UPDATES

ഇസ്രയേല്‍-ഹമാസ് യുദ്ധം; അയല്‍പക്കക്കാരുടെ നിലപാട് എന്താണ്?

ഈജിപ്ത്, ജോര്‍ദ്ദാന്‍, ലെബനോന്‍, സിറിയ, ഇറാന്‍, ഇറാഖ്, യെമന്‍ എന്നീ രാജ്യങ്ങള്‍ക്ക് നിര്‍ണായകമായ ഇടപെടല്‍ നടത്താന്‍ കഴിയും.

                       

‘ഒക്ടോബര്‍ 7’ -ന്റെ കണക്ക് തീര്‍ക്കാന്‍ ഇസ്രയേല്‍ ഗാസയോട് യുദ്ധം തുടങ്ങിയിട്ട് 15 ദിവസം തികയുന്നു. ഹമാസിന്റെ ‘ ഉന്മൂലനം’ ലക്ഷ്യമിട്ടുള്ള ഇസ്രയേല്‍ ആക്രമണം ഗാസയെ ശവപ്പറമ്പാക്കുകയാണ്. ലോകം ഇതുവരേയ്ക്കും, പ്രസ്താവനകള്‍ക്കപ്പുറത്തേക്ക് ഇസ്രയേലിനെ വിലക്കാനോ ഗാസയിലെ ബാക്കിയുള്ള സാധാരണക്കാരെയെങ്കിലും സംരക്ഷിക്കാനോ കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ല.

യൂറോപ്പിന്റെ മനസിലിരിപ്പ് എന്താണെന്നതിന്റെ സൂചനകള്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍, മധ്യേഷ്യയിലെ ‘ അയല്‍ക്കാര്‍’ എന്തു നിലപാടാണ് ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ സ്വീകരിച്ചിരിക്കുന്നത്?

ഈജിപ്ത്, ജോര്‍ദ്ദാന്‍, ലെബനോന്‍, സിറിയ, ഇറാന്‍, ഇറാഖ്, യെമന്‍ എന്നീ രാജ്യങ്ങള്‍ക്ക് നിര്‍ണായകമായ ഇടപെടല്‍ നടത്താന്‍ കഴിയും. അത്തരം ഇടപെടലുകള്‍ പ്രതീക്ഷകളാണോ പ്രത്യാഘാതങ്ങളാണോ ഉണ്ടാക്കുക?

ഈജിപ്ത്

ഇസ്രയേലും ഗാസയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഈജിപ്ത്. മുസ്ലിം ബ്രദര്‍ഹുഡിന്റെ ഒരു ശാഖ എന്ന നിലയില്‍ ഹമാസുമായി ബന്ധമുണ്ടെങ്കിലും അത് സങ്കീര്‍ണമായ ഒന്നാണ്. ഈജിപ്ഷ്യല്‍ ഭരണകൂടത്തിന് ഇസ്രയേലിനെ തീര്‍ത്തും പിണക്കാന്‍ താത്പര്യമില്ല. 2013-ല്‍ അട്ടിമറിക്കപ്പെട്ട മുസ്ലിംബ്രദര്‍ഹുഡ് ഭരണകൂടത്തിന്റെ കാലം മാറ്റി നിര്‍ത്തിയാല്‍ ഈജ്പ്തിന്റെ സര്‍ക്കാര്‍ തലത്തിലുള്ള താത്പര്യം ഇസ്രയേലിന് അനിഷ്ടമുണ്ടാക്കുന്ന തരത്തിലുള്ളതല്ല. 1978-ല്‍ ക്യാമ്പ് ഡേവിഡില്‍ ഇസ്രയേലുമായി കെയ്‌റോ സമാധാന ഉടമ്പടി ഒപ്പ് വച്ചതിനുശേഷമങ്ങനെയാണ്. എന്നാല്‍ ഈജിപ്ഷ്യന്‍ ജനത പലസ്തീനൊപ്പമാണ്.

സംഘര്‍ഷകാലങ്ങളില്‍ ഇസ്രയേലിനും ഹമാസിനും ഇടനിലക്കാരനായി നിന്നിട്ടുണ്ട് ഈജിപ്ത്. 1948 മുതല്‍ 67 വരെ ഗാസ മുനമ്പിലെ തീരദേശം ഈജിപ്തിന്റെ ഭരണനേതൃത്വത്തിന് കീഴിലുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗാസയുടെ ഉത്തരവാദിത്തം ഈജിപ്ത് ഏറ്റെടുക്കണമെന്നൊരു ആഗ്രഹം ഇസ്രയേല്‍ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കെയ്‌റോ ഇക്കാര്യത്തിലൊക്കെ ജാഗ്രതയോടെയാണ് നില്‍ക്കുന്നത്.

