനോട് പൊരുതുന്നതെന്ന വ്യാഖ്യാനമാണ് ഹമാസ് ഉണ്ടാക്കിയിരിക്കുന്നത്. ഗാസയിലെ ജനങ്ങള്‍ക്കിടയില്‍ ഹമാസ് അനിഷേധ്യമായ സ്വാധീനം ഉണ്ടെന്നത് വാസ്തവമാണ്. എന്നാല്‍, എല്ലാ പലസ്തീനികളും ഹമാസിനെ അംഗീകരിക്കുന്നവരാണോ?

ഗാസയിലെ സാധാരണ ജനത്തിന് രണ്ട് ആഗ്രഹങ്ങളാണുള്ളത്. ഗാസയ്ക്കു മേലുള്ള ഉപരോധം അവസാനിപ്പിക്കുക, ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കുക. ഹമാസിന്റെ അധികാരകേന്ദ്രമെന്ന നിലയില്‍ ഗാസയില്‍ ഈ രണ്ട് കാര്യങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഗാസയിലെ ജനങ്ങള്‍ ഹതാശരാണ്. ഈ അവസരം മുതലെടുക്കുന്നവരാണ് അവിടുത്തെ ചെറുപ്പക്കാരുടെ കൈകളില്‍ ആയുധം പിടിപ്പിച്ചു കൊടുക്കുന്നത്. ഈ ചെറുപ്പക്കാര്‍ ഇപ്പോള്‍ വിശ്വസിക്കുന്നത് പോരാട്ടം മാത്രമാണ് തങ്ങളെ സംരക്ഷിക്കുകയെന്നും നാടിന് ഭാവി ഉണ്ടാക്കുക എന്നുമാണ്.

Share on

മറ്റുവാര്‍ത്തകള്‍