യുക്രെയ്‌നും യൂറോപ്യന്‍ യൂണിയനും ഒരുപോലെ തിരിച്ചടി നല്‍കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് സ്ലോവാക്യയില്‍ നിന്നുള്ളത്. റഷ്യന്‍ അനുകൂല നേതാവായ റോബര്‍ട്ട് ഫിക്കോ ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയിരിക്കുന്നു. യുക്രെയ്‌ന് സൈനിക സഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് വാദിച്ചുകൊണ്ടിരുന്ന നേതാവാണ് മുന്‍ പ്രധാനമന്ത്രി കൂടിയായ ഫിക്കോ. യൂറോപ്യന്‍ യൂണിയന്റെയും നാറ്റോയുടെയും കടുത്ത വിമര്‍ശകനായ പോപ്പുലിസ്റ്റ് പാര്‍ട്ടി നേതാവിന് ചായ്‌വ് മോസ്‌കോയിലേക്കാണ്.
സ്ലോവാക് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഞായറാഴ്ച പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം 17 % വോട്ടുകള്‍ നേടിയ സെന്‍ട്രല്‍ പ്രോഗ്രസീവ് സ്ലൊവാക്യയെ (PS) പിന്തള്ളിയാണ് എസ്.എം.ഇ.ആര്‍ -(എസ് എസ് ഡി ) പാര്‍ട്ടി 23.3 % ശതമാനം വോട്ടു നേടി വിജയിച്ചത്. അയല്‍ രാജ്യമായ യുക്രെയ്‌നെ റഷ്യയുമായുള്ള യുദ്ധത്തില്‍ പിന്തുണയ്ക്കുമോയെന്നുള്ള ഒരു പരീക്ഷണമായിരുന്നു, ശനിയാഴ്ച നടന്ന വോട്ടെടുപ്പ്.
ജി ഡി പി വിഹിതമായി യുക്രെയ്‌ന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നായ സ്ലോവാക്യ ഇനി മുതല്‍ യുക്രെയ്‌നിലേക്ക് ‘ഒരു റൗണ്ട് വെടിമരുന്നു പോലും’ അയക്കില്ലെന്നായിരുന്നു 59 കാരനായ ഫിക്കോ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ആഹ്വാനം ചെയ്തിരുന്നത്. റഷ്യയുമായി നല്ല ബന്ധം പുലര്‍ത്തുമെന്നും ഫിക്കോ ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്റെ നയം പോലെ സ്ലൊവാക്യയുടെ വിദേശനയം പൂര്‍ണമായും മാറ്റാന്‍ ഫിക്കോ സര്‍ക്കാരിന് കഴിയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ‘ഞങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളാണ് എന്നതിനാല്‍ സ്ലൊവാക്യയുടെ വിദേശനയത്തില്‍ മാറ്റം വരില്ല. എന്നിരുന്നാലും യൂറോപ്യന്‍ യൂണിയനിലെ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളെ വിമര്‍ശിക്കാന്‍ കഴിയില്ലെന്ന് അത് അര്‍ത്ഥമാക്കുന്നില്ല. സ്ലൊവാക്യയ്ക്കും സ്ലൊവാക്യയിലെ ജനങ്ങള്‍ക്കും യുക്രെയ്‌നേക്കാള്‍ വലിയ പ്രശ്നങ്ങളുണ്ട്’, ഫിക്കോ ഞായറാഴ്ച പറഞ്ഞ കാര്യങ്ങളാണിത്.
‘സ്ലോവാക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ അനിഷേധ്യമായ വിജയത്തിന് ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ എക്‌സില്‍ നടത്തിയ അഭിനന്ദനം ശ്രദ്ധേയമായിരുന്നു. ‘ഒരു രാജ്യസ്‌നേഹിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്. അതിനായി കാത്തിരിക്കുന്നു!’ ഓര്‍ബന്റെ സന്ദേശം യൂറോപ്യന്‍ യൂണിയനുള്ള വെല്ലുവിളികൂടിയായി വിലയിരുത്തപ്പെടുന്നു.
സ്ലോവാക്യയിലെ സാധാരണക്കാരില്‍ പലരും വിദേശ നയത്തെ പറ്റി അത്ര കണ്ട് ആശങ്കാകുലരല്ലെങ്കിലും, പുതിയ സര്‍ക്കാര്‍ സ്ലോവാക്യയുടെ സമ്പദ്‌വ്യവസ്ഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പഴയ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തരാകുമെന്നുമാണ് ആശിക്കുന്നത്. 150 അംഗ പാര്‍ലമെന്റില്‍ 42 സീറ്റുകള്‍ നേടിയ എസ്.എമ്മിന് ഭൂരിപക്ഷത്തിന് മറ്റു സഖ്യ കക്ഷികളുടെ പിന്തുണകൂടി ആവശ്യമാണ്. 2020-ല്‍ എസ്.എമ്മില്‍ നിന്ന് വേര്‍പിരിഞ്ഞു പുതിയ പാര്‍ട്ടിയായി ഉയര്‍ന്നുവന്ന ഇടതു പക്ഷ കക്ഷിയായ വോയ്‌സ് പാര്‍ട്ടി 27 സീറ്റുകളുള്ള ഒരു പ്രബലമായ പങ്കാളിയാണ്.
1989-ല്‍ ചെക്കോസ്ലോവാക്യ നാല് പതിറ്റാണ്ടുകളുടെ കമ്മ്യൂണിസ്റ്റ് ഭരണം ഉപേക്ഷിച്ചതിന് ശേഷം, ചെക്ക് റിപ്പബ്ലിക്കുമായുള്ള സമാധാനപരമായ പിളര്‍പ്പിനെത്തുടര്‍ന്ന് 1993-ലാണ് സ്ലൊവാക്യ ഒരു സ്വതന്ത്ര രാജ്യമായി ഉയര്‍ന്നുവന്നത്.