ജോര്‍ദ്ദാന്‍

ഈജിപ്തിന്റെ കാര്യം പറഞ്ഞപോലെ, 1994-ല്‍ ജോര്‍ദ്ദാനും ഒരു സമാധാന കരാര്‍ ഇസ്രയേലുമായി ഒപ്പിട്ടുണ്ട്. ജോര്‍ദ്ദാനെ കുഴപ്പിക്കുന്നൊരു പ്രശ്‌നം, ആരുടെ കൂടെ നില്‍ക്കുമെന്നതിനെക്കാള്‍, തങ്ങളുടെ മണ്ണിലേക്ക് ഒഴുകുന്ന പലസ്തീനിയന്‍ അഭയാര്‍ത്ഥികളാണ്. രണ്ട് ലക്ഷത്തിലേറെ പലസ്തീനികളാണ് ജോര്‍ദ്ദാനില്‍ അഭയാര്‍ത്ഥികളാകാന്‍ അപേക്ഷിച്ചിരിക്കുന്നത്. അവരില്‍ ഭൂരിഭാഗവും ജോര്‍ദ്ദാനെ അവരുടെ രാജ്യമായി സ്വീകരിച്ചിരിക്കുകയാണ്. ജോര്‍ദ്ദാനികളില്‍ വലിയൊരു ശതമാനത്തിന്റെയും വേരുകള്‍ പലസതീനില്‍ നിന്ന് ഉത്ഭവിച്ചിട്ടുള്ളതുമാണ്.

ലെബനോന്‍

തങ്ങളുടെ വടക്കുള്ള അയല്‍പക്കക്കാരനുമായി കാര്യമായ രണ്ട് സംഘര്‍ഷങ്ങള്‍ വേണ്ടി വന്നിട്ടുണ്ട് ഇസ്രയേലിന്. സമീപകാലത്ത് ഉണ്ടായത്, 2006 ലാണ്. ഇറാന്റെ സൃഷ്ടിയെന്ന് ആരോപിക്കുന്ന ഷിയ സായുധ സംഘടനയായ ഹിസ്ബുള്ളയുമായി അന്ന് രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്. ഇസ്രയേലിനെ ദീര്‍ഘകലമായി അലട്ടുന്ന ആശങ്കയാണ് ഹമാസും ഹിസ്ബുള്ളയും; നീണ്ടുപോകുന്ന രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക തകര്‍ച്ചയും ലെബനോനെയന്നപോലെ ഹിസ്ബുള്ളയെയും ദുര്‍ബലമാക്കിയിട്ടുണ്ടെങ്കിലും. പക്ഷേ, അവര്‍ നേരിട്ടില്ലെങ്കിലും ഇസ്രയേലിനെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ച്ചയായി പലസ്തീന്‍ സായുധവിഭാഗത്തിന് തങ്ങള്‍ക്കു നേരേ റോക്കറ്റ് അയക്കാന്‍ ഹിസ്ബുള്ള ലെബനോന്‍ മണ്ണില്‍ സൗകര്യം ഒരുക്കുന്നുണ്ടെന്നാണ് ഇസ്രയേലിന്റെ ആരോപണം. ഗാസയില്‍ കര യുദ്ധം നടന്നാല്‍ ഹിസ്ബുള്ള സ്വന്തം നിലയില്‍ പടയൊരുക്കം നടത്തുമോയെന്ന ആശങ്ക ഇസ്രയേലിനുണ്ട്. അതിനുള്ള തയ്യാറെടുപ്പാണോ അവര്‍ ഇപ്പോള്‍ നടത്തുന്നത്, അതോ തങ്ങളുടെ സുഹൃത്തുക്കളെ സഹായിക്കുക മാത്രം ചെയ്യുന്നുള്ളോ എന്ന കാര്യത്തില്‍ വ്യക്ത കിട്ടിയിട്ടില്ല.

സിറിയ

സിറിയയില്‍ യുദ്ധം തുടങ്ങിയതിന് ശേഷം അവിടെ പലതവണ ഇസ്രയേല്‍ ആക്രമണം നടത്തിയിട്ടുള്ളതാണ്. ഇറാനില്‍ നിന്നുള്ള ആയുധവരവ് തടയാന്‍ വേണ്ടിയെന്നു പറഞ്ഞാണ് വലിയതോതില്‍ നടത്തിയിട്ടുള്ള ആക്രമണങ്ങളെ ഇസ്രയേല്‍ പ്രതിരോധിച്ചത്. ഹമാസും ഹിസ്ബുള്ളയുമാണ് തങ്ങളുടെ ലക്ഷ്യങ്ങളെന്നും സിറിയ അല്ലെന്നുമുള്ള വാദവുമവര്‍ക്കുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു കൊല്ലമായി സിറിയയില്‍ നിന്ന് നേരിട്ടുള്ള ഭീഷണിക്ക് കുറവുണ്ടെങ്കിലും ഇറാന്‍ വളര്‍ത്തി പരിപോഷിക്കുന്ന ശക്തികള്‍ സിറിയയില്‍ തന്നെയുണ്ടെന്നത് അവരെ ഭയപ്പെടുത്തുണ്ട്. അതിന്റെ തെളിവായിരുന്നു ഒരാഴ്ച്ച മുമ്പ് ദമാസ്‌കസിലും ആലെപ്പോയിലും പ്രവര്‍ത്തിക്കുന്ന സിറിയയുടെ രണ്ട് പ്രധാന വിമാനത്താവളങ്ങള്‍ ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തത്. വരും ആഴ്ച്ചകളില്‍ തങ്ങള്‍ക്കെതിരേ പ്രയോഗിക്കാനുള്ള ആയുധങ്ങള്‍ കടത്താന്‍ ആ റണ്‍വേകള്‍ ഉപകാരപ്പെടരുതെന്ന മുന്‍കരുതലെടുത്തതാണേ്രത ഇസ്രയേല്‍!

ഇറാന്‍

ഇസ്രയേല്‍ കര മാര്‍ഗമുള്ള ഏറ്റുമുട്ടലിന് തുനിഞ്ഞാല്‍ തീര്‍ച്ചയായും ടെഹ്‌റാന്‍ ഇടപെടും. ഗാസയിലേക്ക് കാലാള്‍പ്പടയുമായി പോകാനാണ് ഉദ്ദേശമെങ്കില്‍, മറുപടി നല്‍കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതായണു റിപ്പോര്‍ട്ട്.

ഇറാന്‍ എന്നും ഇസ്രയേലിന്റെ ശത്രുവാണ്. നിതാന്ത ശത്രുവിനെ ശല്യപ്പെടുത്താന്‍ ഇറാന്‍ എപ്പോഴും തങ്ങളുടെ സഹായികളെ ഉപയോഗിച്ചിട്ടുമുണ്ട്. മധ്യേഷ്യയിലുള്ള ഇസ്രയേല്‍ വിരുദ്ധ ശക്തികളോടെല്ലാം അതിനാല്‍ തന്നെ ടെഹ്‌റാന് താത്പര്യമാണ്.

ഗള്‍ഫ് യുദ്ധകാലത്ത് സദ്ദാം ഹുസൈന്‍ ചെയതതുപോലെ ഇറാന്‍ തങ്ങളുടെ മിസൈല്‍ ശേഷി ഇസ്രയേലിനെതിരേ പ്രയോഗിക്കുമോയെന്ന ആശങ്ക പലര്‍ക്കുമുണ്ട്. ഈ തരത്തില്‍ എന്തെങ്കിലും ചെയ്തികള്‍ ഇറാന്റെ ഭാഗത്തു നിന്നുണ്ടായാലോ എന്നോര്‍ത്തുള്ള മുന്‍കരുതലായി അമേരിക്കയും പാശ്ചാത്യ സഖ്യങ്ങളും മേഖലയില്‍ അവരുടെ നാവിക സൈനിക സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.

ഇറാഖ്

ഈ ആഴ്ച്ച ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇറാന്റെ പിന്തുണയുള്ള സംഘങ്ങളായിരുന്നു ആക്രമണത്തിന് പിന്നില്‍. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നുവെന്ന മുന്നറിയിപ്പാണത്. മൂന്നു താവളങ്ങളിലായി 2,500 യു എസ് സൈനികര്‍ ഇപ്പോഴും ഇറാഖില്‍ തങ്ങുന്നുണ്ട്. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരവാദികള്‍ക്കെതിരേ പോരാടാന്‍ വേണ്ടി രൂപീകരിച്ചിരിക്കുന്ന അന്താരാഷ്ട്ര സഖ്യത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരം സൈനികരും ഇവര്‍ക്കൊപ്പമുണ്ട്.

യെമന്‍

ഇസ്രയേല്‍ ഭയക്കേണ്ട മറ്റൊരു ശക്തിയാണ് ഹൂതികള്‍. ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ യെമനിലുണ്ട്. അവിടെ നിന്നവര്‍ സൗദി അറേബ്യയുടെ എണ്ണപ്പാടങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് തകര്‍ത്തിട്ടുള്ളതാണ്. ഹൂതികള്‍ക്ക് ഇസ്രയേലിനെതിരെയും അത്തരം ആക്രമണങ്ങള്‍ നടത്താന്‍ കഴിയില്ലേ എന്നൊരു പേടിയും ചോദ്യവും ലോകത്തിനുണ്ട്. ഹൂതികളുടെ ഡ്രോണുകളും മിസൈലുകളും ഗള്‍ഫ് ഓഫ് ഏദനിലെയും അറബിക്കടലിലെയും ചെങ്കടലിലെയും കപ്പല്‍ നീക്കത്തിന് ഭീഷണിയാണെന്ന കാര്യത്തില്‍ സംശയമില്ല. ഒരു യു എസ് യുദ്ധക്കപ്പലിനെ തടസപ്പെടുത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രണം യമനില്‍ നിന്നുമുണ്ടായതായി പെന്റഗണ്‍ വക്താവ് പറഞ്ഞിരുന്നു. ‘ ഇസ്രയേലിനെ ലക്ഷ്യങ്ങളിലേക്ക്’ വിക്ഷേപിച്ചതാണെന്നാണ് വക്താവ് വാദിച്ചത്.

Share on

മറ്റുവാര്‍ത്തകള്‍